അകലെ അരങ്ങിൽ കനലാളുന്നുണ്ട്...

ഡോ. പ്രമോദ് പയ്യന്നൂർ


അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഭരത് മുരളി നാടകോത്സവത്തിൽ പ്രധാന വിധികർത്താവായ നാടക – ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ദൃശ്യസാക്ഷ്യം. “The word Theatre comes from the Greeks. It means the seeing place. It is a place people come to see the truth about life and the social situation” –– നാടകവേദിയുടെ നവഭാവുകത്വവുമായി അന്തർദേശീയ തലത്തിലേക്ക് ഉയരുകയാണ് അറേബ്യൻ പ്രവാസ മലയാളി കൂട്ടായ്മ വർഷാവർഷം സംഘടിപ്പിയ്ക്കുന്ന തിയേറ്റർ ഫെസ്റ്റ്. അഭിനയകലയുടെ ഉൾക്കരുത്ത് അരങ്ങിലും അഭ്രപാളിയിലും ഒരുപോലെ പടർത്തിയ ഭരത് മുരളിയുടെ നാമത്തിൽ അബുദാബി സോഷ്യൽ സെന്റർ ഒരുക്കുന്ന രംഗാവതരണങ്ങൾ ഇന്ന് ലോക നാടകോത്സവ ഭൂപടത്തിൽ ഇടം നേടുന്ന രംഗോത്സവ ദൗത്യമാണ്. പത്തു നാടകങ്ങളാണ് ഇക്കുറി മണൽ നഗരത്തിലെ ആരവവും ആവേശവുമായി അരങ്ങേറിയത്. പ്രവാസത്തിന്റെ ഭാഗമായ ജോലിത്തിരക്കുകൾക്കിടയിൽ ഉള്ളിലെ നാടകജ്വാലയെ കെടാതെ സൂക്ഷിക്കുകയും അനുകൂലസാഹചര്യത്തിൽ ആളിക്കത്തിക്കുകയും അതിൽനിന്നു ലഭിക്കുന്ന സർഗ്ഗാത്മകയുടെ ആനന്ദം അനുഭവിക്കാൻ ആത്മസമർപ്പണം നടത്തുകയും ചെയ്യുന്നവരായിരുന്നു ഈ നാടകമത്സരത്തിൽ പങ്കെടുത്ത ഓരോ നാടക പ്രണേതാക്കളും. സോർബ 1946 ൽ ഗ്രീക്ക് നോവലിസ്റ്റും ജേണലിസ്റ്റും കവിയും നാടകകൃത്തും തത്വചിന്തകനുമായിരുന്ന നീകോസ് കസാൻദ്സാകിസിന്റെ ന്റെ ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് അലക്സിസ് സോർബ എന്ന നോവലിനെ ഉപജീവിച്ച് ഒരുക്കിയ രംഗാവതരണം സാർവ്വജനീനമായ ജീവിതാവസ്ഥകളുടെ ഉള്ളറകൾ തേടിയുള്ള യാത്രയായിരുന്നു. എഴുത്തുജീവിതത്തിന്റെ മടുപ്പിനെ വകഞ്ഞുമാറ്റാൻ, സൃഷ്ടിയുടെ ഭാവനാലോകത്തുനിന്നു മാറി, ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ തേടി അലയുന്ന എഴുത്തുകാരൻ ഒരുവശത്ത്; ധീരനും ഉന്മാദിയുമായ സോർബയുടെ അനുഭവതീവ്രതകൾ മറുവശത്ത്. 1964ൽ Micheal Cacoyannis സംവിധാനം ചെയ്ത്  ആന്തണി ക്വിൻ സോർബയായി വേഷമിട്ട ചലച്ചിത്രം എന്ന നിലയിലും ബിബിസി റേഡിയോ പ്ലേ ആയും അക്കാലത്തെ സ്റ്റേജ് മ്യൂസിക്കൽ പ്രൊഡക്ഷൻ ആയും ശ്രദ്ധേയമായ സാഹിത്യ സൃഷ്ടിയാണ് ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് അലക്സിസ് സോർബ. സങ്കടങ്ങളെ കണ്ടുതീർക്കാനും, ആത്മീയത പുസ്തകങ്ങളിൽ തിരയാനും മാത്രമറിയുന്ന എഴുത്തുകാരനോട് ലൗകികജീവിതം അറിയാൻ കലഹിക്കുന്ന മനുഷ്യൻ, യുദ്ധക്കെടുതികൾ അറിഞ്ഞ് യുദ്ധം വേണ്ടെന്ന് വെച്ചവൻ, ജീവിതത്തിന്റെ നാനാർത്ഥങ്ങളറിഞ്ഞവൻ, സുഖദുഃഖങ്ങൾ സന്തൂരി മീട്ടി ആസ്വദിക്കുന്നവൻ എന്നിങ്ങനെ സോർബയുടെ നാടകീയ ദൃശ്യസാധ്യതകൾ ഈ അരങ്ങവതരണം മുന്നോട്ടുവച്ചു. ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന ശീർഷകത്തിൽ, സുധാമേനോൻ എഴുതിയ പുസ്തകത്തിലെ ഒരേടായിരുന്നു രണ്ടാംദിന രംഗഭാഷയ്ക്ക് ആധാരം. ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ ആറു സ്ത്രീകളുടെ സഹനങ്ങൾ അടയാളപ്പെടുത്തിയ അനുഭവക്കുറിപ്പുകളിൽ, ശ്രീലങ്കയിലെ ബാട്ടിക്കൊളോവയിലെ കൊക്കടിച്ചോലയിൽ വച്ച് കണ്ടുമുട്ടിയ ജീവലത എന്ന സ്ത്രീയുടെ ജീവിതസഹനങ്ങൾ മുദ്രണം ചെയ്ത മീൻപാടും തേൻ രാജ്യം എന്ന രചനയായിരുന്നു ജീവലത എന്ന രംഗഭാഷയുടെ രചിതപാഠം. വംശീയ യുദ്ധത്തിന്റെ സംഹാര താണ്ഡവത്തിൽ ഭർത്താവിനേയും മകളേയും നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ നോവുമായി ജീവിച്ച ജീവലത ഒരു പ്രതീകമാണ്. യുദ്ധവെറിയുടെയും മത വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും മനുഷ്യത്വരഹിതമായ പോർമുഖങ്ങളിൽ നമുക്ക് ജീവലതമാരെ കാണാം. ചരിത്രത്തിന്റെ സുവർണ്ണരേഖകളിലൊന്നും നാം കാണാതെ പോകുന്ന പെൺജന്മങ്ങളുടെ, അദൃശ്യമാക്കപ്പെടുന്ന മുറിവുകളിലേക്കാണ് നാടകം പ്രകാശം പരത്തിയത്. പാക്കിസ്ഥാനിലെ സൈറയും അഫ്‌ഗാനിസ്ഥാനിലെ പർവീനും ബംഗ്ലാദേശിലെ സഫിയയും നേപ്പാളിലെ ശ്രേഷ്ഠയും തെലങ്കാനയിലെ രേവമ്മയും എന്നതുപോലെ മണ്ണിന്റെ ഉടമസ്ഥതയും പെണ്ണിന്റെ അവസ്ഥയും ആവിഷ്കരിക്കുന്ന ചരിത്രത്തിലെ ഉണങ്ങാത്ത മുറിപ്പാടുകളാണ് ജീവലതയും പ്രമേയപരമായി മുന്നോട്ടുവയ്ക്കുന്നത്. തമിഴ് സിംഹള സംഘർഷത്തിൽ നഷ്ടങ്ങൾ അനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യർക്കൊപ്പം നിൽക്കുന്ന മനുഷ്യപക്ഷത്തിന്റെ കഥ പ്രമേയമായി സ്വീകരിച്ചു എന്നതാണ് അൽഖ്യൂസ് തിയറ്റർ ഒരുക്കിയ ജീവലതയുടെ സവിശേഷത. പലസ്തീനിലും ഉക്രൈനിലും ഗാസയിലും അതിർത്തികളിലും യുദ്ധങ്ങൾ തുടരുന്ന കാലത്ത് ലോകത്തെവിടെയും നോവുകളുടെ ഏകത, മാനവികതയുടെ ഭാഷ, നേരിന്റെ സ്വരം എല്ലാം ഒരുപോലെയാണെന്നും ആരുടെയൊക്കെയോ ഉന്മാദങ്ങളിൽ പലപ്പോഴും ഇരകളാകുന്നത് സ്ത്രീ ജന്മങ്ങളാണെന്നുമുള്ള ചരിത്രസാക്ഷ്യമായിരുന്നു ഈ രംഗാവതരണം. മരണക്കളി The life of a play begins and ends in the moment of perfomance എന്ന പീറ്റർ ബ്രൂക്കിന്റെ ചിന്തയെയാണ് മൂന്നാം നാളിലെ മരണക്കളി എന്ന രംഗാവതരണം മനസ്സിലെത്തിച്ചത്. ഏണിയും പാമ്പുമെന്ന പഴമയുള്ള കളിയെ ജീവിതവുമായി ചേർത്തുവായിക്കുന്ന രചനയും ദൃശ്യബിംബങ്ങളും ദുബായ് കനൽ തിയറ്റർ ഒരുക്കിയ മരണക്കളിയെ ശ്രദ്ധേയമാക്കി. ‘ഓരോ തവണയും പകിടകൾ മാറിമറിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോൾ ഏണിപ്പടി കയറി മുകളിലേക്ക് പോകാൻ തോന്നും പക്ഷേ, 99ൽ ഒരു പാമ്പുണ്ടെന്ന് മറക്കണ്ട’ എന്ന യാഥാർത്ഥ്യം, സ്വാർഥതകളുടെ ലോകത്ത് അഭിരമിക്കുന്ന ലോകത്തെ ഓർമ്മപ്പെടുത്താൻ മരണക്കളി എന്ന നാടകത്തിന് സാധിച്ചിട്ടുണ്ട്. യുഎഇ യിലെ അരങ്ങുകളിൽ നിറഞ്ഞുനിന്ന നാടക പ്രണേതാവ് വിനോദ് മണിയറയുടെ ഓർമ്മകൾക്കുമുന്നിൽ പ്രണമിച്ചുകൊണ്ടാണ് അരങ്ങ് ഉണർന്നത്. തൊണ്ണൂറ്റി അഞ്ചാം വയസ്സിൽ ഇന്ദ്രജാലത്തിലെന്ന പോലെ ആശാൻ ജീവിതനാടകത്തിൽ നിന്നു വിടവാങ്ങുന്നു. മാജിക് കല മാത്രമല്ല മോഷണം കൂടിയാണ് എന്ന കുഞ്ഞനാശാന്റെ അന്തർഗതങ്ങളോടെയാണ് അരങ്ങുണരുന്നത്. കുമാരൻ എന്ന കുഞ്ഞനാശാൻ തൊണ്ണൂറ്റി അഞ്ചാം വയസ്സിൽ കിണറ്റിൽവീണ് മരിക്കുന്നിടത്ത് നാടകത്തിന്റെ പിരിമുറുക്കത്തിന് തുടക്കമാകുന്നു. നാട്ടുനടപ്പനുസരിച്ച് ബന്ധുജനങ്ങൾ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ഏഴുനാൾ പരേതാത്മാവിന്റെ ശാന്തിയ്ക്കായി അനുഷ്ഠാനകർമ്മങ്ങൾക്കായി ഒത്തുചേരുന്നു. എല്ലാവരുടെയും ലക്ഷ്യം കുഞ്ഞനാശാന്റെ സ്വത്തുവകകളാണ്. തുടർന്ന് രംഗാവതരണം ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളിലേക്ക് വഴിമാറുന്നു. ജീവിതത്തിൽ മനുഷ്യർ ആഘോഷിക്കുന്ന ദുരയെയും പണക്കൊതിയെയും കാപട്യങ്ങളെയും കരുത്താർന്ന രീതിയിൽ മരണക്കളി എന്ന നാടകം പ്രതിരോധിക്കുന്നു. ബാബുവിന്റെ പൂച്ച നാലാംദിന അരങ്ങിൽ, ചേതന റാസൽഖൈമ അവതരിപ്പിച്ച കെ പി ബാബുവിന്റെ പൂച്ച എന്ന നാടകമാണ് അരങ്ങേറിയത്. നാടകം വായിച്ചപ്പോൾ പൂച്ചയുടെ അരങ്ങാവിഷ്കാരം ഏത് ഡിവൈസിലൂടെ ചെയ്തെടുക്കുമെന്നതിനനുസരിച്ചാകും രംഗഭാഷയുടെ കെട്ടുറപ്പ് സാധ്യമാകുകയെന്ന് തോന്നിയിരുന്നു. വെളുത്ത വെളിച്ചപ്പൊട്ടിലൂടെ ‘ഉമ്മിണി’ എന്ന പൂച്ചയുടെ സാന്നിദ്ധ്യം ആവിഷ്കരിച്ച നാടക സർഗ്ഗാത്മകത ശ്രദ്ധേയം. മത്സര ചേരുവകളിൽ അഭിരമിച്ചുപോകുന്ന പൊതു നാടകങ്ങൾക്കിടയിൽ, അപൂർവ്വമായി കാണുന്ന നാട്ടിൻപുറത്തിന്റെ ലാളിത്യവും ജീവിത യാഥാർത്ഥ്യങ്ങളും നാടകത്തെ ഹൃദ്യമാക്കി. സന്താനസൗഭാഗ്യമില്ലെങ്കിലും ഭാര്യ രേഷ്മയുമൊത്ത് ശാന്തമായി ഒഴുകുന്ന ജീവിതമാണ് കെ പി ബാബുവിന്റേത്. ഒരു ബൈക്ക് യാത്രയ്ക്കിടയിൽ കുറുകെച്ചാടിയ പൂച്ചയാണ് ബാബുവിന്റെ ജീവിതത്തിൽ പുതിയ പുതിയ പ്രത്യാശകൾ നിറയ്ക്കുന്നത്. സോവിയറ്റ് സ്റ്റേഷൻ കടവ് ചരിത്രത്തിന്റെ നീതികേടുകളോടും വർത്തമാനകാല അസമത്വങ്ങളോടും പൊരുതി മുന്നേറാനുള്ള ജനകീയ കലയാണ് നാടകം എന്ന അഗസ്റ്റോ ബോളിന്റെ പ്രസക്തമായ ദർശനത്തെ ചേർത്തുപിടിച്ച രംഗാവതരണമായിരുന്നു ആറാംദിന നാടകരാവിൽ അബുദാബി കേരള