22 December Sunday

മഴക്കാല സംരക്ഷണം വാഴയ്‌ക്കും

വീണാറാണി ആർUpdated: Monday Jul 15, 2024

മഴക്കാലത്ത്‌ വാഴക്കൃഷിയിൽ അൽപ്പം ശ്രദ്ധവേണം. എല്ലായിനം വാഴകളിലും വെള്ളക്കൂമ്പ് രോഗം വ്യാപകമാകുന്നത് ഈ കാലത്താണ്‌. ചുരുണ്ടുമൂടി തുറക്കാൻ കഴിയാതെയിരിക്കുന്ന തളിരില. തളിരില തുറന്നുവന്നാൽത്തന്നെ അരികുകളിൽ മഞ്ഞളിപ്പും ഇലകരിച്ചിലും കാണാം. ഇലയുടെ വലുപ്പം കുറഞ്ഞുവരുന്നതും വളർച്ച മുരടിക്കുന്നതും ഇലഞരമ്പുകൾ തടിച്ചുവരുന്നതും മറ്റു ലക്ഷണങ്ങൾ. കാറ്റ് പിടിച്ചപോലെ ഇല മുറിഞ്ഞ് നിൽക്കുന്നതും വളഞ്ഞുപോകുന്നതും കാണാം. തളിരിലകളുടെ ചുവടുഭാഗം വിരിയുകയും മുകൾഭാഗം വിരിയാതിരിക്കുകയും ചെയ്യുന്നതും കാത്സ്യക്കുറവിന്റെ ലക്ഷണമാണ്‌. പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. കാത്സ്യം നൈട്രേറ്റ് സ്‌പ്രേ ചെയ്യുന്നതാണ് പരിഹാരം. വാഴയുടെ പ്രായവും കാറ്റിന്റെ തീവ്രതയും കണക്കിലെടുത്ത് കാത്സ്യം നൈട്രേറ്റ് മൂന്നുമുതൽ ആറ്‌ ഗ്രാംവരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാം.

പനാമവാട്ടം

മഴക്കാലത്ത് പെട്ടെന്ന് പടർന്നുപിടിക്കുന്ന രോഗമാണ് പനാമവാട്ടം. വാഴച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതാണ് രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള എളുപ്പവഴി. വാഴ നടുന്ന സമയത്ത് രണ്ടു മീറ്ററെങ്കിലും ഇടയകലം നൽകേണ്ടതും അത്യാവശ്യം. 

ഇലപ്പുള്ളി

മഴക്കാലത്ത് പെട്ടെന്ന് പടർന്നുപിടിക്കുന്ന ഫംഗസ് രോഗമാണ് സിഗാട്ടോക്ക അഥവാ ഇലപ്പുള്ളി. മഞ്ഞനിറത്തിൽ വലിയ പുള്ളി പ്രായമേറിയ ഇലകളിൽ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. ഇത്‌ ക്രമേണ വലുതായി ചുവപ്പ് കലർന്ന ബ്രൗൺ നിറത്തിലാകുന്നു. ഇലയുടെ മുകളിലും താഴെയും ലക്ഷണം കാണുമെന്നത് സിഗാട്ടോക്കയുടെ മറ്റൊരു പ്രത്യേകത. ക്രമേണ ഇല കരിയുന്നു. രോഗത്തിന്റെ തീവ്രത കുറയ്‌ക്കുന്നതിനായി ഇലകൾ ഉടൻ വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി മഴയില്ലാത്ത ദിവസം സ്പ്രേ ചെയ്യുക.  രോഗം ബാധിച്ച തോട്ടങ്ങളിൽനിന്ന്‌ കന്ന് ശേഖരിക്കുന്നത് ഒഴിവാക്കണം. മഴക്കാലത്ത് സൂക്ഷ്‌മമൂലകങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയി വാഴയ്ക്ക് അപര്യാപ്തതാലക്ഷണങ്ങൾ വരാതെ നോക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top