ചിരി, രാഷ്‌ട്രീയം, പ്രതിരോധം: കാർണിവൽ കാലത്തെ ഒറ്റയാൾ പോരാട്ടങ്ങൾ

അലി വോങ്ങും ട്രെവർ നോവയും


സ്റ്റാൻഡ് അപ് കോമഡിയുടെ ചരിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ജനപ്രിയ തിയറ്റർ രൂപമായിരുന്ന വൊദെവിലിൽ ആരംഭിക്കുന്നു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്. സംഗീതവും നൃത്തവും ഫലിതപ്രയോഗങ്ങളും കോർത്തിണക്കിയ ഒരു വിനോദരൂപം എന്ന നിലയിൽ അതിവേഗം ജനങ്ങളെ ആകർഷിക്കാൻ വൊദെവിലിന്‌ കഴിഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ അമേരിക്കയിലും കാനഡയിലും വലിയ തരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ  വൊദെവിലെ കലാകാരൻമാർ വിജയിച്ചു. 1852ൽ ചാൾസ് മോർട്ടൻ ലണ്ടനിൽ സ്ഥാപിച്ച കാന്റർബറി ഹാളിലെ സംഗീതശാല പ്രദർശനങ്ങളാവണം ബ്രിട്ടീഷുകാർക്കിടയിലെ സ്റ്റാൻഡ് അപ് കോമഡിയുടെ ആദ്യരൂപം.   അമ്പലങ്ങളിലെ കൂത്തുതറകളിലും കൂത്തമ്പലങ്ങളിലും അരങ്ങേറിയിരുന്ന കൂത്ത് മലയാളികൾക്ക് പരിചയമുള്ള ആദ്യത്തെ സ്റ്റാൻഡ് അപ് കോമഡി  ആയിരിക്കണം. ഇതിഹാസകഥകളാണ് മുഖ്യ പ്രതിപാദ്യമെങ്കിലും സമകാലിക സംഭവങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും കോർത്തിണക്കി സദസ്സിലിരിക്കുന്നവരെയുൾപ്പെടെ മുഖം നോക്കാതെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം കൂത്ത് അവതരിപ്പിക്കുന്ന ചാക്യാർക്ക് ഉണ്ടായിരുന്നു. ചമയം മാറ്റിവച്ച ചാക്യാരാണ് ഏറെക്കുറെ ആധുനികകാലത്തെ സ്റ്റാൻഡ് അപ് കോമിക്. കെട്ടിച്ചമച്ചതോ യഥാർഥത്തിൽ സംഭവിച്ചതോ ആയ അനുഭവങ്ങളെ നർമത്തിന്റെ അകമ്പടിയോടെ കൃത്യമായ ടൈമിങ്ങോടുകൂടി പ്രേക്ഷകസമക്ഷം അവതരിപ്പിച്ച് അയാൾ/അവൾ കൈയടി വാങ്ങുന്നു. സ്വനപേടകത്തിലും ശരീരത്തിലും സൂക്ഷ്മവ്യതിയാനങ്ങൾ വരുത്തി വ്യത്യസ്ത കഥാപാത്രങ്ങളായി അവർ നൊടിയിടയിൽ മാറുന്നു. മുറിവേൽക്കുന്നവരുടെ വലിപ്പച്ചെറുപ്പങ്ങൾ പരിഗണിക്കാതെ അവർ വിമർശനശരങ്ങൾ തൊടുത്തുവിടുന്നു. ചിലർ മേധാവിത്വപ്രത്യയശാസ്ത്രത്തെ പ്രബലപ്പെടുത്തുമ്പോൾ മറ്റു ചിലർ വംശീയതയുടെയും വർണവെറിയുടെയും ലിംഗവാർപ്പുമാതൃകാ നിർമിതിയുടെയും മറ്റും രൂക്ഷമായ വിമർശകരാവുന്നു. സ്റ്റാൻഡ് അപ് കോമഡിയുടെ ചരിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ജനപ്രിയ തിയറ്റർ രൂപമായിരുന്ന വൊദെവിലിൽ ആരംഭിക്കുന്നു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്. സംഗീതവും നൃത്തവും ഫലിതപ്രയോഗങ്ങളും കോർത്തിണക്കിയ ഒരു വിനോദരൂപം എന്ന നിലയിൽ അതിവേഗം ജനങ്ങളെ ആകർഷിക്കാൻ വൊദെവിലിന്‌ കഴിഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ അമേരിക്കയിലും കാനഡയിലും വലിയ തരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ വൊദെവിലെ കലാകാരൻമാർ വിജയിച്ചു. 1852ൽ ചാൾസ് മോർട്ടൻ ലണ്ടനിൽ സ്ഥാപിച്ച കാന്റർബറി ഹാളിലെ സംഗീതശാലാ പ്രദർശനങ്ങളാവണം ബ്രിട്ടീഷുകാർക്കിടയിലെ സ്റ്റാൻഡ്അപ് കോമഡിയുടെ ആദ്യരൂപം. സംഗീതശാലയിലെ പ്രദർശനങ്ങൾക്കിടയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഫലിതക്കാരൻ കാണികളോട് ചില തമാശകൾ പങ്കുവയ്‌ക്കുന്ന പതിവിൽ നിന്നാണ് പിന്നീട് സ്റ്റാൻഡ് അപ് കോമഡി വളരുന്നത്. കാലക്രമേണ സംഗീതത്തേക്കാൾ പ്രസക്തി ഫലിതത്തിന്‌ ലഭിക്കുകയും സംഗീതശാലകൾ ഫലിതശാലകൾ ആവുകയും ചെയ്തു. 1952ൽ അമേരിക്കയിലെ ഷീപ്പ് ബേയിൽ സ്ഥാപിച്ച ദി ഇംപ്രൊവൈസേഷൻ കഫേയാണ് ആദ്യത്തെ ഫലിത ക്ലബ്. സിനിമയുടെ ആഗമനം കോമഡി പ്രദർശനങ്ങളെ സാരമായി ബാധിച്ചുവെങ്കിലും 1960കളിലും 70കളിലും ഒരു സ്വതന്ത്ര ജനപ്രിയ വിനോദരൂപമായി സ്റ്റാൻഡ് അപ് കോമഡി ശ്രദ്ധ നേടിയിരുന്നു. കാര്യമായ സെൻസർഷിപ്  കൂടാതെ തന്നെ കോമഡികൾ അവതരിപ്പിക്കുന്ന ഫലിത പ്രോഗ്രാമുകളിലൂടെ എച്ച്‌ബിഒ, സ്റ്റാൻഡ് അപ് കോമഡിക്ക് ഒരു പുതുജീവൻ നൽകി. അമേരിക്കൻ ഹാസ്യകാരനായ ജോർജ് കാർലിന്റെ ‘സെവൻ വേർഡ്‌സ് യു കനോട്ട് സെ ഓൺ ടെലിവിഷൻ’ എച്ച്‌ബിഒ 1978ൽ സംപ്രേഷണം ചെയ്തു. 1980കളിൽ എഡ്ഡി മർഫിയെപ്പോലുള്ളവരുടെ സ്പെഷ്യലുകൾ വൻ ഹിറ്റായി. 1989ൽ വൺ നൈറ്റ് സ്റ്റാൻഡ് ടിവി ഷോയിലൂടെ ആക്ഷേപഹാസ്യരസ പ്രധാനമായ രാഷ്ട്രീയ ചർച്ചകൾക്കും മറ്റുമുള്ള വേദിയായി സ്റ്റാൻഡ് അപ് കോമഡികൾ മാറി. ഒടിടി പ്ലാറ്റ്‌ഫോമുകൾ സർവവ്യാപിയായ ഇക്കാലത്ത്‌ സ്റ്റാൻഡ് അപ് കൊമേഡിയന്മാർ പുതിയ താരരൂപങ്ങളായി ഉദിച്ചുയരുന്ന കാഴ്ചയ്‌ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. പല മുൻനിര ഹോളിവുഡ് താരങ്ങളേക്കാൾ വിപണിമൂല്യമുണ്ട് ജെറി സിൻഫീൽഡിനെയും കെവിൻ ഹാർട്ടിനെയും ജോയ്ൻ റിവേഴ്സിനെയും പോലുള്ള ഹാസ്യകലാകാരന്മാർക്ക്. തത്സമയ ഹാസ്യപ്രകടനങ്ങൾ മാത്രമല്ല, റേഡിയോ, ടിവി ഷോകളിൽ അവതാരകരായും ഹോളിവുഡ് അഭിനേതാക്കളായും ഇവർ പ്രത്യക്ഷപ്പെടുന്നു. ആദ്യകാല സ്റ്റാൻഡ് അപ് കോമഡികളിൽ വംശീയവും സ്‌ത്രീവിരുദ്ധവുമായ പരാമർശങ്ങളായിരുന്നു ഫലിതോൽപ്പാദനത്തിനുള്ള ഉപാധികൾ. ആഫ്രിക്കൻ അമേരിക്കക്കാരെ പരിഹസിക്കാനായി കറുത്ത മാസ്‌ക്‌ ധരിച്ചെത്തിയിരുന്ന അൽ ജോൺസൻ, ‘വിഷത്തിന്റെ കച്ചവടക്കാരൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഡോൺ റിക്കിൾസ്, ലെന്നി ബ്രൂസ് എന്നിവരുടെ ഷോകളിൽ കറുത്തവരും ഹിസ്‌പാനികളും സ്‌ത്രീകളും ഏറെ പരിഹസിക്കപ്പെട്ടു. എന്നാൽ ഹാരി കോണ്ടാബൊലോ, ടിഫാനി ഹാഡിഷ്, ഹസൻ മിൻഹാജ് തുടങ്ങിയവരിലേക്കെത്തുമ്പോഴേക്കും വ്യത്യസ്തമായ ഇതിവൃത്തങ്ങളിലേക്ക്‌ ഹാസ്യകാരന്മാരുടെ ശ്രദ്ധ പതിയുകയും സ്റ്റാൻഡ് അപ് കോമഡി ഗൗരവമുള്ള ഒരു കലാപ്രകടന രൂപമായി മാറുകയും ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന ഹാസ്യകലാകാരന്മാർ ഇന്ന് ഏറെയുണ്ട്. ആധുനികോത്തര കാലത്ത്‌ സൂക്ഷ്മരാഷ്‌ട്രീയ വ്യവഹാരങ്ങളെ നർമത്തിന്റെ അകമ്പടിയോടെ വിചാരണയ്ക്ക്‌ വിധേയമാക്കാൻ സ്റ്റാൻഡ് അപ് കോമിക്കുകൾ ചെറുതല്ലാത്ത പങ്ക്‌ വഹിക്കുന്നുണ്ട്. വംശീയതക്കെതിരെയും പുരുഷാധിപത്യ മൂല്യങ്ങൾക്കെതിരെയും ഹാസ്യകലയിലൂടെ ശക്തമായി പ്രതികരിക്കുന്ന രണ്ട്‌ സ്റ്റാൻഡ് അപ് ഹാസ്യകലാകാരന്മാരുടെ പ്രകടനങ്ങളെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ. അമേരിക്കൻ സ്റ്റാൻഡ് അപ് കോമഡി താരങ്ങളായ അലി വോങ്, ട്രെവർ നോവ എന്നിവരാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നവർ. അലി വോങ്: വിമോചിത സ്ത്രീ കർതൃത്വത്തിന്റെ നിർഭയ യുക്തികൾ വിയറ്റ്നാംകാരിയായ അമ്മയുടെയും  ചൈനീസ്‐ അമേരിക്കൻ പിതാവിന്റെയും നാലാമത്തെ മകളായി 1982ൽ കാലിഫോർണിയയിലാണ് അലി വോങ്ങിന്റെ ജനനം. ഇരുപത്തിമൂന്നാമത്തെ വയസ്സിൽത്തന്നെ സ്റ്റാൻഡ്അപ് കോമഡിയിലേക്ക്‌ തിരിഞ്ഞ അലി വോങ് തുടർന്ന് ഒട്ടേറെ ടിവി ഷോകളിലും ഹോളിവുഡ് സിനിമകളിലും എബിസി സിറ്റുവേഷൻ കോമഡികളിലും അഭിനേത്രിയായും സ്‌ക്രിപ്റ്റ് സഹായിയായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു. അലി വോങ്ങിന്റെ താരമൂല്യം ഉയരുന്നത് 2016ൽ നെറ്റ്ഫ്ളിക്‌സിലൂടെ സ്ട്രീം ചെയ്ത ബേബി കോബ്ര എന്ന സ്റ്റാൻഡ് അപ് കോമഡി സ്പെഷ്യലിലൂടെയാണ്. തുടർന്ന് നെറ്റ്ഫ്ളിക്‌സിലൂടെത്തന്നെ റിലീസ് ചെയ്ത ഹാർഡ്‌നോക്ക് വൈഫ്, അലി വോങ്: ഡോൺ വോങ് തുടങ്ങിയ കോമഡികൾ  അലി വോങ്ങിനെ പ്രശസ്തിയിലേക്കുയർത്തി. കഫെകളിലെ കൊച്ചു വേദികളിൽനിന്ന് മൂന്ന്‌ ദശലക്ഷം ഡോളർ താരമൂല്യമുള്ള കൊമേഡിയനിലേക്കുള്ള അലി വോങ്ങിന്റെ വളർച്ച കേവലം ജനപ്രിയ ചേരുവകളെ ആശ്ലേഷിച്ചതിലൂടെ മാത്രം നേടിയെടുത്തതല്ല, മറിച്ച്‌ മധ്യവർഗ മൂല്യബോധങ്ങളെയും പുരുഷാധിപത്യ മുൻവിധികളെയും നവഉദാരവൽക്കരണ സാമ്പത്തികഘടനയുടെ വാർപ്പുമാതൃകകളെയും വിചാരണ ചെയ്തുകൊണ്ടുകൂടിയാണ്. സമീപകാലം വരെ ഇതരസംസ്‌കാരങ്ങളെയും ലിംഗ വിഭാഗങ്ങളെയും അപരവൽക്കരിക്കുക എന്നതായിരുന്നു ഹാസ്യോൽപ്പാദനത്തിനായി അനുവർത്തിച്ചുപോന്നിരുന്നത്. തത്‌ഫലമായി കറുത്തവർഗക്കാരുടെയും ഹിസ്‌പാനിക്കുകളുടെയും ഏഷ്യൻ വംശജരുടെയും സ്‌ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും മറ്റും വാർപ്പുമാതൃകകൾ കാണികളിൽ ചിരിയുണർത്തി. മേധാവിത്വ പ്രത്യയശാസ്ത്രത്തെ പ്രബലപ്പെടുത്തുന്ന ഒരു ഉപകരണമായി സ്റ്റാൻഡ് അപ്‌ കോമഡി ജനപ്രിയസംസ്‌കാരത്തിന്റെ കാർണിവൽ വേദികളിൽ അങ്ങനെ ആഘോഷിക്കപ്പെട്ടു. എന്നാൽ അത്തരം സമ്പ്രദായങ്ങളിൽ നിന്നുള്ള സമൂലമായ ഒരു വ്യതിയാനത്തെയാണ് പിന്നീടുവന്ന ഹാസ്യകലാകാരന്മാർ അടയാളപ്പെടുത്തുന്നത്. ഈ വ്യതിയാനത്തിന്റെ ഏറ്റവും തീവ്രമായ ആവിഷ്‌കാരമാണ് അലി  വോങ്ങിൽ കാണാൻ കഴിയുക. സ്റ്റേജിന്റെ വിശാലമായ പ്രതലത്തിൽ കാര്യമായ ചമയങ്ങളോ പ്രോപ്പർട്ടികളോ ഇല്ലാതെ ഒരു മൈക്കിന്റെ മാത്രം തുണയിലാണ് സ്റ്റാൻഡ്അപ് ഹാസ്യകലാകാരന്മാർ ഒരു മണിക്കൂറിലേറെ നേരം കാണികളെ പിടിച്ചിരുത്തുന്നത്. ശബ്ദം മാത്രമാണ് അവരുടെ ആയുധം. ആയിരക്കണക്കിന് ആളുകളെ ഒരേസമയം തന്നിലേക്കാകർഷിക്കാൻ വേണ്ട പ്രഭാവം ഒരു സ്റ്റാൻഡ് അപ് കൊമേഡിയൻ ആർജിക്കേണ്ടതുണ്ട്. ചിരിക്കാൻ തയ്യാറായി വരുന്നവരെ ചിരിപ്പിക്കാൻ പാകത്തിൽ സ്‌ക്രിപ്റ്റ് ചെയ്ത ഫലിതങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കുക എന്ന അപകടകരമായ ഉദ്യമമാണ് സ്റ്റാൻഡ് അപ് കലാകാരൻമാർ നിർവഹിക്കുന്നത്. വ്യത്യസ്തമായ താൽപ്പര്യങ്ങളും പ്രത്യയശാസ്ത്ര മുൻവിധികളും അഭിരുചികളുമുള്ള ബഹുവിധ കാണികളെ ഒരൊറ്റ മനസ്സായി കൂട്ടിയോജിപ്പിക്കണം ഒരു സ്റ്റാൻഡ് അപ് കോമിക്. കാരണം സമൂഹത്തിൽ പങ്കുവയ്ക്കപ്പെടുന്ന മൂല്യങ്ങളുടെ പ്രകടനമാണ് പൊട്ടിച്ചിരി. അല്ലെങ്കിൽ സ്വന്തം മൂല്യങ്ങളും സമൂഹത്തിന്റെ വീക്ഷണങ്ങളും