• 30 ജൂലൈ 2014
 • 14 കര്‍ക്കടകം 1189
 • 2 ഷവ്വാല്‍ 1435
ഹോം  » ദേശാഭിമാനി വാരിക
 • സമുദ്രങ്ങളെ ഉഴുതുമറിച്ചവന്‍
  എന്‍ ആര്‍ ഗ്രാമപ്രകാശ്
 • കരീബിയന്‍ കടല്‍ത്തീരത്തെ തലസ്ഥാന നഗരി, കരാകസില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് രണ്ടു ദശലക്ഷം വെനസ്വേലക്കാര്‍ ഒത്തുകൂടി. ഒരൊറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. തങ്ങളുടെ ഭാവിയെ പുതുക്കിപ്പണിത പ്രിയനേതാവിനെ അവ സാനമായി ഒരുനോക്കു കാണണം. ലാറ്റിനമേരിക്കയുടെതന്നെ രാഷ്ട്ര ചരിത്രത്തില്‍ ഇത്ര വലിയ ജനക്കൂട്ടം ഏതെങ്കിലും മുഹൂര്‍ത്തത്തിനു സാക്ഷിയായിട്ടില്ല. ഒരു ജനതയുടെ സ്നേഹവിശ്വാസങ്ങള്‍ അവരുടെ നേതാവിനുമേല്‍ അന്ത്യമാല്യം ചാര്‍ത്തുന്ന ഉജ്വലമുഹൂര്‍ത്തം.

   

  വെനസ്വേലയുടെ അനശ്വരനായ ബൊളിവാറിയന്‍ വിപ്ലവകാരി, ഹ്യൂഗോ ഷാവേസ് ഈ ആദരവിനു പാത്രീഭൂതനായതില്‍ അത്ഭുതമില്ല. വെനസ്വേലയിലെ ഏറ്റവും സാധാരണക്കാരായ ജനതയുടെ ജീവിതം മാറ്റിമറിച്ച ചരിത്രപുരുഷനാണ് ഷാവേസ്. തന്നെ ഗ്രസിച്ച അര്‍ബുദരോഗബാധക്കെതിരെ രണ്ടു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. ക്യൂബയിലും വെനസ്വേലയിലുമായി രോഗത്തിനെതിരെ പടവെട്ടി. നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായ ഷാവേസിന് പക്ഷേ മാരകരോഗത്തിനുമുന്നില്‍ കീഴടങ്ങേണ്ടിവന്നു. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആ മരണം ഏറെ തളര്‍ത്തിയത് ക്യൂബയിലെ ജ്വലിക്കുന്ന വിപ്ലവകാരി ഫിദല്‍ കാസ്ട്രോയെ ആണ്. കാസ്ട്രോ പറഞ്ഞു: ""ക്യൂബന്‍ ജനതക്ക് എക്കാലത്തേയും ഉത്തമസുഹൃത്തിനെ നഷ്ടപ്പെട്ടു. എത്ര മഹത്വം നിറഞ്ഞവനാണ് അയാളെന്ന് അയാള്‍ക്ക് തന്നെ അറിയില്ല!"" അതായിരുന്നു ഹ്യൂഗോ ഷാവേസ്. പ്രസിഡന്റായിരിക്കെ, ദി അസോസിയേറ്റ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ""എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ദാരിദ്ര്യമാണ്. എന്നെ കലാപകാരിയാക്കിയതും മറ്റൊന്നല്ല"". വെനസ്വേലയുടെ ഏറെ പിന്നോക്കം നില്‍ക്കുന്ന ബരിനസ് സംസ്ഥാനത്തെ സബനെറ്റ പ്രദേശത്ത് കയ്പുനിറഞ്ഞ ജീവിതാനുഭവങ്ങളില്‍ വളര്‍ന്നുവന്ന ആ ബാലന്റെ യൗവനസ്വപ്നങ്ങളില്‍ കുടിയേറിയതാണ് സഹജീവികളുടെ ജീവിതത്തില്‍ ക്ഷേമം കൊണ്ടുവരികയെന്നത്. സൈനിക വൃത്തിയില്‍ ചേര്‍ന്നിട്ടും, മനസ്സില്‍ അടങ്ങാത്ത തിരയായി അതുയര്‍ന്നുകൊണ്ടിരുന്നു. ദരിദ്രരായ മനുഷ്യരുടെ മോചനമായിരുന്നു അയാളുടെ ജീവിതാഭിലാഷം.

   

  14 വര്‍ഷം മാത്രമാണ് ഹ്യൂഗോ ഷാവേസിന് ഭരണത്തിലിരിക്കാന്‍ സാധിച്ചത്. ആദ്യമായി പ്രസിഡന്റ് പദവിയിലെത്തിയ 1998 മുതല്‍ 2012 വരെ തുടര്‍ച്ചയായി രാജ്യത്ത് നടത്തിയ തെരഞ്ഞെടുപ്പുകളില്‍ എല്ലാം അദ്ദേഹം വിജയിച്ചു. വളരെ വേഗത്തിലായിരുന്നു ഭരണരംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. തന്റെ ജനതയ്ക്കുവേണ്ടി വരാനുള്ള പത്തുവര്‍ഷത്തേയ്ക്കുള്ളതുകൂടി ചെയ്തുവയ്ക്കാന്‍ കിട്ടിയ കാലംകൊണ്ട് അദ്ദേഹത്തിനു സാധിച്ചു. ഉറക്കത്തിനായി 3-4 മണിക്കൂറേ ഷാവേസ് ചെലവഴിച്ചിരുന്നുള്ളൂ. തിരക്കിട്ടു നടത്തിയ ആ ഭരണപരിഷ്കാര നടപടികളുടെ വിജയം ജനചൂഷകരിലുണ്ടാക്കിയ അമ്പരപ്പ് ചില്ലറയല്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനു തടസ്സമുണ്ടാക്കുന്ന നിയമവ്യാഖ്യാനങ്ങളേയും ഭരണസംവിധാനങ്ങളെപോലും ചിലപ്പോള്‍ മറികടന്ന് ഉത്തരവുകള്‍ പ്രയോഗത്തിലെത്തിക്കാന്‍ അദ്ദേഹം നേരിട്ട് രംഗത്തിറങ്ങി. ഏകാധിപതിയെന്നു സാമ്രാജ്യത്വാനുകൂലികളും വെനസ്വേലയിലെ വന്‍കിട ഭൂവുടമകളും കുത്തക മുതലാളിമാരുടെ പാര്‍ടിയും ആരോപിച്ചു. പക്ഷേ ജനത്തെ ബോധ്യപ്പെടുത്താനായില്ല; ജനവിരുദ്ധനെന്നവര്‍ക്കു സ്ഥാപിക്കാനായില്ല. പ്രസിഡന്റ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഓരോ തവണയും ഭൂരിപക്ഷം കൂട്ടി നല്‍കി ജനത അദ്ദേഹത്തിന്റെ നയങ്ങള്‍ക്കു പിന്തുണ നല്‍കിക്കൊണ്ടിരുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള ലോകരാഷ്ട്രങ്ങള്‍ക്കുതന്നെ മാതൃകയായ ഏറ്റവും വലിയ ജനാധിപത്യാവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഈ അവകാശം ഷാവേസിനെ പുറത്താക്കാനുദ്ദേശിച്ച് പ്രതിപക്ഷം ഉപയോഗിച്ചു. ആ റഫറണ്ടത്തിലും ജനം അദ്ദേഹത്തെ കൈവിട്ടില്ല. തങ്ങള്‍ക്ക് ഒരേയൊരു പ്രസിഡന്റേ ഉണ്ടായിട്ടുള്ളൂ എന്നവര്‍ ഉറപ്പിച്ചു.

