നവാഗതസംവിധായകൻ സന്തോഷ് പെരിങ്ങേത്ത് ഒരുക്കിയ ബോൺസായ് റിലീസായ ദിവസം കേരളത്തിലെ ചർച്ചാവിഷയം അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകമായത് യാദൃച്ഛികം. പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന നാം ഇന്നും ആദിവാസിജീവിതങ്ങളെ പൊതു ഇടങ്ങളിൽനിന്ന് മാറ്റിനിർത്തുമ്പോൾ അത്തരം കാഴ്ചപ്പാടുകളോട് കലഹിക്കുകയാണ് ബോൺസായ് എന്ന സിനിമ.
ഓരോ മരത്തിന്റെയും വളർച്ച പ്രകൃതിയുടെ ആഘോഷമാണ്്. എന്നാൽ പുതിയ കാലം, മരത്തിന്റെ ജൈവികമായ വളർച്ചയെ മുരടിപ്പിച്ച് വെട്ടിയൊതുക്കി ചട്ടിയിലാക്കി അതിനൊരു ഓമനപ്പേരിട്ടു, 'ബോൺസായ്'. അതിനെ നാം സൗന്ദര്യമായി കണക്കാക്കുന്നു. സ്വപ്നങ്ങൾ വെട്ടിയൊതുക്കപ്പെടുന്ന ഒരുകൂട്ടം മനുഷ്യരുടെ വിലാപങ്ങളെയാണ് പുതുമുഖസംവിധായകൻ സന്തോഷ് പെരിങ്ങേത്ത് ആവിഷ്കരിക്കുന്നത്. മലയാളത്തിൽ സമീപകാലത്ത് പൂത്തുലയുന്ന സമാന്തരസിനിമാ ധാരയിലേക്കാണ് ബോൺസായി കടന്നുവരുന്നത്. അരികുവൽക്കരിക്കപ്പെട്ട ഗോത്രജീവിതങ്ങളുടെ അതിജീവനത്തിന്റെ പലവിധങ്ങളായ സാഹസങ്ങളെയാണ് സിനിമ എടുത്തുകാട്ടുന്നത്.
ഒറ്റനോട്ടത്തിൽ മോഹങ്ങളുടെ കഥയാണ് ബോൺസായ്. തികച്ചും വ്യത്യസ്തമായ രണ്ടു ജീവിതസന്ദർഭങ്ങളിലൂടെ സമാന്തരമായാണ് ബോൺസായ് കഥ പറയുന്നത്. കൃഷ്ണൻ എന്ന ആദിവാസിക്കുട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. യുപി സ്കൂൾ വിദ്യാർഥിയായ അവൻ ഉന്നതവിദ്യാഭ്യാസത്തിന് ദൂരെയുള്ള ഹൈസ്കൂളിൽ പോകാൻ സൈക്കിൾ മോഹിക്കുന്നു. പിന്നെ അവന്റെ മോഹസാക്ഷാൽക്കാരത്തിനായി കൂടെനിൽക്കുന്നുആശാൻ എന്ന സൈക്കിൾ റിപ്പയർകാരൻ. പ്രണയത്തിലേക്ക് ചില്ലനീട്ടാൻ ആശാന്റെ മോഹം. നഗരത്തിലെ പെൺകുട്ടിയുടെ ഫ്ളാറ്റിലെ ജീവിതത്തടവറയിൽനിന്ന് മണ്ണിലേക്ക് കാലുനീട്ടാനുള്ള മോഹവും സമാന്തരമായി വളരുന്നു. എല്ലാവരുടെയും സ്വപ്നങ്ങളും കാലത്തിനനുസരിച്ച് വെട്ടിയൊതുക്കപ്പെടുകയാണ്. ജീവിത തടവറകളിൽനിന്ന് മോചനമില്ലാത്തവരുടെ നിശ്ശബ്ദപ്രതിരോധമാണ് ഈ സിനിമ.
ബോൺസായ്‌യിൽ മനോജ് കെ ജയനും അജിനും
ഇതിനിടയിൽ ദാരിദ്ര്യവും ആദിവാസിചൂഷണവും ബാലവേലയും ആദിവാസികൾക്കിടയിലെ മദ്യവിപത്തും പ്ലാസ്റ്റിക് ദുരുപയോഗവും തുടങ്ങി ഒട്ടനേകം സാമൂഹ്യപ്രശ്നങ്ങളിലേക്കും സിനിമ സഞ്ചരിക്കുന്നു. ആദിവാസികളുടെ പരമ്പരാഗത തൊഴിലുകൾ ആധുനികലോകം ഇല്ലാതാക്കുന്നതും അവരുടെ ദരിദ്രാവസ്ഥ മുതലാക്കി സവർണർ ലാഭം കൊയ്യുന്നതുമെല്ലാം സിനിമ തുറന്നുകാണിക്കുന്നു. കൃഷ്ണന്റെ അച്ഛൻകഥാപാത്രം ആദ്യഭാഗത്ത് പരമ്പരാഗത കുട്ടനിർമാണ തൊഴിലാളിയാണ്. എന്നാൽ, തന്റെ അധ്വാനത്തിന് തക്ക പ്രതിഫലം കിട്ടാതെ വരുന്നതോടെ അയാളും തെറ്റായ വഴികളിലേക്ക് നീങ്ങുന്നു. വടക്കൻ കേരളത്തിന്റെ ഇതുവരെ കാണാത്ത പ്രകൃതിസൗന്ദര്യത്തിലേക്കാണ് ജലീൽ ബാദുഷയുടെ ക്യാമറ മിഴിതുറക്കുന്നത്. പുളിങ്ങോം പട്ടത്തുവയൽ, പയ്യന്നൂർ തുടങ്ങിയ മലയാളസിനിമയ്ക്ക് പരിചയമില്ലാത്ത പ്രദേശങ്ങളിലൂടെയും കർണാടകത്തിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. മനോജ് കെ ജയൻ, ലെന, സന്തോഷ് കീഴാറ്റൂർ എന്നിവരൊഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ. കെ പി സുരേഷാണ് സിനിമയുടെ നിർമാതാവ്. അജിനാണ് കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
soorajt1993@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..