അനുരഞ്ജനത്തിലേർപ്പെടുന്ന ഒരു പൊതുഇടം (shared space) സൃഷ്ടിക്കാൻ ഹാസ്യകാരന്‌/കാരിക്ക് കഴിയണം. അതിന് കാണിക്കൂട്ടത്തെ നന്നായറിഞ്ഞിരിക്കണം. പ്രധാനമായും മൂന്ന്‌ വിഷയങ്ങളെ അധികരിച്ചാവും കലാകാരൻമാർ അവരുടെ തിരക്കഥ തയ്യാറാക്കുന്നത്. രതിസംബന്ധമോ വിരേചന സംബന്ധമോ അക്രമ സംബന്ധമോ ആയ പ്രമേയങ്ങളായിരിക്കും ഫലിതങ്ങളുടെ ഉള്ളടക്കം. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ രതി, മരണം, അക്രമം തുടങ്ങിയ വിലക്കപ്പെട്ട മേഖലകളിലെ ദമനം ചെയ്യപ്പെട്ട സൈക്കിക് ഊർജം ഇത്തരം ഫലിതങ്ങൾ ആസ്വദിക്കുന്നതിലൂടെ വിമോചിപ്പിക്കപ്പെടുകയാണ്. അലി വോങ്ങിന്റെ പ്രകടനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാവുന്നത്‌ രതി സംബന്ധവും വിസർജ്യ സംബന്ധവുമായ ഫലിതങ്ങൾ മറകൂടാതെ അവതരിപ്പിക്കാനുള്ള അവരുടെ തന്റേടം തന്നെയാണ്. പെൺഭാഷണങ്ങളിൽ സമൂഹം വിലക്കേർപ്പെടുത്തിയ പ്രയോഗങ്ങളെ മെട്രോപൊളിറ്റൻ നഗരങ്ങളിലെ ശീതീകരിക്കപ്പെട്ട ആഡംബരശാലകളിലെത്തുന്ന പരിഷ്‌കൃതരും സമ്പന്നരുമായ ബൂർഷ്വാ കാണികൾക്കു മുന്നിൽ അതിസാധാരണമായി അവതരിപ്പിക്കുന്നുണ്ട് അലി വോങ്ങ്‌ തന്റെ ഷോകളിൽ. ഭാഷണവിലക്കുകളെ ഭേദിച്ചുകൊണ്ട്‌ സ്വയം ഒരു വിമോചന കർതൃത്വത്തിലേക്ക്‌ ഉയരുമ്പോൾ തന്നെ സ്‌ക്രിപ്റ്റിൽ  ഉള്ളടക്കം ചെയ്ത വിമോചന സന്ദേശങ്ങളിലൂടെ അവർ കാണികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അലി വോങ്ങിന്റെ ഫലിതങ്ങളുടെ ഒരു പ്രധാന സവിശേഷത അതിന്റെ മുനകൾ പലപ്പോഴും നീളുന്നത് മറ്റുള്ളവരിലേക്കല്ല, മറിച്ച്‌ തങ്ങളിലേക്കു തന്നെയാണ് എന്ന് ഓരോ കാണിയും തിരിച്ചറിയുന്നു എന്നുള്ളതാണ്. അപരവൽക്കരണത്തിന്‌ പകരം പുരുഷാധിപത്യ നവഉദാരവൽകൃത യൂറോകേന്ദ്രികൃത സമൂഹത്തിൽ ഏഷ്യൻ വനിതകൾ അനുഭവിക്കുന്ന അന്യവൽക്കരണത്തെയാണ് അവർ ഊന്നുന്നത്. ആദ്യകാല ഹാസ്യകാരന്മാരെപ്പോലെ രാഷ്‌ട്രീയ ശരികേടുകളിൽ പൊതിഞ്ഞ വാചാടോപത്തിലല്ല അലി വോങ്ങിന് താൽപ്പര്യം. വ്യവസ്ഥയുടെ വിലക്കുകൾക്കകത്ത്‌ സ്വന്തം സാധ്യതകൾ ആരായാൻ അശക്തരായ വ്യക്തികളുടെ വിഹ്വലതകളാണ് അവർ ഹാസ്യവൽക്കരിക്കുന്നത്. വ്യക്തികളെ നിരന്തരം ഉൽപ്പാദനക്ഷമതയുള്ളവരാവാൻ പ്രേരിപ്പിക്കുന്ന നവഉദാരവൽകൃത വ്യവസ്ഥയെയും പ്രത്യുൽപ്പാദനക്ഷമതയുള്ളവരാവാൻ നിഷ്‌കർഷിക്കുന്ന പിതൃദായക ക്രമത്തെയും തന്റെ ഫലിതങ്ങളിലൂടെ അവർ വിചാരണ ചെയ്യുന്നു. വിലക്കപ്പെട്ടതെല്ലാം ആഗ്രഹിച്ചുകൊണ്ട്  അവർ സ്വയം ഒരു വിമതയാവുന്നു. അമ്മയെന്ന നിർമിതിയെയും വരുമാനമുണ്ടാക്കുന്ന സ്‌ത്രീ എന്ന നിർമിതിയെയും അതിനകത്തുനിന്നുകൊണ്ടുതന്നെ അവർ അട്ടിമറിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. വിമോചനത്തിലേക്കുള്ള വഴി വ്യക്തിയുടെ ആനന്ദാഭിലാഷത്തെ മുറുകെപ്പിടിക്കലാണ് എന്ന് അവർ ആഹ്വാനം ചെയ്യുന്നു. വ്യക്തിപരമായതാണ് രാഷ്‌ട്രീയം (personal is political) എന്ന് ഓരോ ഷോയിലും അലി വോങ് ബോധ്യപ്പെടുത്തുന്നു. അതിനുകൂടെത്തന്നെ ‘തുല്യമായ വേതനമല്ല തുല്യമായ ആനന്ദമാണ് എനിക്കുവേണ്ടത് ’(I don’t want equal pay. I want equal pleasure) എന്നുപറയാൻ അവർ മടി കാണിക്കുന്നില്ല. ആനന്ദോപാധിക്കുള്ള അടിയന്തര മാധ്യമം എന്ന നിലയിൽ ഉടലിനുള്ള പ്രാധാന്യത്തെ അലി വോങ് നിരന്തരം അടിവരയിടുന്നു. എന്നാൽ അധികാരപ്രയോഗങ്ങളുടെ ആഘാതം ഏറ്റുവാങ്ങുന്ന ഇടം കൂടിയാണ് ഉടൽ. ലൈംഗികാനന്ദം, സുഖവിരേചനം, നിഷ്ക്രിയ മുഹൂർത്തങ്ങൾ (leisure time)  എന്നിവ നിഷേധിക്കപ്പെടുന്നതിലൂടെ പെണ്ണുടൽ അനുഭവിക്കേണ്ടിവരുന്ന നോവാഴങ്ങളെ മുൾമൂർച്ചയുള്ള ഫലിതങ്ങളിലൂടെ അവർ വെളിവാക്കുന്നു. അലി വോങ്ങിന്റെ ഒരു നിരീക്ഷണം നോക്കുക: തിരക്കുപിടിച്ച ഒരു വീട്ടമ്മയ്‌ക്ക്‌ ഏറ്റവും തിരക്കേറിയ സന്ദർഭങ്ങളിലാണ് മലവിസർജനത്തിനുള്ള പ്രതിരോധിക്കാനാവാത്ത തോന്നൽ ഉണ്ടാവുക. അതുകൊണ്ടുതന്നെ അവർക്ക് കാര്യങ്ങൾ തൽക്ഷണം സാധിച്ച്‌ തിരിച്ച്‌ ജോലി തുടരേണ്ടിവരുന്നു. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ സൗകര്യത്തിനനുസരിച്ച്‌ സമയമെടുത്ത് കാര്യം സാധിക്കാം. രതിയിലും ഭക്ഷണത്തിലുമെല്ലാം ഈ ആനന്ദനിഷേധം സ്ത്രീ നിരന്തരം അനുഭവിക്കുന്നുണ്ട് എന്ന് അലി വോങ് ഓർമിപ്പിക്കുന്നു. അമ്മയായ സ്റ്റാൻഡ് അപ് അവതാരകയോട് “നിങ്ങൾ ഇവിടെ നിന്നാൽ നിങ്ങളുടെ കുഞ്ഞിനെ ആര് നോക്കും?” എന്ന് ചോദിക്കുന്നതോളം കടുത്ത സെക്‌സിസ്റ്റ്‌ ചോദ്യമില്ല എന്നാണവരുടെ പക്ഷം. “നിങ്ങൾ ഇവിടെ നിന്നാൽ നിങ്ങളുടെ കുഞ്ഞിനെ ആര് നോക്കും?” എന്ന് ചോദിക്കുന്നതോളം കടുത്ത സെക്‌സിസ്റ്റ്‌ ചോദ്യമില്ല എന്നാണവരുടെ പക്ഷം. അതേ സിസ്റ്റം തന്നെയാണ് സ്‌ത്രീയോട് പ്രൊഡക്ടീവ് ആവാൻ പറയുന്നതും എന്നതാണ് മറ്റൊരു വിരോധാഭാസം. ഈ വിരോധാഭാസത്തിനകത്താണ് വരുമാനം