നാടകമേ, ജീവിതമേ... മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

ഗിരീഷ്‌ പി സി പാലം, സംസ്ഥാന അവാർഡ് നേടിയ


‘‘കരളും വൃക്കയും പണിമുടക്കിയാലും ജീവിതത്തെ നോക്കി ഞാൻ ചിരിക്കും, നാടകം കളിക്കാൻ കഴിഞ്ഞാൽ. നാടകം എഴുതാതെ സംവിധാനം ചെയ്യാതെ അരങ്ങ്‌ കാണാതെ എങ്ങനെയാ ജീവിക്കുക. രോഗത്തിന്‌ എന്നെ സംവിധാനം ചെയ്യാൻ കഴിയാത്തത്‌ നാടകം പകരുന്ന  കരുത്തുള്ളതിനാലാ. അതിജീവിക്കാനുള്ള ശ്രമങ്ങളിൽ വലിയ തുണയാണീ അംഗീകാരവും. ഇനിയും നാടകം കളിക്കാനുള്ള പ്രചോദനമാണിത്‌’’ -ഗിരീഷ്‌ പി സി പാലത്തിന്റെ വാക്കുകളിൽ അശേഷം നാടകീയതയില്ല. കാരണം അത്രമേൽ നാടകാത്മകമാണീ ജീവിതം. നാടകരചനയ്‌ക്കുള്ള കേരള സാഹിത്യ നാടക അക്കാദമിയുടെ ഈ വർഷത്തെ അവാർഡ്‌ ലഭിച്ച ഈ നാടകക്കാരൻ ശാരീരികാസുഖങ്ങൾ നേരിടുന്നുണ്ട്‌. എന്നാൽ, എന്നോ നാടകം കീഴടക്കി കഴിഞ്ഞതിനാൽ രോഗങ്ങൾക്കു മുന്നിൽ ഗിരീഷ്‌ പതറുന്നില്ല. അടുത്ത ബെല്ലിന്‌ നാടകം ആരംഭിക്കാമെന്ന പ്രതീക്ഷയിൽ ജീവിതത്തിന്റെ മഷിനിറച്ച്‌ മുന്നോട്ടാണ്‌. ‘ഇ ഫോർ ഈഡിപ്പസ്‌ ’എന്ന നാടകസമാഹാരത്തിനാണ്‌ ഗിരീഷിന്‌ ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി അവാർഡ്‌. നാടകം, സീരിയൽ, സിനിമ എന്നിങ്ങനെ സർഗാത്മകമണ്ഡലങ്ങളിലാകെ സജീവമാണ്‌ ഗിരീഷ്‌ പി സി പാലം. വൃക്ക മാറ്റിവച്ച ശേഷവും ഇടവേളയില്ലാത്ത കലാപ്രവർത്തനം. ഇപ്പോൾ വൃക്കയെ പരിചരിക്കാൻ കഴിഞ്ഞ മരുന്നുകളുടെ പാർശ്വഫലമായി കരളും നേരിയ പിണക്കത്തിലാണ്‌. എന്നാൽ, നാടകത്തെ കരളായി കാണുന്ന ഗിരീഷ്‌ അടുത്ത രചനയിലാണ്‌. വൃക്ക മാറ്റിവച്ചത്‌ 2011ൽ ആണ്‌. ജ്യേഷ്‌ഠൻ ബിനുകുമാറാണ്‌ വൃക്ക നൽകിയത്‌. കോഴിക്കോട്ടെ നാടക– -കലാ സമൂഹമാണ്‌ അന്ന്‌ തുണയായത്‌. മാസം മുപ്പതിനായിരം രൂപ മരുന്നിന്‌ വേണം. അതിനാൽ അവാർഡ്‌ അംഗീകാരമെന്നതിനപ്പുറം ജീവിക്കാനും പ്രോത്സാഹനമാണ്‌. രോഗത്തിനോട്‌ മാറിനിൽക്കാൻ പറഞ്ഞ്‌ പുതിയ അധ്യയനവർഷത്തിലും  സ്‌കൂളുകളിലും ക്യാമ്പസുകളിലും നാടകത്തിന്റെ സൃഷ്‌ടിക്കായുള്ള ആധിയാനന്ദങ്ങളിലാണീ നാടകപ്രവർത്തകൻ. ഗിരീഷിന്റെ നാടകീയമായ നാടക വിശേഷങ്ങളിലേക്ക്‌. ഇ ഫോർ ഈഡിപ്പസ്‌ ഇ ഫോർ ഈഡിപ്പസ്‌, മുഖം, മുടി എന്നിങ്ങനെ മൂന്നു നാടകങ്ങളാണതിൽ. മികച്ച രചനയ്‌ക്കുള്ള വയലാ സാകേതം അവാർഡും ഇ ഫോർ ഈഡിപ്പസിനായിരുന്നു. ചേളന്നൂർ പി സി (പുന്നൂർ ചെറുപാലം) പാലത്താണ്‌ വീട്‌. വീട്ടുമുറ്റത്ത്‌ നാടകം കളിക്കുമായിരുന്നു. ജ്യേഷ്‌ഠന്മാരായ  ബിനുകുമാറും (രചന) മുരുഗേഷ്‌ കാക്കൂരും (അഭിനയം)  നാടകക്കാരായിരുന്നു. പി സി പാലം എയുപി സ്‌കൂളിൽ  പത്താംവയസ്സിൽ ‘വൃകാസുരവധം’ നാടകത്തിലാണ്‌ ആദ്യ നാടകാഭിനയം. പി സി പാലം സുബ്രഹ്മണ്യസാമിക്ഷേത്രത്തിൽ. പെൺവേഷത്തിൽ, പാർവതിയായായിരുന്നു അരങ്ങേറ്റം. ഏട്ടൻ ബിനുകുമാറായിരുന്നു രചന. ഹൈസ്‌കൂൾ കഴിഞ്ഞതോടെ സംവിധാനത്തിലായി. എൻ പ്രഭാകരന്റെ പുലിജന്മം സംവിധാനം ചെയ്‌തു. കൂത്തരങ്ങിനായി. ‘കോഴി’യാണ്‌ ആദ്യം എഴുതിയ നാടകം. അനിൽ പി സി പാലവുമായി ചേർന്ന്‌ സംയുക്തസംരംഭമായിരുന്നു അത്‌. കോഴിക്ക്‌ കേരളോത്സവത്തിൽ സമ്മാനംകിട്ടി. സ്‌നേഹപൂർവം, എലിപ്പെട്ടി, കുട്ടികളുടെ ആൽബം, അമ്പിളപ്പൂതം എന്നിവ സ്‌കൂളുകൾക്കായി നിരവധി നാടകങ്ങൾ. ഇതിൽ, ‘ഉണ്ടന്റെയും ഉണ്ടിയുടെയും കഥ’ കളിച്ച്‌ അത്തോളി ജിവിഎച്ച്‌എസ്‌എസ്‌ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സമ്മാനംനേടി. കഴിഞ്ഞ വർഷം കൊല്ലത്ത്‌ ‘കൃഷ്‌ണഗാഥ’യും (കൽപ്പറ്റ എൻഎസ്‌എസ്‌എച്ച്‌എസ്‌) എം മുകുന്ദന്റെ ‘ഒരു ദളിത്‌ യുവതിയുടെ കദനകഥ ഹയർ സെക്കൻഡറി വിഭാഗത്തിൽ ‘ഭഗവന്ദി’ എന്ന പേരിലും അവതരിപ്പിച്ചു. നാൽപ്പതോളം നാടകങ്ങൾ എഴുതി. പേടി (മാതൃക പബ്ലിക്കേഷൻസ്‌) പത്ത്‌ ഏകാങ്കങ്ങൾ, ഹിഡുംബി, അത്യാഹിത വിഭാഗം എന്നീ നാടകസമാഹാരങ്ങൾ പുറത്തിറക്കി. ആദ്യ ഡിജിറ്റൽ ഡ്രാമ തിരുവനന്തപുരം കലാനിലയം പുറത്തുനിന്ന്‌ ഒരു എഴുത്തുകാരനെക്കൊണ്ട്‌ ആദ്യമായി എഴുതി അവതരിപ്പിച്ച നാടകം ഗിരീഷിന്റേതാണ്‌, ‘ഹിഡുംബി’.  