   

  ക്രിസ്തീയ വിശ്വാസികളേറെയുള്ള വെനസ്വേലയ്ക്ക് "പാവങ്ങളുടെ ക്രിസ്തുവായിരുന്നു ഷാവേസ്" വിങ്ങിപ്പൊട്ടിക്കൊണ്ടാണവര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മരണാനന്തരയാത്രയില്‍ അണിചേര്‍ന്നത്. കരാകസ് നഗരത്തിലെ ആശുപത്രി മുതല്‍ സൈനിക അക്കാദമി വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരം ചുകപ്പുകുപ്പായമണിഞ്ഞുകൊണ്ട് ചുകപ്പുതൊപ്പി (യലൃലേ) വച്ച് അണിനിരന്ന ആയിരക്കണക്കിനു ഷാവേസ് അനുയായികള്‍ - ഷവിസ്താസ്-ക്കൊപ്പം അവര്‍ ശവമഞ്ചത്തെ അനുഗമിച്ചു. അവസാന ദര്‍ശനത്തിനും റീത്തു സമര്‍പ്പിക്കാനുമെത്തിയവരുടെ നിര നീണ്ടു നീണ്ടുപോയി. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് പൊതുദര്‍ശനം ഏഴുദിവസം അനുവദിക്കേണ്ടിവന്നു. വെനസ്വേലയിലെ ദരിദ്രരും നിസ്വരും നിരക്ഷരരുമായ ജനതയ്ക്ക് ഹ്യൂഗോ ഷാവേസിനെ എങ്ങനെ മറക്കാനാകും? ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് വെനസ്വേല. ലോകത്തെ എണ്ണ ഉല്‍പാദകരാഷ്ട്രങ്ങളില്‍ അക്കാലം രണ്ടാം സ്ഥാനത്തും. എന്നാല്‍ ആ രാഷ്ട്രത്തിന്റെ എണ്ണ സമ്പത്തില്‍നിന്നു ലഭിക്കുന്ന സാമ്പത്തികനേട്ടം അനുഭവിക്കാന്‍ കഴിഞ്ഞത് ന്യൂനപക്ഷമായ മുതലാളിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കും മാത്രം. ലക്ഷങ്ങള്‍ താമസിക്കുന്ന അവിലാക്കുന്നിലെ ചേരിപ്രദേശങ്ങളില്‍ ശുദ്ധജല ലഭ്യതയില്ല, വൈദ്യുതിയില്ല, കുളിമുറി, കക്കൂസ് തുടങ്ങിയ പ്രാഥമികാവശ്യ നിര്‍വഹണത്തിന്റെ കാര്യം പറയാനുമില്ല. അഴുക്കുചാലുകളില്ലാത്തതുകൊണ്ട്, വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധി ഇടക്കിടെ അലട്ടിക്കൊണ്ടിരുന്നു. തനിക്ക് ഉഴുതുമറിക്കേണ്ട വെനസ്വേല കാടും പടലും പിടിച്ച് കിടക്കുകയാണ്. എതിരിടേണ്ടത് നിസ്സാര പ്രവണതകളെയല്ല. ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ തുടങ്ങി ദുരിതങ്ങളുടെ അളവ് കൂടുതലാണ്. പക്ഷേ ഷാവേസിന് മാത്രം കഴിയുന്ന രീതിയില്‍ അദ്ദേഹം ഇടപെട്ടു. ആ രാജ്യത്തെ പുതിയ ലോകത്തേക്കുയര്‍ത്തി. നോക്കുക: 14 വര്‍ഷംകൊണ്ട് എന്തൊക്കെ സാധ്യമായിയെന്ന്.

   

  ദാരിദ്ര്യത്തിന്റെ നിലവാരം 70 ശതമാനത്തില്‍നിന്ന് 21 ശതമാനത്തിലേക്ക് താഴ്ന്നു. പരമദാരിദ്ര്യത്തിന്റെ നിലവാരം 40 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേക്ക് താഴ്ന്നു. സ്കൂള്‍ പ്രവേശനനിരക്ക് 6 ദശലക്ഷത്തില്‍നിന്ന് 130 ദശലക്ഷമായി ഉയര്‍ന്നു. പ്രവേശനത്തിന്റെ വളര്‍ച്ച 93.2 ശതമാനം അങ്കണവാടി ഘട്ടം മുതല്‍ സര്‍വകലാശാലാതലംവരെ പഠനം സൗജന്യമാക്കി. 2005ല്‍തന്നെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്തതായി യുനെസ്കോ പ്രഖ്യാപിച്ചു. സൗജന്യ ആരോഗ്യപദ്ധതി നടപ്പിലാക്കി. പതിനായിരത്തിലേറെ മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിച്ചു. ഡോക്ടര്‍മാരുടെ ലഭ്യതയുടെ അളവ് 400 ശതമാനം വര്‍ധിച്ചു. കുട്ടികളില്‍ പോഷാകാഹാരക്കുറവ് 40 ശതമാനം കുറഞ്ഞു. 95 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലലഭ്യത. 3 ദശലക്ഷം ഹെക്ടര്‍ ഭൂമി, ഭൂരഹിതരായ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്തു. ആദിവാസികള്‍ക്ക് തിരിച്ചുപിടിച്ചു നല്‍കിയതോ പുതുതായി നല്‍കിയതോ ആയ ഭൂമിയുടെ കണക്ക് ഒരു ദശലക്ഷം ഹെക്ടര്‍, 7 ലക്ഷം വീടുകള്‍ ഭൂരഹിതര്‍ക്കായി പണിതുനല്‍കി. ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചിക  ഉയര്‍ന്നുനില്‍ക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിലിന്ന് വെനസ്വേലക്ക് സ്ഥാനമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തില്‍ മുന്നേറിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രവും വെനസ്വേലയാണ്. 98 ശതമാനം ഭക്ഷ്യവിഭവങ്ങളും ഇറക്കുമതി ചെയ്തിരുന്ന വെനസ്വേലയില്‍ ഇപ്പോളത് 30 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ ഉപഭോഗമാകട്ടെ ഇരട്ടിയാവുകയും ചെയ്തു.

