
-
മനുഷ്യക്കുട്ടിയെ മനുഷ്യനാക്കി വളര്‍ത്താന്‍
ഗീതാഞ്ജലി കൃഷ്ണന്‍ -
നമ്മുടെ നാട്ടിലെ വസന്തകാലമാണല്ലോ മേടമാസം. അതിനാലാവണം, വീടും പരിസരവും നിറയെ കുഞ്ഞുങ്ങളാണ്. പൂച്ച മക്കളുമായി വന്ന് എലിയെ പിടിക്കാന്‍ പഠിപ്പിക്കുന്നു. മണ്ണാത്തിപ്പുള്ളും പൊന്മയും മക്കളെ പറക്കാന്‍ പഠിപ്പിക്കുന്നു. അച്ഛനമ്മമാര്‍ ഒത്തുചേര്‍ന്നാണ് ഈ ജോലി ചെയ്യുന്നത്. ഇതു കണ്ടുനില്‍ക്കെ മനുഷ്യനെക്കുറിച്ച് ചിന്തിച്ചു പോയി. മക്കളെ സാമൂഹ്യ ജീവിതത്തിനു പ്രാപ്തരാക്കുകയെന്നത് എല്ലാ ജീവികളുടെയും ചുമതലയാണ്. ഈ ചുമതല ഇന്ന് കേരളത്തിലെ മനുഷ്യര്‍ മറന്നുപോയോ?
കാട്ടിലും നാട്ടിലും പക്ഷിമൃഗാദികള്‍ക്ക് അവരുടെ നീതിയുണ്ട്. ഒരു ജീവിയും ആഹാരത്തിനല്ലാതെ മറ്റൊന്നിനെ കൊല്ലാറില്ല. സ്വരക്ഷക്കല്ലാതെ ആക്രമിക്കാറില്ല. സ്നേഹിക്കാതെ ഇണചേരാറില്ല. ഇതെല്ലാം പല സന്ദര്‍ഭങ്ങളിലൂടെ വീട്ടുമൃഗങ്ങള്‍ മക്കളെ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുമുണ്ട്. എന്നാല്‍ മനുഷ്യനോ? മൃഗനീതിയും മനുഷ്യനീതിയും ലജ്ജിക്കേണ്ട അവസ്ഥയിലാണ് ഇന്നു നമ്മള്‍. ആലപ്പുഴക്കടുത്ത് മുട്ടാറില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയാല്‍ കൊല്ലപ്പെട്ടു. സ്കൂള്‍ മതിലില്‍ ഒരാള്‍ മറ്റൊരാളുടെ പേരെഴുതിയതിന് അവര്‍ തമ്മില്‍ വഴക്കുണ്ടായത്രേ. വഴക്കുണ്ടായത് കഴിഞ്ഞ വര്‍ഷം. ആ പക അവന്‍ മനസ്സില്‍ കൊണ്ടുനടന്നു. സ്കൂള്‍ തുറന്ന ദിവസം കത്തിയുമായി വന്ന് അവന്‍ കൂട്ടുകാരനെ കുത്തി. എതോ സിനിമയില്‍ കണ്ട വിധമാണത്രേ അവന്‍ ഈ കൃത്യം ആസൂത്രണം ചെയ്തത്. ചെന്നൈയില്‍ കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ നടന്ന സംഭവവും ഇത്തത്തിലുള്ളതാണ്. സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയായ ഉമാമഹേശ്വരി താന്‍ പഠിപ്പിക്കുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ കത്തിക്കുത്തേറ്റ് ക്ലാസില്‍വച്ച് മരിച്ചു. നന്നായി പഠിക്കാത്തതിനു ടീച്ചര്‍ അവനെ സ്ഥിരമായി വഴക്കു പറയുമായിരുന്നത്രേ. ടീച്ചര്‍ ക്ലാസില്‍ വിദ്യാര്‍ഥികളെ പ്രതീക്ഷിച്ചിരിക്കയായിരുന്നു, രാവിലെ. മറ്റുകുട്ടികള്‍ എത്തിയിരുന്നില്ല. അപ്പോഴാണ് കടലാസ്സില്‍ പൊതിഞ്ഞ് കൊണ്ടുവന്ന കത്തി ഉപയോഗിച്ച് അവന്‍ ഈ ക്രൂരകൃത്യം ചെയ്തത്. അമിതലാളനയിലാണ് അവന്‍ വളര്‍ന്നതെന്ന് അറിയുന്നു. ദിവസവും 100 രൂപയാണത്രേ പോക്കറ്റ്മണി. പഠിക്കാന്‍ മോശമാണ് അവനെന്ന് ടീച്ചര്‍. പലതവണ ഗുണദോഷിച്ചു. സ്കൂള്‍ ഡയറിയില്‍ എഴുതി. എപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ സമൂഹത്തെ അവന്‍ ശത്രുവായിക്കണ്ടു.
