ശൗര്യഗുണവാന്റെ ദേവവാദ്യം - പ്രൊഫ. കെ പി ബാബുദാസുമായി എസ് ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖം
ഇരുപതാം നൂറ്റാണ്ടിൽ കഥകളിയെ നവീകരിക്കുന്നതിൽ പ്രമുഖപങ്കുവഹിച്ച ബഹുമുഖപ്രതിഭയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ. 1924 മെയ് ഇരുപെത്തിയെട്ടാം തീയതി ജനിച്ച അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ആ യുഗപ്രഭാവന്റെ സംഭാവനകളെക്കുറിച്ചുള്ള സംഭാഷണമാണിത്. കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ ജീവചരിത്രകാരനായ പ്രൊഫ. കെ പി ബാബുദാസുമായി എസ് ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖം... എസ് ഗോപാലകൃഷ്ണൻ : കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ജന്മശതാബ്ദിവേളയാണല്ലോ. അദ്ദേഹത്തിന്റെ ആധികാരികമായ ജീവചരിത്രം ‘ശൗര്യഗുണം' എഴുതാനിടയായ സാഹചര്യം താങ്കൾ ഒന്ന് വിശദീകരിക്കാമോ ? കെ പി ബാബുദാസ് : കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിനെ എന്റെ കുട്ടിക്കാലം മുതലേ എനിക്ക് കണ്ടുപരിചയം ഉണ്ട്. പക്ഷേ, അദ്ദേഹവുമായി അടുക്കാന്‍ എനിക്ക് ശങ്കയായിരുന്നു. ചുവപ്പുരാശി പടര്‍ന്നു പിടിച്ച കണ്ണുകളും കനത്ത ശബ്ദവും, ആരേയും കൂമ്പാത്ത തലയെടുപ്പുമെല്ലാം എന്നെ അദ്ദേഹത്തില്‍നിന്ന് ബഹുദൂരം അകറ്റിനിര്‍ത്തി. അങ്ങനെയിരിക്കെ കഥകളിയെ പശ്ചാത്തലമാക്കി ‘അരങ്ങ്' എന്നൊരു നോവല്‍ ഞാനെഴുതി. ഈ നോവല്‍ ഒരു വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. അധികം താമസിയാതെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. ഇതോടുകൂടി കൃഷ്ണന്‍കുട്ടിപ്പൊതുവാളുമായി പരിചയപ്പെടാന്‍ എനിക്ക് കുറേക്കൂടി ശങ്കയായി. കാരണം കഥകളി രംഗത്ത് മറ്റൊരു പ്രമാണിക്ക് ഇത് തീരെ ഇഷ്ടമായില്ല. ഞങ്ങള്‍ തമ്മില്‍ പരിചയമില്ലെങ്കിലും ഞാനുമായി പരിചയമുള്ള ആരെക്കണ്ടാലും അദ്ദേഹം എന്നെ കലശലായി ശകാരിക്കാറുണ്ടായിരുന്നു. പൊതുവാളിന്റെ പ്രതികരണം ഈ നോവലെഴുത്തിന്റെ കാര്യത്തില്‍ എന്തായിരിക്കും എന്നറിയാത്തതുകൊണ്ടാണ് ഞാന്‍ അദ്ദേഹവുമായി അടുക്കാതിരുന്നത്. ഗായകനായ കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി അങ്ങനെയിരിക്കെ എന്നെ നിര്‍ബന്ധിച്ച് പൊതുവാളിന്റെ മുന്നിലേക്ക് കൊണ്ടുപോയി വിശദമായി പരിചയപ്പെടുത്തി . ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് പൊതുവാളില്‍ നിന്നുണ്ടായത്. അദ്ദേഹം വളരെയേറെ സ്നേഹവാല്‍സല്യങ്ങളോടെ എന്നോട് പെരുമാറി. ശങ്കരന്‍ എമ്പ്രാന്തിരി അന്നു മുതലാണ് അദ്ദേഹവും ഞാനും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. തിരുവനന്തപുരത്ത് വച്ചാണ് ഇതെല്ലാം ഉണ്ടായത്. അധികം താമസിയാതെ ഞാന്‍ ശ്രീശങ്കരാ കോളേജില്‍ ജോലി ലഭിച്ച് നാട്ടിലേക്ക് പോന്നു. പിന്നീട് കളിസ്ഥലങ്ങളില്‍ വച്ച് ഞങ്ങള്‍ ധാരാളം കാണാറുണ്ട്. അദ്ദേഹം എന്നോട് കഥകളിയെക്കുറിച്ചും മറ്റും ധാരാളം സംസാരിക്കാറുണ്ടായിരുന്നു. ഏതാണ്ട് പതിനെട്ട് കൊല്ലത്തെ സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ഇക്കാലത്തിനിടയ്ക്ക് ഒരിക്കല്‍പോലും മോശമായ ഒരു പെരുമാറ്റം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. അദ്ദേഹത്തേക്കാള്‍ എിക്ക് ഒരുപാട് പ്രായം കുറയുമെങ്കിലും തികഞ്ഞ സ്നേഹ ബഹുമാനങ്ങളോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ തപ്പിപ്പിടിച്ചെടുത്ത് പുസ്തകരൂപത്തിലാക്കാന്‍ ഞാന്‍ പരിശ്രമിച്ചു. ആ കൃതിയുടെ പേര് ‘മേളപ്പദം' എന്നായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണം ഞാന്‍ തന്നെയാണ് ആ കൃതിക്ക് അവതാരിക എഴുതിയത്. മേളപ്പദം പെട്ടെന്നു തന്നെ മുഴുവന്‍ കോപ്പിയും ചെലവായി. എസ്‌പിസിഎസ് ആയിരുന്നു പ്രസാധകര്‍. ഇങ്ങനെ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമായി തുടര്‍ന്നു. ഞാനുമായി അദ്ദേഹം ഇങ്ങനെ ഒരു സൗഹൃദം സ്ഥാപിക്കാനും അത് അവിച്ഛിന്നമായി തുടര്‍ന്നു കൊണ്ടുപോകാനും അദ്ദേഹം ശ്രമിച്ചത് ഒരു പ്രത്യേക കാരണം കൊണ്ടായിരിക്കും എന്ന് കഥകളി പ്രേമിയും പണ്ഡിതനുമായ ഞായത്ത് ബാലന്‍ മാസ്റ്റര്‍ നിരീക്ഷിച്ചിട്ടുണ്ട്. പ്രൊഫ. കെ പി ബാബുദാസ് കഥകളി നടൻ ഏറ്റുമാനൂർ കണ്ണനോടൊപ്പം ‘ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ യഥാർഥ കൃഷ്ണന്‍കുട്ടി പൊതുവാള്‍ അല്ല; ഈ പൊതുവാളിന്റെ ഉള്ളിലുള്ള ഒരു യഥാർഥ കൃഷ്ണന്‍കുട്ടിപ്പൊതുവാളുണ്ട്. അദ്ദേഹത്തെ കണ്ടെത്തി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ തികച്ചും വ്യത്യസ്തനായ ഒരാള്‍ വേണം. അതിനു പറ്റിയ ഒരാളായി പൊതുവാള്‍ കണ്ടെത്തിയത് ബാബുദാസിനെയാണ്. അതുകൊണ്ടാണ് തന്നെക്കാള്‍ വളരെയേറെ പ്രായംകുറഞ്ഞ, ജീവിതശൈലിയിലും സംസ്‌കാരത്തിലുമെല്ലാം താനുമായി ഒട്ടും യോജിപ്പില്ലാത്ത ബാബു ദാസുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചതും അത് തുടര്‍ന്നു കൊണ്ടുപോയതും'‐ ഇതാണ് ബാലന്‍ മാസ്റ്റുടെ നിരീക്ഷണം. കൃഷ്ണന്‍കുട്ടിപ്പൊതുവാളും ഞാനുമായുള്ള ബന്ധത്തിന്റെ ഒരേകദേശ രൂപമാണ് ഇവിടെ പ്രതിപാദിച്ചത്. ഇങ്ങനെയൊരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ട് എന്ന് കഥകളി രംഗത്തെ പ്രധാനികള്‍ക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാന്‍ കലാമണ്ഡലം ഔദ്യോഗികമായി എന്നോട് ആവശ്യപ്പെട്ടത്. ? 2024 ഇന്ത്യയിലെ നിരവധി തരംഗസ്രഷ്ടാക്കളായ കലാകാരന്മാരുടെ ജന്മശതാബ്ദിവർഷമാണ്. അവരിൽ ഒരാളാണ് കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ. കഥകളിയിലെ തരംഗസ്രഷ്ടാക്കളിൽ ഒരാൾ എന്ന് കൃഷ്ണൻകുട്ടിപ്പൊതുവാളിനെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്.... = കൃഷ്ണന്‍കുട്ടിപ്പൊതുവാളിനെ കഥകളിയിലെ തരംഗ സ്രഷ്ടാക്കളില്‍ ഒരാളായി വിശേഷിപ്പിക്കാന്‍ കാരണം വ്യക്തമാക്കാം. കഥകളിരംഗത്ത് അതിപ്രഗത്ഭരായ നിരവധി കലാകാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ മിക്കവരും തങ്ങളുടെ അനുപമമായ കലാപ്രകടനം കൊണ്ട് ആസ്വാദക മനസ്സുകളെ ആകര്‍ഷിച്ച് ക്രമത്തില്‍ കഥകളിരംഗത്തുനിന്നും ലോകത്തില്‍നിന്നും തന്നെ വിടവാങ്ങി. അവരുടെ പ്രകടനം നേരിട്ട് ആസ്വദിച്ചിട്ടുള്ള ആസ്വാദകരുടെ മനസ്സുകളിലാണ് പിന്നെ അവര്‍ നിലനില്‍ക്കുക. അങ്ങനെയുള്ള ആ ആസ്വാദകസംഘം ഇല്ലാതായി. അടുത്ത തലമുറ രംഗത്ത് വരുമ്പോഴേക്കും അവര്‍ ഐതിഹ്യ കഥാപാത്രങ്ങളെപ്പോലെ ആയിത്തീരും. എന്നാല്‍ മറ്റുചില ആചാര്യന്മാരാകട്ടെ ഗംഭീരമായ പ്രകടനം നടത്തുന്നതോടൊപ്പം വരുംതലമുറകളുടെ ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും മനനം ചെയ്യാനായി ചില ചിന്താകണങ്ങളും, ഉത്തരം കണ്ടെത്താനായി ചില ചോദ്യങ്ങളും പൂരിപ്പിക്കാനായി ചില സമസ്യകളും അവശേഷിപ്പിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ആചാര്യന്മാരാണ് പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ എന്നിവര്‍. ഇന്നും