   

  5 ദശലക്ഷം പൗരന്മാര്‍ക്ക് സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്. നികുതിവരുമാനം ഗണ്യമായ നിരക്കില്‍ വര്‍ധിച്ചു. ദേശസ്വാതന്ത്ര്യത്തിന്റെ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ഇതെല്ലാം വായിച്ച് അത്ഭുതപ്പെടാം. 14 വര്‍ഷം കൊണ്ട് എന്തു മാന്ത്രികതയാണ് ഹ്യൂഗോ ഷാവേസ് ചെയ്തത് എന്നന്വേഷിക്കണം. കാറ്റാടിയന്ത്രങ്ങളോടു യുദ്ധം പ്രഖ്യാപിച്ച ഡോണ്‍ ക്വിക്സോട്ടിന്റെ വലിയ ആരാധകനായിരുന്നു ഷാവേസ്. ഒരിക്കല്‍ "ഡോണ്‍ക്വിക്സോട്ട്" എന്ന നോവല്‍ ഒരു ദശലക്ഷം കോപ്പി അച്ചടിച്ച് രാജ്യത്തെ നവസാക്ഷരര്‍ക്കായി വിതരണം ചെയ്യുകവരെ ഉണ്ടായി. ക്വിക്സോട്ടിനെ ആരാധിച്ച ഷാവേസിന് പക്ഷേ, ദാരിദ്ര്യം, അജ്ഞത, നിരക്ഷരത, അഴിമതി, കെടുകാര്യസ്ഥത ഇവയോടുള്ള യുദ്ധം സാങ്കല്‍പികമായിരുന്നില്ല. ജീവിതാനുഭവങ്ങള്‍ ഒപ്പം രാഷ്ട്രചരിത്രം, ലോകവിപ്ലവങ്ങളെ അടുത്തറിയല്‍, മാറ്റത്തിന്റെ തത്വശാസ്ത്രം തിരിച്ചറിഞ്ഞത്, ലാറ്റിനമേരിക്കയുടെ വിമോചകന്‍ സൈമണ്‍ ബൊളിവറെ നെഞ്ചോടു ചേര്‍ക്കാനായത്, ജനതയോടുള്ള ആത്മസമര്‍പ്പിതമായ മനസ്സ് -ഇവയുടെ പിന്‍ബലത്തിലാണ് ഷാവേസ് വിമോചന യുദ്ധം പ്രഖ്യാപിച്ചത്. ഇവയിലേറെയും ഷാവേസിനെ പ്രചോദിപ്പിച്ചത് സ്വന്തം ജനതയുടെ വിമോചനപോരാട്ടത്തിന്റെ പാരമ്പര്യവും വിമോചന പോരാളികളും തന്നെ. ദേശചരിത്രത്തില്‍നിന്നു നിറച്ച ഇന്ധനവുമായാണ് തത്വചിന്താ പദ്ധതികള്‍ ആവിഷ്കരിച്ചതും പ്രയോഗത്തിലെത്തിച്ചതും. ഷാവേസിനെ നയിച്ച നിറവെളിച്ചം, സംശയം വേണ്ട സൈമണ്‍ ബൊളിവര്‍ തന്നെ. ബൊളിവര്‍ തെളിയിച്ച തീജ്വാലയിലെ പ്രകാശത്തിലാണ് ഷാവേസ് വെനസ്വേലയെ ഉഴുതുമറിച്ചതെന്നു പറയാം. ഷാവേസിന്റെ വിപ്ലവപദ്ധതി രാഷ്ട്രനിയമം, രാഷ്ട്രീയ പ്രസ്ഥാനം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, എന്നുവേണ്ട നിരവധി പദ്ധതികളില്‍ ബൊളിവര്‍ നിറഞ്ഞുനിന്നു. ബൊളിവറിന്റെ ആശയങ്ങളോട് കടുത്ത പ്രതിബദ്ധത എതിര്‍പക്ഷത്തിനു പരിഹാസവിഷയമായിരുന്നു. ഇക്കാര്യം ചെഗുവേരയുടെ മകള്‍ അലീനയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ഷാവേസ് ഓര്‍മിക്കുന്നുണ്ട്. ""ഷാവേസിന് വട്ടാണ്"" എന്ന് അവര്‍ പ്രചാരണം അഴിച്ചുവിട്ടു. അവര്‍ വീണ്ടും വീണ്ടും വിളിച്ചുപറഞ്ഞു. ""ആ ഷാവേസ് ഭ്രാന്തനാണ്. അയാളെക്കുറിച്ചുള്ള ഏറ്റവും പുതിയ തമാശ കേള്‍ക്കണോ? ഭക്ഷണത്തിനുമുമ്പ് പട്ടാള യൂണിഫോം ധരിച്ചു മേശയുടെ മുമ്പിലിരിക്കും. ഭാര്യ വിളമ്പിക്കൊടുക്കും. പക്ഷേ മേശയുടെ മുഖ്യഭാഗത്ത് ആരേയും ഇരുത്തുകയില്ല. എപ്പോഴും സീറ്റ് ഒഴിച്ചിട്ടിരിക്കും. അതു സൈമണ്‍ ബൊളിവറുടെ കസേരയാണത്രേ! ബൊളിവറിനുവേണ്ടി ഭക്ഷണം തയ്യാറാക്കാനും അയാള്‍ പറയുമെന്നു കേള്‍ക്കുന്നു!"" ഇങ്ങനെയെല്ലാമാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഇതൊന്നും ഷാവേസിനെ പുറകോട്ട് വലിച്ചില്ല. സ്പാനിഷ് ശക്തിയില്‍നിന്നു പോരാടി മോചിപ്പിച്ച ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളോടും അവിടുത്തെ ജനതയോടുമുള്ള പ്രതിബദ്ധത ഷാവേസിന്റെ സിരകളിലേക്കു പടര്‍ന്നുകയറിയിരുന്നു. ഷാവേസ് വിജയകരമായി നടപ്പിലാക്കിയ - ബൊളിവാറിയന്‍ വിപ്ലവ പ്രക്രിയയുടെ കാതലെന്തെന്ന് ചുരുക്കി പരിശോധിച്ചാല്‍ അതിപ്രകാരമാണ്. ഭരണഘടനാ സൃഷ്ടി രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാലം മുതലേ ജനപക്ഷത്തു നില്‍ക്കുന്ന ഭരണഘടന നിര്‍മിക്കണമെന്നത് ഷാവേസിന്റെ മുഖ്യലക്ഷ്യമായിരുന്നു. ഭൂസ്വാമിമാര്‍ നിര്‍മിച്ച ഭരണഘടനയാണ് 1961 മുതല്‍ വെനസ്വേല ഭരണക്രമം അടിസ്ഥാന പ്രമാണമായി സ്വീകരിച്ചത്. 1811 മുതല്‍ 1961 വരെയാകട്ടെ വെനസ്വേലയ്ക്ക് 26 ഭരണഘടന ഉണ്ടായിരുന്നതായും ചരിത്രം പറയുന്നു. ഭൂപ്രഭുവര്‍ഗത്തെയും സഖ്യകക്ഷികളെയും സഹായിക്കുന്ന ഭരണഘടന തകര്‍ക്കണമെന്നും പകരം എല്ലാ പൗരന്മാര്‍ക്കും തുല്യതയും ജീവിതസുരക്ഷയും (വിദ്യാഭ്യാസം, ആരോഗ്യം തൊഴില്‍ മേഖലകളില്‍) വാഗ്ദാനം ചെയ്യുന്നവയും ആദിവാസികളുടെ അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സ്ത്രീ സമത്വം എന്നിവ ഉറപ്പു വരുത്തുന്നതുമായ ഭരണഘടനയ്ക്കായി ഷാവേസ് പ്രചാരണം നടത്തി. പുതിയ യുഗത്തില്‍ ഭരണഘടന അപ്പാടെ മാറ്റിത്തീര്‍ക്കണമെന്നതിനു വകുപ്പില്ലെന്ന എതിര്‍വാദങ്ങളെ ഖണ്ഡിക്കുക പ്രയാസകരമായിരുന്നെങ്കിലും ഷാവേസിന്റെ കൂര്‍മബുദ്ധിയും ചരിത്രബോധവും അതിനു പരിഹാരം കണ്ടെത്തി. ജനഹിത പരിശോധനയാണ് ഇവിടെ പോംവഴിയെന്ന് പ്രഖ്യാപിച്ചു. അതും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോള്‍ ഷാവേസ് ഇതിനെ നേരിട്ടു. ""പരമാധികാരം ജനങ്ങള്‍ക്കാണ്, തെരഞ്ഞെടുക്കുന്ന അധികാര സ്ഥാപനങ്ങളിലൂടെ ജനങ്ങള്‍ അവരുടെ അധികാരം പ്രയോഗിക്കുന്നു"". ഇപ്രകാരം നിലവിലുള്ള ഭരണഘടനയിലെ ഒരു വകുപ്പ് പറയുന്നുണ്ട്. ഈ വകുപ്പാണ് ഉപയോഗിക്കുന്നതെന്ന് പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-നിയമമേഖലകളില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നുവെങ്കിലും ഷാവേസിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുക വഴി, പുതിയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയെന്ന ആശയത്തെ ജനം അംഗീകരിച്ചുകഴിഞ്ഞിരുന്നു. 