
-
അഗ്നിപുത്രി
സുപ്രിയ സുധാകര് - കായല്പ്പരപ്പിന്റെ ഓളവും കയര്പിരിയുടെ താളവും കണ്ടും കേട്ടും വളര്ന്ന ഒരു നാടന് പെണ്കുട്ടി. പട്ടുപാവാടയുടുത്ത് കൂട്ടുകാര്ക്കൊപ്പം കളിച്ചുചിരിച്ചു നടന്ന ടെസി എന്ന പെണ്കുട്ടി ഒരിക്കലും കരുതിയിരുന്നില്ല, ആകാശത്തേക്ക് കുതിച്ചുപായുന്ന മിസൈലുകള് വിക്ഷേപിക്കാന് താന് അമരക്കാരിയാവുമെന്ന്. പഠിച്ച് ഒരു ജോലി നേടണമെന്ന മോഹമേ ടെസിക്കുണ്ടായിരുന്നുള്ളൂ. എത്തിപ്പെട്ടതാകട്ടെ, വനിതകള് ഏറെയൊന്നും കൈയടക്കിയിട്ടില്ലാത്ത ഇന്ത്യയുടെ പ്രതിരോധ ശാസ്ത്രരംഗത്തിന്റെ തലപ്പത്തും. പഴയ ടെസിയില്നിന്ന് ഡോ. ടെസി തോമസായി അവര് വളര്ന്നു. ഹൈദരാബാദ് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്ഡിഒ) പ്രോജക്ട് ഡയറക്ടറായി. ഇപ്പോള് ടെസി തോമസിന്റെ നേതൃത്വത്തില് അഗ്നി മിസൈല് അഞ്ചാംപതിപ്പ് ആകാശത്തിന്റെ അതിരുകള് ഭേദിച്ച് കടന്നിരിക്കുന്നു. ലോകത്തിന്റെ നെറുകയില് ഇന്ത്യയെ എത്തിക്കാന് അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല് വിജയകരമായി വിക്ഷേപിച്ചതിലൂടെ അവര്ക്ക് സാധിച്ചു. ആണവായുധ വാഹകശേഷിയുള്ള ഭൂഖണ്ഡാന്തരമിസൈലിന്റെ വിജയശില്പ്പിയായി അപൂര്വമായ നേട്ടമാണ് ടെസി കൈവരിച്ചിരിക്കുന്നത്. അഗ്നി മിസൈല് ദൂരങ്ങള് വിജയകരമായി മുന്നേറിയപ്പോള് ഇന്ത്യയുടെ "അഗ്നിപുത്രി"യായി അവര് മാറി. സാധാരണകുടുംബത്തില്നിന്നും ഇന്ത്യന് പ്രതിരോധശാസ്ത്രരംഗത്തിന്റെ തലപ്പത്ത് എത്തിയ ആദ്യവനിതയാണ് നാല്പ്പപത്തൊമ്പതുകാരിയായ ടെസി. ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില് വീട്ടില് പരേതനായ ടി ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും നാലാമത്തെ മകളായ ടെസി ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളില് പ്രാഥമികവിദ്യാഭ്യാസവും തൃശൂര് ഗവ. എന്ജിനിയറിങ് കോളേജില്നിന്നും ഇലക്ട്രിക്കല് എന്ജിനിയറിങ്ങില് ബിരുദവും നേടി. ഒരു പത്രപരസ്യമാണ് ടെസിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. പ്രതിരോധവകുപ്പിനെക്കുറിച്ചും മിസൈല് ടെക്നോളജിയെക്കുറിച്ചും ഏറെ അറിവില്ലാത്ത ടെസി, പത്രപരസ്യം കണ്ടാണ് പ്രതിരോധ വകുപ്പിനു കീഴില് എംടെകിന് അപേക്ഷിച്ചത്. പുണെയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആര്മമെന്റ് ടെക്നോളജിയില് പ്രവേശിച്ചശേഷമാണ് പ്രതിരോധമേഖലയിലും മിസൈല്ടെക്നോളജിയിലും ആകൃഷ്ടയാകുന്നത്. തുടര്ന്ന് ആ മേഖലയില് ആഴത്തിലുള്ള പഠനം നടത്തി. എംടെക് നേടിയശേഷം 1985ല് ഡിആര്ഡിഒയില് ജോലിയില് പ്രവേശിച്ചു. പിന്നീടിങ്ങോട്ട് ടെസിയുടെ വളര്ച്ച മിസൈല് വേഗത്തിലായിരുന്നു. രണ്ടു പതിറ്റാണ്ടായി അഗ്നി മിസൈലിന്റെ പുതിയ പതിപ്പുകള് രൂപകല്പ്പനചെയ്യുന്നതില് പ്രധാനിയാണ്. അയ്യായിരം കിലോമീറ്റര് ദൂരപരിധിയുള്ള അഗ്നി അഞ്ചാം പതിപ്പ് ഏപ്രില് 19നാണ് ഒഡീഷ തീരത്തുള്ള വീലര് ദ്വീപില്നിന്നും വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഭൂഖണ്ഡാന്തര മിസൈല് വിക്ഷേപിക്കാന് ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയും ഇടംനേടി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്സ് എന്നിവയാണ് മറ്റു രാജ്യങ്ങള്. ഇരുപത്തിനാലുവര്ഷമായി അഗ്നി പ്രൊജക്ടില് പ്രവര്ത്തിക്കുന്ന ടെസി മുന്രാഷ്ട്രപതി എ പി ജെ അബ്ദുള്കലാമിന്റെ കീഴിലും പ്രവര്ത്തിച്ചിട്ടുണ്ട്. ഡിആര്ഡിഒയുടെ ഹൈദരാബാദിലെ ലാബില് കലാം ഡയറക്ടറായിരുന്ന കാലത്താണ് ടെസി അദ്ദേഹത്തിനൊപ്പം പ്രവര്ത്തിച്ചത്. പുരുഷാധിപത്യമുള്ള പ്രതിരോധമേഖലയില് ഇത്രയും വര്ഷം ജോലി ചെയ്തിട്ടും തനിക്ക് ഇതുവരെ സ്ത്രീയെന്ന നിലയില് ഒരു പ്രശ്നവും നേരിട്ടില്ലെന്ന് ടെസി പറയുന്നു. "സാങ്കേതികവിജ്ഞാനമേഖലയില് ലിംഗവ്യത്യാസമില്ല. അറിവുള്ളവരെ അംഗീകരിക്കും. രാജ്യത്തിന്റെ പ്രതിരോധമേഖലകളില് ശാസ്ത്രജ്ഞരായി നിരവധി സ്ത്രീകള് കടന്നുവരുന്നുണ്ട്. എന്നാല്, പലരും വിവാഹത്തോടെ മറ്റു മേഖലകളിലേക്ക് മാറുകയോ വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്ത്തനം മാറ്റുകയോ ആണ് ചെയ്യുന്നത്. കുടുംബത്തില്നിന്നും പ്രോത്സാഹനം ലഭിച്ചാല് മാത്രമേ സ്ത്രീകള്ക്ക് ഈ രംഗത്ത് നിലനില്പ്പുള്ളൂ"- ടെസി മനസ്സു തുറന്നു. നാവികസേനയില് ക്യാപ്റ്റനായ ഒറീസ സ്വദേശി സരോജ് പട്ടേലാണ്ഭഭര്ത്താവ്. വെല്ലൂര് ഐഐടി വിദ്യാര്ഥി തേജസ് മകനും.