ആർജിക്കുന്ന അമ്മമാർ അവരുടെ  ജീവിതം ജീവിക്കുന്നത്. അമ്മയാവുന്നതോടെ കെട്ടുപോവുന്ന ആന്തരികമായ വെളിച്ചത്തിന്‌ പകരമായി സ്ത്രീകൾക്ക് കൃത്രിമമായ തിളക്കം പൂശേണ്ടതുണ്ട് എന്ന വേദനയിൽ പൊതിഞ്ഞ ഹാസ്യം അലി വോങ് പറയും. വോങ് ഏഴു മാസം ഗർഭിണിയായെത്തുന്ന ബേബി കോബ്ര (2016) എന്ന നെറ്റ്ഫ്ലിക്‌സ്‌ കോമഡി ഷോയിൽ പുരുഷാധിപത്യസമൂഹം വ്യത്യസ്തവ്യവഹാരങ്ങളിലൂടെ കാൽപ്പനികവൽക്കരിച്ച മാതൃത്വമെന്ന ആശയം അതിന്റെ എല്ലാ ശാരീരിക പ്രതിസന്ധികളോടും കൂടി അവതരിപ്പിക്കപ്പെടുന്നു. വിവാഹം കഴിക്കാത്ത, അമ്മമാരാവാത്ത യുവതികളോട് തനിക്കുള്ള അങ്ങേയറ്റത്തെ അസൂയ തുറന്നു പറഞ്ഞുകൊണ്ടാണ് അവർ ഷോ ആരംഭിക്കുന്നത്. നിദ്രാഹാനിയില്ലാത്തതിനാൽ അവർക്ക്‌ ആംബിയൻ കഴിക്കേണ്ടതില്ലെന്നും സന്തുലിതമായ മനോനിലയുള്ളതിനാൽ മെഡിറ്റേഷൻ ആപ്പ് ഡൗൺലോഡ് ചെയ്ത്‌ കേൾക്കേണ്ടതില്ല എന്നും അവിവാഹിതകൾക്ക് സ്വന്തം കുടുംബത്തോട് അങ്ങേയറ്റത്തെ വെറുപ്പും വൈരാഗ്യവും തോന്നേണ്ടതില്ല എന്നും അവർ പറയുന്നു. ഒരമ്മ എന്ന നിലയിൽ താൻ കുടുംബജീവിതത്തെ കാണുന്നത് ഒരു ഏകാന്ത തടവായിട്ടാണ് എന്ന് പറയാൻ അവർ മടിക്കില്ല. തന്നെ വിവാഹം കഴിക്കാൻ ഹവാർഡ് ബിസിനസ് സ്‌കൂൾ ഫുൾ ബ്രൈറ്റ് സ്‌കോളറായ കാമുകനെ നിർബന്ധിച്ചതിൽ ഇന്നവർക്ക്‌ ദുഃഖമുണ്ട്. തൊഴിലെടുക്കാൻ താൽപ്പര്യമില്ലാത്തതിനാലാണ് ജോലി ലഭിക്കുമെന്നുറപ്പുള്ള ഒരാളെ വിവാഹം കഴിച്ചതെന്ന് അവർ തുറന്നടിക്കുന്നു. എന്നാൽ ഇപ്പോൾ താൻ കഠിനാധ്വാനം ചെയ്യുമ്പോൾ തന്റെ ഭർത്താവ് താൻ പണം കൊടുത്തു വാങ്ങിയ വീട്ടിലിരുന്ന്‌ താൻ വാടക കൊടുക്കുന്ന അതിവേഗ ഇന്റർനെറ്റ് ഉപയോഗിച്ച് ലൈംഗിക വീഡിയോകൾ കണ്ട്‌ സ്വയംഭോഗം ചെയ്യുകയായിരിക്കും. താനിവിടെ കഷ്ടപ്പെടുമ്പോൾ തനിക്കിഷ്ടപ്പെട്ട ജീവിതം നയിക്കുകയാണ് തന്റെ ഭർത്താവെന്ന്‌ അവർ വിലപിക്കുന്നു. കുടുംബപൂർവ ജീവിതവും കുടുംബ ജീവിതവും സ്‌ത്രീയ്ക്കും പുരുഷനും തികച്ചും രണ്ടനുഭവങ്ങളായി നിർവചിക്കുന്ന പുരുഷാധിപത്യ മൂല്യവ്യവസ്ഥയെ ഇകഴ്‌ത്തിക്കൊണ്ടാണ് ഷോ പുരോഗമിക്കുന്നത്. സ്‌ത്രീയുടെ വിവാഹേതര ബന്ധങ്ങളെ അങ്ങേയറ്റത്തെ തെറ്റായി കാണുന്ന സമൂഹം പുരുഷന്റെ അവിഹിത ബന്ധങ്ങളെ ‘അയാളുടെ ആരാധികയുടെ പ്രണയത്തെ അയാൾക്കെങ്ങിനെ പ്രതിരോധിക്കാൻ കഴിയും’ എന്ന് പറഞ്ഞ്‌ ന്യായീകരിക്കുന്നതും ഈ അസന്തുലിതാവസ്ഥയുടെ ഉദാഹരണമാണ്.  