ഗുരു ഗോപിനാഥ് നടന ഗ്രാമത്തില്‍ 'വരവിളി' നാളെ മുതൽ
തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്നു നാളെ (ജൂലൈ 29) മുതല്‍ ആഗസ്റ്റ് ഒന്നുവരെ 'വരവിളി' എന്ന പേരില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 11.30ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗുരു ഗോപിനാഥ് നടന ഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ തെയ്യം കലയെ അടിസ്ഥാനമാക്കി മ്യൂറല്‍ പെയ്ന്റിങ്, ചിത്ര രചനാ ക്യാംപ്, ഫൊട്ടോഗ്രഫി പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, മുഖത്തെഴുത്ത് ശില്‍പശാല, തോറ്റം പാട്ട് ശില്‍പശാല, നാടന്‍പാട്ട് ശില്‍പശാല, അണിയലക്കാഴ്ചകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക സമ്മേളനവും കലാവിരുന്നും അരങ്ങേറും. സാംസ്‌കാരിക സമ്മേളനങ്ങളുടെ ഉദ്ഘാടനം 29ന് വൈകിട്ട് ഏഴിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ആഗസ്റ്റ് ഒന്നിനു നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. ‘വരവിളി'യുടെ ഭാഗമായി ജൂലൈ 31 ഞായര്‍ രാവിലെ 10 ന ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. നാലു വയസുമുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ 0471-2364771, 9496653573 എന്ന നമ്പറില്‍ ബന്ധപ്പെടുക. ജൂലൈ 31 രാവിലെ ഒന്‍പതിന് നടന ഗ്രാമത്തില്‍ സ്പോട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. Read on deshabhimani.com