സോഷ്യൽ സെന്ററിൽ അരങ്ങേറിയ ശക്തി തിയറ്റേഴ്സിന്റെ സോവിയറ്റ് സ്റ്റേഷൻ കടവ്. ജനാധിപത്യസമൂഹത്തിൽ അധികാരത്തിനുവേണ്ടിയുള്ള അമിതദാഹം എന്നും ശാപമായിരിക്കും. സ്വേച്ഛാധിപത്യത്തിന്റെ ഉന്മാദം അധികാരവർഗ്ഗത്തിന്റെ ഞരമ്പുകളിലൂടെ ഒഴുകിത്തുടങ്ങിയാൽ, ജനാധിപത്യത്തിലേക്കുള്ള വഴി സുഗമമാകില്ല എന്ന ചരിത്ര സാക്ഷ്യത്തിന്റെ ഉൾക്കരുത്തുമായാണ് ശക്തിയുടെ സർഗ്ഗാത്മക സംഘം അരങ്ങിലെത്തിയത്. ആദ്യ ‘ടൈം ട്രാവലർ’ നാടകം എന്ന വിശേഷണത്തോടെ ഭരത് മുരളി നാടകോത്സവ വേദിയിലെത്തിയ നാടകം സങ്കീർണ്ണമായ വിഷയത്തെ ലളിതമായി ആവിഷ്കരിക്കുവാൻ ശ്രമിക്കുന്നുണ്ട്. റിയാലിറ്റിക്കും ഫാന്റസിക്കുമിടയിലൂടെ സഞ്ചരിയ്ക്കുന്ന സ്ഥല കാലങ്ങളും കഥാപാത്രങ്ങളുമായി അവതരണത്തിന്റെ വേറിട്ട ചാരുത അറിയിക്കാനുള്ള ശ്രമം സോവിയറ്റ് സ്റ്റേഷൻ കടവ് മുന്നോട്ടുവച്ചിട്ടുണ്ട്. 2016ൽ അമേരിക്കയിലെ ബ്രോഡ് വേ തിയറ്ററിൽ അരങ്ങേറിയ Harry Potter and the Cursed Child ഭൂതകാലത്തിലേയ്ക്ക് സഞ്ചരിച്ച് ഡെറിക്ക് ഗ്രിഗറിയുടെ മരണം തടയാൻ ശ്രമിക്കുന്ന പ്രമേയമാണ് കൈകാര്യം ചെയ്തത്. ടോയ് മാൻ ചരിത്രത്തിലെ ആഴമുള്ള മുറിവുകളെ ഓർമ്മിപ്പിച്ച്, അധികാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ദുരകൾ ജനാധിപത്യ സമൂഹത്തിന് എന്നും ദുരിതങ്ങളാകും പകർന്നേകുക എന്ന് സോവിയറ്റ് സ്റ്റേഷൻ കടവ്  എന്ന നാടകം സമൂഹത്തെ വെളിപാടുപോലെ ഓർമ്മപ്പെടുത്തി. മൾട്ടിലിങ്ക്വൽ അബ്സ്ട്രാക്ട് ഡ്രാമ എന്ന വിശേഷണത്തിൽ അരങ്ങേറിയ ടോയ് മാൻ ഏഴാംദിന രംഗോത്സവത്തെ വിഭിന്ന ശൈലിയാൽ ശ്രദ്ധേയമായി. യൂറോപ്യൻ അവന്ത് ഗാർഡ് തിയേറ്ററിന്റെ അമരക്കാരായ Antonin Artaud ന്റെ Theatre of Cruelty എന്ന നാടക സിദ്ധാന്തത്തിന്റെ ശൈലി ഉപയോഗപ്പെടുത്തിയുള്ളതായിരുന്നു ചമയം തിയറ്റേഴ്സ് ഷാർജ അവതരിപ്പിച്ച ടോയ് മാൻ. 1938 Theatre and its Double എന്ന തിയറിയിലൂടെ ലോകനാടകരംഗത്ത് ശ്രദ്ധേയനായ Antonin Artaud  1896 മുതൽ 1948 വരെ ഫ്രാൻസിലെ രംഗവേദികളിലും ലോകനാടക രംഗത്തും ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ആ നാടക പ്രയോക്താവിന്റെ സിദ്ധാന്തങ്ങൾ ഇന്നും രംഗഭാഷാ സാധ്യതകളുടെ ഉറവിടമാണെന്ന്  ടോയ് മാൻന്റെ അവതരണം സാക്ഷ്യപ്പെടുത്തുന്നു. ഭൂമി നിറയെ ജീവിതം, ഒരസ്ഥിക്കുടുക്കയിൽ എത്രകൊള്ളും? എന്നെഴുതിയ പ്രിയ നാടക കലാകാരൻ പ്രശാന്ത് നാരായണന്റെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിച്ച നാടകം കളിക്കളം തയ്യാറാക്കി, ലോകം ചുറ്റി അരങ്ങ് നിറയ്ക്കാനെത്തുന്നവർ എന്ന മുഖവുരയോടെയാണ് തുടങ്ങിയത്. വലിച്ചെറിയപ്പെട്ട ഒരു എല്ലിൻ കഷ്ണം അരങ്ങിൽ വന്ന് വീഴുന്നതോടെ എത്തുന്ന നായ്ക്കൂട്ടത്തിന്റെ ആർത്തിയിലാണ് TOY MAN ന്റെ കളിയുടെ തുടക്കം. കഥാകഥനരീതി പിന്തുടരാതെ അമൂർത്തമായ  (Abstract) അവതരണ ശൈലിയാണ് ‘കളിപ്പാട്ടക്കാരൻ’ മുന്നോട്ട് വച്ചത്. സംഭാഷണങ്ങളിൽ നിന്നും ഇതിവൃത്തം മനസ്സിലാക്കിയെടുക്കുന്ന പതിവുശൈലിയിൽ നാടകത്തെ പിന്തുടരുവാൻ പ്രേക്ഷകർക്ക് ഇത്തരം അവതരണങ്ങളിലൂടെ സാധിക്കില്ല. ബാഹ്യയാഥാർഥ്യങ്ങൾക്ക് അപ്പുറമുള്ള ആന്തരിക യാഥാർഥ്യത്തേയും ചോദനകളേയും അഭിമുഖീകരിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നതെന്ന് സാമാന്യമായി പറയാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നടന്ന അന്വേഷണങ്ങളിൽ ആരംഭിച്ച അമൂർത്തനാടക സങ്കല്പങ്ങളുടെയും ഫ്രഞ്ച് നാടകസൈദ്ധാന്തികനും, സംവിധായകനുമായ Antonin Arthard ന്റെ‘Theatre of cruelty’യുടെയും സ്വാധീനം Toyman ന്റെ രൂപകല്പനയിൽ പ്രകടമായി ദർശിച്ചു. ട്വിങ്കിൾ റോസ നാടകം കണ്ണിന്റെ മാത്രമല്ല, ഹൃദയത്തിന്റെയും കലയാണെന്ന മുഖവുരയോടെ ആരംഭിച്ച അവതരണം, ശ്രദ്ധേയ ചെറുകഥാകൃത്തും ജേർണലിസ്റ്റുമായ ജി. ആർ. ഇന്ദുഗോപന്റെ കഥയെ അവലംബിച്ചുള്ള കാഴ്ചയായിരുന്നു. അഷ്ടമുടിക്കായലും മൺറോ തുരുത്തും പുണ്യാളൻ ദ്വീപും ഏഴുനിറങ്ങളുള്ള നിലാവുമൊക്കെച്ചേർന്ന ഗ്രാമഭൂമികയിലൂടെയുള്ള ദൃശ്യാനുഭവം പകരുന്ന കഥയ്ക്ക് അനുയോജ്യമായ രംഗാവതരണം നടത്തുവാനുള്ള സർഗ്ഗാത്മക ശ്രമമായിരുന്നു അലൈനിലെ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരിപ്പിച്ച ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന എട്ടാം ദിന അരങ്ങുഭാഷ. മലയാളത്തിന്റെ കാവ്യാകാശത്ത്, വിടപറച്ചിലിന്റെ നൂറാം വർഷത്തിനിപ്പുറവും തിളങ്ങിനിൽക്കുന്ന മഹാകവി കുമാരനാശാന്റെ ‘മാംസനിബന്ധമല്ല രാഗം’ എന്ന വരികളെ ഓർമ്മിപ്പിക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന പെണ്മാനസമാണ് ട്വിങ്കിൾ റോസയുടേത്. പ്രകൃതിസൗന്ദര്യം നഷ്ടമാകാത്ത അഷ്ടമുടിക്കായലിലെ പുണ്യാളൻ തുരുത്താണ് പ്രമേയത്തിലെ ആത്യന്തിക കഥാപാത്രം. സൂര്യവെട്ടത്തിൽമാത്രമല്ല നിലാവിലും മഴവില്ല് തെളിയുന്നൊരിടം എന്നാണ് കഥയിൽ ഈ ഭൂമികളുടെ സൂചന. ഇവിടെ പ്രകൃതിയുടെ പ്രതിരൂപമായി പ്രതിഷ്ഠിക്കപ്പെടുന്ന സ്ത്രീകഥാപാത്ര മാണ് റോസ. കായലും കക്കയും നിലാവും കണ്ടൽക്കാടും നിലയില്ലാക്കയങ്ങളും ഞണ്ടുകളും പായൽകൂനകളിൽ അന്തിയുറങ്ങാനെത്തുന്ന ആളപ്പക്ഷികളും എല്ലാം നിർമ്മിക്കപ്പെട്ടത് റോസ എന്ന സ്നേഹത്തിനുവേണ്ടിയാണെന്ന് കഥയിലെ വരികൾക്കിടയിലെ മൗനങ്ങൾ പറയാതെ പറയുന്നു. പൗർണമി രാവിൽ ദ്വീപിനെ പുണരുന്ന ചാരനിറമുള്ള നിലാവും കായലിന്റെ വെളുത്തമണലിലൂടെ ഇഴഞ്ഞുനടക്കുന്ന മഞ്ഞക്കക്കകളുടെ ലക്ഷോപലക്ഷം ജീവിത ങ്ങളും നിറഞ്ഞമായികലോകമാണ് പുണ്യാളൻ തുരുത്തിന്റേത്; ആ ഭൂമികയിലേയ്ക്ക് പ്രകൃതിയുടെ പ്രണയിനിയായി ടെറിപീറ്ററെ വിവാഹം ചെയ്ത് കടന്നുവരുന്ന ട്വിങ്കിൾ റോസയുടെ മനസ്സിന്റെ കാണാപ്പുറങ്ങളിലെ നാടകീയഭാവങ്ങളെ നാടകരചിതപാഠവും രംഗപാഠവും വേണ്ടത്ര ആവിഷ്കരിക്കുവാൻ ശ്രമിച്ചുവെന്നതായിരുന്നു ഈ രംഗഭാഷയുടെ നന്മ. ഭൂതങ്ങൾ എട്ടാം നാൾ അരങ്ങുണർത്തിയത് ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ എന്ന രംഗാവതരണമായിരുന്നു. എന്നാൽ 2022 ൽ പുറത്തിറങ്ങിയ ‘അപ്പൻ’ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം സ്വാംശീകരിച്ച അരങ്ങവതരണമാണ് അരങ്ങിൽ എത്തിയത്. ജനപ്രിയമായ ഒട്ടേറെ നാടകങ്ങൾ ചലച്ചിത്രമായിട്ടുണ്ട് എന്നതുപോലെ, ചലച്ചിത്രത്തെതന്നെ നാടക ഇതിവൃത്തമായി സ്വീകരിക്കുന്നതിൽ അനൗചിത്യമൊന്നുമില്ല. അകിരോ കുറോസോവയുടെ ലോകപ്രശസ്തമായ ചലച്ചിത്രം ‘റാഷമോണിന്റെ’ നാടകാവിഷ്കാരം സഞ്ജന കപൂർ ഹൃദ്യമായി നിർവ്വഹിച്ചതുപൊലെയുള്ള സർഗ്ഗാത്മക ദൗത്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. പിതാക്കന്മാരുടെ പാപങ്ങൾ അടുത്ത തലമുറയിലേയ്ക്ക് പകർന്ന് വരുന്നതിന്റെ ദുരന്തം ആവിഷ്കരിക്കുന്ന ഇബ്സന്റെ ഭൂതങ്ങളുടെ ആന്തരികധാര കുറേയൊക്കെ ഇവിടെ അവതരിപ്പിക്കപ്പെട്ട ഭൂതങ്ങളിലും ഉണ്ടായിരുന്നു. ശീർഷകം സൂചിപ്പിക്കും പോലെ സ്വാർത്ഥതയുടെയും ദുരകളുടെയും ചുഴിയിൽ കറങ്ങുന്ന വികലമാനസത്തിന്റെ ഭൂതാവേശം കേന്ദ്രകഥാപാത്രമായ ഇട്ടിയിലുണ്ട്. റിയലിസ്റ്റിക് സങ്കേതങ്ങളിലൂടെയും ഫാന്റസിയുടെ കയ്യൊതുക്കമുള്ള ദൃശ്യസമീപനങ്ങളിലൂടെയും കടന്നുപോയ ‘വെൽ മേഡ് പ്ലേ’. അതായിരുന്നു K.S.C യുടെ അരങ്ങിൽ കണ്ട ഭൂതങ്ങൾ. അരയ്ക്കുതാഴെ തളർന്നെങ്കിലും മനസ്സിൽ ആ തളർച്ച ലവലേശം പോലും ഏല്ക്കാത്തവനാണ് ഇട്ടിച്ചനെന്ന വയോധികൻ. ജീവിതാസക്തികളുടെ കടലാണയാൾ. ആർത്തിയുടെ ആൾരൂപം. കട്ടിലും താങ്ങുകയറുമായി തളച്ചിടപ്പെട്ട ജീവിതത്തിനിടയിലും കഞ്ചാവിന്റെ പുകമണക്കുന്ന ഓർമ്മകളിൽ സ്വപ്നങ്ങളിലേക്ക് പറക്കുവാനും പന്നിവേട്ടയ്ക്കും രതിക്രീഢകളുടെ പരിമിതികളില്ലാത്ത മോഹങ്ങളിലേയ്ക്കും ഇച്ഛാശക്തിയാൽ സഞ്ചരിക്കുവാനും കഴിയുന്നവൻ. വേറിട്ട ഈ കഥാപാത്രത്തെ നാടകരീതിശാസ്ത്രങ്ങളിൽ നിലയുറച്ച് രംഗഭാഷ ശക്തമായി മുന്നോട്ടുവയ്ക്കുന്നു. ജീവിത ദുരിതങ്ങളിൽ പതറുന്നുവെങ്കിലും പരാതികൾ ശകാരത്തോടെ പറയുന്ന കുട്ടിയമ്മ, ഇട്ടിച്ചന്റെ സ്വപ്നകാമുകി ഷീല, മകന്റെ ഭാര്യ റോസ എന്നീ കഥാപാത്രങ്ങളും നാടകത്തെ ചടുലവും ചലനാത്മകവുമാക്കുന്നുണ്ട്. രൂപസൃഷ്ടികൊണ്ടും ഭാവസൃഷ്ടികൊണ്ടും നാടകത്തിലെ ഓരോ കഥാപാത്രങ്ങളെയും രംഗാവതരണം ശക്തമായി മുന്നോട്ട് നയിച്ചു. ആറാം ദിവസം അകാലത്തിൽ പൊലിഞ്ഞ എ.