പച്ചക്കറി കൃഷിക്ക് ഗ്രോബാഗ് ഒരുക്കാം



വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷി സ്വയം ചെയ്യുന്നതിനുള്ള താൽപ്പര്യം ഏറിവരികയാണ്‌. സംസ്ഥാന കൃഷിവകുപ്പ്‌ ഇതിനായി വലിയ പിന്തുണ നൽകുന്നുണ്ട്‌. ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്ന രീതിയും വർധിച്ചുവരികയാണ്‌. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് പച്ചക്കറി കൃഷിക്കായി ഗ്രോബാഗ് ഒരുക്കാം. തറ നിരപ്പിൽനിന്നുയർന്ന് നിന്നാൽ നീർവാർച്ച ഉറപ്പാക്കാമെന്നതുകൊണ്ട് ചുടുകട്ടകളോ ചകിരിയോ ഉപയോഗിച്ച്  ബാഗുകൾ ഉയർത്തിവയ്ക്കണം.  സൂര്യപ്രകാശത്തോടൊപ്പം ഏറെ പ്രധാനപ്പെട്ടതാണ് വളക്കൂറുള്ള മണ്ണും ആവശ്യത്തിനുള്ള വെള്ളവും. അതുകൊണ്ട് തന്നെ ഗ്രോബാഗിൽ 1:1:1 എന്ന അനുപാതത്തിൽ മേൽമണ്ണും ചകിരിച്ചോറ് കമ്പോസ്റ്റും പൊടിഞ്ഞ കമ്പോസ്റ്റും കലർത്തിയാണ് നടീൽ മിശ്രിതം തയ്യാറാക്കേണ്ടത്.  മണ്ണ്‌ നിറയ്‌ക്കും മുമ്പ്‌ ഗ്രോബാഗിൽ നിറയ്ക്കുന്നതിന് മുമ്പായി പൊടിഞ്ഞ കുമ്മായം ചേർത്ത്  മണ്ണുമായി ഇളക്കി ചേർക്കണം. മണ്ണിലെ അമ്ലത മാറ്റുന്നതിനാണിത്‌. 15 ദിവസത്തിന് ശേഷം മാത്രമേ കുമ്മായം ചേർത്ത മണ്ണ് ഗ്രോബാഗിൽ നിറയ്ക്കാവൂ. നടീൽ മിശ്രിതം ഗുണം കൂട്ടുന്നതിനായി നെല്ലിന്റെ ഉമി കരിച്ചതും കരിക്കാത്തതും തുല്യ അളവിൽ ചേർക്കാം. രോഗപ്രതിരോധത്തിനായി ഓരോ ഗ്രോബാഗിലും 50 ഗ്രാം ട്രൈക്കോഡർമ എന്ന മിത്രകുമിൾ ചേർക്കാം. അങ്ങനെ ചെയ്യുമ്പോൾ നടീൽ മിശ്രിതം ഇടയ്ക്ക് നനച്ച്കൊടുത്തും ഇളക്കിയും രണ്ടാഴ്ച തണലിൽ വച്ചതിന് ശേഷം മാത്രമേ പച്ചക്കറി നടാവൂ. വിളകൾ മാറ്റി മാറ്റി  ഒരു ഗ്രോബാഗിൽ തുടർച്ചയായി ഒരേ തരത്തിൽപ്പെട്ട പച്ചക്കറി നടരുത്. വഴുതന വർഗവിളകൾ കൃഷി ചെയ്യുന്നതിന് ശേഷം പയർ കൃഷി ചെയ്യുന്നതാണുത്തമം. ഓരോ സീസണിലും അനുയോജ്യമായ പച്ചക്കറി ഇനങ്ങൾ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മെയ്-–-ജൂൺ സീസണിൽ വെണ്ട, പയർ, പടവലം, മുളക്, വഴുതന, മത്തൻ, പച്ചച്ചീര, പാവൽ എന്നിവ നടാം. ഓഗസ്റ്റ്- –-സെപ്തംബർ മാസത്തോടെ ഇവ വിളവെടുക്കാം. സെപ്തംബർ–- -ഒക്ടോബർ മാസങ്ങളിലും മുകളിൽ പറഞ്ഞവയിൽ പലതും വീണ്ടും കൃഷിയിറക്കാം. ഒപ്പം ശീതകാല പച്ചക്കറികളും. ഫെബ്രുവരി–- -മെയ് കാലയളവ് പയർ, ചീര, വെള്ളരി, ചുരയ്ക്ക, വെണ്ട, കക്കിരി, മത്തൻ, കുമ്പളം എന്നിവ കൃഷി ചെയ്യാനും യോജിച്ച സമയം. ജൈവവളം   മിക്ക പച്ചക്കറിവിളകളും മൂന്നും നാലും മാസം വിള ദൈർഘ്യമുള്ളവയാണ്. അതുകൊണ്ട് തന്നെ ആരോഗ്യവും ഉൽപ്പാദന മികവും നിലനിർത്തുന്നതിനായി 10 ദിവസത്തിലൊരിക്കൽ ജൈവ വളകൂട്ടുകൾ തയ്യാറാക്കി നൽകണം. വളങ്ങൾ മാറി മാറി പ്രയോഗിക്കാൻ ശ്രദ്ധിക്കണം. പൊടിഞ്ഞ കാലി വളം, മത്സ്യവളം, കോഴിക്കാഷ്ടം, മണ്ണിര കമ്പോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്ക്, സൂഷ്മാണു വളങ്ങൾ എന്നിവയെല്ലാം ഗ്രോബാഗ് കൃഷി വിജയത്തിന് അനിവാര്യം. Read on deshabhimani.com

Related News