കളരികളിലും അണിയറകളിലും കളിയരങ്ങുകളിലും സജീവസാന്നിധ്യമായി ഇവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതില്‍ത്തന്നെ, കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ പ്രത്യേകത, അദ്ദേഹം ഒരു മഹാപ്രതിഭാശാലി ആയിരുന്നു എന്നതാണ്. മറ്റു രണ്ട് ആചാര്യന്മാരും അങ്ങനെ പ്രതിഭാശാലികള്‍ ആയിരുന്നില്ല. അഭ്യാസബലം കൊണ്ടും വാസനാബലം കൊണ്ടും നേടിയെടുത്തതാണ് അവരുടെ പ്രാമുഖ്യം. ഇതുകൊണ്ടാണ് കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ കഥകളിയിലെ തരംഗ സ്രഷ്ടാക്കളില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നത്. ? കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ ജീവചരിത്രത്തിന് ‘ശൗര്യഗുണം' എന്ന് പേരിടാനുള്ള കാരണം? = ‘ശൗര്യഗുണ’ത്തിന്റെ ആമുഖത്തില്‍ ഞാന്‍ അതേക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. താങ്കളുടെ കൈയില്‍ ആ ഗ്രന്ഥം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കല്യാണസൗഗന്ധികം ആട്ടക്കഥയില്‍ ഭീമന്റെ ധര്‍മ്മപുത്രരോടുള്ള പദമാണ് ‘ശൗര്യഗുണനീതിജലധേ' എന്നത്. വനവാസക്കാലത്തൊരു ദിവസം ശകുനിയുടെ കള്ളച്ചൂതുകളിയും മറ്റും ഓര്‍ത്തോര്‍ത്ത് ക്രുദ്ധനായ ഭീമന്‍ ശത്രുക്കളെ ഉടന്‍ തന്നെ നിഗ്രഹിക്കാന്‍ ധര്‍മ്മപുത്രരോട് അനുവാദം ചോദിക്കുന്ന പദമാണിത്. ധര്‍മ്മപുത്രർ അനുവാദം നല്‍കാതെ വന്നപ്പോള്‍ ഭീമന്‍ നിസ്സഹായനായി പിൻവാങ്ങുന്നു. ശൗര്യഗുണം എന്ന പേരിലാണ് ഈ രംഗം അറിയപ്പെടുന്നത്. ശൗര്യഗുണമാടുന്ന ഭീമന്റെയവസ്ഥയായിരുന്നു പൊതുവാളിന് കലാജീവിത രംഗത്ത് കൂടുതല്‍ക്കാലവും അനുഭവിക്കേണ്ടി വന്നത്. മാത്രമല്ല വെറും മേളക്കാരന്‍ മാത്രമായിരുന്നില്ലല്ലോ പൊതുവാള്‍. അഭിനേതാവും സംഗീതജ്ഞനുമെല്ലാമായിരുന്നല്ലോ. അപ്പോള്‍ പൊതുവാളിന്റെ കളിയരങ്ങിലെ സർവ്വവ്യാപിത്വം വെളിപ്പെടുത്തും വിധം കഥകളിത്തം മുറ്റിനില്‍ക്കുന്ന ഒരു പേരാകട്ടെ എന്നു കരുതിയാണ് ശൗര്യഗുണം എന്നു പേരിട്ടത്. ? അദ്ദേഹത്തിന്റെ ചെണ്ട പഠനകലാഭ്യാസകാലത്തെക്കുറിച്ച് ഒന്ന് പറയാമോ? ആരൊക്കെയായിരുന്നു ഗുരുക്കന്മാർ ? ഏതെങ്കിലും ഒരു ചിട്ടയുടെ പാരമ്പര്യമായിരുന്നോ അദ്ദേഹം പിന്തുടർന്നത് = കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ ആദ്യ ഗുരുനാഥന്‍ അദ്ദേഹത്തിന്റെ മാതുലനായ ഗോവിന്ദപ്പൊതുവാള്‍ ആണ്. തായമ്പകയാണ് അദ്ദേഹം പൊതുവാളിനെ അഭ്യസിപ്പിച്ചത്. പൊതുവാളിനെ തായമ്പക പഠിപ്പിക്കാന്‍ വേണ്ടി ഗോവിന്ദപ്പൊതുവാള്‍, മറ്റൊരാളുടെ അടുത്തുപോയി സ്വയം തായമ്പക പഠിച്ചു. പിന്നീട് അദ്ദേഹം അമ്മാവന്റെ നിര്‍ദ്ദേശമനുസരിച്ച് കലാമണ്ഡലത്തില്‍ വിദ്യാർഥിയായി ചേരാന്‍ അപേക്ഷിച്ചു. പൊതുവാളിനെ എന്ത് പഠിപ്പിക്കണം എന്ന കാര്യത്തില്‍ ഇന്റർവ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് ഒരു ചിന്താക്കുഴപ്പം ഉദിച്ചു. കാരണം ഇദ്ദേഹത്തിന് സംഗീതജ്ഞാനമുണ്ട്, സൗന്ദര്യമുണ്ട്. അവസാനം പട്ടിക്കാംതൊടിയാണ് ഒരു തീരുമാനമെടുത്തത്. ‘കുലവിദ്യ പഠിക്കട്ടെ' എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ കഥകളിച്ചെണ്ട വിദ്യാർഥിയായി കലാണ്ഡലത്തില്‍ ചേര്‍ന്നത്. അക്കാലത്ത് കലാമണ്ഡലത്തില്‍ ഒരു തികഞ്ഞ ചെണ്ട അധ്യാപകന്‍ ഉണ്ടായിരുന്നില്ല. ചമ്രക്കുളങ്ങര നീലകണ്ഠമാരാര്‍ കലാമണ്ഡലത്തില്‍ ചെണ്ട അഭ്യസിച്ച് അരങ്ങേറ്റം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഗുരുനാഥന്‍ പള്ളിപ്പാട്ട് ദാമോദരമാരാര്‍ ആയിരുന്നു. മാരാര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം പഞ്ചവാദ്യത്തോടായിരുന്നു. അതു കൊണ്ട് നീസലകണ്ഠമാരാരെ പുറപ്പാടും മേളപദവും പഠിപ്പിച്ച ശേഷം അദ്ദേഹം കലാമണ്ഡലം വിട്ടുപോയി. നീലകണ്ഠമാരാര്‍ക്കും കൂടുതല്‍ താല്‍പ്പര്യം തായമ്പകയോടായിരുന്നു. അദ്ദേഹവും കലാമണ്ഡലം വിട്ടുപോകാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. പക്ഷേ പട്ടിക്കാംതൊടി സമ്മതിച്ചില്ല. ചൊല്ലിയാട്ടത്തിന് കൊട്ടാന്‍ ഒരാള്‍ വേണം എന്ന് പറഞ്ഞ് ഇദ്ദേഹത്തെ അവിടെ പിടിച്ച് നിര്‍ത്തി. അപ്പോഴാണ് കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ ചെണ്ട വിദ്യാർഥിയായി ചേര്‍ന്നത്. പൊതുവാളിനെ പഠിപ്പിക്കേണ്ട ചുമതലയും പട്ടിക്കാംതൊടി മാരാരെ ഏല്‍പ്പിച്ചു. അങ്ങനെ ചെതലി അപ്പമാരാര്‍ എന്ന് അറിയപ്പെടുന്ന നീലകണ്ഠമാരാര്‍ കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ കഥകളിച്ചെണ്ടയുടെ പ്രഥമ ഗുരുവായി തീര്‍ന്നു. തുടര്‍ന്ന് അപ്പമാരാര്‍ കലാമണ്ഡലം വിട്ടുപോയി. അദ്ദേഹം തായമ്പകയിലെ കേൾവികേട്ട ഒരധ്യാപകനായിത്തീര്‍ന്നു. നിരവധി