2018ൽ ‘ഹാർഡ് നോക്ക് വൈഫ്’ ഷോയുമായി നെറ്റ്ഫ്ലിക്‌സിൽ പ്രത്യക്ഷപ്പെടുമ്പോൾ അലി വോങ് തന്റെ രണ്ടാമത്തെ മകളെ ഗർഭം ധരിച്ചിരുന്നു. മാതാപിതാക്കളിൽ തുല്യമായി പങ്കുവയ്‌ക്കപ്പെടാത്ത ശിശുപരിപാലനം എത്ര ക്ലേശകരമായ ഉത്തരവാദിത്വമാണ് സ്‌ത്രീകളിൽ അടിച്ചേൽപ്പിക്കന്നത് എന്ന് പ്രായോഗിക സന്ദർഭങ്ങളെ വിശദീകരിച്ചുകൊണ്ട് അവർ തുറന്നടിക്കുന്നു. 2018ൽ ‘ഹാർഡ് നോക്ക് വൈഫ്’ ഷോയുമായി നെറ്റ്ഫ്ലിക്‌സിൽ പ്രത്യക്ഷപ്പെടുമ്പോൾ അലി വോങ് തന്റെ രണ്ടാമത്തെ മകളെ ഗർഭം ധരിച്ചിരുന്നു. മാതാപിതാക്കളിൽ തുല്യമായി പങ്കുവയ്‌ക്കപ്പെടാത്ത ശിശുപരിപാലനം എത്ര ക്ലേശകരമായ ഉത്തരവാദിത്വമാണ് സ്‌ത്രീകളിൽ അടിച്ചേൽപ്പിക്കന്നത് എന്ന് പ്രായോഗിക സന്ദർഭങ്ങളെ വിശദീകരിച്ചുകൊണ്ട് അവർ തുറന്നടിക്കുന്നു. മുലയൂട്ടൽ തീവ്രമായ ശാരീരിക പീഡനമാണെന്നും വിസർജ്യം മണത്തു മണത്തു മനംപിരട്ടുമെന്നും പ്രസവശേഷം സ്വന്തം ശരീരം ഉപഭോക്താക്കൾക്ക് ഭക്ഷണസാധനങ്ങൾ സ്വയം എടുക്കാൻ ഏർപ്പാടുള്ള ഒരു കട (കഫെറ്റീരിയ) പോലെയാവുമെന്നും അവർ പറയുന്നു. മുഴുവൻ ശമ്പളത്തോടുംകൂടി മൂന്നുവർഷത്തെ ശിശുസംരക്ഷണാവധി നൽകുന്ന രാജ്യങ്ങളെ അവർ പ്രശംസിക്കുന്നു. നിയോലിബറൽ അമേരിക്കയിൽ അത്തരമൊരു പരിഗണന നിലവിലില്ലാത്തതിനെ പരോക്ഷമായി വിമർശിക്കുക കൂടിയാണവർ. അമ്മമാർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കാതിരിക്കുകയും എന്നാൽ ജോലിക്ക്‌ പോവുന്ന അമ്മമാരോട് കരിയറും കുടുംബജീവിതവും തമ്മിൽ എങ്ങനെ കൊണ്ടുപോകുന്നു എന്ന് ചോദിക്കുകയും ചെയ്യും പൊതുസമൂഹം. ഒരു ജോലിയും ചെയ്യാൻ താൽപ്പര്യമില്ലാത്ത തന്നെ ജോലിയിലേക്കു വലിച്ചിഴയ്‌ക്കുന്ന നവഉദാരവൽക്കരണ വ്യവസ്ഥയോട് അവർ കലഹിക്കുന്നുണ്ട്. തങ്ങൾക്കും പുരുഷന്മാരെപ്പോലെതന്നെ എന്തും ചെയ്യാനുള്ള പ്രാപ്തിയുണ്ട് എന്ന് ഉദ്ഘോഷിച്ച് കമ്പോളത്തിന്റെ ഇംഗിതമനുസരിച്ച്‌ തൊഴിൽസേനയിലേക്ക് സ്‌ത്രീകളെ സ്വാംശീകരിക്കാൻ കാരണക്കാരാവുന്ന ഫെമിനിസ്റ്റുകളെയും അവർ വെറുതെ വിടുന്നില്ല. ഇരട്ടവരുമാനമുള്ള വീട് എന്നത് കേൾക്കുമ്പോൾത്തന്നെ തനിക്ക്‌ ഛർദിക്കാൻ തോന്നുമെന്ന്‌ അവർ ഈ വ്യവസ്ഥയെ വിമർശിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ജോലിയിൽനിന്നു പിരിയാനാണ് താൻ ഒരു ബിസിനസ്സുകാരനെ വിവാഹം കഴിച്ചതെന്നും എന്നാൽ പിന്നീടാണ് അയാൾ എഴുപതിനായിരം ