22 November Friday

മറഞ്ഞിട്ടും മായാതെ

അനന്തപത്മനാഭന്‍Updated: Sunday Jan 24, 2016

മാസ്റ്റര്‍ ഓഫ് ദ ഗെയിം.

ഇരുപത്തഞ്ചുവര്‍ഷംമുമ്പ് അവസാനമായി മദ്രാസില്‍നിന്ന് മടങ്ങിവന്നപ്പോള്‍ അച്ഛന്‍ എനിക്കായി കൊണ്ടുവന്ന പുസ്തകം. എന്നിലെ പത്തൊമ്പതുകാരന്‍ വായനമൂര്‍ച്ഛയിലേക്ക് കടന്നത് അച്ഛനറിഞ്ഞിരിക്കും. രതി ആഘോഷമായി നിറയാറുള്ള സിഡ്നി ഷെല്‍ഡണ്‍ അപസര്‍പ്പകകൃതി സാധാരണ ഒരച്ഛനും മകന് വാങ്ങിക്കൊടുക്കാറില്ല. ഓരോ പ്രായത്തിലെയും എന്റെ ഔത്സുക്യങ്ങളിലേക്ക് അച്ഛനിറങ്ങിവന്നു. കുട്ടിക്കാലത്ത് ചിത്രകഥകള്‍ സമ്മാനിച്ച അതേവാത്സല്യത്തോടെ എന്നിലെ കൌമാരക്കാരന്റെ വിശപ്പടക്കാന്‍ സിഡ്നിഷെല്‍ഡണെ കൊണ്ടുവന്നു. വീട്ടില്‍ സിനിമാനിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു തുല്യരെപ്പോലെ പെരുമാറി.

"പത്താംക്ളാസില്‍ പഠിക്കുന്ന എന്റെ മകന്‍ വിദേശസിനിമകള്‍ പലതും കാണാറുണ്ട്. ലൈംഗികച്ചുവയുള്ള സിനിമകള്‍ അവന്‍ കാണരുതെന്ന് ഞാന്‍ ചട്ടംകെട്ടാറില്ല. അതെല്ലാം മനുഷ്യന്‍ അറിയേണ്ടവതന്നെയാണ്''– ഒരിക്കല്‍ 'മലയാളനാടി'ന് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍ പറഞ്ഞതോര്‍ക്കുന്നു.

പ്രീഡിഗ്രികാലത്തുതന്നെ എന്നില്‍ എം ടി പൂത്തുനിറഞ്ഞു. 'സൂതരെ മഗധരെ നമുക്കിനിയും രഘുവംശഗാഥകള്‍ പാടാം...' – എം ടികൃതികളുടെ വരികള്‍ ഞാനങ്ങനെ വീട്ടില്‍ ഉച്ചത്തില്‍ ഉരുവിട്ട് നടക്കും. അച്ഛനും അതൊരു രസമായിരുന്നു. പെട്ടെന്നൊരു ദിവസം ചോദിച്ചു.

'നിന്റെ എം ടി വന്നിട്ടുണ്ട്. കാണാന്‍ വരുന്നോ'

 ഒരു വടക്കന്‍ വീരഗാഥയുടെ വിജയാഘോഷത്തിന് എം ടിയും ഹരിഹരനും തിരുവനന്തപുരത്ത് വന്നപ്പോള്‍ അച്ഛനെ വിളിച്ചിരുന്നു.

'അച്ഛനെ അല്ലേ വിളിച്ചത്, ഞാനെന്തിന് വരണം'– ആദ്യമൊന്ന് ബലംപിടിച്ചെങ്കിലും എം ടിയെ പരിചയപ്പെടാന്‍ എനിക്കുള്ള അത്യാര്‍ത്തി എന്നേക്കാള്‍ നന്നായി അച്ഛനറിഞ്ഞിരുന്നു. നിര്‍ബന്ധിക്കുന്നതായി അഭിനയിച്ച് എന്നെ ഒപ്പംകൂട്ടി.

'അവിടെ പോയാല്‍ ചുമ്മാതിരുന്നോണം. വലിയ വര്‍ത്തമാനം പറയരുത്.'

എം ടിയും എന്‍ പി മുഹമ്മദും ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്' ഹരിഹരന് സിനിമയാക്കണം. അച്ഛന്‍ എഴുതിക്കൊടുക്കണം– അതാണ് അവിടെ ചര്‍ച്ച. 'അറബിപ്പൊന്നി'നെക്കുറിച്ച് വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴേ എന്നോട് ചോദിച്ചിരുന്നു.

കോഴിക്കോടന്‍ കോയമാരുടെ ജീവിതമാണ്. റിസേര്‍ച്ച് വേണ്ടിവരും. അച്ഛന് അതിനുള്ള സമയം കാണുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ ഉപദേശിച്ചു. അച്ഛനപ്പോള്‍ 'ഇന്നലെ' ചെയ്യാന്‍ ഒരുങ്ങുന്ന സമയമായിരുന്നു.

അതുതന്നെ അച്ഛന്‍ അവരോടും പറഞ്ഞു.

'നിന്റെ ഓര്‍മയ്ക്ക'് നോക്കിക്കൂടെ എന്നെല്ലാം എം ടി ചോദിക്കുന്നുണ്ട്. ഇറങ്ങാന്‍നേരം എന്നെ പരിചയപ്പെടുത്തി. പതിനേഴുവയസ്സുകാരനാണെങ്കിലും പക്വതയുള്ള പുരുഷനോടെന്നപോലെ എം ടി എന്നോട് പെരുമാറി.

'ചേര്‍ന്നു നില്‍ക്ക്'. അച്ഛന്‍ ക്യാമറ എടുത്തു. ഞാന്‍ പറഞ്ഞിട്ടൊന്നും ആയിരുന്നില്ല. എനിക്കത് വേണമെന്ന് അച്ഛനറിയാം. എം ടി എന്റെ തോളിലൂടെ കൈയിട്ടു. അച്ഛന്‍ ഫോട്ടോ എടുത്തു.

അടുത്തമാസം എന്നെ തേടി തപാലില്‍ എം ടിയുടെ ഒരു വലിയ പുസ്തകം വന്നു.  കറന്റ് ബുക്സ് ഇറക്കിയ എം ടിയുടെ തെരഞ്ഞെടുത്ത കഥകള്‍. ഇഷ്ട എഴുത്തുകാരന്‍ നേരിട്ട് പുസ്തകം അയച്ചുതന്നിരിക്കുന്നു. സന്തോഷത്തിന്റെയും അംഗീകാരത്തിന്റെയും നിറവിലായിരുന്നു ഞാന്‍. 'എന്റെ പ്രായത്തില്‍ ഏത്  എഴുത്തുകാരന്‍ പുസ്തകം അയച്ചുതരണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്.'– രാത്രി അച്ഛനോട് ചോദിച്ചു. ബഷീറെന്നോ തകഴിയെന്നോ മറ്റോ ഉത്തരം പ്രതീക്ഷിച്ചു.

'എം ടി' –അച്ഛന്‍ മറുപടി പറഞ്ഞു.

അന്ന് രാത്രി ഞാന്‍ എം ടിക്കൊരു കത്തെഴുതി. "മനസ്സിന്റെ കലവറകളില്‍ അനുഭൂതികളുടെ കുളിരുകോരിയൊഴിച്ച എഴുത്തുകാരാ... ഞാന്‍ അങ്ങയെ ആരാധിക്കുന്നു...'' പതിനേഴാംവയസ്സിലെ കാക്കസാഹിത്യം വിജ്രംഭിച്ച രചന. എന്റെ പ്രായത്തില്‍ അച്ഛനും അങ്ങയില്‍നിന്ന് പുസ്തകം കിട്ടാന്‍ കൊതിച്ചിരുന്നു എന്നും അവസാനം എഴുതി. കത്ത് വായിച്ച് അച്ഛന്‍ ഒറ്റച്ചിരി.

"നിനക്ക് അത്യാവശ്യം പ്രണയലേഖനമൊക്കെ എഴുതാനറിയാം, ജങ്ഷനില്‍ കടയിട്ട് ഒരു ബോര്‍ഡും തൂക്കാം. പ്രണയലേഖനങ്ങള്‍ എഴുതി കൊടുക്കപ്പെടും. കത്തൊന്നിന് പത്തു രൂപ. നമുക്ക് കാശൊണ്ടാക്കാം ഫയല്‍വാനേ...''

കത്ത് അച്ഛനിഷ്ടപ്പെട്ടിരുന്നു. എം ടിക്കുള്ള പ്രണയലേഖനംപോലൊരു കത്തായിരുന്നു അത്. പിന്നീട് കണ്ടപ്പോള്‍ എം ടി കത്തിനെക്കുറിച്ച് നല്ലവാക്ക് പറഞ്ഞത് അച്ഛന്‍ ആവേശത്തോടെ വീട്ടില്‍ വന്ന് പറഞ്ഞു. ഞാന്‍ എഴുതുന്നതിനോട് വലിയ ഇഷ്ടമായിരുന്നു അച്ഛന്. എന്നാല്‍, സിനിമയില്‍ പോകുന്നതിനോട് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. സിനിമ ഒരിക്കലും ജീവിതോപാധിയാക്കരുതെന്ന് ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ട്. കാരണം അച്ഛന് സിനിമ മടുത്തിരുന്നു. 'ഞാന്‍ ഗന്ധര്‍വന്റെ' ഷൂട്ടിങ്വേളയില്‍ ഒരുപാട് സമ്മര്‍ദമുണ്ടായി. എഴുത്തുകാരന്‍തന്നെ സംവിധായകനാകുമ്പോള്‍ ഉത്തരവാദിത്തം ഇരട്ടിക്കുകയാണ്. 'ഇന്നലെ'യുടെ നിര്‍മാതാക്കള്‍ ഗള്‍ഫില്‍ ഇരുന്നാണ് സിനിമ നിര്‍മിച്ചത്. പ്രൊഡക്ഷന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി കണക്ക് കൊടുക്കണം. ആരെങ്കിലും പൈസ വെട്ടിച്ചോ, ചെലവ് എങ്ങനെ കൂടി തുടങ്ങിയ ചെറിയ കാര്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട സ്ഥിതി.

സിനിമയില്‍നിന്ന് മാറി എഴുത്തിലേക്ക് തിരിയണമെന്ന് അച്ഛന്‍ ചിന്തിക്കുന്നുണ്ടായിരുന്നു. 29–ാമത്തെ വയസ്സോടെ, ഏതാണ്ട് പൂര്‍ണമായി സിനിമയില്‍ ആണ്ടുപോയതാണ്. സിനിമക്കാലത്തെ ഇടവേളകളിലായി പിന്നീട് സാഹിത്യരചന. കള്ളന്‍ പവിത്രന്‍, പെരുവഴിയമ്പലം തുടങ്ങിയ നോവലുകള്‍ ഇടവേളരചനകളായിരുന്നു. എഴുത്തിന്റെ കാലപരിധിവച്ച് നോക്കിയാല്‍ 15 നോവലും 120ലധികം കഥകളും ബൃഹത്തായ സംഭാവനയാണ്. മരണം കവര്‍ന്നുകൊണ്ടുപോകുമ്പോള്‍ ആറ് സിനിമകള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിരുന്നു. എഴുത്തില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുകയായിരുന്നു.