പ്രതിഭാശാലികളെ അദ്ദേഹം വാര്‍ത്തെടുക്കുകയും ചെയ്തു. അപ്പമാരാര്‍ പോയി അധികം വൈകാതെ സർവ്വവാദ്യവിശാരദനായ തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി കലാമണ്ഡലത്തിലെ വാദ്യാചാര്യനായി നിയമിക്കപ്പെട്ടു. വെങ്കിച്ചന്‍ സ്വാമിയുടെ കീഴില്‍ മദ്ദളാഭ്യാസം ആരംഭിച്ച ബാലനായ അപ്പുക്കുട്ടിപ്പൊതുവാളിനെയും സ്വാമി കലാമണ്ഡലത്തിലേയ്ക്ക് കൊണ്ടുവന്നു. പട്ടിക്കാംതൊടി സ്വാമി കൃഷ്ണന്‍കുട്ടിയെ ചെണ്ടയും അപ്പുക്കുട്ടിയെ മദ്ദളവും പഠിപ്പിച്ചു. അങ്ങനെ കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ കഥകളിച്ചെണ്ടയിലെ രണ്ടാമത്തെ ഗുരുനാഥനായിത്തീര്‍ന്നു മഹാനായ വെങ്കിച്ചന്‍ സ്വാമി.മറ്റാരുടെയും കീഴില്‍ പൊതുവാള്‍ ചെണ്ട അഭ്യസിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ വളരെക്കുറച്ച് കാലമേ പൊതു വാള്‍ ആചാര്യന്മാരുടെ മുന്നിലിരുന്ന് അഭ്യസിച്ചിട്ടുള്ളൂ. കഥകളിച്ചെണ്ടയില്‍ പ്രായോഗിക പരിശീലനം കൊടുത്തത് ചൊല്ലിയാട്ടക്കളരിയില്‍ വച്ച് പട്ടിക്കാംതൊടിയാണ്. അക്കാലത്തെ കഥകളിച്ചെണ്ടയിലെ ഏറ്റവും പ്രഗത്ഭനായിരുന്നു മൂത്തമന കേശവന്‍ നമ്പൂതിരി. അദ്ദേഹത്തിനെ പരിപാടി ഏല്‍പ്പിക്കുന്നവരോട് സഹായിയായി കൃഷ്ണന്‍കുട്ടിപ്പൊതുവാളിനെ വിളിക്കാന്‍ ആവശ്യപ്പെടും. മൂത്തമന പൊതുവാളിനെ പഠിപ്പിച്ചിട്ടില്ലെങ്കിലും കഥകളിരംഗത്തെ ചെണ്ട പ്രയോഗത്തിന്റെ പ്രായോഗികവശങ്ങള്‍ മൂത്തമനയുടെ പ്രകടനം കണ്ടാണ് പൊതുവാള്‍ മനസ്സിലാക്കിയത്. ചുരുക്കത്തില്‍ അമ്മാവനായ ഗോവിന്ദപ്പൊതുവാള്‍,, ചെതലി അപ്പമാരാര്‍, തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി, മൂത്തമന കേശവന്‍ നമ്പൂതിരി എന്നിവരാണ് പൊതുവാളിന്റെ ഗുരുനാഥന്മാര്‍ എന്ന് പറയാം. അക്കാലത്ത് കഥകളി ചെണ്ടവാദനത്തില്‍ മറ്റ് ചിട്ടകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. മേല്‍പ്പറഞ്ഞ ഗുരുനാഥന്മാരില്‍ നിന്ന് ലഭിച്ച ആ ചിട്ടയുടെ അതിമനോഹരമായ വിപുലീകരണമാണ്, സൗന്ദര്യവത്കരണമാണ് പൊതുവാള്‍ രംഗത്താവിഷ്‌കരിച്ചിരുന്നത്. ? കൃഷ്ണൻകുട്ടിപ്പൊതുവാൾ , അപ്പുക്കുട്ടിപ്പൊതുവാൾ എന്നീ പ്രതിഭകളുടെ കൂടിച്ചേരലിനുവേണ്ടി കളിയരങ്ങുകളും ആസ്വാദകരും കാത്തിരുന്ന മൂന്നു ദശകങ്ങളോളം ഉണ്ടായിരുന്നല്ലോ. എന്തായിരുന്നു ആ രസതന്ത്രം ? = വെങ്കിച്ചന്‍ സ്വാമി കൃഷ്ണന്‍കുട്ടിയേയും അപ്പുക്കുട്ടിയേയും ഒന്നിച്ചിരുത്തിയാണ് യഥാക്രമം ചെണ്ടയും മദ്ദളവും പഠിപ്പിച്ചിരുന്നത് എന്ന് പറഞ്ഞല്ലോ. ഇതോടൊപ്പം പട്ടിക്കാംതൊടിയുടെ ചൊല്ലിയാട്ടക്കളരിയില്‍ അദ്ദേഹം പരസ്പരം ഇഴുകിച്ചേര്‍ന്നുള്ള ഒരു വാദ്യസംസ്‌കാരം ഉണ്ടാക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ഇതായിരുന്നു താങ്കള്‍ ഉന്നയിച്ച ആ രസതന്ത്രത്തിന്റെ ആ രഹസ്യം. ? മുൻതലമുറയിലെ ചെണ്ടക്കാരിൽ നിന്നും കലാപരമായ , ലാവണ്യപരമായ, എന്ത് അധികസംഭവനയാണ് കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ കഥകളിയ്ക്ക് നൽകിയത് ?അദ്ദേഹം പിന്നണിയിലുണ്ടാകാൻ മഹാനടന്മാർ എന്തുകൊണ്ട് ആഗ്രഹിച്ചു... മൂത്തമനയുടെ ചെണ്ടകൊട്ട് ഭാവപ്രധാനമായിരുന്നു. കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റേതാകട്ടെ കുറേക്കൂടി ഭാവാത്മകവും സൗന്ദര്യാത്മകവും ആണ്. അതിനദ്ദേഹത്തിന് സാധിച്ചത് അദ്ദേഹം നടനും സംഗീതജ്ഞനും കൂടിയായിരുന്നു എന്നതുകൊണ്ടാണ്. = മൂത്തമനയുടെ ചെണ്ടകൊട്ട് ഭാവപ്രധാനമായിരുന്നു. കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റേതാകട്ടെ കുറേക്കൂടി ഭാവാത്മകവും സൗന്ദര്യാത്മകവും ആണ്. അതിനദ്ദേഹത്തിന് സാധിച്ചത് അദ്ദേഹം നടനും സംഗീതജ്ഞനും കൂടിയായിരുന്നു എന്നതുകൊണ്ടാണ്. ഇതാണ് അദ്ദേഹം നല്‍കിയ അധികസംഭാവന. മഹാനടന്മാര്‍ക്ക് പോലും അറിയാമായിരുന്നു പൊതുവാള്‍ ചെണ്ടയുംകൊണ്ട് പിന്നിലുണ്ടെങ്കില്‍ തങ്ങളുടെ പ്രകടനം അനിതരസാധാരണമായ നിലയ്ക്ക് ആസ്വാദക മനസ്സുകളെ ആകര്‍ഷിക്കും എന്ന്. ? താങ്കൾ എഴുതിയ ‘ശൗര്യഗുണം' ഇറങ്ങിയ കാലത്ത് വലിയ ആർത്തിയോടെ വായിച്ച ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കലാജീവിതവും എങ്ങനെ പരസ്‌പരം കൊടുത്തും കൊണ്ടും നിലനിന്നു... = അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും കലാജീവിതവും, സത്യം പറഞ്ഞാല്‍ പരസ്പരം ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. അവ തമ്മില്‍ വേര്‍തിരിച്ച് കാണാന്‍ ബുദ്ധിമുട്ടാണ് എന്നു പറയാം. കേരള കലാമണ്ഡലം ? കലാമണ്ഡലം കൃഷ്ണൻ നായരാശാനുമായി അഭിപ്രായവ്യത്യാസം ഉണ്ടായ കാലവും അവസാനം എറണാകുളത്തെ ഒരു അരങ്ങിൽ മഞ്ഞുരുകിയ കാര്യവും