24 November Sunday

തെങ്ങിൻ തോപ്പുകൾ ആദായകരമാക്കാം

വിഷ്ണു എസ് പിUpdated: Sunday Nov 24, 2024


നാളികേരാധിഷ്ഠിത ബഹുവിള കൃഷി സമ്പ്രദായത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. തെങ്ങിൻ തോപ്പുകളിൽ ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി ഇടവിള കൃഷി ചെയ്യുക വഴി ആദായം വർധിപ്പിക്കാനാകും.

അനുയോജ്യമായ ഇടവിളകൾ
ഔഷധസസ്യങ്ങൾ: കൂവ, കസ്തൂരി മഞ്ഞൾ, ശതാവരി, കറ്റാർവാഴ, ചിറ്റാടലോടകം, മൂവില, ഓരില, തിപ്പലി, ചെത്തിക്കൊടുവേലി, നീലയമരി, കച്ചോലം.
തോട്ടവിളകൾ: കമുക്, കൊക്കോ, കാപ്പി
പച്ചക്കറികൾ: ചീര, വഴുതന, കോവൽ
ഫലവർഗങ്ങൾ: വാഴ, കൈതച്ചക്ക, പപ്പായ
സുഗന്ധവിളകൾ: കുരുമുളക് (പന്നിയൂർ 2,5, കരിമുണ്ട), ഗ്രാമ്പൂ, വാനില, മഞ്ഞൾ (പ്രഭ), ഇഞ്ചി
കിഴങ്ങുവർഗവിളകൾ: ചേമ്പ് (ശ്രീപല്ലവി, ശ്രീലക്ഷ്മി) കൂർക്ക, (ശ്രീവര, നിധി), ചേന, കാച്ചിൽ, മധുരക്കിഴങ്ങ്, (ശ്രീ വർധിനി), മരച്ചീനി (ശ്രീ വിശാഖ്)

തെങ്ങിൻ തൈകൾതെരഞ്ഞെടുക്കുമ്പോൾ
കുള്ളൻ ഇനങ്ങൾക്ക് പ്രചാരമേറെയാണെങ്കിലും സുസ്ഥിരമായ ഒരു തെങ്ങിൻതോപ്പിന് ഉയരം കൂടിയ ഇനങ്ങളും സങ്കരയിനങ്ങളും കുറിയ ഇനങ്ങളും ആവശ്യമാണ്. ഇവ 60:20:20 എന്ന അനുപാതത്തിൽ നട്ടുപരിപാലിക്കുന്നതായിരിക്കും ഒരു സുസ്ഥിര മാതൃക എന്നുപറയാം.

വിത്തുതേങ്ങ
വിത്തുതേങ്ങ എടുക്കുന്നതിലും വേണം അതീവ ശ്രദ്ധ. നല്ല ഗുണങ്ങളുള്ള തെങ്ങിൽനിന്നുവേണം വിത്ത് തേങ്ങകൾ ശേഖരിക്കേണ്ടത്. പ്രധാന ലക്ഷണങ്ങൾ നോക്കാം.

* ഒരു വർഷം 80ൽ  കുറയാത്ത നാളികേരം  ലഭിക്കുന്ന തെങ്ങ് ആയിരിക്കണം
* 30 മുതൽ 40 വരെ വിരിഞ്ഞ ഓലകൾ ഉണ്ടായിരിക്കണം.
* മിനിമം 12 കുലകളെങ്കിലും ഉണ്ടായിരിക്കണം.
* തേങ്ങയൊന്നിന് 150 ഗ്രാമിൽ കൂടുതൽ കൊപ്ര ലഭിക്കണം.
*തൊണ്ടു പൊളിച്ചാൽ 600 ഗ്രാമിൽ കുറയാതെ തൂക്കം വേണം.

തൈകൾ
വിത്തുതേങ്ങ പാകി മുളയ്ക്കുന്ന എല്ലാ തൈകളും നടാൻ യോഗ്യമാകണമെന്നില്ല. ലക്ഷണമൊത്തവ അതിൽനിന്ന്‌ തിരഞ്ഞെടുക്കണം.
നല്ല തെങ്ങിൻ തൈകളുടെ പ്രധാന ലക്ഷണങ്ങൾ:

* 9-12 മാസം പ്രായമുള്ള തൈകൾ, ചുരുങ്ങിയത് 6 ഓലകളെങ്കിലും ഉള്ളവ
* ഓലക്കാലുകൾ വേഗം വേർപ്പെടുന്ന സ്വഭാവം

നടീൽ രീതി
വെള്ളക്കെട്ടില്ലാത്ത നല്ല നീർവാർച്ചാ സൗകര്യമുള്ള മണ്ണാണെങ്കിൽ വർഷാരംഭത്തോടെ തൈകൾ നടാം. എന്നാൽ നനസൗകര്യമുണ്ടെങ്കിൽ ഇടവപ്പാതി തുടങ്ങുന്നതിനുമുമ്പ് തന്നെ തൈകൾ നടാം. മണൽ പ്രദേശങ്ങളിൽ തൈകൾ നടുന്നതിനുമുമ്പ് കുഴിയിൽ തൊണ്ട് കുഴിച്ചിടുകയാണെങ്കിൽ തൈകൾ നല്ലതുപോലെ വളരും. 7.5 മുതൽ 9 മീറ്റർവരെ അകലം സ്വീകരിക്കാം. താഴ്ചയും വീതിയും നീളവുമുള്ള കുഴികൾ എടുക്കണം. തൈ നടുന്നതിനുമുമ്പ് ചാണകവും ചാരവും അയഞ്ഞ മേൽമണ്ണും കലർന്ന മിശ്രിതം കുഴിയിലിട്ട് 60 സെന്റിമീറ്റർവരെ നിറയ്ക്കണം. മണ്ണിടുന്നതിനുമുമ്പ് കുഴിയുടെ ഏറ്റവും അടിഭാഗത്തായി രണ്ടുവരി ചകിരി മലർത്തി അടുക്കിവയ്ക്കുന്നത് ഈർപ്പം നിലനിർത്താൻ ഉപകരിക്കും. ചെങ്കൽപ്രദേശങ്ങളിൽ കുഴിയിൽ 2 കിലോ ഉപ്പിടുന്നത് മണ്ണിന് അയവു നൽകും.

(ഫാം ഇൻഫർമേഷൻ ബ്യൂറോ കൃഷി ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top