പത്മരാജന്‍ എന്ന എഴുത്തുകാരന്റെ സംഭാവനകളെപ്പറ്റി ഗൌരവമുള്ള വിമര്‍ശകപഠനം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ആസ്വാദകനെന്ന നിലയില്‍ കഥകളാണ് എനിക്ക് കൂടുതലിഷ്ടം. പ്രമേയത്തെ വെല്ലുന്ന വശീകരണശേഷി അച്ഛന്റെ ഭാഷയ്ക്കുണ്ട്. വായനക്കാരനെ ഒഴുക്കിലാഴ്ത്തിക്കൊണ്ടുപോകുന്ന ഒരുതരം കൊഴുത്തഭാഷയാണ് 'ഉദകപ്പോള'യിലേത്. ഭാഷ സ്വാഭാവികമായി സംഭവിക്കുന്ന ഒഴുക്കായിരുന്നു അച്ഛന്. വാക്കുകള്‍ മാറ്റിയും തിരിച്ചും താന്‍ തച്ചന്‍പണി നടത്താറുണ്ടെന്ന് എം ടി എഴുതിയിട്ടുണ്ട്. ഒരു സൃഷ്ടിക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടാകും. എന്നാല്‍, അച്ഛന്‍ ഭാഷയ്ക്കുവേണ്ടി അടയിരുന്നിട്ടില്ല. വെട്ടും തിരുത്തും ഒന്നും ഉണ്ടാകില്ല. ഒറ്റയടിക്ക് എഴുതിത്തീര്‍ക്കുകയാണ്. എവിടെന്നോ ഒരു ഉറവ പൊട്ടിവരുന്ന സ്വാഭാവികതയോടെ.
അച്ഛന്റെ രചനകളില്‍ അത്ഭുതപ്പെടുത്തിയത് 'ഋതുഭേദങ്ങളുടെ പാരിതോഷിക'മാണ്. എഴുത്തിന്റെ മാന്ത്രിക അനുഭവമായിരുന്നു 'പ്രതിമയും രാജകുമാരിയും'. അച്ഛന്‍ സൃഷ്ടിച്ചതൊക്കെയും കടലാഴമുള്ള കഥാപാത്രങ്ങളായിരുന്നു. 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണനും 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തിലെ സക്കറിയയുമെല്ലാം നിരവധി അടരുകളുള്ള കഥാപാത്രങ്ങളാണ്. അച്ഛന്റെ ആഘോഷിക്കപ്പെടുന്ന പ്രണയസിനിമകള്‍ തൂവാനത്തുമ്പികള്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തിരക്കഥ എഴുതിയ 'കാണാമറയത്ത്' തുടങ്ങിയവയാണ്. എന്നാല്‍, അതിനേക്കാളൊക്കെ പ്രണയതീവ്രമാണ് 'നവംബറിന്റെ നഷ്ടം'. അതിലെ സ്കീസോഫ്രീനിക് ആയ മീരയാണ് മനസ്സില്‍ തറച്ചുനില്‍ക്കുന്നത്. സിനിമയില്‍ പ്രതാപ് പോത്തന്റെ ദാസ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അച്ഛനാണ്.

നല്ല ശബ്ദമുള്ളതുകൊണ്ട് റേഡിയോനാടകങ്ങളിലൊക്കെ അച്ഛന്‍ നായകനായിരുന്നു. സിനിമ കാണുന്നതിനേക്കാള്‍ വലിയ അനുഭവമാണ് തിരക്കഥ അച്ഛന്‍ വായിച്ചുകേള്‍ക്കുന്നത്. കൃത്യമായ മോഡുലേഷനില്‍ ഓരോ  കഥാപാത്രത്തെയും അവതരിപ്പിക്കും. ആദ്യവായന അമ്മയുമൊത്തായിരിക്കും. ഞാനുമുണ്ടാകും.  22 തിരക്കഥകള്‍ അച്ഛന്‍ വായിച്ച് ഞാന്‍ കേട്ടു. പലതും പിന്നീടുകണ്ട സിനിമയേക്കാള്‍ മികച്ചതായും തോന്നിയിട്ടുണ്ട്. 'തൂവാനത്തുമ്പികള്‍' കവിതപോലുള്ള തിരക്കഥയാണ്. അത് അതേപടി ചിത്രീകരിക്കാന്‍ സിനിമയില്‍ പറ്റിയില്ല. 'തൂവാനത്തുമ്പികള്‍' ഇറങ്ങിയകാലത്ത് ഓടിയ പടമല്ല. ഇന്ന് ആഘോഷിക്കപ്പെടുന്ന പല സിനിമകളും അന്ന് ജനങ്ങള്‍ സ്വീകരിച്ചിട്ടില്ല. നിരൂപകര്‍ എടുത്തുപറഞ്ഞിട്ടുമില്ല. 'അരപ്പട്ട കെട്ടിയ ഗ്രാമത്തെ' വിരലിലെണ്ണാവുന്നവരൊഴിച്ച് നിരൂപകര്‍പോലും കൈയൊഴിഞ്ഞു. എനിക്ക് കടുത്ത നിരാശ തോന്നിയിട്ടുണ്ട്. പക്ഷേ, അച്ഛന്‍ നിരാശനായില്ല.

