കൂൺ വിഭവം ഉണ്ടോ ഭക്ഷണം കുശാൽ
കൂൺ വിഭവങ്ങൾ ഏവരുടെയും ഇഷ്ടവിഭവമായി മാറിയിട്ടുണ്ട്. പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവയുടെ കലവറയായ കൂൺ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. ചർമ സംരക്ഷണത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിനും അനുയോജ്യമായ ഘടകങ്ങളും വിറ്റാമിൻ ബി, സി, കാൽസ്യം, പൊട്ടാസ്യം എന്നിവയും കൂണിൽ ഉണ്ട്. ഇനങ്ങൾ ധാരാളമുണ്ടെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ രണ്ടു മികച്ച ഇനങ്ങളാണ് ചിപ്പിക്കൂണും പാൽക്കൂണും. ചിപ്പിക്കൂൺ പ്ലൂറോട്ടാസ് ഒപ്പൻഷ്യ, പ്ലൂറോട്ടാസ് സിസ്റ്റിഡിയോസസ് എന്നിവ ചിപ്പിക്കൂണിലെ പുതിയ രണ്ടിനങ്ങളാണ്. പല വർണങ്ങളിലുള്ള ചിപ്പിക്കൂൺ ഇന്ന് ശ്രദ്ധയാകർഷിക്കുന്നുണ്ട്. കൃഷി രീതി വിവിധതരത്തിൽ കൂൺകൃഷി നടത്താറുണ്ടെങ്കിലും ഏറ്റവും അനുയോജ്യം വൈക്കോൽതന്നെ. 12 മണിക്കൂർ ശുദ്ധജലത്തിൽ കുതിർത്ത് വീണ്ടും ഒരു മണിക്കൂർ തിളപ്പിച്ച് അണുവിമുക്തമാക്കിയാണ് മാധ്യമം കൂൺ കൃഷിക്കായി തയ്യാറാക്കുന്നത്. വെള്ളം വാർത്തെടുത്ത വൈക്കോൽ ഇളംവെയിലിൽ വാട്ടിയെടുത്ത് അണുവിമുക്തമാക്കിയ പ്രതലത്തിൽ തണുക്കാനായി നിരത്തിയിടുക. ശേഷം ബെഡ് നിർമാണത്തിനുള്ള കവറിന്റെ വ്യാസത്തിന് അനുസരിച്ച് വൈക്കോൽ ചുരുളുകളാക്കിയെടുക്കാം. കട്ടിയുള്ളതും സുതാര്യമായതുമായ പ്ലാസ്റ്റിക് കവർ അടിവശം നന്നായി കെട്ടി ബെഡ് നിരത്താനായി സജ്ജമാക്കുക. വൈക്കോൽ ചെറുചുരുളുകളാക്കി ആദ്യ ചുരുൾ കവറിൽ വച്ചശേഷം അതിനുമുകളിൽ വശങ്ങളിൽ മാത്രമായി കൂൺ വിത്ത് വിതറുക. ഇങ്ങനെ നാലോ അഞ്ചോ ചുരുളുകൾ വൈക്കോലും കൂൺ വിത്തുമിട്ട് ഒന്നിനു മുകളിൽ ഒന്നായി വച്ച് കവർ നിറയ്ക്കുക. ശേഷം കവറിന്റെ മുകൾഭാഗം നന്നായി കെട്ടുക. അതിനുശേഷം ഒരു സൂചി ഉപയോഗിച്ച് കെട്ടിയ കൂൺ കവറിന്റെ എല്ലാ വശങ്ങളിലും സുഷിരങ്ങൾ ഇടുക. (മുകളിലും താഴെയും ഒഴികെ) തയ്യാറാക്കിയ കൂൺ തടങ്ങൾ നല്ല ഈർപ്പവും ഇരുട്ടുമുള്ള മുറിയിലേക്ക് മാറ്റണം. മുറിയിൽ വായു സഞ്ചാരവും വൃത്തിയും ഉണ്ടാകണം. 18–- -20 ദിവസത്തെ ആദ്യ വളർച്ച ഘട്ടം കഴിയുമ്പോൾ കൂണിന്റെ തന്തുക്കൾ വൈക്കോലിൽ പടർന്ന് സുഷിരങ്ങളിലൂടെ പുറത്തേക്ക് എത്തുന്നതായി കാണാം. വൃത്തിയുള്ള കത്തികൊണ്ട് കവർ നെടുകെ കീറി ശ്രദ്ധാപൂർവം ഇളക്കിയെടുക്കുക. കൂൺ തടങ്ങളിൽ അൽപ്പം വെള്ളം രാവിലെയും വൈകിട്ടും തളിച്ചു കൊടുക്കണം, വെള്ളം കെട്ടി നിൽക്കാനും പാടില്ല. രണ്ടുമൂന്നു ദിവസത്തിനകം കൂൺ ഇതളുകൾ വിടർന്ന് വരുന്നതു കാണാം. ശ്രദ്ധയോടെ ഇവ വിളവെടുക്കാം. വീണ്ടും വെള്ളം തളിച്ച് ഇപ്രകാരം മൂന്ന് പ്രാവശ്യംവരെ വിളവെടുപ്പ് നടത്തിയശേഷം കൂൺ തടങ്ങൾ കമ്പോസ്റ്റ് നിർമാണത്തിനായി ഉപയോഗിക്കാം. പാൽക്കൂൺ കൃഷി രീതിയിൽ ചിപ്പിക്കൂണുമായി അൽപ്പം വ്യത്യാസമുണ്ട് പാൽക്കൂണിന്. ഇതിൽ കൂൺ വിത്ത് വശങ്ങളിൽ മാത്രമല്ല മധ്യഭാഗത്തുകൂടി വിതറാം. ഒരു കവറിൽ മൂന്ന് ചുരുൾ വച്ചാൽ മതിയാകും. വൈക്കോലിനോടൊപ്പം തവിടുകൂടി ചേർത്ത് (10 ശതമാനം) മാധ്യമം തയ്യാറാക്കുന്നതാണ് ഉചിതം. തവിട് പ്രഷർ കുക്കറിൽ വച്ച് പ്രത്യേകം അണുവിമുക്തമാക്കണം. ചിപ്പിക്കൂൺപോലെതന്നെ 20 ദിവസംവരെ കുമിൾ തന്തുക്കൾ വ്യാപിക്കുന്നതിനായി ബെഡുകൾ ഉൽപ്പാദന മുറിയിൽ സൂക്ഷിച്ചശേഷം, കവറിന്റെ മുകൾഭാഗത്ത് കെയ്സിങ് നടത്തണം. കവറിന്റെ മുകൾഭാഗം കെട്ടഴിച്ച് ഒരിഞ്ച് വൃത്താകൃതിയിൽ പോളിത്തീൻ കവർ മുറിച്ച് മാറ്റണം. മുകളിൽ കെയ്സിങ്ങിനായി ഉണങ്ങിയ ചാണകപ്പൊടി /മണ്ണ് മണലുമായി കലർത്തി അണുനശീകരണത്തിനായി ഒരു മണിക്കൂർ ആവിയിൽ പുഴുങ്ങിയെടുത്ത് തണുപ്പിച്ച് ബെഡുകളുടെ മുകളിലെ കവർ മുറിച്ച ഭാഗത്ത് മുക്കാൽ ഇഞ്ച് കനത്തിൽ പൊതിയുന്ന പ്രക്രിയയാണ് കെയ്‌സിങ്. ഈ ഭാഗത്ത് ആവശ്യത്തിന് വെള്ളം തളിച്ച് ഈർപ്പം നിലനിർത്തണം. മുറിയിൽ ആവശ്യത്തിന് പ്രകാശവും വേണം. 10 ദിവസം കഴിയുമ്പോൾ കെയ്സിങ് ചെയ്ത ഭാഗത്ത് മുകുളങ്ങൾ ഉയർന്നുവരും. ഒരാഴ്ച കഴിഞ്ഞാൽ വിളവെടുക്കാം. ആദ്യ വിളവെടുത്താൽ നന തുടരണം. ഏകദേശം ഒരാഴ്ച ഇടവിട്ട് രണ്ടോ മൂന്നോ പ്രാവശ്യംകൂടി വിളവ് ലഭ്യമാകും. റെഡിമെയ്ഡ് ബെഡും ബെഡ് തയ്യാറാക്കുന്നതിന് വൈദഗ്ധ്യം ഇല്ലാത്തവർക്ക് ഇന്ന് ഇൻസ്റ്റന്റ് മീഡിയയും ലഭ്യമാണ്. മഷ് പെല്ലറ്റുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. പെല്ലറ്റുകൾ പോളി പ്രൊപ്പിലിൻ ബാഗുകളിൽ നിറച്ച് തിളച്ച വെള്ളം ഒഴിക്കണം. 12 മണിക്കൂറിനു ശേഷം പെല്ലറ്റുകൾ വലുതായി വരും. അതിൽ കൂൺ ഇട്ട് ബെഡുകൾ സീൽ ചെയ്തു വളർത്തി വിളവെടുക്കാം. നേടാം വരുമാനം കൂൺ കൂണായി മാത്രമല്ല, മൂല്യവർധന നടത്തിയും നേടാം ആദായം. മൂല്യവർധിത വിഭവങ്ങളായ കൂൺ കട്‌ലറ്റ്, കൂൺ അച്ചാർ, കൂൺ സൂപ്പ് എന്നീ വിഭവങ്ങൾ സ്റ്റാർ ഹോട്ടലുകളിലെ താരങ്ങളാണിപ്പോൾ.കൂൺ ഉൽപ്പാദനത്തെക്കുറിച്ചും കൂണിന്റെ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തെക്കുറിച്ചും വിവിധ ജില്ലകളിലെ കൃഷിവിജ്ഞാനകേന്ദ്രങ്ങൾ വഴിയും കാർഷിക സർവകലാശാലയുടെ ക്യാമ്പസുകൾ വഴിയും കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും പരിശീലനം നൽകുന്നുണ്ട്. സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ട് കർഷകർക്ക് പരിശീലനത്തിനായി ഉപദേശങ്ങൾ നേടാം. (ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ അഗ്രിക്കൾച്ചർ ഓഫീസറാണ് ലേഖകൻ) Read on deshabhimani.com