21 November Thursday

ലില്ലിയിൽ വലിയ കാര്യങ്ങൾ

സാം അലക്‌സ്‌Updated: Sunday Sep 8, 2024

ഭൂമിയുടെ വടക്കൻ അർധഗോള പ്രദേശത്താണ് ലില്ലിച്ചെടികളുടെ സ്വദേശമെങ്കിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്‌ണപ്രദേശങ്ങളിലും ഇവയെ കാണാനാകും. 15 ജനുസ്സും 610 ഇനം പൂച്ചെടിയും അടങ്ങുന്ന ലിലിയേസിയെ കുടുംബത്തിലെ ഏറ്റവും വലിയ ജീനസാണ് ലിലിയം. പ്രാണികൾ വഴി (Entamophily) പ്രത്യേകിച്ച് തേനീച്ചകളും കടന്നലുകളും പരാഗണം നടത്തുന്ന ലില്ലിപ്പൂക്കൾ വസന്തകാലംമുതൽ വേനൽക്കാലത്തിന്റെ അവസാനംവരെ പൂത്തുനിൽക്കും. 

ആകർഷകമായ ലില്ലിച്ചെടിയുടെ വലിയ പൂക്കളിൽ ആറു നിറത്തിലോ പാറ്റേണുകളിലോ ടെപൽസ് (Tepals) എന്ന ഘടന കാണാം. ദളങ്ങൾ അല്ലെങ്കിൽ വിദളങ്ങൾ എന്നിങ്ങനെ വേർതിരിക്കാൻ കഴിയാതെ വരുമ്പോഴാണ് ടെപൽ എന്ന പേര് വിളിക്കുന്നത്. ഇവ രണ്ടു ചുഴികളിലായി ക്രമീകരിച്ചിരിക്കും. പൂക്കളിൽ ആറു കേസരങ്ങളും (Stamens) ഒപ്പം ഉയർന്ന അണ്ഡാശയവും (Ovary) ഉണ്ട്. ലില്ലിയേസിയെ കുടുംബത്തിലെ മിക്ക ചെടികളും അലങ്കാരങ്ങൾക്കായാണ് ഉപയോഗിക്കുന്നത്, എന്നാൽ, ചിലയിനങ്ങൾ വിഷമുള്ളതുമാണ്.  സാമ്പത്തികമായി പ്രാധാന്യമുള്ള പല ഉൽപ്പന്നങ്ങളും ലിലിയേസിയെ കുടുംബത്തിൽനിന്ന്‌ തയ്യാറാക്കുന്നുണ്ട്. ഇന്ത്യയിൽ കൃഷിചെയ്യുന്ന ഉള്ളി, വെളുത്തുള്ളി, ശതാവരി എന്നിവ പച്ചക്കറികളായും കറ്റാർവാഴ ഔഷധസസ്യമായും ലില്ലി, തുലിപ്സ് മുതലായവ അലങ്കാര സസ്യങ്ങളായും ഉപയോഗിക്കുന്നു.

പുതിയ ഇനം

ലിലിയം പസഫിക്കം

ലിലിയേസിയെ കുടുംബത്തിലെ പുതിയ അംഗത്തെ അടുത്തിടെ കണ്ടെത്തിയത് ജപ്പാനിൽനിന്നാണ്. ഭംഗികൊണ്ടും വൈവിധ്യംകൊണ്ടും ലോകത്തിലെതന്നെ പേരുകേട്ടവയാണ് ജപ്പാൻ ലില്ലികൾ. പ്രാദേശികമായി ജാപ്പനീസ് ലില്ലിച്ചെടികളെ ഒന്നിച്ചു വിളിക്കുന്നത് ‘സുകാഷിയുരി' എന്നാണ്. ജപ്പാനിൽനിന്ന് 200 വർഷംമുമ്പേ കയറ്റുമതി ചെയ്തിരുന്നവയായ ജാപ്പനീസ് ലില്ലികൾ വളരെയധികം  അലങ്കാര പ്രാധാന്യവും ഉള്ളവയാണ്. സുകാഷിയുരി പൂക്കളിൽ ഏറ്റവും പ്രധാനിയാണ് ലില്ലിയം ഒറേറ്റം എന്ന ‘ഗോൾഡൻ റേയ്ഡ് ലില്ലി ഓഫ് ജപ്പാൻ'. ഇവയ്ക്ക് വെള്ളനിറത്തിൽ സുഗന്ധമുള്ള വലിയ പൂക്കളും ദളങ്ങളിൽ സ്വർണ രശ്മികളും പുള്ളികളും ചേർന്ന അടയാളങ്ങളും ഉണ്ട്. വശ്യമായ സുഗന്ധംകൊണ്ടും പിങ്കും ചുവപ്പും ദളങ്ങൾകൊണ്ടും പേരുകേട്ട മറ്റൊരിനം ജാപ്പനീസ് ലില്ലിയാണ് ‘ലിലിയം സ്പീഷിയോസം'.