നടി ലക്ഷ്‌മിപ്രിയയും കലാമണ്ഡലം നീതുദാസുമായിരുന്നു അഭിനേതാക്കൾ. വിദേശത്തടക്കം ഏറെ അരങ്ങുകളിൽ കളിച്ചു. സ്‌ത്രീപക്ഷമായി ഹിഡുംബിയുടെ കഥ അവതരിപ്പിച്ച നാടകമാണത്‌. കവിതയെഴുതിയാണ്‌ സാഹിത്യലോകത്ത്‌ പ്രവേശം. ‘സൗമിനി’ എന്ന കവിതാസമാഹാരവും പുറത്തിറക്കി. കെപിഎസി തോപ്പിൽഭാസി പുരസ്‌കാരം,  അറ്റ്‌ലസ്‌ കൈരളി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്‌. പ്രശസ്‌ത നാടക–സാംസ്‌കാരിക പ്രവർത്തകൻ മുധുമാഷ്‌ അഭിനയിച്ച നാടകം സംവിധാനം ചെയ്‌തെന്ന ബഹുമതിയും ഗിരീഷിനുണ്ട്‌. മതഫാസിസ്‌റ്റുകൾ വെടിയുണ്ടയ്‌ക്കിരയാക്കിയ ഗൗരിലങ്കേഷിന്റെ കഥ പശ്ചാത്തലമാക്കി ഭരണകൂട–മത ഫാസിസ്‌റ്റുകൾ തുടരുന്ന മാധ്യമവേട്ട പറയുന്ന ‘അനാമികളുടെ വിലാപം’ എന്ന പുതിയ സൃഷ്‌ടിയുടെ പണിപ്പുരയിലാണ്‌ ഗിരീഷ്‌ ഇപ്പോൾ. മഴ തന്നെ മഴ...ഴ...ഴ...ഴ (ജീവിതവും നാടകവും) ‘മഴ തന്നെ മഴ...ഴ...ഴ...ഴ...’ ഈ പേരിലുള്ള നാടകം എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്‌. കലിക്കറ്റ്‌ വാഴ്‌സിറ്റി ഇന്റർസോൺ, ഐടിഐ കലോത്സവം, സംസ്ഥാന കേരളോത്സവം എന്നിവയിലും മഴ സമ്മാനങ്ങൾ നേടി. ഈ മഴ ഗിരീഷിന്റെ ശരിക്കുള്ള ജീവിതാനുഭവമാണ്‌. ബൈപോളാർ ഡിസോഡർ ബാധിച്ച ആത്മസുഹൃത്തുമായുള്ള ബന്ധമാണ്‌ കഥ. സ്‌നേഹംവന്നാലും കോപം വന്നാലും മാനസികനില മാറുന്ന അവസ്ഥയുള്ളയാളായിരുന്നു കൂട്ടുകാരൻ. അച്ഛനെ കൊന്ന, സഹോദരിയെ വധിക്കാൻ ശ്രമിച്ച അത്തരമൊരാളുടെ കൂടെ ഒരുരാത്രി കഴിയുന്നതാണ്‌ നാടകപ്രമേയം. യാദൃച്ഛികമായ സൗഹൃദമായിരുന്നു അത്‌. ശരിക്കും നാടകീയമായ ജീവിതകഥ. ഇതേയാളുമൊത്ത്‌ മൂന്നുമാസം കഴിഞ്ഞ അനുഭവം ഗിരീഷിനുണ്ട്‌. ഒരിക്കൽ ഗിരീഷിന്‌ തെക്കൻ ജില്ലയിൽനിന്ന്‌ ഒരു കത്ത്‌ (കാർഡ്‌) ലഭിക്കുന്നു. ‘ഗിരീ, നിനക്ക്‌ മഴയെ ഇഷ്‌ടമാണോ, എനിക്ക്‌ മഴയെ ഇഷ്‌ടമാണ്‌. മഴ തന്നെ മഴ...