1999 ഫെബ്രുവരി രണ്ടിന് പ്രസിഡന്റ് പദവി ഏറ്റെടുത്ത് ആദ്യം ചെയ്തത് പുതിയ ഭരണഘടനയ്ക്കായുള്ള ജനഹിത പരിശോധനക്കുവേണ്ടിയുള്ള ഉത്തരവ് ഒപ്പുവയ്ക്കലാണ്. ഈ ഉത്തരവിനെതിരെ ഇരുപത്തിയഞ്ചു വാദമുഖങ്ങളുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ജനഹിത പരിശോധനയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് വിധി പ്രഖ്യാപിച്ചു. ജനഹിത പരിശോധനയില്‍ 88 ശതമാനം ജനങ്ങളും അനുകൂലിച്ചു. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിച്ചു. തുടര്‍ന്ന് അംഗീകരിച്ച ഭരണഘടനയാണ് ഹ്യൂഗോ ഷാവേസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിത്തറയായത്. ഭരണഘടന റിപ്പബ്ലിക് ഓഫ് വെനസ്വേലയെ "ബൊളിവറിയന്‍ റിപ്പബ്ലിക്ക് ഓഫ് വെനസ്വേല" എന്ന് പുനര്‍നാമകരണം ചെയ്തു. പതാകയില്‍ ബൊളിവറെ ആദരിച്ചുകൊണ്ട് ഒരു നക്ഷത്രംകൂടി തുന്നിച്ചേര്‍ക്കുകയും ചെയ്തു. വ്യവസായങ്ങളുടെ ദേശസാല്‍ക്കരണം വിഭവസമ്പന്നമായ വെനസ്വേലയില്‍ വര്‍ധിച്ചുവരുന്ന ധനിക-ദരിദ്രവ്യത്യാസം ഏതു സാമൂഹിക പരിഷ്കര്‍ത്താവിന്റെയും ശ്രദ്ധ ആകര്‍ഷിക്കും. വിഭവങ്ങളിലുള്ള ആധിപത്യവും ലാഭം കൊയ്യുന്നതും ന്യൂനപക്ഷമാണ്. ഇതവസാനിപ്പിക്കാതെ പൊതുഖജനാവിലേക്കു പണം എത്തില്ലെന്നു മനസ്സിലാക്കി ആദ്യമേതന്നെ എണ്ണ സമ്പത്തിന്റെ പരിപൂര്‍ണ നിയന്ത്രണം സര്‍ക്കാരിനാണെന്നു പ്രഖ്യാപിച്ചു. അതിനുള്ള ശ്രമങ്ങള്‍ അധികം വൈകാതെ ഫലം കണ്ടു. ജഉഢടഅ എന്ന പൊതുമേഖലാ എണ്ണഖനനക്കമ്പനിയിലെ സമരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഇതിനു നിമിത്തമായി. എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണം ശക്തമാക്കുകയും ഹൈഡ്രോകാര്‍ബണ്‍ നിയമം 2001 പ്രകാരം സ്വകാര്യകുത്തകകളുമായുള്ള കരാറുകള്‍ പുനരാലോചനക്കു വിധേയമാക്കുകയും ചെയ്തു. എണ്ണ സമ്പത്തു കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടു. പലരേയും ഇളക്കി പ്രതിഷ്ഠിച്ചു. ജനക്ഷേമതല്‍പരരും വിശ്വസ്തരുമായവരെ നിയമിച്ചു. അങ്ങനെ ലഭിച്ച സാമ്പത്തികമിച്ചം സാമൂഹ്യദൗത്യങ്ങള്‍ (ടീരശമഹ ങശശൈീിെ) ക്കായി വിനിയോഗിച്ചു. ഭൂപരിഷ്കരണം മറ്റൊരു നിര്‍ണായക വികസനതന്ത്രം 2001ല്‍ ഭൂനിയമം നടപ്പിലാക്കിയതാണ്. ലാറ്റിഫ്ണ്ടിയോസ് എന്ന പേരിലറിയപ്പെടുന്ന വന്‍കിട എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്തു. ഭരണഘടന ആര്‍ട്ടിക്കിള്‍ 15 വ്യക്തികള്‍ക്ക് ഭൂവുടമസ്ഥത ഉറപ്പു നല്‍കുന്നു. ഒപ്പം പൊതുതാല്‍പര്യാര്‍ഥം നിയന്ത്രണാധികാരം സര്‍ക്കാരിനാണുതാനും. ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്തു. ഇപ്രകാരം 7.7 ദശലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗ്രാമീണ തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്തു. വലിയൊരളവ് ഭൂമി സര്‍ക്കാര്‍ ഫാമുകള്‍ക്കും ഭക്ഷ്യഗവേഷണ സ്ഥാപനങ്ങള്‍ക്കും നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭൂവിനിയോഗം പരമാവധിയാക്കല്‍തന്നെ ലക്ഷ്യം. 2010ല്‍ വെനസ്വേലന്‍ നാഷണല്‍ അസംബ്ലി ഭൂനിയമം വീണ്ടും പരിഷ്കരിച്ചു. ഭൂരഹിത കര്‍ഷകര്‍, കൃഷിക്കാരുടെ കൂട്ടായ്മകള്‍ തുടങ്ങി കൃഷിയോഗ്യമായ ഭൂമി കൃഷിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന പദ്ധതികളിലൂടെ തുടക്കമായി. ആഭ്യന്തര കൃഷി ഉല്‍പാദനത്തിനായി ഭൂമി നല്‍കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ധനവായ്പയടക്കം സഹായമെത്തിക്കാന്‍ മിഷന്‍ അഗ്രോ വെനസ്വേലയ്ക്കു തുടക്കമിട്ടു. ഭക്ഷ്യസ്വയം പര്യാപ്തതയായിരുന്നു ലക്ഷ്യം. സാമൂഹ്യ നീതിയും തുല്യതയും ബ്രസീലിലെ പൊര്‍ട്ടോ അലെഗ്രയില്‍ നടന്ന ലോകസോഷ്യല്‍ ഫോറത്തിന്റെ (2005) 5-ാം വേദിയില്‍ വച്ചാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സോഷ്യലിസത്തെക്കുറിച്ച് ഷാവേസ് പ്രസ്താവിക്കുന്നത്. നവഉദാരീകരണ സമ്പദ്വ്യവസ്ഥക്കു ബദലായി ഷാവേസ് ഉയര്‍ത്തിയ ഈ മുദ്രാവാക്യം ഇന്നു ലാറ്റിനമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതീക്ഷയോടെ നോക്കിക്കാണുന്ന ആശയമാണ്. ന്യൂനപക്ഷത്തിന്റെ സുഖഭോഗങ്ങളിലും ഭൂരിപക്ഷത്തിന്റെ ചൂഷണത്തിലും ഊന്നുന്ന സമ്പദ്ക്രമത്തെ പിന്തുണയ്ക്കുന്ന മുതലാളിത്തത്തിനു ബദലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം. സോവിയറ്റ് ബ്ലോക്കിന്റെ പതനത്തിനുശേഷം മുതലാളിത്ത, സാമ്രാജ്യത്വശക്തികള്‍ക്ക് ഒരു ബദലെന്ന നിലയില്‍ അതു ഉയര്‍ന്നുവന്നു. നിരവധി പ്രഖ്യാപനങ്ങളിലെന്നപോലെ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കൂടുതല്‍ വിശദീകരിച്ചിരുന്നില്ലെങ്കിലും സാമൂഹികനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമമാണ് അതിന്റെ അടിത്തറയെന്നു തെളിയിച്ചുകൊണ്ടാണ്, ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണം സാധ്യമാക്കിയത്. അതിന്റെ മുഖ്യശത്രു സാമ്രാജ്യത്വവും നവ ഉദാരീകരണനയങ്ങളുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ആഹാരം, വീട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ ജനങ്ങളെ സഹായിക്കുന്ന നിരവധി ദൗത്യസംഘടനകള്‍ (ങശശൈീിെ) സാധാരണക്കാര്‍ക്കായി വ്യാപകമാക്കിക്കൊണ്ടാണ് ഷാവേസ് ഇതു നേടിയത്. സമഗ്ര ആരോഗ്യപദ്ധതി (മിഷന്‍ ബാരിയോ അദന്ത്രെ), കൊഴിഞ്ഞുപോയവരുടെ പുനര്‍വിദ്യാഭ്യാസം (മിഷന്‍ റിബാസ്), സാക്ഷരതാ നിര്‍മാര്‍ജനം (മിഷന്‍ റോബിന്‍സണ്‍), ഉന്നതവിദ്യാഭ്യാസം ധനസഹായം (സുകര്‍ മിഷന്‍), ഭക്ഷണസാമഗ്രികള്‍ക്കു സഹകരണസംഘങ്ങള്‍ (മെര്‍സല്‍ മിഷന്‍), സൗജന്യ ചികിത്സ (മിറാക്കിള്‍ മിഷന്‍), വീടു നല്‍കല്‍ (മിഷന്‍ കരസ്), കര്‍ഷകരെ സഹായിക്കല്‍ (സമോറ മിഷന്‍) തുടങ്ങി ഒട്ടേറെ മിഷനുകള്‍. ഇവയെല്ലാം ചേര്‍ന്നാണ് വെനസ്വേലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയത്. സൈമണ്‍ ബൊളിവര്‍ മുതല്‍ ദേശസ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി ധീരനേതാക്കളുടെ പേരില്‍ ഈ പദ്ധതികള്‍ അറിയപ്പെട്ടു. ഇവ ഷാവേസിന്റെ നയതന്ത്രജ്ഞതയുടെയും പ്രതിബദ്ധതയുടെയും തെളിവായി. എണ്ണ ദേശസാല്‍കരണത്തിലൂടെ ഇതിനെല്ലാം പണം കണ്ടെത്താന്‍ കഴിഞ്ഞു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് കാര്യക്ഷമമായ പൊതു ഉടമസ്ഥതയുടെ സാമ്പത്തിക ചരിത്രപ്രാധാന്യം നാമറിയുക. ഐക്യ ലാറ്റിനമേരിക്ക സൈമണ്‍ ബൊളിവറുടെ പരാജയപ്പെട്ട സ്വപ്നങ്ങളിലൊന്നാണ് ഐക്യലാറ്റിനമേരിക്ക. സ്പെയിനില്‍നിന്നു മോചിപ്പിച്ച പ്രദേശങ്ങളുടെ ഐക്യമെന്ന ആ സ്വപ്നം ന്യായവുമായിരുന്നു. 47-ാം വയസ്സില്‍ ജീവന്‍ വെടിഞ്ഞ ബൊളിവര്‍ക്ക് ഇതു സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. ബൊളിവറുടെ പൈതൃകവുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വ്യത്യസ്ത സംഘടനാരൂപങ്ങളിലൂടെ ഇതു സാധ്യമാക്കാന്‍ ഷാവേസ് ശ്രമിച്ചതിന് പിന്നില്‍ ഒരു പ്രധാനലക്ഷ്യമുണ്ടായിരുന്നു. പുത്തന്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം. അതതു രാഷ്ട്രങ്ങളുടെ പരമാധികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ആ ഐക്യത്തിന് അതീവ ശക്തിയുണ്ടെന്ന് തെളിയിക്കുന്ന പല സന്ദര്‍ഭങ്ങളും പിന്നീടുണ്ടായി. ഐക്യ ലാറ്റിനമേരിക്കയ്ക്കായുള്ള ചുവടുവയ്പിനു വഴിയൊരുക്കിയ സംഭവമാണ് 2005-ല്‍ അര്‍ജന്റീനയില്‍ 33 ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാരും അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ജോര്‍ജ് ബുഷുമൊത്ത് ചേര്‍ന്ന എൃലല ഠൃമറല അൃലമ ീള വേല അാലൃശരമെ സമ്മേളനവും അതിനെ എതിര്‍ത്ത് ഷാവേസിന്റെ നേതൃത്വത്തില്‍ മാര്‍ ഡെല്‍ പ്ലാറ്റയിലെ സോക്കര്‍ സ്റ്റേഡിയത്തില്‍ 2500 പേര്‍ പങ്കെടുത്ത പ്രതിഷേധവും. സ്വതന്ത്ര വിപണിയിലെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന വാഷിങ്ടണ്‍ സമവായത്തിനു പിന്തുണ തേടിയുള്ള എഠഅഅ സമ്മേളനത്തെ ഷാവേസ് തകര്‍ത്തുകളഞ്ഞു. ബുഷിനെ ഹിറ്റ്ലറോടു ഉപമിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെ, ഫുട്ബോള്‍ ചക്രവര്‍ത്തി മറഡോണയെ ഒപ്പം നിര്‍ത്തി ആ സ്റ്റേഡിയത്തില്‍ വച്ച് എഠഅഅ മരിച്ചതായി ഷാവേസ് പ്രഖ്യാപിച്ചു. മാധ്യമങ്ങളെഴുതി "ഏറ്റവും വലിയ നഷ്ടം ബുഷിനാണ്. മുറിവേറ്റാണ് ആ മുനുഷ്യന്‍ പോയത്. അദ്ദേഹത്തിന്റെ മുഖത്ത് പരാജയം പ്രതിഫലിച്ചിരുന്നു." ഇതിനെ തുടര്‍ന്നുള്ള മുന്നേറ്റമാണ് അഘആഅ ആീഹശ്മൃശമി അഹഹശമിരല ളീൃ വേല ുലീുഹല ീള ീൗൃ അാലൃശരമ യ്ക്കു രൂപം നല്‍കിയത്. "പുതിയ പ്രഭാതം" എന്ന അര്‍ഥവുമുണ്ട് അഘആഅ എന്ന വാക്കിന്. 2010 ആകുമ്പോഴേക്ക് ഇതിനെ വിപുലീകരിച്ച് ഇീാാൗിശേ്യ ീള ഘമശേി അാലൃശരമി മിറ ഇമൃശയയലമി ടമേലേെ (ഇഋഘഅഇ) രൂപീകരിച്ചു. പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും പുതിയ നൂറ്റാണ്ടിനു തുടക്കമിട്ടു ഷാവേസ്. ദീര്‍ഘകാലം പരസ്പരം യുദ്ധത്തിലേര്‍പ്പെട്ട അയല്‍രാജ്യം കൊളംബിയ അമേരിക്കയുടെ എതിര്‍പ്പിനെ അവഗണിച്ച് ഇഋഘഅഇ യില്‍ അംഗമായി. അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഈ കൂട്ടായ്മകളില്‍നിന്ന് അമേരിക്കയെയും കാനഡയെയും ഒഴിച്ചുനിര്‍ത്താന്‍ ബോധപൂര്‍വം ഷാവേസ് ശ്രമിച്ചിരുന്നു. ലാറ്റിനമേരിക്കയ്ക്കു പൊതുവായി സുക്രെ എന്ന കറന്‍സി, അന്താരാഷ്ട്ര നാണയനിധി (കങഠ) യ്ക്കു ബദലായി തെക്കിന്റെ ബാങ്ക് (ആമിസ ീള വേല െീൗവേ ീള), ഠലഹമൌൃ എന്ന ടെലിവിഷന്‍ ശൃംഖല, 14 കരീബിയന്‍ രാഷ്ട്രങ്ങള്‍ക്ക് മിതമായ നിരക്കില്‍ എണ്ണ നല്‍കുന്നതിന് ജലേൃീ ഇമൃശയല, ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീനയുമായി ചേര്‍ന്ന് കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ ഇവയോടു ചേര്‍ന്ന് ജലേൃീ അിറശിമ ഇവയെല്ലാം ഷാവേസിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്. തൊള്ളായിരത്തി എഴുപതുകളില്‍ നടന്ന ഇടതുമുന്നേറ്റങ്ങളെ പലവിധേന അട്ടിമറിച്ച, ക്യൂബയുടെ ധീരപോരാട്ടമൊഴിച്ച്, അമേരിക്കന്‍ എംപയറിന്റെ ദീര്‍ഘവിജയങ്ങള്‍ക്ക് ഈ നൂറ്റാണ്ട് നല്‍കിയ മറുപടിയാണ് ഷാവേസ്. അദ്ദേഹത്തിന്റെ ചങ്കൂറ്റം മറ്റ് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് കുറേശ്ശെ പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. 