ഭയപ്പെടുത്താൻ "രക്തരക്ഷസ് ' വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്



തൃശൂർ> കലാനിലയത്തിന്റെ 'രക്തരക്ഷസ് ' വീണ്ടും അരങ്ങിലേ‌യ്ക്കെ‌ത്തുന്നു.  'രക്തരക്ഷസ് ചാപ്റ്റർ വൺ' എന്ന പേരിലാണ് നാടകം പുനർജ്ജനിക്കുന്നത്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവപാർവതി ക്ഷേത്ര മൈതാനിയിൽ ഒക്ടോബർ 13നാണ് ഉദ്ഘാടന പ്രദർശനം. പ്രശസ്ത പാൻ ഇന്ത്യൻ സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങൾ നാടകത്തിൽ വേഷമിടുന്നു. കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ മാസങ്ങൾക്ക് മുൻപാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഏരീസ് കലാനിലയം ആർട്സ് ആൻഡ്  തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ പേര്. രക്തരക്ഷസ്,  കായംകുളം കൊച്ചുണ്ണി,  കടമറ്റത്ത് കത്തനാർ,  ഗുരുവായൂരപ്പൻ, അലാവുദീനും അത്ഭുതവിളക്കും, നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന്  ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയ് പറഞ്ഞു. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ്  ഈ നാടകസംഘം  ശ്രദ്ധേയമായതെന്നും നാടകത്തെ സിനിമ പോലെ നാടാകെ ഇളക്കി  ജന മനസുകൾ കീഴടക്കിയ കലാനിലയം  ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News