കോഴികളെ വളർത്തുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ കോഴികളിലെ രോഗങ്ങളെ കരുതിയിരിക്കണം. ചില രോഗങ്ങൾ മനുഷ്യരിലേക്ക് പകരുന്നവയുമാണ്. ആരംഭത്തിൽത്തന്നെ ഇവയെ തിരിച്ചറിയുകയും ചികിത്സ നൽകുകയും ചെയ്‌താൽ രോഗം ഭേദമാക്കാം. വൈറസ്, ബാക്ടീരിയ, പരാന്നഭോജികൾ, ഫംഗസ് എന്നിവയാണ് പ്രധാനമായും രോഗം പരത്തുന്നത്.
പക്ഷിപ്പനി
ഏവിയൻ ഇൻഫ്ലുവൻസ ടൈപ്പ് എ വൈറസുകൾമൂലമുണ്ടാകുന്ന രോഗമാണിത്. പക്ഷികളുടെ ശ്വാസനാളത്തെയും ദഹനനാളത്തെയും വൈറസുകൾ ബാധിക്കാം. വൈറസുകൾ സ്വാഭാവിക ആതിഥേയരായ കാക്കകൾ, തീരപ്പക്ഷികൾ എന്നിവ ഉൾപ്പെടെയുള്ള വന്യ ജല പക്ഷികളും താറാവ്, ഹംസം തുടങ്ങിയ കാട്ടുനീർ പക്ഷികളിലും കാണുന്നു. പക്ഷിപ്പനി വൈറസ് ബാധിച്ച മിക്ക കാട്ടുപക്ഷികളും രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവയാണ്.
ചില പക്ഷിപ്പനി വൈറസുകൾ നാടൻ കോഴികളെയും മറ്റ് വളർത്തു പക്ഷികളെയും ബാധിക്കുന്നു. സന്ദർശകരെ പരമാവധി കുറയ്ക്കുക, കോഴികളെ പരിപാലിക്കുന്ന ആളുകളെമാത്രം പക്ഷികളുമായി സമ്പർക്കം പുലർത്താൻ അനുവദിക്കുക. കോഴിയുമായി സമ്പർക്കം പുലർത്തുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക, ഡിസ്പോസിബിൾ ബൂട്ട് കവറുകൾ ഉപയോഗിക്കുക, അണുനാശിനി ഫൂട്ട്ബാത്തുകൾ സ്ഥാപിക്കുക, ഉപകരണങ്ങൾ, വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവ അണുവിമുക്തമാക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.
കോഴിവസന്ത
റാണിക്കെറ്റ്, ന്യൂകാസിൽ എന്നീ പേരുകളിലും ഈ രോഗം അറിയപ്പെടുന്നു. ചുണ്ണാമ്പുനിറത്തിൽ വെള്ളംപോലുള്ള വയറിളക്കം. ശ്വാസതടസ്സം, തൂങ്ങിയിരിക്കുക, മൂക്കിൽനിന്ന് സ്രവം, കൊക്ക് പകുതി തുറന്ന് ശ്വാസമെടുക്കുക, തീറ്റക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. വായുവിലൂടെ പകരാം. കാഷ്‌ഠം, മൂക്കിലെ സ്രവം ഇവയിലൂടെയും ഇത് പടർന്നുപിടിക്കും. കോഴി കുഞ്ഞുങ്ങൾക്ക് ഏഴാം ദിവസം ലെസോട്ടോ വാക്‌സിൻ നൽകുക.
സിറ്റാക്കോസിസ്
തത്തകൾ, ടർക്കികൾ, താറാവ് എന്നിവ ഉൾപ്പെടെയുള്ള വളർത്തു പക്ഷികളുമായി ബന്ധപ്പെട്ട ഒരു ബാക്ടീരിയ രോഗമാണ് സിറ്റാക്കോസിസ്. രോഗം ബാധിച്ച പക്ഷികളിൽനിന്ന് ഉണങ്ങിയ സ്രവങ്ങൾ ശ്വസിച്ചാണ് അണുബാധ ഉണ്ടാകുന്നത്. പനി, വിറയൽ, തലവേദന, പേശിവേദന, വരണ്ട ചുമ എന്നിവയാണ് മനുഷ്യരിൽ അണുബാധയുടെ ലക്ഷണങ്ങൾ. ഗർഭിണികളിൽ ഗർഭം അലസാൻ കാരണമായേക്കാം. രോഗം ബാധിച്ച പക്ഷികൾ പലപ്പോഴും ലക്ഷണമില്ലാത്തവയാണ്.