2002ല്‍ ഹ്യൂഗോ ഷാവേസിനെ അമേരിക്കന്‍ സഹായത്തോടെ അട്ടിമറിച്ച് അധികാരമേറ്റ കര്‍മോണയുടെ പാവസര്‍ക്കാരിനെ അംഗീകരിക്കാന്‍, മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ല. അമേരിക്കക്കൊപ്പം ആ രാഷ്ട്രങ്ങള്‍ അണിനിരന്നില്ല. വെനസ്വേലയുടെ ജനാധിപത്യ തകര്‍ച്ചയെക്കുറിച്ചുള്ള സാമ്രാജ്യത്വ വിലാപങ്ങളെ അവ അംഗീകരിച്ചുമില്ല; എല്‍സാല്‍വദോര്‍ ഒഴിച്ച്. ഷാവേസിന്റെ അന്ത്യരംഗങ്ങള്‍ക്ക് സാക്ഷികളാവാന്‍ ലാറ്റിനമേരിക്കയിലെ എല്ലാ രാഷ്ട്രത്തലവന്മാരും എത്തിച്ചേര്‍ന്നിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കുക. അവര്‍ നല്‍കിയ അംഗീകാരവും ആദരവും പ്രകടമാകുന്നതായിരുന്നു ആ സാന്നിധ്യം. വടക്കേ അമേരിക്കന്‍ മേഖലകളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്‍കയ്യെടുത്ത ഷാവേസിനെ കൊളംബിയ പ്രസിഡന്റ് മാനുവല്‍ സാന്റോസ് അനുശോചന പ്രസംഗമധ്യേ പ്രകീര്‍ത്തിച്ചു. എക്കാലവും അമേരിക്കന്‍ വിധേയത്വം പ്രകടമാക്കിയ രാഷ്ട്രമാണ് കൊളംബിയ. ഷാവേസിന്റെ എല്ലാ ആശയങ്ങളോടും യോജിക്കാന്‍ കഴിയില്ലെങ്കിലും വെനസ്വേലന്‍ ജനതയില്‍ അദ്ദേഹം ചൊരിഞ്ഞ സൗഹൃദവും സ്നേഹവും വിശ്വാസ്യതയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്നത് ബ്രസീലിലെ മുന്‍പ്രസിഡന്റ് ലുല ദെസില്‍വ പ്രസ്താവിച്ചു. നവസാമ്രാജ്യത്വ വിരുദ്ധചേരി അന്താരാഷ്ട്രതലത്തില്‍ സമാനസ്വഭാവമുള്ള രാഷ്ട്രങ്ങളുടെ വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ ഷാവേസിന്റെ സ്വപ്നമായിരുന്നു. ഏകധ്രുവ ലോകസങ്കല്‍പത്തെ തകര്‍ത്ത് ബഹുധ്രുവലോകത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഷാവേസ് ചെയ്തത്. നെഹ്റു, നാസര്‍, എന്‍ക്രൂമ, ടിറ്റോ തുടങ്ങിയവര്‍ ചേര്‍ന്ന് ജാതി, മത, വംശ, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ പൊതുലക്ഷ്യങ്ങളും ആവശ്യങ്ങളുമായി നടത്തിയ ഐക്യപ്പെടലുകളാണ് അതിന്റെ പ്രചോദനം. അന്താരാഷ്ട്രവേദികളില്‍ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ സാന്നിധ്യമായി വെനസ്വേല ഉയര്‍ന്നുവന്നു. സോവിയറ്റ് ചേരിയുടെ തളര്‍ച്ചക്കുശേഷം ക്യൂബ ഒറ്റപ്പെട്ടിരിക്കുന്ന വേളയിലാണ് വെനസ്വേല-ക്യൂബ കൂട്ടുകെട്ട് അന്താരാഷ്ട്രവേദികളില്‍ വരുന്നത്. കൂര്‍മബുദ്ധിയും മൂര്‍ച്ചയുള്ള നാക്കും ചങ്കൂറ്റവും കൈമുതലാക്കി ഷാവേസ് തിളങ്ങി. ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷിനെ ചെകുത്താനെന്നു വിളിക്കാനുള്ള ധീരതയിലെത്തി അത്. "വാഷിങ്ടണ്‍ സമവായ" (ണമവെശിഴേീി ഇീിലെിൌെ) ത്തെ പിന്തുടരുന്ന നവഉദാരീകരണശക്തികളെ എതിരിടാന്‍ തന്ത്രപൂര്‍വം കരുക്കള്‍ നീക്കുന്ന രാഷ്ട്രതന്ത്രജ്ഞന്‍ ഈ പ്രവൃത്തികളിലൂടെ ഷാവേസില്‍ തെളിയുന്നു. ഗള്‍ഫ് യുദ്ധത്തിനുശേഷം നിര്‍ജീവമായ പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന ഛജഋഇ വിളിച്ചുചേര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മറ്റൊരു വന്‍ നീക്കമാണ്. പ്രസിഡന്റായി അധികം താമസിയാതെ ഇറാനിലും ഇറാഖിലും സന്ദര്‍ശനം നടത്തി. നിയന്ത്രണമില്ലാതെ എണ്ണഖനനം നടത്തുകമൂലം ലഭ്യത കൂടി എണ്ണ വില കുറഞ്ഞ സാഹചര്യം അതിജീവിക്കേണ്ടത് വെനസ്വേലയുടെ അടിയന്തരാവശ്യം കൂടിയായിരുന്നു. ഇറാനില്‍നിന്നു വിമാനം വഴി ഇറാഖിലേക്കു യാത്ര ചെയ്യുമ്പോള്‍, പരസ്പരം വ്യോമയാത്ര നിരോധിച്ചിരുന്ന രണ്ടു രാഷ്ട്രങ്ങള്‍ ഷാവേസിനായി സൗഹൃദം നീട്ടുന്ന കാഴ്ചയാണ് കാണാനായത്. ഗള്‍ഫ് യുദ്ധത്തിനുശേഷം ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രത്തലവന്‍ ഷാവേസ് ആണെന്നും ശ്രദ്ധേയം. അമേരിക്കയുടെ താക്കീതിനെ അവഗണിച്ചായിരുന്നു ഈ സന്ദര്‍ശനം. ഇതിനുമുമ്പ് ക്യൂബന്‍ സന്ദര്‍ശനം വിലക്കാന്‍ ശ്രമിച്ചപ്പോള്‍ അമേരിക്കക്കു നല്‍കിയ ചുട്ടമറുപടി ""വെനസ്വേല ഒരു പരമാധികാര രാഷ്ട്രമാണ്""- എന്ന് ഷാവേസ് ആവര്‍ത്തിക്കുകയുണ്ടായി. ഇസ്രയേല്‍ ഗാസയില്‍ കടന്നുകയറ്റം നടത്തിയതിനെ അപലപിച്ച ഷാവേസ്, വെനസ്വേലയുടെ അംബാസഡറെ ഇസ്രയേലില്‍ നിന്നു പിന്‍വലിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തെയും ഇറാനു നേരെയുള്ള നടപടികളെയും എതിര്‍ത്ത, ചുരുക്കം ചില നേതാക്കളിലൊരാള്‍ ഷാവേസാണ്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് കരാകസിലെ മരണാനന്തര ചടങ്ങില്‍ വികാരഭരിതനായി വിതുമ്പിയതിനു കാരണം മറ്റൊന്നാകില്ല. അവിടെവച്ച് അദ്ദേഹം പറഞ്ഞു:

   

  ""ഷാവേസ് പ്രതീകാത്മകമായി മാത്രമേ മരിച്ചിട്ടുള്ളൂ. നീതിമാന്മാര്‍ക്കൊപ്പം ജീസസ് പ്രവാചകനെപ്പോലെ അദ്ദേഹം തിരിച്ചുവരുമെന്നതില്‍ യാതൊരു സംശയവുമില്ല"".

   

  ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകം കഴിഞ്ഞ നൂറ്റാണ്ടില്‍ ക്യൂബയാണെങ്കില്‍ ഈ നൂറ്റാണ്ടിലേത് വെനസ്വേലയാണ്. കുറഞ്ഞ കാലത്തെ ഭരണനടപടികള്‍ കൊണ്ടാണ് ഷാവേസ് ആ സ്ഥാനം നേടിയത്. അദ്ദേഹത്തിന്റെ മരണശേഷവും ആ ആവേശം നിലനില്‍ക്കുമെന്നതിന്റെ തെളിവുകള്‍ ലാറ്റിനമേരിക്കയില്‍ നിന്നു ലഭിക്കുന്നുണ്ട്. അമേരിക്കയുടെ ചടഅ നടത്തുന്ന ഇന്റര്‍നെറ്റിലെ ചാരപ്പണി ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്നോഡന് അഭയം നല്‍കാന്‍ നിരവധി ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ തയ്യാറായെന്നത് നിസ്സാര കാര്യമല്ല. അമേരിക്ക മീശ പിരിച്ചാല്‍ വിരളുന്നവരല്ല ഷാവേസിന്റെ അയല്‍പക്കക്കാര്‍ എന്ന നില വന്നിട്ടുണ്ടെന്നര്‍ഥം.

   

  ഷാവേസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ ശ്രമത്തോട് മെക്സിക്കോയുടെ പ്രതികരണം അന്നേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെ അംഗീകരിച്ചാല്‍ അതു മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും പകരുമെന്നതായിരുന്നു മെക്സിക്കോയുടെ മുന്നറിയിപ്പ്. എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും വാള്‍സ്ട്രീറ്റിന്റെയും ഐഎംഎഫിന്റെ നിര്‍ദേശാനുസരണമുള്ള സ്വതന്ത്ര വിപണി വിപ്ലവം തകരുന്നതിന്റെയും പുരോഗമന സ്വഭാവമുള്ള സര്‍ക്കാരുകള്‍ ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നുവരുന്നതിന്റെയും കാഴ്ചകളാണ് തുടര്‍ന്ന് വന്നത്. 2002 ഒക്ടോബറില്‍ ചരിത്രത്തിലാദ്യമായി തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധി ലുല ദെ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി. അതിനെതുടര്‍ന്ന് അര്‍ജന്റീനയില്‍ നെസ്റ്റര്‍ കിര്‍ച്ചനര്‍ പ്രസിഡന്റായി.