ശൗര്യഗുണത്തിൽ വായിച്ചതോർക്കുന്നു . വായനക്കാരുടെ സൗകര്യത്തിനായി അതൊന്നുകൂടി പറയാമോ... = കലാമണ്ഡലം കൃഷ്ണൻനായരാശാനെ കിര്‍മ്മീരവധം കഥയും മറ്റും ചൊല്ലിയാടിച്ചത് പട്ടിക്കാംതൊടിയാണ്. പക്ഷേ ആസ്വാദകരെ രസിപ്പിക്കാന്‍ വേണ്ടി ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത ചില ചാപല്യങ്ങള്‍ ധര്‍മ്മപുത്രരുടെ വേഷം കെട്ടിയ കൃഷ്ണന്‍നായാരാശാന്‍ കാണിച്ചു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ രസക്കേടുണ്ടായത്. പക്ഷേ ഇങ്ങനെയാണെങ്കിലും ചെണ്ടക്കാരന്റെ പോരായ്മകൊണ്ടും മറ്റും കൃഷ്ണന്‍നായരാശാന്റെ വേഷം മോശമാകുന്നത് പൊതുവാളിന് സഹിക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് എറണാകുളം കഥകളി ക്ലബ്ബില്‍ വച്ച് പൊതുവാള്‍ രണ്ടും കല്‍പ്പിച്ച് കൃഷ്ണന്‍ നായരുടെ വേഷത്തിന് കൊട്ടാന്‍ പുറപ്പെട്ടത്. കൃഷ്ണന്‍ നായരാശാനും ഉള്ളുകൊണ്ട് അതാഗ്രഹിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. 1974 ‐ 75 കാലഘട്ടത്തിലാണ് ഇതുണ്ടായത്. പിന്നീട് പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി പലയിടത്തും അവര്‍ ഒന്നിച്ച് അരങ്ങത്ത് വരാറുണ്ടായിരുന്നു. ? ചെണ്ട അസുരവാദ്യമാണോ കഥകളിയിൽ.. രാവണോത്ഭവം, നരകാസുരവധം തുടങ്ങിയ ചില കഥകള്‍ക്ക് പൊതുവാള്‍ കൊട്ടുമ്പോള്‍ ചെണ്ട അസുരവാദ്യമാകുന്നു. എന്നാല്‍ വികാരാത്മകമായ കഥകള്‍ക്ക് അദ്ദേഹം കൊട്ടുമ്പോള്‍ ചെണ്ട ഒരു ദേവവാദ്യത്തിന്റെ പ്രതീതി നമ്മിലുളവാക്കുമായിരുന്നു. = രാവണോത്ഭവം, നരകാസുരവധം തുടങ്ങിയ ചില കഥകള്‍ക്ക് പൊതുവാള്‍ കൊട്ടുമ്പോള്‍ ചെണ്ട അസുരവാദ്യമാകുന്നു. എന്നാല്‍ വികാരാത്മകമായ കഥകള്‍ക്ക് അദ്ദേഹം കൊട്ടുമ്പോള്‍ ചെണ്ട ഒരു ദേവവാദ്യത്തിന്റെ പ്രതീതി നമ്മിലുളവാക്കുമായിരുന്നു. ? പൊതുവാളിനുശേഷമുള്ള കഥകളി അരങ്ങിൽ പൊതുവാൾ പ്രഭാവം എങ്ങനെ നിലനിൽക്കുന്നു = നടന്മാരുടെ മുദ്രാവിന്യാസത്തിനനുസൃതമായി ഭാവാത്മകമായി ചെണ്ട വായിച്ച് അവരുടെ പ്രകടനത്തെ ഇപ്പോഴത്തെ ചെണ്ടക്കാരാരെങ്കിലും ഉദാത്തമാക്കിത്തീര്‍ക്കുന്നു എങ്കില്‍ അത് പൊതുവാള്‍ പ്രഭാവം അവര്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ് എന്ന് മനസ്സിലാക്കാം. ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com