ശാന്തകുമാർ എന്ന നാടക കലാകാരന്റെ മികച്ച രചനകളിൽ ഒന്നിന്റെ ഉള്ളറകളിലേയ്ക്ക് കുറേക്കൂടി ജാഗ്രതയോടെ ഇറങ്ങി ചെല്ലേണ്ടുന്ന തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുന്ന അരങ്ങുകാഴ്ചയായിരുന്നു ഒമ്പതാം ദിവസത്തെ അവതരണം. മാക്സിം ഗോർക്കിയുടെ ‘മനുഷ്യൻ, ഹാ! എത്ര സുന്ദരമായ പദം’ എന്ന വിഖ്യാതദർശ്ശനത്തിനപ്പുറം മതവർഗ്ഗീയവാദത്തിന്റെ അതിരുകളിൽ അന്ധമായി വിശ്വസിച്ച് ജീവിതം പുകഞ്ഞ് തീർക്കുന്ന ആപൽക്കരമായ ഇന്ത്യൻ ജീവിത പരിസരത്തേയാണ് നാടകം മുന്നോട്ട് വെയ്ക്കുന്നത്. ശാന്തനിതെഴുതുമ്പോഴും ഇന്നും രൂക്ഷമായ വർഗ്ഗീയ ചേരിതിരിവുകളുടെ ബദൽ ഉള്ളറകളിൽ നിറച്ചിട്ടുണ്ടായുരുന്നു. ഈ ഒരർത്ഥത്തിൽ ഭരത് മുരളി നാടകോത്സവവേദിയിൽ ‘ആറാം ദിവസം’ പോലൊരു നാടകകൃതി എത്തിയ്ക്കുവാൻ ശ്രമിച്ച അബുദാബി യുവകലാസാഹിതി തോപ്പിൽ ഭാസി നാടക സംഘത്തിന്റെ കണ്ടെത്തൽ അർത്ഥയുക്തമായി. ബൈബിളിൽ ഉല്പത്തിയുടെ ആറാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചതായിപ്പറയുന്നു. തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ച് സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പറവകൾക്കും സകലഭൂചരാചരജീവികൾക്കും മീതെ വാഴ്വിൻ എന്ന് കല്പിച്ച ദിനമാണ് ആറാംദിവസം. ആ മനുഷ്യവംശം ജാതിയുടെയും മതത്തിന്റെയും ദേശങ്ങളുയും പേരിൽ തമ്മിലടിച്ചും കൊന്നെടുക്കിയും കടന്നുപോകുന്ന ആസുരകാലത്തെക്കുറിച്ചാണ് ശാന്തകുമാർ ക്ഷുഭിതമാനസത്തോടെ ആറാം ദിവസത്തിൽ അടയാളപ്പെടുത്തിയത്. അനീതിക്കെതിരെ ഹല്ലാബോൽമുഴക്കി ഡൽഹി തെരുവോരങ്ങളിൽ കോർപ്പറേറ്റ് ഗുണ്ടായിസത്തിന്റെ ഇരയായിത്തീർന്ന, സഫ്ദർഹഷ്മിയേയും മൂന്നാംലോക രാഷ്ട്രങ്ങളുടെ ജനകീയ പ്രതിരോധക്കരുത്തായ Third Theatre ന്റെയും കനൽ ഈ അവതരണം ഓർമ്മപ്പെടുത്തി. കാമമോഹിതം ശ്രദ്ധേയ സാഹിത്യകാരൻ സി.വി.ബാലകൃഷ്ണന്റെ ‘കാമമോഹിതം’ എന്ന നോവലിനെ അവലംബിച്ചുള്ള അരങ്ങവതരണമായിരുന്നു ഭരത് മുരളി നാടകോത്സവത്തിന്റെ പത്താംദിനത്തിൽ അരങ്ങേറിയ ‘കാമമോഹിതം’. ബോധായനന്റെ സംസ്കൃത പ്രഹസനമായ ‘ഭാഗവതജ്ജുക’ത്തിലും വിക്രമാദിത്യകഥകളിലും ജർമൻ സാഹിത്യകാരനായ തോമസ് മന്നിന്റെ ‘ദി ട്രാൻസ്പോസ്ഡ് ഹെഡ്സ് (The Transposed Heads) ലും വിഖ്യാത ഇന്ത്യൻ നാടകകൃത്ത് ഗിരീഷ് കർണാടിന്റെ ‘ഹയ വദന’ യിലുമൊക്കെ വ്യത്യസ്ത കാഴ്ചപ്പാടുകളിൽ സമീപിച്ചിട്ടുള്ള സ്വത്വമാറ്റത്തിന്റെ അവസ്ഥകളാണ് കാമമോഹിതത്തിന്റെ ഇതിവൃത്തവും, മറ്റൊരു ശൈലിയിലും