25 December Wednesday

ദേശാഭിമാനി

മാധ്യമങ്ങള്‍ സമൂഹത്തില്‍ നിര്‍വഹിക്കുന്ന ധര്‍മത്തെ സംബന്ധിച്ചും അതിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും വിശദമായിത്തന്നെ കമ്യൂണിസ്റ്റുകാര്‍ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. 1842ല്‍ റെയ്നിഷേ സെയ്ത്തൂങ് എന്ന പത്രത്തിലാണ് മാര്‍ക്സ് എഴുതിത്തുടങ്ങുന്നത.് മാത്രമല്ല, 1848ല്‍ സ്വന്തമായി പത്രം തന്നെ സ്ഥാപിക്കുകയും ചെയ്തു.

വര്‍ഗസമരം എന്നത് സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെല്ലാം നടക്കുന്ന ഒന്നാണ്. സാമ്പത്തിക അടിത്തറയുടെ മേല്‍പ്പുരയാണ് മാധ്യമങ്ങള്‍. സാമ്പത്തികരംഗത്ത് നടക്കുന്ന സമരങ്ങള്‍ മേല്‍പ്പുരയിലും പ്രതിഫലിക്കും. അതുകൊണ്ട് മാധ്യമരംഗം തന്നെ വര്‍ഗസമരത്തിന്‍റെ വേദിയാണ് എന്നര്‍ഥം.

കേരളത്തില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയം പിച്ചവച്ചുതുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ അതിന്‍റെ പ്രതിഫലനങ്ങള്‍ മാധ്യമരംഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ബോള്‍ഷെവിക് വിപ്ലവത്തില്‍ ആവേശം ഉള്‍ക്കൊണ്ട് തൊഴിലാളി-കര്‍ഷക വിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ സംഘടനയ്ക്കെതിരായി വലിയ തോതിലുള്ള പ്രചാരണങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. ഇതിനെ നേരിടാന്‍ ഒരു മാധ്യമത്തിന്‍റെ ആവശ്യം അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ബോധ്യമായി. അതിന്‍റെ പരിണതഫലമായിട്ടായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പത്രമായ പ്രഭാതം പിറവി എടുക്കുന്നത്. 1935 ജനുവരി ആദ്യത്തിലാണ് പത്രത്തിന്‍റെ ആദ്യലക്കം പുറത്തിറങ്ങിയതെന്ന് ഇ എം എസ് രേഖപ്പെടുത്തുന്നുണ്ട്.

ചെറിയ കാലയളവിലാണ് ഈ പത്രം പ്രസിദ്ധീകരിക്കപ്പെട്ടത്. എങ്കിലും അത് കേരളത്തിലെ സാമൂഹ്യമുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി. ഇ എം എസ് ഇതിനെ സംബന്ധിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച് അവ സംബന്ധിച്ച് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ പറയാന്‍ പ്രഭാതം ഞങ്ങള്‍ ഉപയോഗപ്പെടുത്തി. അന്നിവിടെ വളരാന്‍ തുടങ്ങിയ തൊഴിലാളി സമരങ്ങള്‍ക്കും മറ്റ് ബഹുജനപ്രക്ഷോഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക പത്രത്തിന്‍റെ പ്രധാന കടമകളില്‍ ഒന്നായിരുന്നു. രാഷ്ട്രീയരംഗത്താകട്ടെ കെപിസിസിക്ക് അകത്ത് നടക്കുന്ന ഇടതു-വലത് സംഘട്ടനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനും അതുസംബന്ധിച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കുള്ള നിലപാട് വിവരിക്കാനും ഞങ്ങള്‍ ശ്രമിച്ചു. കൂടാതെ കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ പല രൂപങ്ങളിലുമായി വളര്‍ന്നുകൊണ്ടിരുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെക്കുറിച്ച് സോഷ്യലിസത്തിന്‍റേതായ നിലപാട് നിര്‍ണയിക്കുന്നതിന് ഞങ്ങള്‍ അങ്ങേയറ്റം ശ്രമിക്കുകയുണ്ടായി. ഇത്തരത്തില്‍ കേരളത്തിലെ സാമൂഹ്യമുന്നേറ്റത്തിന് സഹായകമാകുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രഭാതത്തിന്‍റെ പ്രവര്‍ത്തനം ഇടയാക്കി. അക്കാലത്തെ കര്‍ഷകപ്രസ്ഥാനത്തിന്‍റെ മുന്നോട്ടുപോക്കിന്‍റെ ചിത്രങ്ങളും ഈ പത്രത്തില്‍ വിശദമായി പ്രതിപാദിച്ചു.

സാമൂഹ്യമുന്നേറ്റത്തിന് ഇടയാക്കിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിലുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്‍റെ ഫലമായി പ്രഭാതത്തിന്‍റെ പ്രവര്‍ത്തനത്തെ തന്നെ നിരോധിക്കുക എന്ന നിലയിലേക്ക് ഭരണവര്‍ഗം ചെന്നെത്തുകയും ചെയ്തു. പത്രം പ്രക്ഷോഭകനും സംഘാടകനും ഒക്കെയായി തീരുക എന്ന മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കിയ പത്രമായിരുന്നു പ്രഭാതം. 1938ല്‍ കോഴിക്കോട്ടുനിന്ന് വീണ്ടും പ്രഭാതം പ്രസിദ്ധീകരിക്കപ്പെട്ടു എങ്കിലും രണ്ടാംലോകമഹായുദ്ധം ആരംഭിച്ചതോടെ അതിനുള്ള പ്രസിദ്ധീകരണ അനുമതി പിന്‍വലിക്കപ്പെടുകയായിരുന്നു. ഇങ്ങനെ സ്വന്തമായി ഒരു പത്രം പോലും നടത്തുന്നതിന് തടസ്സമുണ്ടായിരുന്ന കാലത്തെ അതിജീവിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടി അതിന്‍റെ ആശയപ്രചാരണം മുന്നോട്ട് കൊണ്ടുപോയത്.

1942 സെപ്തംബര്‍ ആറിനാണ് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി വാരികയായി പുറത്തിറങ്ങുന്നത്. അക്കാലത്തെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ് ദേശാഭിമാനി പ്രവര്‍ത്തിച്ചത്. 1943 മാര്‍ച്ച് 29ന് കയ്യൂര്‍ സഖാക്കളെ തൂക്കിക്കൊന്നതിനെ തുടര്‍ന്ന് തൂക്കുമരത്തിന്‍റെ വിളി എന്ന ഒരു മുഖപ്രസംഗം ദേശാഭിമാനി പ്രസിദ്ധീകരിച്ചു. ഇത് ബ്രിട്ടീഷുകാരെ പ്രകോപനം കൊള്ളിച്ചു. ആയിരംരൂപ പിഴ വിധിക്കുന്ന നിലയുണ്ടായി. എന്നാല്‍, ഇത് പിരിച്ചെടുക്കുന്നതിന് അപ്പോഴേക്കും ബഹുജനപിന്തുണ ആര്‍ജിച്ച ദേശാഭിമാനിക്ക് വലിയ പ്രയാസം ഉണ്ടായില്ല.

കേരളത്തിലെ നിര്‍ണായകമായ പല രാഷ്ട്രീയ സാമൂഹ്യചലനങ്ങളെയും അതിന്‍റെ ശരിയായ അര്‍ഥത്തില്‍ വിശകലനം ചെയ്യുന്നതിനും അത് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനും ദേശാഭിമാനി നടത്തിയ ഇടപെടല്‍ തങ്കലിപിയില്‍ കുറിക്കേണ്ടതാണ്. അതിലെ പ്രധാനപ്പെട്ട സംഭവമാണ് മലബാറിലെ കാര്‍ഷിക കലാപവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട ഇ എം എസിന്‍റെ 1921ന്‍റെ ആഹ്വാനവും താക്കീതും എന്ന ലേഖനം. മലബാര്‍ കലാപത്തെ വര്‍ഗീയമായ മുദ്രകുത്തി അധിക്ഷേപിക്കാനാണ് അന്ന് ബ്രിട്ടീഷുകാരും അവരുടെ കുഴലൂത്തുകാരായ എഴുത്തുകാരും പരിശ്രമിച്ചത്. എന്നാല്‍, അത് കേരളത്തിലെ ഭൂബന്ധങ്ങളിലുള്ള അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണ് എന്ന് പ്രഖ്യാപിച്ചത് ദേശാഭിമാനിയിലൂടെയാണ്. ജന്മിത്വസമ്പ്രദായത്തിന്‍റെ തെറ്റായ സമീപനമാണ് ഈ നിലയിലേക്ക് എത്തിച്ചതെന്ന് ഇ എം എസിന്‍റെ ലേഖനത്തിലൂടെ അത് വ്യക്തമാക്കി. കലാപങ്ങള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ ഉണ്ടാകുന്ന ദൗര്‍ബല്യങ്ങള്‍ തിരുത്തുന്നതിനെ കുറിച്ചും അത് സൂചന നല്‍കി. ഇത്തരത്തില്‍ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി വര്‍ഗീയമായ മുദ്രകുത്തി അവഹേളിച്ചിരുന്ന സമരത്തെ ദേശാഭിമാനബോധത്തിന്‍റെ വഴികളിലേക്ക് കൊണ്ടുവന്നത് ദേശാഭിമാനി നടത്തിയ ഇടപെടലിന്‍റെ ഭാഗമായിരുന്നു. ഇതിന്‍റെ പേരിലും നിരോധനത്തെ പത്രത്തിന് നേരിടേണ്ടിവന്നു. ജാമ്യസംഖ്യ കെട്ടിവച്ചാണ് ഈ നിരോധനത്തെ മറികടന്നത്.

1948ല്‍ നിരോധിക്കപ്പെട്ട പത്രത്തിന് 1951വരെ നിരോധനം തുടരേണ്ടിവന്നു. ഈ കാലയളവില്‍ വിവിധ പേരുകളില്‍ പാര്‍ടി പ്രസിദ്ധീകരണം നടത്തുകയുണ്ടായി. റിപ്പബ്ലിക്, കേരള ന്യൂസ്, വിശ്വകേരളം, നവലോകം, ജനയുഗം, നവജീവന്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു. സമൂഹത്തിന്‍റെ മുന്നോട്ടുപോക്കിനാധാരമായ നിരവധി ഇടപെടലുകള്‍ ഈ കാലയളവിലും നടത്തുകയുണ്ടായി. 1952ലെ പൊതുതെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വീണ്ടും പത്രം പുറത്തിറങ്ങി. ആ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രധാനപ്പെട്ട ഉപാധിയായി ഇത് മാറി.

1957ലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നടത്തിയ പരിഷ്കാരങ്ങള്‍ ഏവരും അംഗീകരിക്കുന്നതാണ്. അന്നത്തെ സുപ്രധാനമായ പരിഷ്കാരങ്ങളായിരുന്നു ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസബില്ലും. ഈ രണ്ട് ബില്ലിന്‍റേയും ഗുണപരമായ കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ ജനാധിപത്യപരമായ ഒരു സംവാദത്തിന് വിധേയമാക്കുന്നതിനോ അന്ന് മുഖ്യധാരാപത്രങ്ങളൊന്നും തയ്യാറായില്ല. ഈ ഘട്ടത്തില്‍ ജനപക്ഷത്തുനിന്ന് ഇതിനെ സംരക്ഷിക്കാനുള്ള നിലപാടെടുത്തതും ദേശാഭിമാനി ആയിരുന്നു. അന്ന് മുഖ്യധാരാമാധ്യമങ്ങള്‍ എടുത്ത നിലപാട് അതിശയകരമാണ്. വിദ്യാഭ്യാസ ബില്ലിന്‍റെയും ഭൂപരിഷ്കരണ നിയമത്തിന്‍റെയും പ്രയോജനമെന്തെന്ന് വിശദീകരിക്കുകയല്ല തങ്ങളുടെ ജോലി എന്നായിരുന്നു അവരുടെ നിലപാട്. ആ ഘട്ടത്തിലും സാമൂഹ്യമാറ്റത്തിനൊപ്പം നില ഉറപ്പിച്ചത് ദേശാഭിമാനി ആയിരുന്നു.

