പന്നിയൂരിന്റെ മഹിമ



പന്നിയൂർ കുരുമുളക്‌ ഇനങ്ങൾ പ്രശസ്‌തമാണ്‌. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണിവ. കേരള കാർഷിക സർവകലാശാലാ സ്ഥാപനമായ കണ്ണൂർ തളിപ്പറമ്പ്‌ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രമാണ്‌ ഇവ വികസിപ്പിച്ചത്‌. ലോകത്തിൽ തന്നെ ആദ്യത്തെ കുരുമുളക് സങ്കരയിനമായ പന്നിയൂർ ഒന്ന് പുറത്തിറക്കുന്നത് 1967ലാണ്. ഇതുവരെയായി പത്തോളം അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് ഇവിടെനിന്നും പുറത്തിറക്കിയിട്ടുണ്ട്‌. ഇവയുടെ സവിശേഷതകൾ ഏറെ. പന്നിയൂർ 1 ഈയിനം നാടൻ ഇനങ്ങളായ ഉതിരൻ കൊട്ട ചെറിയ കണിക്കാടൻ എന്നിവയെ  സങ്കരണം ചെയ്‌ത്‌  ഉൽപ്പാദിപ്പിച്ചതാണ്‌. സൂര്യപ്രകാശം ലഭിക്കുന്നിടത്ത്‌ നല്ല വിളവ് ലഭിക്കുന്നു. അടുപ്പിച്ച മണിപിടിത്തമുള്ള മുഴുത്ത മണികളോട് കൂടിയ തിരികളാണ് ഉള്ളത്. ഉണക്ക ശതമാനം 35.3 ഉം ഉൽപ്പാദനക്ഷമത ഹെക്ടറിന്‌ 38-50 കിലോഗ്രാമുമാണ്. പന്നിയൂർ 2 ബാലൻ കൊട്ടയെന്ന നാടൻ ഇനത്തിൽനിന്നും നിർധാരണം വഴി ഉൽപ്പാദിപ്പിച്ച ഈയിനം തണലിലും മെച്ചപ്പെട്ട വിളവ് തരുന്നതും ഉയർന്ന പൈപ്പറിൻ ശതമാനമുള്ളതുമാണ്. 1991ൽ പുറത്തിറക്കിയ ഇനത്തിന്റെ  തിരികൾ നീളമുള്ളതാണ്. 35.8 ശതമാനമാണ് ഉണക്ക തോത് ഉൽപ്പാദനക്ഷമതയാവട്ടെ ഹെക്ടറിന്‌ 3313 കിലോഗ്രാമും. പന്നിയൂർ 3 ഉതിരൻ കൊട്ട, ചെറിയ കണിക്കാടൻ എന്നീ നാടൻ ഇനങ്ങൾ തമ്മിൽ സങ്കരണം നടത്തി 91ൽ പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള ഒരിനമാണിത്. തുറസായ സ്ഥലങ്ങളിൽ വേണം നടാൻ. നല്ല സൂര്യപ്രകാശം വേണം. ഒലിയോറൈസിൻ ശതമാനം കൂടുതലുണ്ട്. പച്ചകലർന്ന മഞ്ഞ നിറമുളള തിരിക്ക് ഇടത്തരം നീളമാണ്. അടുപ്പിച്ച മണിപിടിത്തവും കാണാം. ഉണക്ക ശതമാനം 34.7 ആണ്. ഉൽപ്പാദനക്ഷമത ഹെക്ടറിന്‌ 24-43 കിലോഗ്രാമും. പന്നിയൂർ 4 1991 വർഷത്തിൽ കുതിരവാലിയെന്ന നാടൻ ഇനത്തിൽനിന്നും നിർദ്ധാരണം വഴി ഉൽപ്പാദിപ്പിച്ച ഈയിനം തുറസായ സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. പ്രതികൂല കാലാവസ്ഥയിലും ശരാശരി വിളവ് തരുന്നു. മാന്തളിർ നിറമുള്ള നാമ്പോടുകൂടിയതും ഇടത്തരം തിരി നീളമുള്ളതും അടുപ്പിച്ച്‌ മണിപിടിത്തമുള്ളതുമാണ്. ഉണക്ക ശതമാനം 34.7 ഉം ഉൽപ്പാദനക്ഷമത ഹെക്ടറിന് 2443 കിലോഗ്രാമുമാണ്. പന്നിയൂർ 5 തണലിലും മെച്ചപ്പെട്ട വിളവ് തരുന്നതും ഉയർന്ന ഒലിയേറമ്പിൻ അടങ്ങിയതുമായ ഈയിനം 1996ൽ പെരും കൊടിയൻ എന്നയിനത്തിൽനിന്നും നിർദ്ധാരണം വഴി ഉൽപ്പാദിപ്പിച്ചതാണ്. നീണ്ടതിരികളുണ്ട്‌. ഉൽപ്പാദനക്ഷമത ഹെക്ടറിൽ 22-48 കിലാഗ്രാമും ഉണക്ക ശതമാനം 35. 7 മാണ്. പന്നിയൂർ 6 കരിമുണ്ടയിൽനിന്നും നിർദ്ധാരണം വഴി 2000ൽ പുറത്തിറക്കിയ ഈയിനം സൂര്യപ്രകാശമുള്ള തുറസായ സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യമായിട്ടുള്ളത്. കടും പച്ചനിറത്തിലുള്ള മണികൾ ഇതിന്റെ പ്രത്യേകതയാണ്‌. ഉണക്ക ശതമാനം 32-. 93 ഉം ഉൽപ്പാദനക്ഷമത ഹെക്ടറിന്‌ 33-59 കിലോഗ്രാമാണ്‌. പന്നിയൂർ 7 കല്ലുവള്ളിയിൽനിന്നും നിർദ്ധാരണം വഴി ഉൽപ്പാദിപ്പിച്ച ഇനമാണിത്‌.  തുറസായ സ്ഥലമാണ് കൃഷിക്കനുയോജ്യം. ഇളം മാന്തളിർ നിറമുള്ള നാമ്പുകളോടു കൂടിയ ചെടിയിൽ നീണ്ട തിരികളും വലിയ മണികളുമാണ്. ഉൽപ്പാദനക്ഷമത ഹെക്ടറിൽ 27-70 കിലോഗ്രാമാണ്‌. പന്നിയൂർ 8 2013ൽ പുറത്തിറക്കിയ ഈയിനം പന്നിയൂർ ആറും പന്നിയൂർ അഞ്ചും സങ്കരണം നടത്തിയാണ് ഉൽപ്പാദിപ്പിച്ചത്. ദ്രുതവാട്ടത്തെ പ്രതിരോധിക്കുന്നതിനും വരൾച്ചയെ അതിജീവിക്കുന്നതിനും കഴിവുള്ള ഇനമാണിത്‌. പന്നിയൂർ 9 പന്നിയൂർ ഒന്നിൽനിന്നും നിർദ്ധാരണം വഴി 2017 ൽ പുറത്തിറക്കിയ ഈയിനത്തിന് തുറസായയിടങ്ങളാണ് കൃഷിക്ക് യോജിച്ചത്. ഉയർന്ന പ്രദേശങ്ങളിൽ അധിക വിളവ് ലഭിക്കുന്നു. വരൾച്ചയെ അതിജീവിക്കുന്നു. ദ്രുതവാട്ടത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്. ഉൽപ്പാദനക്ഷമത ഹെക്ടറിന്‌ 31-50 കിലോഗ്രാമാണ്‌. പന്നിയൂർ 10 കരിവള്ളി എന്ന നാടൻ ഇനത്തിൽനിന്നും വിത്ത് മുളപ്പിച്ചെടുത്തതാണ്. 2019 ലാണ് പുറത്തിറക്കിയത്. തുറസായ സ്ഥലത്തും ഭാഗികമായ തണലുള്ളിടങ്ങളിലും മെച്ചപ്പെട്ട വിളവ് തരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ കഴിവുണ്ട്. ദ്രുതവാട്ടത്തെ പ്രതിരോധിക്കാൻ കഴിവുണ്ട്. വലിയ മണികളോടു കൂടിയ നീണ്ട തിരികളാണ്‌. ഉൽപ്പാദന ക്ഷമത ഹെക്ടറിന്‌ 2700 കിലോഗ്രാമാണ്‌. Read on deshabhimani.com

Related News