"ഒരു കലാസൃഷ്ടി ചിലപ്പോള്‍ അത് പിറക്കുന്ന കാലത്ത് അംഗീകരിക്കപ്പെട്ടില്ല എന്നുവരും. ഒരുപക്ഷേ, പുതിയൊരു തലമുറതന്നെ പിറക്കേണ്ടിവരും അതിനെ അംഗീകരിക്കാന്‍.''– അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

അച്ഛന്‍ സൃഷ്ടിച്ച ഭാവുകത്വം ഈ തലമുറയെ മുഴുവന്‍ ഗ്രസിച്ചിട്ടുണ്ട്. സിനിമകള്‍ റീമേക്ക് ചെയ്യാന്‍ പുതിയ ചെറുപ്പക്കാര്‍ തേടിവന്നുകൊണ്ടിരിക്കുന്നു. ഇനിയും പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാലും പല കഥകളും സിനിമയാക്കപ്പെട്ടേക്കാം. 'പ്രതിമയും രാജകുമാരിയും' തേടി വരുന്നവരുണ്ട്. കാലം മാറ്റുതെളിയിച്ച 'ഒരിടത്തൊരു ഫയല്‍വാനോ' 'തകര'യോ 'കള്ളന്‍ പവിത്രനോ' റീമേക്ക് ചെയ്യേണ്ട കാര്യമില്ല. തിരക്കഥാപങ്കാളിത്തമുള്ള കരിമ്പിന്‍പൂവിന്നക്കരെ, സത്രത്തില്‍ ഒരു രാത്രി തുടങ്ങിയവ മെച്ചപ്പെടുത്താമായിരുന്നു എന്ന് അച്ഛന് തോന്നിയിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യാന്‍ തുനിഞ്ഞതുതന്നെ 'സത്രത്തില്‍ ഒരു രാത്രി'ക്കുശേഷമാണ്. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാല്‍ 'ഞാന്‍ ഗന്ധര്‍വന്‍' മെച്ചപ്പെടുത്താനാകും.

ഒരുകാലത്ത് എല്ലാ ആഴ്ചയിലും കഥ പ്രസിദ്ധീകരിക്കാന്‍ നല്‍കേണ്ട സ്ഥിതിയുണ്ടായിരുന്നു. എങ്കിലും എഴുത്തിന്റെ കാര്യത്തില്‍ പശ്ചാത്താപസ്വരത്തില്‍ അച്ഛന്‍ സംസാരിച്ചിട്ടില്ല. എന്നാല്‍, സിനിമയില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയിട്ടുണ്ട്. സാവകാശം കിട്ടിയിരുന്നെങ്കില്‍ 'ഞാന്‍ ഗന്ധര്‍വന്‍' അച്ഛന് ഇനിയും മെച്ചപ്പെടുത്താനാകുമായിരുന്നു. പറന്ന് പറന്ന് പറന്ന്, സീസണ്‍ തുടങ്ങിയവ അച്ഛന് തൃപ്തി നല്‍കിയില്ല. ഐ വി ശശിക്കുവേണ്ടി കോവളവും മനിലയും പശ്ചാത്തലമാക്കി ഒരു തിരക്കഥ എഴുതി. അതു നടന്നില്ല. മോഹന്‍ലാലിനെക്കൊണ്ട് ആക്ഷന്‍ ചെയ്യിപ്പിക്കണമെന്ന സമ്മര്‍ദമുണ്ടായി. ആ തിരക്കഥയില്‍നിന്ന് ചില ഭാഗങ്ങള്‍ എടുത്താണ് 'സീസണ്‍' ഒരുക്കിയത്.

എഴുത്തിലൂടെ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ സ്വാധീനംകൊണ്ടാകാം, അരാജകജീവിതം നയിച്ച ആള്‍ എന്ന ഇമേജ് അച്ഛനെക്കുറിച്ചുണ്ട്. അത് തെറ്റാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കമ്പനികൂടലോ മറ്റോ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, കുടുംബം മറന്ന് അച്ഛന്‍ ആഘോഷിച്ചിട്ടില്ല. കുടുംബനിയമങ്ങളെ കാറ്റില്‍പ്പറത്തുന്ന ബദല്‍കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടാകാം, പക്ഷേ വീട്ടില്‍ അച്ഛന്‍ ഉത്തരവാദിത്തബോധമുള്ള കുടുംബസ്ഥനായിരുന്നു. പലസുഹൃത്തുക്കള്‍ക്കുമുണ്ടായിരുന്ന ശീലക്കേടുകള്‍ അച്ഛനില്ലായിരുന്നു. ഒരുപക്ഷേ, അമ്മയോടുള്ള അത്രമേല്‍ തീവ്രമായ ബന്ധമാകാം അച്ഛനെ വീടിനോട് ചേര്‍ത്തുനിര്‍ത്തിയത്.

അച്ഛന്റെ കലാജീവിതത്തിലും അമ്മയും പങ്കാളിയായിരുന്നു. അച്ഛനുള്ളപ്പോള്‍ത്തന്നെ അമ്മ പൂജപ്പുരയിലെ മഹിളാമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. അവിടെ അമ്മ അടുത്തറിഞ്ഞ സ്ത്രീകള്‍ അച്ഛന്റെ സിനിമയില്‍ വന്നിട്ടുണ്ട്. അച്ഛനില്ലെങ്കിലും മഹിളാമന്ദിരവുമായി ചേര്‍ന്നുപോകുകയാണ് അമ്മയുടെ ഇപ്പോഴത്തെ ജീവിതം. എഴുത്തുമുണ്ട്.

അച്ഛന്റെ അഭാവം സാമ്പത്തികമായി ഞങ്ങളെ ബാധിച്ചിട്ടില്ല. കുടുംബപെന്‍ഷനായും പുസ്തകങ്ങളുടെ റോയല്‍റ്റിയായും അച്ഛന്റെ പിന്തുണയുണ്ട്. ഒരുകാലത്ത് എന്റെ ശമ്പളത്തേക്കാള്‍ കൂടുതല്‍ റോയല്‍റ്റി കിട്ടുന്നുണ്ടായിരുന്നു. എന്നാല്‍, എഴുത്തില്‍ പ്രതീക്ഷകളുടെ വലിയ ഭാരംതന്നെ എന്റെ തലയിലുണ്ട്. തിരക്കഥയില്‍ പ്രകാശഗോപുരങ്ങള്‍ സൃഷ്ടിച്ചയാളിന്റെ മകന്‍ എഴുതുമ്പോള്‍ മണ്‍വിളക്കിന്റെ വെളിച്ചമെങ്കിലും വേണമല്ലോ. ഭയംതന്നെയാണ് എന്നെ സിനിമയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ആ ഭയം എന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും. വഴിയും വിളക്കുമാണ് പൈതൃകം, എന്നാല്‍ ചിലപ്പോള്‍ അത് വിലങ്ങും തടവറയുമാണ്.

(1991 ജനുവരി 24ന് 45–ാം വയസ്സിലാണ് പത്മരാജന്‍ അന്തരിച്ചത്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top