കാലാവസ്ഥാ വ്യതിയാനം നെൽക്കൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാലവർഷത്തിന്റെ പതിവുതെറ്റിയ വരവും അളവിലുണ്ടാകുന്ന കുറവും രണ്ടാം വിളക്കാലമാകുമ്പോഴുള്ള കടുത്ത ചൂടും ഉഷ്ണതരംഗവുമെല്ലാം നെൽക്കൃഷിക്ക് പ്രതിസന്ധിയാണ്. ഇത്തരം ഘട്ടത്തിൽ പ്രതിരോധ ശേഷിയുള്ള പുതിയ വിത്തിനങ്ങളും പരിപാലനവും രോഗകീട നിയന്ത്രണമാർഗങ്ങളും സ്വീകരിച്ചേ പറ്റൂ.
വരൾച്ച, വെള്ളപ്പൊക്കം എന്നിവകൊണ്ട് ബുദ്ധിമുട്ടനുഭവപ്പെടുന്ന ഇടങ്ങളിൽ ഹ്രസ്വകാല ഇനങ്ങൾ കൃഷിചെയ്യാം. കാർഷിക സർവകലാശാലയുടെ മണ്ണൂത്തി കാർഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത 80 മുതൽ 90 ദിവസംവരെ മൂപ്പുള്ള ഹ്രസ്വയും 95-–-99 ദിവസം മൂപ്പുള്ള മനുരത്‌ന എന്ന ഇനവും മികച്ചതാണ്. വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഇവ. ഉൽപ്പാദനത്തിലും റെക്കോഡ് വിളവാണുള്ളത്. ഹെക്ടറിൽ ആറു ടൺവരെ വിളവ് ലഭിക്കും. തണ്ടുതുരപ്പൻ പുഴു, ഇലചുരുട്ടിപ്പുഴു എന്നീ കീടങ്ങളെയും പോള ചീയൽ രോഗത്തെയും ചെറുക്കാൻ ശേഷിയുണ്ട്.
പ്രത്യേകതകൾ
രണ്ടിനത്തിനും ചുവന്നതും വലുപ്പമുള്ളതുമായ അരിയാണ്. 20.8 ശതമാനം അന്നജവും ചോറ് സ്വാദുള്ളതുമാണ്. പലഹാരമുണ്ടാക്കാനും ഇവ രണ്ടും ഉത്തമം. ചാഞ്ഞുവീഴുന്ന സ്വഭാവവും വളരെ കുറവാണ്. ഹ്രസ്വകാല മൂപ്പായതിനാൽ വിതച്ച് കൃഷി ചെയ്യാനാണ് ഏറ്റവും പറ്റിയത്. എന്നാൽ, മറ്റു ഞാറുകളെപ്പോലെ മൂപ്പെത്താതെ 16-–-18 ദിവസത്തിനകം പറിച്ചുനട്ടും കൃഷി ചെയ്യാം.
വിത്തും വിതയും വളവും
ഒരു ഹെക്ടർ സ്ഥലത്തേക്ക് 80–-98 കിലോ വിത്ത് വേണം. യന്ത്രനടീൽ ആണെങ്കിൽ ഞാറ്റടിയിൽ 25–-30 കിലോ മതി. നിലം നന്നായി ഉഴുത് പരുവപ്പെടുത്തിയശേഷം ഹെക്ടറിന് 350 കിലോ കുമ്മായവും അഞ്ചു ടൺ കാലിവളവും ചേർത്ത് നിലമൊരുക്കുക. 10 ദിവസത്തിനുശേഷം 135 കിലോ മഷൂറിഫോസ് അല്ലെങ്കിൽ രാജ്‌ഫോസ് അടിവളമായി ചേർക്കാം. കൂടാതെ ഹെക്ടറിന് അടിവളം രാസവളമായി യൂറിയ 75 കിലോ, മ്യൂററ്റ്ഓഫ് പൊട്ടാഷ് 30 കിലോ എന്നതോതിൽ ചേർക്കുക. തുടർന്ന് 45 ദിവസമാകുമ്പോൾ 70 കിലോ യൂറിയയും 30 കിലോ പൊട്ടാഷും മേൽവളമായും ചേർക്കുക. കളയെടുപ്പ് സമയബന്ധിതമായി നടത്തണം. അടിക്കന്ന് ഉണ്ടാകുന്നതിന് ഏഴുദിവസം മുമ്പുതന്നെ മേൽവളം ചെയ്യണം.
കീട-നിയന്ത്രണം
തണ്ടുതുരപ്പൻ, ഇലചുരുട്ടിപ്പുഴുക്കളെയും പോളരോഗവും ഈ ഇനങ്ങൾ പ്രതിരോധിക്കും. ഇലച്ചാടി, ഇലപ്പേൻ വർധിച്ചതോതിൽ ഉണ്ടെങ്കിൽ ക്വിനാൽ ഫോസ് രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിക്കാം. പാലൂറ്റിക്കുടിക്കുന്ന ചാഴിയെ തുരത്താൻ വേപ്പെണ്ണ ലായനിയോ, വെളുത്തുള്ളി കാന്താരി മിശ്രിതമോ തളിക്കാം. ഇലയിലെ തവിട്ടുകുത്ത് ഞാറ്റടിമുതൽ ഉണ്ടാകാനിടയുണ്ട്. ഇത് കുമിൾ രോഗമാണ്. വിത്തിലൂടെയും വായുവിലൂടെയും പകരും. ബാവസ്റ്റിൻ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് നിയന്ത്രിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..