പാവലിൽ പുതിയ ഹൈബ്രിഡുകൾ



മിക്ക ഏഷ്യൻ രാജ്യങ്ങളിലും വൻതോതിൽ കൃഷിചെയ്യുന്ന പാവൽ ഔഷധഗുണത്തിലും മുൻപന്തിയിലാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം,  മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ സമൃദ്ധമാണ്‌.  ജീവകങ്ങളായ എ, ബി, സി, ഇയും പാവക്കായിൽ അടങ്ങിയിട്ടുണ്ട്. നൂറുകണക്കിന്‌ ഇനങ്ങൾ പാവലിലുണ്ട്‌. ഇടത്തരം വലുപ്പത്തിൽ ധാരാളം മുള്ളുകളോടുകൂടിയ ഇളം പച്ചനിറത്തിലോ വെളുത്ത നിറത്തിലോ ഉള്ള പാവൽ ഇനങ്ങളാണ്‌ കേരളത്തിൽ ആവശ്യക്കാരുള്ളത്‌. വാണിജ്യാടിസ്ഥാനത്തിൽ പാവൽ കൃഷിചെയ്യുന്ന കർഷകർക്ക്‌ ഹൈബ്രിഡ്‌ വിത്തുകളോടാണ്‌ പഥ്യം. ഇനങ്ങൾ കേരള കാർഷിക സർവകലാശാല വികസിപ്പിച്ച പ്രിയയും പ്രീതിയും പ്രിയങ്കയും കർഷകർക്ക് പ്രിയപ്പെട്ട ഇനങ്ങളാണ്. വെള്ളാനിക്കര കാർഷിക കോളേജിലെ, പച്ചക്കറിശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ വികസിപ്പിച്ച പ്രഗതിയും പ്രജനിയും അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ്പാവലുകളും. ആകർഷകമായ മുള്ളുകളോടുകൂടി, പച്ച നിറത്തിലുള്ള കായ്‌കൾ സമൃദ്ധമായുണ്ടാവുന്ന ഇനമാണ്‌ പ്രജനി. ഇളംപച്ച നിറത്തോടെയുള്ള പ്രഗതിയും ഗൈനീഷ്യസ്‌ (പെൺപൂക്കൾമാത്രം ഉണ്ടാകുന്ന ചെടികളുടെ പ്രജനനം) സാങ്കേതികവിദ്യ വഴിയാണ്‌ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അത്യപൂർവമായി പ്രയോഗിക്കപ്പെട്ട ഈ സാങ്കേതികവിദ്യ വഴി, കൂടുതൽ കായ്ഫലമുള്ള ഹൈബ്രിഡ്ഇനങ്ങൾ എളുപ്പത്തിൽ ഉൽപ്പാദിപ്പിക്കാനാകും. കക്കിരിയിൽ പ്രയോഗിച്ച്‌ വിജയിച്ച ഈ സാങ്കേതികവിദ്യ, തെക്കേ ഇന്ത്യയിൽ പാവലിൽ പ്രയോഗിച്ച്‌ വിജയിപ്പിക്കുന്നത്‌ ആദ്യമാണ്‌.   സാധാരണ ഹൈബ്രിഡ്‌ വിത്തുണ്ടാക്കുന്ന രീതിയിൽനിന്ന്‌ മാറി, തേനീച്ചകൾ വഴി പരാഗണം നടത്തി, ഹൈബ്രിഡ്‌ വിത്തുണ്ടാക്കുന്ന രീതിയാണിത്‌. തുറസായസ്ഥലത്ത്‌, ഒരുകിലോമീറ്റർ ചുറ്റളവിൽ മറ്റുപാവൽ ഇനങ്ങൾ ഇല്ലെന്നുറപ്പുവരുത്തും. പ്രത്യേകം വികസിപ്പിച്ച പെൺസസ്യങ്ങൾ മാതൃചെടികളായും ആൺപൂക്കളും പെൺപൂക്കളും ഇടകലർന്ന്‌ വിടരുന്ന സാധാരണ ഇനം പിതൃചെടികളായും 6:1 എന്ന അനുപാതത്തിൽ വളർത്തും. ഇതുവഴി തേനീച്ചകൾ പരാഗണംനടത്തി, മാതൃചെടികളിലെ പെൺപൂക്കൾ, കായായി വികസിക്കുകയും അവയിലെ എല്ലാവിത്തുകളും 100 ശതമാനം ഹൈബ്രിഡ്‌ വിത്തുകളാകുകയും  ചെയ്യും. ഗുണമേന്മയുള്ള ഹൈബ്രിഡ്‌ വിത്തുകൾ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാൻ ഈ സാങ്കേതികവിദ്യവഴി കഴിയുന്നു. പ്രത്യേകതകൾ പ്രജനി: 22.4 സെന്റീമീറ്റർ നീളമുള്ള പച്ചകായ്കൾ, ശരാശരി തൂക്കം 197 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 48, ഒരു ചെടിയിൽനിന്നുമുള്ള ശരാശരിവിളവ് 7 .9 കിലോഗ്രാമാണ്‌. ഒരു ഹെക്ടറിൽനിന്നുമുള്ള ശരാശരി വിളവ് 30.8 ടണ്ണും. പ്രഗതി: 23.2 സെന്റീമീറ്റർ നീളമുള്ള ഇളം പച്ചകായ്കൾ, ശരാശരി തൂക്കം 205  ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 42. ഒരു ചെടിയിൽനിന്ന്‌ ശരാശരി വിളവ് 8.1 കിലോഗ്രാമും ഒരു ഹെക്ടറിൽനിന്ന്‌ ശരാശരി വിളവ് 37.3 ടണ്ണുമാണ്‌. Read on deshabhimani.com

Related News