പട്ടാമ്പി > ചിങ്ങത്തിനുമുന്നേ സക്കീറിന്റ പാടത്ത് വസന്തം വിരുന്നെത്തിയിരിക്കുകയാണ്. ഓറഞ്ചും മഞ്ഞയും ചേർന്നുള്ള മനോഹര കാഴ്ച. ഒരേക്കർ സ്ഥലത്ത് നാലായിരം ചെണ്ടുമല്ലി ചെടികളാണ് പാലക്കാട് പട്ടാമ്പി പള്ളത്ത് വീട്ടിൽ സക്കീർ ഹുസൈൻ കൃഷി ചെയ്‌തിരിക്കുന്നത്. അവയിൽ ഏറെയും പൂത്ത് വിളവെടുപ്പിന് സജ്ജമായി. ഇത് സക്കീറിന് പൂക്കൃഷിയിൽ മൂന്നാംമൂഴമാണ്. കഴിഞ്ഞവർഷം അമ്പത് സെന്റിലായിരുന്നു ചെണ്ടുമല്ലി കൃഷി. ഇടയ്‌ക്കുവന്ന മഴ ചെറിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും നഷ്ടമായില്ല. 12ന് പൂക്കളുടെ വിളവെടുപ്പ് മുഹമ്മദ് മുഹസിൻ എംഎൽഎ നിർവഹിക്കും.
പതിനാലുവർഷമായി പച്ചക്കറി ഉൽപ്പാദനമേഖലയിൽ സജീവമാണ് സക്കീർ. ഏറെക്കാലം പ്രവാസിയായിരുന്നു. പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് 2000 മുതൽ നാട്ടിലുണ്ട്. നാട്ടിൽ അൽപ്പസ്വൽപ്പം ബിസിനസ്സുമൊക്കെയായി മുന്നോട്ടുപോകുമ്പോഴാണ് സംസ്ഥാന സർക്കാർ വിവിധ മേഖലകളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് മിഷനുകൾ ആരംഭിച്ചത്. തുടർന്ന് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമാകാൻ സക്കീർ തീരുമാനിച്ചു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂരിൽ സ്വന്തമായുള്ളതും വർഷങ്ങളായി തരിശായി കിടന്നിരുന്നതുമായ ആറേക്കർ ഭൂമിയിൽ പച്ചക്കറികൃഷി ആരംഭിച്ചു. 2020 ഏപ്രിലിൽ കാടുപിടിച്ച് കുണ്ടും കുഴിയുമായി കിടന്നിരുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പട്ടാമ്പി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കൈരളി സ്വയം സഹായസംഘം രൂപീകരിച്ചു. ഇന്ന് പച്ചക്കറി മേഖലയിൽ മികച്ച പ്രവർത്തനമാണ് കൈരളി സ്വയം സഹായ സംഘം കാഴ്ചവയ്‌ക്കുന്നത്.
ഇത്തവണ മഴ പച്ചക്കറികൃഷിയെ പ്രതികൂലമാക്കി. കുറച്ചുവാഴകൾ നശിച്ചു. എങ്കിലും ഓണവിപണി പൂർത്തിയാകുന്നതോടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് സക്കീർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..