ഗാർഗി ഒരു പേര്‌ മാത്രമല്ല



‘എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ ബോധം, എന്റെ താളം, എന്റെ മനസ്സ്‌, എന്റെ ശരീരം, ഒറ്റക്കൊഴുകും, ഇറങ്ങി നടക്കും, പിടിച്ചുകെട്ടി വീട്ടിലടക്കാൻ വരുന്നവരോട്‌ ഒരു ചോദ്യം. ഞാൻ ഇറങ്ങി നടന്നാൽ നിനക്കെന്താടാ?’ ചോദ്യം ഗാർഗിയുടേതാണ്‌. ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിന്റെ  മഹാകഥ. പൗരാണികവും ആധുനികവുമായ കുടുംബ വ്യവസ്ഥയിൽനിന്നുകൊണ്ട് "ഗാർഗി’ നമ്മോട് സംസാരിക്കുന്നു. "ഹോം തിയറ്റർ റിയാലിറ്റീസ് അങ്കമാലി ’അവതരിപ്പിക്കുന്ന "ഗാർഗി’ നാടകം വേറിട്ട അവതരണത്താൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രാചീന ഇന്ത്യയിലെ തത്ത്വചിന്തകയായിരുന്നു ഗാർഗി. വൈദേഹ രാജ്യത്തിലെ ജനകരാജാവ് നടത്തിയ ബ്രഹ്മയജ്ഞം എന്ന തത്ത്വചിന്താസമ്മേളനത്തിൽ ഗാർഗി യാജ്ഞവൽക്യമുനിയെ, ആത്മാവിനെ സംബന്ധിച്ച കുഴക്കുന്ന ചോദ്യങ്ങളുയർത്തി വെല്ലുവിളിക്കുന്നു. ഗാർഗമുനിയുടെ കുലത്തിൽ പിറന്നതിനാലാണ് ഗാർഗിക്ക് ഈ പേരുലഭിച്ചത്. അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ധാരാളം സൂക്തങ്ങൾ ഗാർഗി രചിച്ചിട്ടുണ്ട്. മിഥിലയിലെ ജനകരാജാവിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഗാർഗി. ഗാർഗി സംഹിത എന്ന കൃതിയുടെ കർത്താവും ഗാർഗിയാണെന്ന് കരുതപ്പെടുന്നു. ഈ ഗാർഗിയാണ്‌ വർത്തമാന കാലത്തോട്‌ ഇന്നിന്റെ ചോദ്യങ്ങളുമായെത്തുന്നത്‌.   കോവിഡ് കാലത്ത് വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന സമയം, വീട് അരങ്ങാക്കി അങ്കമാലി, മങ്ങാട്ടുകര സ്വദേശികളായ മോഹൻ കൃഷ്‌ണന്റെ നാടക കുടുംബം ഡിജിറ്റൽ നാടകവുമായി കൂട്ടിയിണക്കിയ സംഘമാണ് "ഹോം തിയറ്റർ റിയാലിറ്റീസ് അങ്കമാലി ’. പിന്നീട്‌ കൂടുതൽ നാടകസുഹൃത്തുക്കളും ശിഷ്യരായ കുട്ടികളുമായി ചേർന്ന് "ഗാർഗി’ എന്ന നാടകം ആസ്വാദകർക്കായി ഒരുക്കി. വേറിട്ട രംഗാവതരണവും ചടുലമായ അരങ്ങവതരണവും നാടകത്തെ കാണികളുമായി കൂടുതൽ അടുപ്പിക്കുന്നു. അടുക്കളയിൽനിന്നും അരങ്ങിലേക്ക് വരുന്ന, സ്ത്രീ നേരിടുന്ന ക്രൂരമായ അവഗണനയുടെയും പീഡനത്തിന്റെയും രൂക്ഷത നാടകം വെളിവാക്കുന്നു.   ആധുനിക കാലത്തെ അണുകുടുംബഘടനയിൽനിന്നും ഉയർന്നുവന്ന വിദ്യാസമ്പന്നയായ പെൺകുട്ടി നേരിടുന്ന  സ്ത്രീവിരുദ്ധതയുടെ തുറന്നുകാട്ടലാണ്‌ നാടകം. കേന്ദ്ര കഥാപാത്രമായ ഗാർഗി എന്ന കഥാപാത്രത്തിലൂടെ ആധുനിക സ്ത്രീത്വം നേരിടുന്ന അടിച്ചമർത്തലിന്റെ കഥ നാടകം പറയുന്നു. ആധുനികതയിലേക്കുള്ള സഞ്ചാരമെന്ന്‌ അവകാശപ്പെടുമ്പോഴും വർത്തമാന കാലവും പുരുഷ കേന്ദ്രീകൃത ചിന്തകളിൽനിന്ന്‌ വിമുക്തമല്ലെന്ന്‌ ഗാർഗി ഓർമിപ്പിക്കുന്നു. ഗാർഗി ഒരു പ്രതീക്ഷയാണ്‌. സ്വപ്‌നങ്ങളുടെ... സത്യങ്ങളുടെ... ആകെ ചേർത്തുവച്ച ഉത്തരവും. സംവിധായകൻ മോഹൻ കൃഷ്ണനൊപ്പം ഭാര്യ തങ്കം മോഹൻ, മക്കളായ ജിഷ്‌ണു മോഹൻ, വിഷ്‌ണു മോഹൻ. മരുമക്കളായ ജീത്തു, അശ്വതി മുരുകൻ  എന്നിവരും അരങ്ങിലെത്തുന്നു. ജീത്തുവാണ്‌ ഗാർഗിയായി അഭിനയിക്കുന്നത്‌. നാടക രചന: സജീവൻ മുരിയാട്. സംഗീതം: ബിഷോയ് അനിയൻ, കൊറിയോഗ്രഫി: കാർത്തികേയൻ വലപ്പാട്. സെറ്റ് ഡിസൈൻ: ജിനേഷ് വി കെ, വരികൾ: ശിവകുമാർ, വിജേഷ് കെ വി, ലൈറ്റ്: അനൂപ് പൂന, സംഗീത നിയന്ത്രണം: ദേവപ്രിയ. ജീത്തു ടി ജെ, ഹേമ അനിൽ, ദീപ ജോണി, ചാന്ദിനി സുരേന്ദ്രൻ, അമൃത ശ്രീജേഷ്, അശ്വതി ജിഷ്ണു, രാജലക്ഷ്മി ജിഷ്ണു മോഹൻ, ജോണി തോട്ടുങ്ങൽ, കാർത്തികേയൻ വലപ്പാട്, ജിഷ്ണു ഡി പ്രോട്ടോകോൾ, അഭിറാം, മോഹൻ കൃഷ്ണൻ എന്നിവരും അരങ്ങിലെത്തുന്നു. Read on deshabhimani.com

Related News