പശ്ചാത്തലത്തിലുമായി മുന്നോട്ട് വയ്ക്കുന്നത്. ജാജലി എന്ന മഹാപണ്ഡിതനായ മുനിയിൽനിന്നും സമ്പന്നനായ വണിക്കിന്റെ ശരീരത്തിലേയ്ക്കുള്ള ആത്മാവിന്റെ ബലമായ കടന്നുകയറ്റമാണ് നാടകത്തിന്റെ ന്യൂക്ലിയസ്. ആശ്രമജീവിതവും സന്യാസവുമായി ജീവിച്ചിരുന്ന ജാജലി അയാൾക്ക് അന്യമായിരുന്ന കാമകലയിൽ പ്രാവീണ്യം നേടി എല്ലാ ശാരീരികസുഖങ്ങളും അനുഭവിച്ച ശേഷം പൂർവ്വ ശരീരത്തിലേയ്ക്കുള്ള പുനഃപ്രവേശനത്തിന് സാധിക്കാതെ വരുന്നതിലുള്ള സംഘർഷങ്ങളാണ് നാടകീയതയുടെ നിറവുമുള്ള കാമമോഹിതത്തിന്റെ കഥാസാരം. ദേഹവും ദേഹിയും തമ്മിലുള്ള ബന്ധവും ആത്മാവിന്റെ കൂടുമാറ്റവുമൊക്കെ ഭാരതീയ തത്വചിന്തയ്ക്കും സർഗ്ഗാത്മക ചിന്തകൾക്കും ഭൂമികയായിട്ടുണ്ട്. ജാജലിയുടെ ആശ്രമത്തിൽ ശിഷ്യർ അരണികടയുന്ന ദൃശ്യത്തിൽ നിന്നാണ് നാടകത്തിന്റെ നാന്ദി. അവിടെ നിന്നും ജാജലിയുടെ സ്നാനത്തിലേയ്ക്കും ജലപ്പറവ കളുടെ ഭാഷണത്തിലേയ്ക്കും കാഴ്ചകൾ കടന്നുചെല്ലുന്നു. കാമകലയിലുള്ള ജാജലിയുടെ അജ്ഞത അയാളുടെ പാണ്ഡിത്യത്തെ അപൂർണ്ണമാക്കുന്നുവെന്ന ജലപ്പറവകളുടെ പരിഹാസം ജാജലിയെ പ്രകോപിപ്പിക്കുന്നു. ചത്തുകിടന്ന ഗജത്തിലേയ്ക്ക് തന്റെ പ്രാണനെ കടത്തിവിട്ട് അതിനെ അൽപനേരം ജീവിപ്പിച്ച് തന്റെ പാണ്ഡിത്യത്തെക്കുറിച്ച് അഹങ്കരിച്ച ശേഷം ജാജലി യാത്ര പുറപ്പെടുന്നു. കാഞ്ചനപുരം ദേശത്തുവച്ച് മായാവതി എന്ന കന്യകയായ ഗണികയേയും അവളുമായി മംഗല്യം ഉറപ്പിച്ച സാഗരദത്തൻ എന്ന സമ്പന്നനായ വണിക്കിനെയും കാണാനിടയാകുന്നു. അടുത്ത പൗർണമിരാവിൽ സാഗരദത്തൻ മായാവതിയുമായി സംഗമിക്കുമെന്ന് മനസ്സിലാക്കിയ ജാജലി തന്റെ ആശ്രമത്തിലേയ്ക്ക് മടങ്ങുകയും സാഗരദത്തനിലേയ്ക്ക് തന്റെ ആത്മാവ്‌ തിരിച്ചും കൂടുവിട്ടു കൂടുമാറുന്ന വിദ്യ പ്രയോഗിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നിടത്ത് നാടകീയതയ്ക്ക് തീവ്രതയേറി. മാധ്യമബോധമുള്ള ഒരു സംവിധായകന്റെ നിഴലാട്ടവും അരങ്ങിനെ ഗൗരവപൂർവ്വം സമീപിയ്ക്കുന്ന അഭിനേതാക്കളുടെ കൂട്ടായ്മയും സാങ്കേതികപ്രവർത്തകരുടെ ഒത്തു ചേരലും കൊണ്ട്  ONTARIO THEATERS  ദുബായ് ഒരുക്കിയ കാമമോഹിതം പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്റെ കൊട്ടിക്കലാശവേളയെ അർത്ഥപൂർണ്ണമാക്കി. പ്രവാസി മലയാളികളുടെ സാംസ്കാരിക ചരിത്രത്തിൽ ആർജ്ജവം കൊണ്ട് അടയാളപ്പെടുത്തിയ കേരള സോഷ്യൽ സെന്ററിന്റെ സാർത്ഥകമായ നാടകോത്സവത്തിൽ പത്ത് ദിനങ്ങളിലായി അരങ്ങിലാളിയ കനലുകൾ, മനസ്സ് ഭൂമിയും കണ്ണ് സൂര്യനുമാക്കിയ മലയാള നാടകകാലത്തേയാണ് അന്തർദേശീയ മാനങ്ങളോടെ മുന്നോട്ടുവെച്ചത്. ചിന്ത വാരികയിൽ നിന്ന്   Read on deshabhimani.com

Related News