‘ലിലിയം ജാപ്പോണിക്കം’ എന്ന പേരിൽ അറിയപ്പെടുന്ന ‘യമയൂരി'ക്ക് മനോഹരമായ കാഹളത്തിന്റെ ആകൃതിയിലുള്ള പൂക്കളാണുള്ളത്. ഇവ വനാന്തരീക്ഷത്തിലും തണുത്ത പർവത പ്രദേശങ്ങളിലും തഴച്ചുവളരുന്നു. ജപ്പാനിലെ ബുദ്ധ ബോൺ ഫെസ്റ്റിവലുമായി ബന്ധപ്പെട്ടിരിക്കുന്ന, കാഴ്ചയിൽ ശ്രദ്ധേയമായ, റെഡ് സ്പൈഡർ ലില്ലിക്കും ലൈക്കോറിസ് റേഡിയേറ്റ തുടങ്ങിയ ലില്ലിച്ചെടികൾക്കും ഏറെ പ്രാധാന്യമുണ്ട്. പുതുമുഖത്തെ കണ്ടെത്തൽ നാലു വർഗീകരണ ഗണത്തിൽപ്പെട്ടവയായിരുന്നു ജാപ്പനീസ് ലില്ലികൾ.

ഇവയുടെ വർഗീകരണത്തെ ജപ്പാനിലെ ക്വോട്ടോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ.  സെയ്‌ത വതാനബയും ഓസാക്കാ സർവകലാശാലയിലെ സഹപ്രവർത്തകരും ചേർന്ന് ചോദ്യം ചെയ്യുകയും ഒപ്പം ലിലിയം മാക്കുലേറ്റം,  - ലിലിയം പെൻസിൽവാനിക്കം എന്നീ ലില്ലിച്ചെടികളുടെ പരിണാമ ചരിത്രം പഠിക്കാനും തീരുമാനിച്ചു. ജപ്പാനിൽമുഴുവൻ യാത്ര ചെയ്ത ഗവേഷക സംഘം വിവിധതരം ലില്ലിച്ചെടികൾ ശേഖരിക്കുകയും ഡിഎൻഎ പരിശോധിച്ച് ജനിതക ഘടന മനസ്സിലാക്കി ഇനങ്ങൾ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുകയും ചെയ്തു.

പഠനഫലമായി നാലു വർഗീകരണ ഗണത്തിൽപ്പെട്ട ജാപ്പനീസ് ലില്ലികളെ എട്ടെണ്ണമാക്കി തരംതിരിച്ചു. അങ്ങനെ നടത്തിയ വർഗീകരണത്തിൽ സുകാഷിയുരി ഗണത്തിലേക്ക് ഒരു നൂറ്റാണ്ടിനുശേഷം പുതുതായി കടന്നുവന്ന ലില്ലിച്ചെടിയാണ് ലിലിയം പസഫിക്കം (Lilium pacificum). പസഫിക് സമുദ്രത്തിന്റെ ഹോൻഷൂ ദ്വീപുമുതൽ ഇസു ദ്വീപുവരെയുള്ള തീരപ്രദേശങ്ങളിലാണ് ഇവ വളരുന്നത്. ഇലയുടെ അഗ്രം നഖംപോലെ വളഞ്ഞിരിക്കുന്നതാണ് വ്യത്യസ്തമാക്കുന്നത്. ഗവേഷക സംഘത്തിന്റെ കണ്ടെത്തലിലൂടെ എട്ട് എണ്ണമായി വർധിച്ച വർഗീകരണ ഗണത്തിൽ ഏഴ്‌ എണ്ണവും ജപ്പാനിൽമാത്രം കാണുന്നതും തീരപ്രദേശങ്ങളിലും കുന്നിൻമുകളിലും വളരാൻ ശേഷിയുള്ളതുമാണ്.

ലിലിയം പസഫിക്കത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരണങ്ങളും കണ്ടെത്തലുകളും അടുത്തിടെ ടാക്‌സൻ ജേർണലിൽ പ്രസിദ്ധീകരിച്ചു.
 ഏറെ സ്വഭാവസവിശേഷതകളും വൈവിധ്യങ്ങളും ഗണ്യമായ പരിണാമ പ്രാധാന്യവുമുള്ള ലിലിയേസിയെ ചെടികളുടെ വർഗീകരണത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജാപ്പനീസ് ലില്ലികളുടെ വൈവിധ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചെങ്കിലും ലില്ലിച്ചെടികളുടെ പരിണാമത്തിന്റെയും അനുരൂപീകരണത്തിന്റെയും മറഞ്ഞിരിക്കുന്ന സങ്കീർണതകൾ കണ്ടെത്തുന്നതിൽ വിശദമായ  പഠനം വേണമെന്നാണ്‌ ഗവേഷകർ പറയുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top