1964ലെ പാര്‍ടി പിളര്‍പ്പില്‍ സിപിഐ എമ്മിന്‍റെ മുഖപത്രമായി മാറിയ ദേശാഭിമാനി വലതുപക്ഷ ആശയഗതികള്‍ക്കെതിരായി വമ്പിച്ച പ്രചാരണമാണ് നടത്തിയത്. ഇത് വിപ്ലവകരമായ കാഴ്ചപ്പാടിന്‍റെ പിന്നില്‍ ബഹുജനങ്ങളെ അണിനിരത്തുന്നതിന് ഏറെ സഹായകമാവുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബഹുജനാടിത്തറയെ വിപ്ലവരാഷ്ട്രീയത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ദേശാഭിമാനി വഹിച്ച പങ്ക് വളരെ വലുതാണ്.

1975മുതല്‍ 1977വരെ നിലനിന്ന അടിയന്തരാവസ്ഥയുടെ കാലഘട്ടങ്ങളില്‍ കടുത്ത സെന്‍സര്‍ഷിപ്പിന് പത്രം വിധേയമായി. എന്നാല്‍, ഇതിനെയെല്ലാം മറികടന്ന് അടിയന്തരാവസ്ഥയ്ക്കെതിരായുള്ള ആശയപ്രചാരണങ്ങളില്‍ സജീവമായി ഇടപെടാന്‍ പത്രത്തിന് കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ മുഖപ്രസംഗം ഇല്ലാതെയാണ് ദേശാഭിമാനി ഇറങ്ങിയത്. ഈ മൗനം കടുത്തപ്രതിഷേധത്തിന്‍റെ ശബ്ദമായി ജനമനസ്സില്‍ തറച്ചുനില്‍ക്കുകയാണ് ചെയ്തത്. ജനാധിപത്യത്തിന് വേണ്ടിയുള്ള സമൂഹത്തിലെ പോരാട്ടത്തിനൊപ്പം ദേശാഭിമാനിയും അടിയുറച്ചുനിന്നു.

ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തുണ്ടാക്കുന്ന ദുരന്തങ്ങളെ സംബന്ധിച്ച് വിശദമായ പ്രതിപാദനത്തിന് തയ്യാറായത് മലയാളത്തില്‍ ദേശാഭിമാനി ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തികരമല്ല. ഓരോ മേഖലയിലും ഈ നയമുണ്ടാക്കുന്ന പ്രതിസന്ധിയെ സംബന്ധിച്ച് വിശദമായ വിവരം നല്‍കുകയും അതിനെതിരായി ഉയരുന്ന ലോകത്തിലുള്ള പ്രക്ഷോഭങ്ങളെ നമ്മുടെ നാടിന് പരിചയപ്പെടുത്തിക്കൊടുത്തതും ദേശാഭിമാനി തന്നെയായിരുന്നു. രാജ്യത്തിന്‍റെ മതേതരത്വത്തിന്‍റെ ആണിക്കല്ല് ഇളക്കാന്‍ പര്യാപ്തമായ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും ജാഗ്രത പാലിക്കാന്‍ ജനങ്ങളെ ആഹ്വാനംചെയ്യുന്ന കാര്യത്തില്‍ ദേശാഭിമാനി തന്നെയായിരുന്നു മുന്‍പന്തിയില്‍നിന്നത്.