സാൽമൊനെലോസിസ്
ഒരു ബാക്ടീരിയ രോഗമാണിത്. അണുബാധയ്ക്കുശേഷം ഒന്നുമുതൽ മൂന്നു ദിവസംതൊട്ട് ആരംഭിക്കുന്ന വയറിളക്കം, പനി, വയറുവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. മലിനമായ ചിക്കൻ അല്ലെങ്കിൽ മുട്ട കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പിടിപെടാൻ സാധ്യതയുണ്ട്. രോഗമുള്ളവയെ പരിചരിച്ചതിനുശേഷം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ചൂട് വെള്ളത്തിൽ നന്നായി കഴുകുക. വളർത്തുമൃഗങ്ങളുടെ തീറ്റ പാത്രങ്ങൾ നന്നായി വൃത്തിയാക്കി വയ്‌ക്കുക, മാംസം, കോഴി, മുട്ട എന്നിവ നന്നായി വേവിക്കുക, ഭക്ഷണം തയ്യാറാക്കുന്ന പ്രതലങ്ങൾ പതിവായി വൃത്തിയാക്കുക, ശുചിത്വം പാലിക്കുക എന്നിവയിൽ ശ്രദ്ധ വേണം.
മാരക്‌സ് രോഗം
കോഴിക്കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്ന രോഗമാണിത്. തൂവലുകളുടെ കുഴികളിൽനിന്ന് വൈറസ് ചൊരിയുകയും തറയിലും പൊടിയിലും പടരുകയും ഈ പൊടിപടലങ്ങൾ ശ്വസിക്കുമ്പോൾ രോഗം ബാധിക്കുകയും ചെയ്യും. ഒരു കാൽ മുമ്പോട്ടും ഒരു കാൽ പിറകോട്ടും വച്ചിരിക്കുക, തല ഒരു വശത്തേക്ക് ചരിച്ച് പിടിക്കുക, ചിറകുകൾ തൂങ്ങി ക്ഷീണിച്ച് കാണപ്പെടുക, കാലുകൾക്ക് പക്ഷാഘാതം, ഭാരക്കുറവ്, അന്ധത, അലസത എന്നിവയാണ് ലക്ഷണങ്ങൾ. വിരിഞ്ഞിറങ്ങിയ ദിവസംതന്നെ ഹാച്ചറിയിൽനിന്നുതന്നെ വാക്‌സിനേഷൻ നൽകിയാണ് വിൽക്കപ്പെടുന്നത്.
മഹോദരം
വൈറസ്‌മൂലം വയറിൽ വെള്ളം കെട്ടുന്ന അസുഖമാണ് മഹോദരം. തീറ്റയിൽ പൂപ്പൽ, വിഷം, കൂടിയ തോതിൽ ഉപ്പ് എന്നിവയാണ് കാരണം. 50 കിലോഗ്രാം തീറ്റയിൽ 25 ഗ്രാം സോഡാക്കാരം കുറഞ്ഞ അളവിൽ നൽകി പ്രതിരോധിക്കാം.
ഇൻഫഷ്യസ് ബർസൽ ഡിസീസ്
ഐബിഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗം പിടിപെട്ടാൽ അഞ്ചുമുതൽ 60 ശതമാനംവരെ ചത്തുപോകാം. പച്ച നിറത്തിൽ കാഷ്‌ഠിക്കുക, തൂങ്ങി നിൽക്കുക, ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് തീറ്റയിലൂടെയും വെള്ളത്തിലൂടെയും പകരാം. മുട്ടയിലൂടെയും കുഞ്ഞുങ്ങൾക്കു രോഗം വരാം. രണ്ടാഴ്ച പ്രായത്തിൽ ഐബിഡി വാക്‌സിൻ നൽകുക. 28–--ാം ദിവസം ആവശ്യമെങ്കിൽ ആവർത്തിക്കുക. ലിറ്റർ മാറ്റി പാത്രങ്ങളും മറ്റു സാമഗ്രികളും ഉടനടി വൃത്തിയാക്കുക എന്നിവയാണ് പ്രതിരോധമാർഗം.
ഇൻഫഷ്യസ് കൊറൈസ
തണുപ്പുകാലത്താണ് കൂടുതലായും ഈ രോഗം പിടിപെടുന്നത്. മൂക്കിൽനിന്നും കണ്ണിൽനിന്നും ഒരു സ്രവം ഒഴുകുന്നു. കണ്ണുകൾ ചുവന്നും ചിലപ്പോൾ പോളകൾ ഒട്ടിച്ചേർന്നും ഇരിക്കും. കൊക്ക് പകുതി തുറന്ന് ശ്വാസമെടുക്കുന്നത് പ്രയാസത്തോടെ ആയിരിക്കും. മുഖം വീർത്തിരിക്കുക, കാഷ്‌ഠത്തിന് സാധാരണയല്ലാത്ത ദുർഗന്ധം ഉണ്ടാകുക ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ബാക്‌ടീരിയമൂലം പടർന്നുപിടിക്കുന്ന രോഗമാണ്. കൂട് വൃത്തിയായി സൂക്ഷിക്കുക, പ്രതിരോധമായി 25 ശതമാനം വീര്യമുള്ള ബോറിക് ആസിഡുകൊണ്ട് കണ്ണുകൾ തുടയ്‌ക്കുക. സ്‌ട്രെപ്ടോമിസിൻ, സുൽഫാഡിമിഡിൻ തുടങ്ങിയ മരുന്നുകളും ഡോക്‌ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.