അഗ്നിപഥ്&ൃറൂൗീ;എന്ന ഹിന്ദി ചലച്ചിത്രത്തില്‍ കണ്ടതുപോലെയാണത്രേ അവന്‍ ടീച്ചറെ വകവരുത്തിയത്. തീര്‍ന്നില്ല. തിരുവനന്തപുരത്ത് വിദ്യാധിരാജാ സ്കൂളില്‍ ഒരു പ്ലസ്ടു വിദ്യാര്‍ഥിയെ അഞ്ചു പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഹെല്‍മെറ്റു കൊണ്ട് ഇടിച്ച് താടിയെല്ലു തകര്‍ത്തു. കൂട്ടം കൂടി മദ്യപിച്ച് ബഹളമുണ്ടാക്കിയത് സീനിയര്‍ വിദ്യാര്‍ഥി ടീച്ചര്‍മാരെ അറിയിച്ചതാണു കാരണം. തിരുവനന്തപുരത്തു തന്നെ, മറ്റൊരു സ്കൂളില്‍ കോപ്പിയടിച്ചത് ചൂണ്ടിക്കാണിച്ചു കൊടുത്തതിനു എട്ടാം ക്ലാസ്സുകാരന്റെ കൈയില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ചാപ്പ കുത്തിയതാണു മറ്റൊരു സംഭവം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അക്രമസംഭവങ്ങള്‍ പെരുകുന്നത് സൂചിപ്പിക്കുന്നത് അനുദിനം നമ്മുടെ മനുഷ്യത്വം നഷ്ടപ്പെടുന്നുവെന്നാണ്. അല്ല, കളിച്ചും ചിരിച്ചും ആനന്ദിച്ചും വളരേണ്ട പ്രായത്തില്‍ അവര്‍ക്ക് മറ്റെന്തോ സംഭവിക്കുന്നുവെന്നാണ്. മനസ്സ് വികൃതമാവുന്നുവെന്നാണ്. നമ്മുടെ വിദ്യാലയങ്ങളില്‍ എന്താണ് സംഭവിക്കുന്നത്? ഇങ്ങനെയാണെങ്കില്‍ നമുക്ക് വിദ്യാഭ്യാസം വേണോ? സാക്ഷരത വേണോ? അത് അതിന്റെ ലക്ഷ്യം നിറവേറ്റുന്നുണ്ടോ? ഇവിടെ അധ്യാപകരും മാതാപിതാക്കളും നിഷ്ക്രിയരാണെന്നു കരുതണം. അവര്‍ക്ക് അവരുടെ ചുമതല നിറവേറ്റാന്‍ കഴിയുന്നില്ല. മനുഷ്യക്കുട്ടിയെ മനുഷ്യനാക്കി വളര്‍ത്താന്‍ കഴിയുന്നില്ല. അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇതാവണം കാരണം. ഇത്രക്ക് അസൂയയും പ്രതികാരവാഞ്ഛയുമെന്തിനാണു മനുഷ്യന്? ഇങ്ങനെയാണോ ഈ സമൂഹത്തില്‍ പെരുമാറാന്‍ ഇവരെ അധ്യാപകരും മാതാപിതാക്കളും പഠിപ്പിക്കുന്നത്? വിദ്യാഭ്യാസം, മൂല്യബോധവും പൗരബോധവും സമൂഹത്തിന് നല്‍കുന്നില്ലെങ്കില്‍, നമ്മള്‍ ഇത്തരം വിദ്യാഭ്യാസം നേടിയിട്ടെന്തു കാര്യം? ഇപ്പറഞ്ഞ എല്ലാ സംഭവങ്ങള്‍ക്കും ഒരു പൊതു ഹേതുവുണ്ട്.
സിനിമയില്‍ കണ്ടതാണത്രേ ഈ കുട്ടികള്‍ അനുകരിച്ചത്. കൊല നടത്താനുള്ള മുഴുവന്‍ പ്ലാനും അവരുടെ പ്രചോദനവും സിനിമകള്‍ തന്നെ. നല്ലതും ചീത്തയും തിരിച്ചറിയാനാവാത്ത പ്രായത്തില്‍ മൂല്യങ്ങള്‍ പഠിപ്പിക്കാത്ത കാര്‍ട്ടൂണുകളും വീഡിയോ ഗെയിമുകളും സിനിമയും മറ്റ് ടെലിവിഷന്‍ പരിപാടികളുമാണ് ഇന്ന് ഇടത്തരം വീടുകളിലെ കുട്ടികളുടെ സഹചാരികള്‍. (ടെലിവിഷന്‍ എകദേശം എല്ലാ സാമ്പത്തിക നിലയിലും ഉള്ള വീടുകളിലും ഉണ്ട്. വിവിധ ചാനലുകളും). കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നത് കുറവ്. മറ്റുള്ളവരുമായി ഇടപഴകുന്നത് കുറവ്. ഈ കംപ്യൂട്ടര്‍ കളികള്‍ കൊലക്കും വെടിക്കും ജയത്തിനുമെല്ലാം പോയിന്റുകള്‍ കൊടുക്കുന്നു. ആസുരമായ ചെയ്തികളില്‍ ഏര്‍പ്പെടാനുള്ള മുന്നൊരുക്കം നടത്തുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആശയവിനിമയം ഇല്ല. അമ്മയുമായുള്ള ആശയവിനിമയം തന്നെ അവര്‍ക്ക് കുറവാണ്. ആശയവിനിമയം അധ്യാപകരുമായും ഇല്ലതന്നെ. എല്ലാ കുട്ടികളും പഠിക്കാന്‍ ഒരുപോലെ സമര്‍ഥരാവുമോ?