ഇന്ത്യയിലെ വിദേശനയം അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് തീറെഴുതുന്ന നയത്തിനെതിരായി ജാഗ്രത ഉണര്‍ത്തുന്നതും ആണവകരാറിന്‍റെ കരാളമുഖങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് മുന്‍കൈ എടുത്തതും ദേശാഭിമാനി തന്നെ ആണ് എന്ന് കാണാം. ആസിയന്‍ കരാര്‍ കേരളത്തെ ശവപ്പറമ്പാക്കാന്‍ പോകുന്നു എന്ന ആശയഗതി ജനങ്ങളില്‍ എത്തിക്കുന്നതിനും പത്രം നടത്തിയ പ്രവര്‍ത്തനം ഏത് നിഷ്പക്ഷമതികളും അംഗീകരിക്കുന്നതാണ്. ജനകീയ പ്രശ്നങ്ങള്‍ മുഖ്യധാരാപത്രങ്ങള്‍ക്ക് വാര്‍ത്തയല്ലാതായി തീരുമ്പോള്‍ ജനപക്ഷത്തുനിന്ന് നിലപാടുകള്‍ സ്വീകരിക്കുന്നത് ഈ പത്രമാണെന്ന് കാണാം.

കേരളത്തിന്‍റെ സാമൂഹ്യമുന്നേറ്റത്തിന്‍റെ ദിശ എന്നത് സാമ്രാജ്യത്വവിരുദ്ധ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ്. ഈ രണ്ട് സമരങ്ങളേയും കൈയയച്ച് പ്രോത്സാഹിപ്പിക്കുകയും അതിന്‍റെ ആശയഗതികള്‍ ജനങ്ങളില്‍ എത്തിച്ചുകൊണ്ട് കേരളത്തിന്‍റെ സമൂഹ്യമാറ്റത്തിന് ആശയപരമായ കരുത്ത് പകര്‍ന്നത് കമ്യൂണിസ്റ്റ് പത്രങ്ങളാണെന്ന് കാണാം. ആഗോളവല്‍ക്കരണകാലത്ത് അത്തരം നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ പൊരുതുമ്പോള്‍ ആ ജനകീയ താല്‍പ്പര്യത്തിന് ഒപ്പംനിന്ന് പോരാടുന്നതിനും ഈ പത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.

സാമൂഹ്യവിരുദ്ധരെ നല്ല കുപ്പായമണിയിച്ച് മാന്യരാക്കി അവതരിപ്പിക്കുകയും മാധ്യമസമൂഹത്തിന്‍റെ പിന്‍ബലത്തോടെ അത്തരക്കാരുടെ പ്രചാരവേലകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സംസ്കാരത്തിനെതിരെ പൊരുതുന്നതും ദേശാഭിമാനി തന്നെയാണ്. നേരിന്‍റെ വഴികള്‍ക്കായി ജനപക്ഷത്തുനിന്നുകൊണ്ട് പൊരുതുന്ന നിലപാടുകള്‍ക്കാണ് എന്നും അന്തിമവിജയം ഉണ്ടാകുക. സാമൂഹ്യമാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ് പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നിലപാട് കൂടുതല്‍ പ്രസക്തമായി തീരുന്നു എന്നാണ് ഓരോ പുതിയ അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്.

