ശുദ്ധജലത്തിലും കരിമീന്‍ കൃഷിചെയ്യാം



കരിമീന്‍ ഒരു ഓരുജല മത്സ്യമായാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍,ഓരുജലത്തിലെന്നപോലെ ശുദ്ധജലത്തിലും വളര്‍ത്താന്‍ അനുയോജ്യമായ മത്സ്യമാണ് കരിമീന്‍. എട്രോപ്ലസ് സൂരതെന്‍സിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീന്‍ സിക്ലിഡെ എന്ന കുടുംബത്തിലെ അംഗമാണ്. വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ ശുദ്ധജല കാര്‍പ്പുകളോട് കിടപിടിക്കാനൊന്നും കരിമീനിന് സാധിക്കില്ലെങ്കിലും കമ്പോളത്തിലെ പ്രിയത്തിന്റെ കാര്യത്തില്‍ കാര്‍പ്പുകളെക്കാള്‍ 1000 കാതം മുന്നിലാണ് ഈ മത്സ്യം. കാര്‍പ്പുമത്സ്യങ്ങളുടെ മൂന്നോ നാലോ ഇരട്ടി വിലയും ലഭിക്കും. അതുകൊണ്ടുതന്നെ കൃഷിയിലൂടെ ലഭിക്കുന്ന ആദായത്തിന്റെ കാര്യത്തില്‍ ഏറെയൊന്നും പിന്നിലല്ല കരിമീന്‍കൃഷി. ഓരുജലത്തിലും ശുദ്ധജലത്തിലും ഒന്നുപോലെ വളരുമെന്നതാണ് കരിമീനിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ ഉപ്പുകയറുന്ന ചതുപ്പുപ്രദേശങ്ങളിലും ഒരിക്കലും ഉപ്പിെന്‍ര്‍ അംശം തൊട്ടുതീണ്ടാത്ത ശുദ്ധജലപ്രദേശങ്ങളിലും കരിമീന്‍ കൃഷിചെയ്യാം. കേരളത്തില്‍ കരിമീന്‍ എല്ലാ മാസവും മുട്ടയിടുന്നു. അതുകൊണ്ട് വിത്ത് എല്ലാ കാലങ്ങളിലും ലഭ്യമാണ്. പ്രത്യേക ഹാച്ചറിസംവിധാനങ്ങള്‍ ഒന്നുംതന്നെയില്ലാതെ വിത്തുല്‍പ്പാദനം സാധ്യമാണ്. പ്രായപൂര്‍ത്തിയായ ആണ്‍-പെണ്‍ മത്സ്യങ്ങളെ ഒരു മണ്‍കുളത്തില്‍ നിക്ഷേപിച്ച് ആവശ്യമായ തോതില്‍ തീറ്റ നല്‍കിയാല്‍ മാത്രം മതി. പ്രകൃതിസാഹചര്യത്തില്‍ത്തന്നെ മത്സ്യക്കുഞ്ഞുങ്ങള്‍ ഉണ്ടായിക്കൊള്ളും. കരിമീന്‍ ഒരു മിശ്രാഹാരിയാണെങ്കിലും സസ്യഭക്ഷണത്തോടാണ് പ്രിയം. സസ്യപ്ലവകങ്ങളും മുടിപ്പായലും അഴുകുന്ന ജൈവപദാര്‍ഥങ്ങളും കുളത്തിന്റെ അടിത്തട്ടിലെ പുഴുക്കളും കൃമി-കീടങ്ങളുമെല്ലാം കരിമീനിന് പഥ്യംതന്നെ. കൃത്രിമാഹാരം നല്‍കിയും കരിമീനിനെ വളര്‍ത്താം. കരിമീന്‍ കൃഷിരീതി മറ്റു മത്സ്യക്കൃഷിക്കു സമാനമാണ്. ആദ്യമായി ബുഭുക്ഷു മത്സ്യങ്ങളെയും കളമത്സ്യങ്ങളെയും നീക്കംചെയ്യണം.കുളം പൂര്‍ണമായി വറ്റിച്ച് ഉണക്കിയോ തേയിലപ്പിണ്ണാക്ക് 10 പിപിഎം ഗാഢതയില്‍ ചേര്‍ത്തോ നീറ്റുകക്കയും യൂറിയയും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചോ ഇത് സാധ്യമാക്കാം. കുളത്തിലെ അമ്ല-ക്ഷാര നില പരിശോധിച്ച് ആവശ്യമായ അളവില്‍ കുമ്മായം ചേര്‍ക്കുക, സസ്യപ്ലവകങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിന് വളപ്രയോഗം നടത്തുക എന്നിവയാണ് അടുത്തഘട്ടം. കുളത്തില്‍ ആവശ്യമായ അളവില്‍ പ്ലവക ഉല്‍പ്പാദനം സാധ്യമായാല്‍ വിത്തു സംഭരിക്കാ. ഉപ്പുരസമുള്ള ജലത്തില്‍നിന്നു സംഭരിച്ച വിത്താണെങ്കില്‍ പൊരുത്തപ്പെടുത്തല്‍ അനിവാര്യമാണ്. ഒരേ വലുപ്പമുള്ള വിത്ത് സംഭരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. കൃത്രിമ തീറ്റയായി തവിടും കടലപ്പിണാക്കും തുല്യ അളവില്‍ നല്‍കാം. 10 മുതല്‍ 12 മാസത്തിനകം വിളവെടുക്കാം. ഉത്തരേന്ത്യന്‍ രീതി അതേപടി പകര്‍ത്തി വികസിപ്പിച്ചെടുത്ത "ശുദ്ധജല മത്സ്യക്കൃഷിയെന്നാണ് കാര്‍പ്പുകൃഷി' എന്ന നമ്മുടെ ധാരണ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കരിമീനിന് പ്രസക്തി ഏറെയുണ്ട്. പൊതുവെ കടല്‍മത്സ്യങ്ങളോടും ഓരുജലമത്സ്യങ്ങളോടും പ്രിയമുള്ള മലയാളിയെ ലക്ഷ്യമാക്കിയുള്ള കൃഷിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ശുദ്ധജലത്തിലും കരിമീനിനെ തെരഞ്ഞെടുക്കാം. കൂടുകളിലെ മത്സ്യക്കൃഷിക്കും കരിമീന്‍ ഏറെ അനുയോജ്യമാണ്. (മത്സ്യവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി (ഫിര്‍മ)യുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍) Read on deshabhimani.com

Related News