ഴ...ഴ...ഴ...’ നാടകക്കാരൻ മറുകുറിയിട്ടു. ‘‘കാലപ്പേമാരിയിൽ ഒഴുകിയെത്തിയ ഭൂതകാലത്തിന്റെ കൂട്ടുകാരാ, എനിക്കും മഴയെ ഇഷ്‌ടമാണ്‌. മഴ തന്നെ മഴ...ഴ....ഴ...ഴ.’’ നേരിൽക്കാണാതെ ആ തൂലികാസൗഹൃദം കത്തുകളിലൂടെ തളിർത്തു. കോഴിക്കോട്‌ പി സി പാലത്തെ ഗിരീഷിന്റെ വീട്ടിൽ ഒരു പുലർകാലത്തയാൾ വന്നുചേരുന്നു. ആരാണെന്ന ചോദ്യത്തിന്‌ ‘ഞാനാരായിരിക്കും’ എന്ന്‌ എതിർചോദ്യം. ‘എനിക്കൊരു നാടകം വേണം, നിനക്ക്‌ പറ്റില്ലെങ്കിൽ ഷേക്‌സ്‌പിയറിനെക്കൊണ്ടെഴുതിക്കാം’, എന്ന്‌ പറഞ്ഞു. അതവനായിരുന്നു.  മാസങ്ങൾ പി സി പാലത്തെ വീട്ടിലയാൾ താമസിച്ചു. പാരൽകോളേജിലും നാടകക്യാമ്പിലും എല്ലായിടത്തും കൂടെ. ഇണങ്ങിയും പിണങ്ങിയും. കൂട്ടുകാരന്റെ രോഗത്തിന്റെ എല്ലാതലങ്ങളും ഗിരീഷ്‌  കണ്ടറിഞ്ഞു. ക്രിസ്‌റ്റി, ഹരി എന്ന രണ്ടു കഥാപാത്രങ്ങളിലൂടെ ഈ കഥ ഗിരീഷ്‌ നാടകമാക്കി. അമേച്വർ നാടകത്തിലെ പരീക്ഷണസൃഷ്‌ടിയായത്‌ പേരെടുത്തു. അരങ്ങിൽനിന്ന്‌ ആ മഴ വെള്ളിത്തിരയിലേക്കും പടർന്നു. ‘ഴ’ എന്ന പേരിൽ. സന്തോഷ്‌ കീഴാറ്റൂർ, കാതൽ സുധി, ലക്ഷ്‌മി പ്രിയ, നേയ്‌റ നിഹാർ എന്നിവർക്കൊപ്പം കോഴിക്കോടൻ നാടകനിരയും അഭിനയിച്ച്‌ ‘ഴ’ പ്രദർശനവിജയം നേടി. ‘പള്ളിക്കൂട’മായിരുന്നു ആദ്യ സിനിമ. പത്തോളം സീരിയലുകൾ രചിച്ചു. ദേവരാഗം, പഞ്ചാഗ്‌നി, നന്ദനം, വൃന്ദാവനം, കൈയെത്തും ദൂരത്ത്‌, ഒരിടത്തൊരു രാജകുമാരി, മായാമയൂരം. ഭാഗ്യദേവത, എന്ന്‌ സ്വന്തം ജാനി എന്നിങ്ങനെ ഏഷ്യാനെറ്റ്‌, സൂര്യ, സീ കേരളം, കൈരളി, മഴവിൽ മനോരമയിലെയൊക്കെ ഹിറ്റ്‌  സീരിയലുകളെല്ലാം ഗിരീഷിന്റേതാണ്‌. Read on deshabhimani.com

Related News