കേരളത്തിന്‍റെ സാമൂഹ്യമുന്നേറ്റത്തിന്‍റെ തുടിപ്പും കുതിപ്പും പ്രതിരോധവും പ്രതിഫലിപ്പിക്കുന്ന മഹത്തായ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പത്രങ്ങള്‍ക്കുള്ളത്. ആ പാരമ്പര്യം ഏറ്റുപിടിച്ചുകൊണ്ട് പുതിയ കാലത്തിന്‍റെ പ്രശ്നങ്ങളെ അനാവരണം ചെയ്തുകൊണ്ടാണ് ദേശാഭിമാനി മുന്നോട്ട് നീങ്ങുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള വികാസങ്ങളെ ജനകീയപ്രതിരോധത്തിനായി ഉപയോഗിക്കുക എന്നതും വര്‍ത്തമാനകാലത്ത് ഏറെ പ്രധാനമാണ്. ജനകീയ ആശയങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഇത്തരത്തിലുള്ള ആധുനികവല്‍ക്കരണനടപടികള്‍ സഹായകമായിത്തീരും.

പ്രസാധക ചരിത്രം

  • 1935 ജനുവരി 9 : ഷൊര്‍ണൂരില്‍നിന്ന് പ്രഭാതം പ്രസിദ്ധീകരിച്ചു (ഒമ്പതുമാസമേ അത് പ്രസിദ്ധീകരിച്ചുള്ളൂ)
  • 1938 ഏപ്രില്‍ : കോഴിക്കോട്ടുനിന്ന് പ്രഭാതം പുറത്തിറക്കി
  • 1942 സെപ്തംബര്‍ 6 : കോഴിക്കോട്ടുനിന്ന് ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ചു
  • 1946 ജനുവരി 18 : കോഴിക്കോട് ദേശാഭിമാനി ദിനപത്രം
  • 1968 മെയ് 16 : കൊച്ചിയില്‍ ദേശാഭിമാനിയുടെ രണ്ടാമത് എഡിഷന്‍
  • 1973 ജൂലൈ ഒന്ന് : എറണാകുളത്ത് അച്ചടി ആരംഭിച്ചു
  • 1989 ജനുവരി 4 : തിരുവനന്തപുരത്ത് ദേശാഭിമാനി മൂന്നാമത് യൂണിറ്റ് തുടങ്ങി
  • 1994 ജനുവരി 30 : കണ്ണൂരില്‍ ദേശാഭിമാനി നാലാമത് എഡിഷന്‍
  • 1997 മാര്‍ച്ച് 22 : കോട്ടയത്ത് ദേശാഭിമാനി അഞ്ചാമത് എഡിഷന്‍
  • 1998 ജനുവരി ഒന്ന് : കൊച്ചിയില്‍ ദേശാഭിമാനി ഇന്‍റര്‍നെറ്റ് എഡിഷന്‍
  • 2000 ആഗസ്ത് 31 : തൃശൂരില്‍നിന്ന് ദേശാഭിമാനി ആറാമത് എഡിഷന്‍
  • 2010 ജനുവരി 17 : മലപ്പുറം എഡിഷന്‍ ആരംഭിച്ചു
  • 2010 മെയ് 8 : തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം

ഇന്‍റര്‍നെറ്റ് എഡിഷന്‍ നാഴികക്കല്ല്

ദേശാഭിമാനിയുടെ വളര്‍ച്ചാ വഴിയിലെ നാഴികക്കല്ലായിരുന്നു ഇന്‍റര്‍നെറ്റ് എഡിഷന്‍. 2008 മാര്‍ച്ച് 17ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തതോടെ പുതിയ ഇ-പത്രം തികവോടെ വായനക്കാരിലേക്ക് എത്തി. സാങ്കേതിക മികവോടെ കാലാനുസൃതമാക്കിയ പുത്തന്‍ രൂപകല്‍പ്പനയോടൊപ്പം എഡിറ്റോറിയല്‍ തികവും ഇഴചേര്‍ന്ന ഇന്‍റര്‍നെറ്റ് എഡിഷന്‍ ലോകമെമ്പാടുമുള്ള വായനക്കാരന് വിരല്‍ത്തുമ്പില്‍ ലഭ്യം. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ മലയാളിയില്‍ വലിയ വിഭാഗം ദേശാഭിമാനിയെയാണ് ആശ്രയിക്കുന്നത്.

പ്രധാന വാർത്തകൾ
 Top