   

  2004 നവംബറില്‍ ഉറുഗ്വേയില്‍ പ്രഥമ സോഷ്യലിസ്റ്റ് പ്രസിഡന്റായി തബരെ വസ്ക്യൂ തെരഞ്ഞെടുക്കപ്പെട്ടു. അത്ഭുതപ്പെടുത്തിയ വിജയം തദ്ദേശ വംശജനായ ഇവ മൊറേല്‍സ് ബൊളീവയുടെ പ്രസിഡന്റായി 2005 ല്‍ വിജയിച്ചതാണ്. ഷാവേസിന്റെ ജീവിതത്തിനും ചിന്തകള്‍ക്കും സാഹോദര്യം ഉള്ളയാളാണ് മൊറേല്‍സ്. ബസ്സില്‍നിന്നും പുറത്തേക്കെറിയുന്ന പഴത്തൊലികള്‍ക്ക്വേണ്ടി പുറകെ ഓടിയിരുന്ന ഒരു ബാല്യം ഇവ മൊറേല്‍സിനുമുണ്ട്. അതല്ലാതെ തിന്നാന്‍ മറ്റൊന്നുമില്ലായിരുന്നു. അത്ര ദരിദ്രമായിരുന്നു ജീവിതാവസ്ഥ. ഇടതിന്റെ ഉയിര്‍പ്പു തുടര്‍ന്നുകൊണ്ടേയിരുന്നു. ചിലിയില്‍ ആദ്യമായി സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള വനിത പ്രസിഡന്റായി. 2006ല്‍ നിക്കരാഗ്വേയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയും സാന്റിനിസ്റ്റാ കക്ഷിയും അധികാരത്തിലെത്തി. മാസങ്ങള്‍ക്കുള്ളില്‍ ഇടതു സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ റാഫേല്‍ കൊറിയ ഇക്വഡോറില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ സമവായത്തിന്റെ കടുത്ത വിമര്‍ശകനാണ് റാഫേല്‍ കൊറിയ. ഷാവേസിനെ പോലെ സൈമണ്‍ ബൊളിവര്‍ അദ്ദേഹത്തിന്റെയും പ്രധാന വഴിവിളക്കാണ്. ബൊളിവറിന്റെ സ്വപ്നം 21-ാം നൂറ്റാണ്ടില്‍ സ്വപ്നത്തിനുമപ്പുറമാണ്. അതു അതിജീവനത്തിന്റെ തീരുമാനമാണെന്ന് റാഫേല്‍ കൊറിയ പ്രസ്താവിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ അധീശത്വത്തിനെതിരെ വിവിധ മുന്നണികള്‍ സംഘടിപ്പിക്കുന്നതിന് ഷാവേസിന് പ്രചോദനമേകിയ രാഷ്ട്രീയ പരിവര്‍ത്തനങ്ങളായി ഇവയെ കണക്കാക്കാം. അമേരിക്ക, കാനഡ എന്നീ രാഷ്ട്രങ്ങളെ മാറ്റിനിര്‍ത്തി ആ ഭൂഖണ്ഡത്തിലെ ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഷാവേസിന്റെ സ്വപ്നപദ്ധതിയായിരുന്നു. ഇഋഘഅഇ ലൂടെ അത് സാധ്യമായി.

   

  റൗള്‍ കാസ്ട്രോ അധ്യക്ഷനായ സിലാകിന്റെ 2014ലെ ഉച്ചകോടി ജനുവരി അവസാനവാരം ഹവാനയില്‍ നടന്നു. പരസ്പര സഹകരണം, ലോകസമാധാനം, മനുഷ്യാവകാശ സംരക്ഷണം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയായിരുന്നു ഉച്ചകോടിയിലെ ചര്‍ച്ചാവിഷയങ്ങള്‍. ഇത്തവണത്തെ പുതിയ ചുവടുവെയ്പ് ചൈനയുമായുള്ള വാണിജ്യ-വ്യവസായബന്ധം വികസിപ്പിക്കാനുള്ള കൂട്ടായ തീരുമാനമാണ്. വെനസ്വേല നേരത്തെ എണ്ണഖനനത്തില്‍ ചൈനയുമായി സഹകരിച്ചു തുടങ്ങിയിരുന്നു. പിന്നാലെ നിക്കരാഗ്വേ, കോസ്റ്ററിക്ക, മെക്സിക്കോ എന്നിവയും. ഇതു വ്യാപകമാക്കാന്‍ സിലാക് എടുത്ത തീരുമാനം, ഫലത്തില്‍ ലാറ്റിനമേരിക്കന്‍, കരീബിയന്‍ പ്രദേശങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വ അധികാരം കുറച്ചുകൊണ്ടുവരാനുള്ള തന്ത്രപരമായ ഇടപെടലാണ്. ഹ്യൂഗോ ഷാവേസിന്റെ ധീരസ്മരണയും ഫിദല്‍ കാസ്ട്രോയുടെ സാമീപ്യവുംകൊണ്ട് ഉജ്വലമായ ഉച്ചകോടിയില്‍ വെച്ച് കോസ്റ്റാറിക്ക സിലാക്കിന്റെ അധ്യക്ഷപദവി ഏറ്റെടുത്തു. ശക്തമായി മുന്നോട്ടുനീങ്ങുമെന്ന പ്രതിജ്ഞയോടെ, സൈമണ്‍ ബൊളിവര്‍ അസാധ്യമെന്നു പറഞ്ഞത് സാധ്യമാകാന്‍, അമേരിക്കയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് ആ രാഷ്ട്രങ്ങള്‍ ഒന്നടങ്കം. അതിലവര്‍ക്ക് ഊര്‍ജം ഹ്യൂഗോ ഷാവേസിന്റെ ഓര്‍മതന്നെ ധാരാളം.

   

  എല്ലാംകൊണ്ടും അസാധാരണവും അപൂര്‍വവുമായ വ്യക്തിത്വമായിരുന്നു ഹ്യൂഗോ ഷാവേസ്. ജോസ് മാര്‍ട്ടി, സൈമണ്‍ ബൊളിവര്‍, ചെഗുവേര, ഫിദല്‍ കാസ്ട്രോ തുടങ്ങിയ ധീരവിപ്ലവകാരികളുടെ നിരയിലാണ് ലാറ്റിനമേരിക്കന്‍ ചരിത്രത്തില്‍ ഷാവേസിന്റെയും സ്ഥാനം. ആ മഹാവിപ്ലവകാരികളില്‍ ജീവിച്ചിരിക്കുന്നത് ഫിദല്‍ മാത്രം. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഫിദല്‍ കാസ്ട്രോ ഇപ്രകാരം പ്രവചിച്ചു. ""ലാറ്റിന്‍ അമേരിക്കയില്‍ മാറ്റത്തിന്റെ തിരമാല ഉരുണ്ടുകൂടും. പക്ഷേ അത് അടുത്ത നൂറ്റാണ്ടിലായിരിക്കും. ഇപ്പോള്‍ ആ തിരമാല ഉയര്‍ന്നുകഴിഞ്ഞു. മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ നമുക്കു കാണാം"". ഈ പ്രവചനം യാഥാര്‍ഥ്യമാവുകയാണ്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങള്‍ അതാണ് കാണിക്കുന്നത്. തിരമാലകള്‍ ഉരുണ്ടുകൂടുന്ന കാഴ്ച! കടല്‍ ഇളകിമറിയുകയാണ്. ചൂഷകാധിപത്യത്തെ അത് കടപുഴക്കിയെറിയുമെന്നു തീര്‍ച്ച. ആ കൊടുങ്കാറ്റുയര്‍ത്തിയത്, സംശയമില്ല ഹ്യൂഗോ ഷാവേസ് തന്നെ.

   

  (ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ഷാവേസിന്റെ ജീവചരിത്രം - ""കൊടുങ്കാറ്റിനൊപ്പം"" - എന്ന കൃതിയിലെ ഒരു അധ്യായം).