സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷ്യവിളയാണ് കൂർക്ക. ചൈനീസ് പൊട്ടറ്റോ എന്നും വിളിക്കുന്നു. കേരളത്തിൽ കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങുവർഗ വിളയാണ് കൂർക്ക. കേരളത്തിൽ നന്നായി വിളയുന്ന വിളയാണിത്.
പാലക്കാട്, തൃശൂർ ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്യുന്നു. കൃഷി ചെലവുകുറഞ്ഞതും ലളിതവുമാണ്. ജൂലൈമുതൽ ഒക്‌ടോബർ വരെയാണ് കൂർക്ക കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ പ്രധാന ഇനങ്ങളാണ്. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച ഇനമാണ് ശ്രീധര. കരഭൂമിയിലും നെൽപ്പാടത്തിലും കൃഷിചെയ്യാം. മണൽ കലർന്ന നല്ല നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് നല്ലത്. ഗ്രോ ബാഗിലും ചട്ടിയിലും നല്ല വിളവ് ലഭിക്കും. അഞ്ചു മാസം കൊണ്ട് വിളവെടുപ്പിനു പാകമാകും.
കൃഷിക്കായി കൂർക്ക തലപ്പുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. മണ്ണിളക്കി വാരങ്ങളെടുത്ത് ഇതിൽ കിഴങ്ങുകൾ നടുന്നു. ഇങ്ങനെ ഒരു ഏക്കർ സ്ഥലത്തേയ്ക്ക് നടുന്നതിനാവശ്യമായ തലകൾ/തണ്ടുകൾ ലഭിക്കുന്നതിനായി ഏകദേശം 70 മുതൽ 80 കിലോ കിഴങ്ങ് വേണ്ടിവരും. തയ്യാറാക്കിയ വാരങ്ങളിൽ നിശ്ചിത അകലത്തിൽ കിഴങ്ങുകൾ നടാം. ആവശ്യത്തിന് നന നൽകണം. മൂന്നാഴ്ചകൾക്കുശേഷം കൂർക്കത്തലകൾ പാകമാകും. 10–- 15 സെന്റീമീറ്റർ നീളത്തിലുള്ള തലപ്പുകൾ നടുന്നതിനായി മുറിച്ചെടുക്കാം.
കൃഷിഭൂമി നന്നായി കിളച്ചൊരുക്കി കട്ടകൾ നീക്കി വാരങ്ങൾ എടുക്കണം. ഇതിൽ അടിവളം ചേർത്ത് കൂർക്ക തലകൾ നടാം. അകലം പാലിച്ചാവണം ഇത്. കളകൾ തുടർച്ചയായി നീക്കം ചെയ്യണം. ഒരു മാസത്തിനുശേഷം മേൽവളം നൽകാം.
തയ്യാറാക്കിയത്:
ഡോ. ടി പ്രദീപ് കുമാർ,
ഡോ. പ്രശാന്ത്,
(കേരള കാർഷിക സർവകലാശാല)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..