പുല്ലോറം രോഗം
പുല്ലോറം രോഗത്തെ ബാസിലറി വൈറ്റ് ഡയേറിയ എന്നും അറിയപ്പെടുന്നു. കൂട്ടംകൂടി നിൽക്കുക, വെള്ളനിറത്തിലോ തവിട്ടുനിറത്തിലോ വയറിളകുക, മലദ്വാരത്തിനു ചുറ്റും തൂവലുകളിൽ കാഷ്‌ഠം പറ്റിപ്പിടിക്കുക, കൂടുതൽ ദാഹിക്കുന്നതുപോലെ തോന്നുക, ശ്വാസമെടുക്കാൻ വിമ്മിട്ടപ്പെടുക, തീറ്റ തിന്നുന്നത് കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. സാൾമൊണല്ലാ പുള്ളോറം എന്ന ബാക്‌ടീരിയമൂലം മുട്ടയിൽക്കൂടിയും രോഗം ബാധിച്ച കുഞ്ഞുങ്ങളിലൂടെയും രോഗം പകരും. സൾഫാഡയസിൻ, ക്ലോറംഫനിക്കോൾ എന്നീ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം പ്രയോഗിക്കാം.
കോഴിവസൂരി
ലക്ഷണങ്ങളായി പൂവ്, താട, തല എന്നീ ഭാഗങ്ങളിൽ പൊങ്ങലുകൾ കാണും. കൺപോളകളിൽ പഴുപ്പ്, വായിൽ പാടപോലെ സ്രവം കാണുന്നതിനാൽ ശ്വാസതടസ്സം ഉണ്ടാകും. വൈറസ് അണുക്കളാണ് രോഗം പകർത്തുന്നത്. കൊതുകുകൾ, കീടങ്ങൾ എന്നിവ ഈ രോഗകാരികളായ വൈറസുകളെ വഹിക്കുന്നു. വാക്‌സിനേഷൻ നൽകി ഫലപ്രദമായി നിയന്ത്രിക്കാം.
ഫൗൾ കോളറ
പച്ച കലർന്ന മഞ്ഞനിറത്തിൽ കാഷ്‌ഠിക്കുക, സന്ധികൾ, താട, പൂവ് ഈ ഭാഗങ്ങൾ നീരുവന്ന് വീർക്കുക. ശ്വാസംമുട്ടൽ, അമിതദാഹം എന്നിവയാണ് ലക്ഷണങ്ങൾ. ബാക്‌ടീരിയയാണ് രോഗം പകർത്തുന്നത്. നല്ല രീതിയിലുള്ള പരിചരണമില്ലായ്മയും രോഗത്തിന് കാരണമാണ്. പ്രതിരോധത്തിനായി സ്‌ട്രെപ്‌റ്റോമൈസിൻ, സൾഫാ ഇനത്തിൽപ്പെട്ട മരുന്നുകൾ വെള്ളത്തിൽ ചേർത്ത് നൽകാം.
ശ്രദ്ധിക്കാം
കോഴികൾക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്‌പുകളും വിര മരുന്നുകളും നൽകുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പുതിയ കുഞ്ഞുങ്ങൾ വരുമ്പോൾ കോഴിക്കൂട് വൃത്തിയാക്കി അണുനശീകരണം ചെയ്യുക. കോഴിക്കൂട്ടിലെ ഉപകരണങ്ങൾ ഇടയ്‌ക്കിടെ വൃത്തിയാക്കി അണുനശീകരണം ചെയ്യണം. പുറമേനിന്ന് മറ്റു പക്ഷികൾ കൂട്ടിനകത്തു കയറാതിരിക്കാൻ ശ്രദ്ധിക്കുക. ഈച്ച, കൊതുക്, പുഴു, ചെള്ള്, പേൻ എന്നിവയ്‌ക്കെതിരെ ഇടയ്‌ക്കിടയ്‌ക്ക് മരുന്ന് തളിക്കുക.
ചത്ത കോഴികളെ വിദഗ്‌ധ പരിശോധനയ്‌ക്കുശേഷം കുഴിച്ചുമൂടുകയോ തീയിട്ടു നശിപ്പിക്കുകയോ ചെയ്യുക. അണുനാശിനി കലർത്തിയ വെള്ളം കോഴിക്കൂടിനു മുന്നിൽ ഒരു ട്രേയിൽ എപ്പോഴും കരുതിയിരിക്കുകയും അതിൽ കാലുമുക്കിയശേഷംമാത്രം അകത്തു പ്രവേശിക്കുക. രോഗത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ വിദഗ്‌ധ സഹായം തേടണം.
(മൃഗസംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..