21 November Thursday
ഈ മണ്ണുനിറയെ പൊന്നുവിളയുന്നു

സമ്മിശ്രകൃഷിയുടെ വിജയവഴി ഐടിഐ അധ്യാപകന്റെ മനക്കണക്ക്‌

പി ആർ ദീപ്‌തിUpdated: Saturday Oct 5, 2024

കൊല്ലം > കാലാബാത്ത്‌, കൃഷ്‌ണകൗമോദ്‌, രക്തശാലി, കണിചെമ്പാവ്‌....ഈ  പാടത്ത്‌ വിളയുന്നത്‌ വിസ്‌മയങ്ങളുടെ  പൊൻവിത്ത്‌. ആകർഷകമായ ശമ്പളം ഉണ്ടെങ്കിലും മണ്ണിലേക്കിറങ്ങാനും കാളയെ പൂട്ടാനും വിത്ത്‌ വിതയ്‌ക്കാനും   ഈ യുവാവിന്‌ ഒരു മടിയുമില്ല, അച്ഛൻ പകർന്നു ന ൽകിയ കാർഷിക പാരമ്പര്യം  കൈമുതലാക്കി   പാടത്തേക്കിറങ്ങിയ ഗവ. ഐടിഐ സീനിയർ ഇൻസ്‌ട്രക്ടർ ഇന്ന്‌  ഒരു ഇരുത്തം വന്ന കർഷകനാണ്‌.  അതിനാൽ തന്നെ    പത്തേക്കർ കൃഷിയിടത്തിൽ  വിളയുന്നത്‌ പൊന്നാണ്‌. സമീപപ്രദേശങ്ങളിലെ പാടങ്ങൾ എല്ലാം തരിശിന്റെ പിടിയിലമർന്നപ്പോഴും ഹരിതാഭ കാത്തുസൂക്ഷിച്ച്‌ പുതുതലമുറയെക്കൂടി കാർഷിക വൃത്തിയിലേക്ക്‌ നയിക്കുകയാണ്‌  കൊട്ടാരക്കര പൂവറ്റുർ ശ്യാമളത്തിൽ ബി സുബിത്ത്‌.  പത്തേക്കർ പാടശേഖരത്തിനുള്ളത്‌ കർഷകൻ.
    
കുട്ടിക്കാലത്ത്‌ അച്ഛനിൽ നിന്നും കൃഷിയുടെ ആദ്യപാഠങ്ങൾ  സ്വായത്തമാക്കിയ   ഈ  അധ്യാപകൻ ഇപ്പോൾ   ഗ്രാമത്തിൽ കൃഷി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ്‌ തന്റെ മനസ്സിൽ പതിഞ്ഞ കൃഷി പാഠങ്ങൾ  സമ്മിശ്ര കൃഷിയിൽ പരീക്ഷിക്കാൻ തീരുമാനിച്ചത്‌. വീടിനടുത്ത്‌ പാട്ടത്തിനെടുത്ത പത്തേക്കറിൽ രണ്ടര ഏക്കറിലാണ്‌ വൈവിധ്യമാർന്ന നെൽകൃഷി. നാഗാലാന്റിലെ ഗോത്ര വിഭാഗക്കാരുടെ മുഖ്യ കൃഷിയിനവും  ഒരുകാലത്ത്‌ രാജാക്കൻമാർ  മാത്രം  ഉപയോഗിച്ചിരുന്നതുമായ ‘വിലക്കപ്പെട്ട നെല്ല്‌’ എന്നറിയുന്ന   കാലാബാത്ത്‌,   ഇരുമ്പിന്റെ അംശം  കൂടുതലുള്ളതിനാൽ രക്തവർധിനിയെന്നറിയപ്പെടുന്ന  രക്തശാലി,  ഗുജറാത്തി ബസുമതി അരിയായ കൃഷ്‌ണകൗമോദ്‌,  കാശ്‌മീരി ബസുമതി, കണിചെമ്പാവ്‌, എന്നിവ അടക്കം 2500ഏക്കറിലാണ്‌ നെല്ലിന്റെ പച്ചപ്പ്‌.



