മുരിങ്ങക്കായ കിട്ടാനില്ല; സാമ്പാറിൽ ഗുജറാത്തി ആധിപത്യം
സാമ്പാറിനും അവിയലിനും തനത് രുചി പകർന്ന മുരിങ്ങക്കായ കിട്ടാതായതോടെ വില കുത്തനെ ഉയർന്നു. കേരളത്തിലെയും തമിഴ് നാട്ടിലെയും വിപണികളിൽ ഉത്തരേന്ത്യൻ മുരിങ്ങക്കായ താരമായി. നീളവും പച്ചപ്പും കൂടുതലുള്ള കാഴ്ചയിലും സുന്ദരമായ ഉത്തരേന്ത്യൻ മുരിങ്ങ രുചിയിലും മുമ്പിലാണ്. പ്രധാനമായും ഗുജറാത്തിലെ ഗ്രാമങ്ങളിൽ നിന്നാണ് വരവ്. ഗുജറാത്തിൽ ഇത് അടുത്തകാലംവരെ വനവിഭവമായിരുന്നു. ഗ്രാമ പാതകളിൽ തണലായ് വളരുന്ന മുരിങ്ങാ മരത്തിലെ കായ്കൾ ഉണങ്ങി വീണ് നശിക്കുന്നതാണ് പതിവ്. തെക്ക് നിന്നും അന്വേഷണം വർധിച്ചതോടെ സ്ഥിതി മാറി. കർഷർക്ക് മുരിങ്ങ തണലും താങ്ങുമായി. കേരള മാർക്കറ്റിൽ കിലോയ്ക്ക് ഇപ്പോൾ 500 രൂപവരെ നൽകേണ്ടി വരുന്നുണ്ട്. ശബരിമല സീസൺ തുടങ്ങിയതും വിപണിയിൽ കുതിപ്പ് ഉണ്ടാക്കി. ചെന്നൈയിലെ പ്രസിദ്ധമായ കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ മൊത്ത വില കിലോയ്ക്ക് 350 വരെ എത്തിയിട്ടുണ്ട്. ഒരാഴ്ചകൊണ്ട് 100 രൂപ വർധിച്ചു. തണുപ്പ് കാലം തുടങ്ങുന്നതോടെ മുരിങ്ങക്കായ വിളവ് കുറയും. നവംബർ ഡിസംബർ മാസങ്ങളിൽ ഇവിടെ കായ പിടിക്കില്ല. മഴയുടെ ക്രമം തെറ്റിയതും പൂക്കൾ കൊഴിച്ചു. എന്നാൽ ഉത്തരേന്ത്യൻ മേഖലകളിൽ ഈ സീസണിലാണ് കായ് ഫലം കൂടുതലായി ലഭിക്കുന്നത്. ഗുജറാത്തിലെ വടോദരയിലെ പദ്ര മേഖല വ്യവസായങ്ങൾക്ക് പേരു കേട്ട പ്രദേശമാണ്. എന്നാൽ കാർഷിക വിഭവങ്ങളിൽ മുരിങ്ങ ഇപ്പോൾ പ്രത്യേക ശ്രദ്ധ പിടിച്ചു വാങ്ങി തഴച്ച് വളരുന്നു. കോയലി, അംഗോദിയ, സോക്ദ മേഖലയിൽ നിന്നും കായ ദക്ഷിണേന്ത്യൻ മേഖലയിലേക്ക് കയറ്റി അയക്കപ്പെടുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിലാണ് മുരിങ്ങ ഇവിടെ കാർഷിക വിളകളിൽ പ്രത്യേകം ഇടം പിടിച്ച് തുടങ്ങിയത്. മുംബൈയിലെ കല്യാൺ മാർക്കറ്റിൽ കായയ്ക്ക് 80 മുതൽ 100 രൂപവരെയായിരുന്നത് 400 രൂപവരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ജനുവരിയോടെ ദക്ഷിണേന്ത്യൻ ഇനം എത്തുന്നത് വരെയും ഈ നിലവാരം തുടരുമെന്നാണ് നിരീക്ഷണം. മുരിങ്ങ കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ഒന്നാമത്. ആന്ധ്ര, തെലങ്കാന പ്രദേശങ്ങളിലാണ് വ്യപകമായി കൃഷി ചെയ്യുന്നത്. തമിഴ്നാടും കർണ്ണാടകവുമാണ് തൊട്ടു പിന്നിൽ. ഒഡിഷയിലും ഇവ കൃഷി ചെയ്തിരുന്നു. വേലിയായും ഉപയോഗിച്ച് വന്നു. നല്ല ചൂടും സൂര്യപ്രകാശവും ആവശ്യമുള്ള വൃക്ഷമാണ്. ഗുജറാത്ത് കണ്ടെത്തി മുരിങ്ങ കഴിക്കാം, പോഷകാഹാരക്കുറവിന് ബറോഡയിലെ മഹാരാജാ സായാജി റാവു യുണിവേഴ്സിറ്റി ഗുജറാത്ത് നേരിടുന്ന പോഷകാഹാര കുറവിന് മുരിങ്ങ നിത്യ ഭക്ഷണ ക്രമത്തിന്റെ ഭാഗമാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം മുരിങ്ങ ഉപയോഗം വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് പദ്ധതിയും നടപ്പാക്കി. ഉണക്കിയ മുരിങ്ങയില ഗുളികയും പ്രതിവിധിയായി കണ്ടെത്തി നിർദ്ദേശിച്ചു. മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനും മുരിങ്ങയില നിർദ്ദേശിക്കാറുണ്ട്. ഇലയ്ക്കും കായയ്ക്കും പൂക്കൾക്കും വിത്തുകൾക്കും കുരുവിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്കുവേണ്ടിയും ജലം ശുദ്ധീകരിക്കാൻ വേണ്ടിയും മുരിങ്ങ വളർത്തുന്നുണ്ട്. വേരിനും ഔഷധ ഗുണം കല്പിക്കുന്നു. ഗുജറാത്തിൽ കർഷകർക്ക് ഒരു കിലോയ്ക്ക് 35 രൂപയാണ് ലഭിക്കുന്നത്. ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് സഹായത്തോടെ മുരിങ്ങാ കൃഷിയിലേക്ക് കൂടുതൽ കർഷകർ എത്തി. 10.7 ഹെക്ടറിൽ കൃഷിയിറക്കിയ ഒരു കർഷകന് വർഷം 20 ലക്ഷം രൂപവരെ ആദായം ലഭിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിലയും ഡിമാന്റും വർധിച്ചതോടെ ഇത് കുത്തനെ വർധിച്ചു. Read on deshabhimani.com