ചിലര്‍ക്ക് മറ്റെന്തെങ്കിലും കഴിവായിരിക്കും ഉണ്ടാവുക. അത് അമ്മയും അധ്യാപികയും തിരിച്ചറിയുകയും വേണം. (താരേ സമീന്‍ പര്‍ഭ എന്ന മനോഹരമായ ഹിന്ദി ചലച്ചിത്രം അമ്മമാരും അധ്യാപകരും കണ്ടിരിക്കേണ്ടതാണ്). അവധിക്കാലവും അവര്‍ക്ക് പിരിമുറുക്കമുള്ള ക്ലാസ്സുകള്‍ നല്‍കുന്നു. നാടന്‍ കളികളില്‍ മുഴുകി, കൂട്ടുകാരുമൊത്ത് രസിച്ച് സാമൂഹ്യ ജീവിതവും ജീവിതപരീക്ഷണങ്ങളും ശീലിച്ച ആ നല്ലകാലം പോയ്മറഞ്ഞു. ബന്ധുവീടുകളില്‍ പോയി പാര്‍ത്ത് സഹകരണവും സഹിഷ്ണുതയും പഠിച്ച, പല സാഹചര്യങ്ങളുമായി ഒത്തുചേരാന്‍ പഠിച്ച ആ കാലവും ഇല്ലാതായി. ജയവും തോല്‍വിയും ജീവിതത്തിലുണ്ടെന്നും സ്നേഹവും കരുണയും ക്ഷമയും വേണമെന്നും പഠിപ്പിക്കുന്ന ആ കളികളും ഇല്ലാതായി. പകരം ബുദ്ധിമാന്ദ്യം വരുത്തുന്ന ""റ്റെലിവിഷം""&ൃറൂൗീ; നല്‍കുന്നു നമ്മള്‍, കുട്ടികള്‍ക്ക്. വളരെയധികം ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. ഇതില്‍നിന്നും എന്താണു മനസ്സിലാക്കേണ്ടത്? കുട്ടികള്‍ വീട്ടിലെ അടുക്കിലും ചിട്ടയിലും യഥാര്‍ഥ ഗുണദോഷത്തിലുമല്ല വളരുന്നത്. ഇതിനാണ് സമൂഹം അരാജകത്വമെന്ന വലിയ വില കൊടുക്കേണ്ടി വരുന്നത്. സ്ത്രീകള്‍ വീട്ടമ്മമാരായിരുന്ന് കുഞ്ഞുവളര്‍ത്തലില്‍ മാത്രം ശ്രദ്ധിക്കണമെന്നല്ല ഇതിനര്‍ഥം. പക്ഷേ, അടുത്ത തലമുറയെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് സമൂഹം വിലകുറച്ചുകാണരുത്. മത്സരബുദ്ധി കുറക്കാനും ലളിത ജീവിതം നയിക്കാനും അമ്മമാരാണ് കുട്ടികള്‍ക്കു പ്രേരണയാവേണ്ടത്. വീട്ടിലും വിദ്യാലയത്തിലും, അമിത ലാളനയും അമിത ശാസനയും ഒഴിവാക്കേണ്ടതാണ്. ഏതൊരു കുഞ്ഞിന്റേയും ആദ്യ വിദ്യാഭ്യാസം വീട്ടിലാണ്. അമ്മയാണ് ആദ്യ ഗുരു. ആ നിലയില്‍ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അതിബൃഹത്തായ ചുമതലയാണ് ഓരോ അമ്മക്കും. അത് സ്ത്രീകള്‍ തിരിച്ചറിയണം. അമ്മമാരും അധ്യാപികമാരും തിരിച്ചറിയണം. മുത്തശ്ശിമാരും ആയമാരും തിരിച്ചറിയണം. അതിനുള്ള സാവകാശവും സൗകര്യങ്ങളും ഉപകരണങ്ങളും ഓരോ അമ്മയ്ക്കും സ്ത്രീക്കും ലഭ്യമാക്കണം.