ചാണകം,  കോഴികാഷ്ടം, ഗോമൂത്രം,   എന്നിവ കൊണ്ടുള്ള   ജൈവവളം കറ്റകൾക്ക്‌ കരുത്തുപകരുന്നു. ജൊലിത്തിരക്കുണ്ടെങ്കിലും മുറതെറ്റാതെയുള്ള കാർഷിക കലണ്ടർ  അനുസരിച്ച്‌ നിലം പൂട്ടാനും പാടത്തെ വെള്ളം വറ്റിക്കാനും വിത്ത്‌ വിതയ്‌ക്കാനും  കള  കളയാനും  വളപ്രയോഗത്തിനും കൊയ്‌ത്തിനും വിൽപ്പനയ്‌ക്കുമെല്ലാം  ഇൻസ്‌ട്രക്ടർ തന്നെ മുന്നിൽ.         
 

സുഹൃത്ത്‌ വഴി നാഗാലാന്റിൽ നിന്നും സംഘടിപ്പിച്ച കാലാബാത്ത്‌ വിത്ത്‌ പരീക്ഷണം ആദ്യമായാണ്‌.  കൃഷി വകുപ്പിന്റെ  കീഴിലുള്ള ലീഡ്‌സിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ കൃഷി. വകുപ്പിന്റെ ധനസഹായവും കൃഷിക്ക്‌ മുതൽക്കൂട്ട്‌. പാവൽ, പടവലം, മത്തൻ, ചുരയ്‌ക്ക, മുളക്‌, അടക്കമുള്ള പച്ചക്കറികളും എത്തവാഴയും വിളഞ്ഞങ്ങനെ കിടപ്പാണ്‌ ഇവിടെ.  സമ്മിശ്ര കൃഷിയിടം കൂടിയാണ്‌ ‘ശ്യാമളം’അങ്കണം. ഇവിടെ  വെച്ചൂർ പശുക്കളും, നാടൻ കോഴികളും ധാരാളം. ഭാര്യ അപർണയും അമ്മ ശ്യാമളയും മക്കളായ അഗ്‌നി ഭഗത്‌, അഗ്‌നിജ തൻവി എന്നിവരും സുബിത്തിനൊപ്പം കൃഷിയിൽ പങ്കാളികളാണ്‌. അച്ഛന്റെ പാത പിന്തുടരുന്ന രണ്ടാം ക്ലാസുകാരനായ അഗ്‌നി ഭഗത്‌ ഇക്കുറി കുളക്കട പഞ്ചായത്തിലെ മികച്ച കുട്ടികർഷകനുള്ള അവാർഡിനുടമ കൂടിയാണ്‌. 2022ലെ മികച്ച യുവകർഷകനുള്ള  അവാർഡ്‌ ജേതാവാണ്‌ സുബിത്ത്‌.


 
വിപണനത്തിനു വേറിട്ട വഴി...
 
മൂന്നു മാസം കൊണ്ടു വിളവു തരുന്ന പരമ്പരാഗത നെൽവിത്തായ രക്തശാലി (Redrice) നെല്ലും അഞ്ചുമാസംകൊണ്ട്‌ വിളവെടുക്കുന്ന കാലാബാത്തും ബസുമതി ഇനങ്ങളും അരിയായും വിത്തായുമാണ്‌ വിൽപ്പന. 100ശതമാനം തവിട്‌ നിലനിർത്തിയാണ്‌ അരി വിൽപ്പന. തവിടും അരിയും   കറുപ്പ്‌ നിറത്തിലുള്ള കാലാബാത്ത്‌ അരിക്ക്‌ കിലോയ്‌ക്ക്‌  ആയിരം രൂപയാണ്‌ വില.  അരിക്ക്‌   കടുംചുവപ്പു നിറമുള്ള, രക്തശാലി അരിക്ക്‌  300രൂപയും. ഇവയുടെ  ഔഷധമൂല്യം പരിഗണിച്ച്‌   കൃഷി വ്യാപിപ്പിക്കാനാണ്‌ ലക്ഷ്യമെന്ന്‌ സുബിത്ത്‌ പറഞ്ഞു.  ഇഞ്ചക്കാട്‌ വിഎഫ്‌പിസികെ വഴിയാണ്‌ ഏത്തക്കുലയടക്കം വിൽക്കുന്നത്‌.   ഓണത്തിന്‌ രണ്ട്‌ ടൺ പാവയ്‌ക്കയാണ്‌ വിറ്റത്‌. വിളവെടുക്കുന്ന പാവയ്‌ക്ക  റോഡരികിൽ   കൊണ്ടുപോയി വിൽക്കുന്നത്‌ താനാണെന്ന്‌ സുബിത്ത്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top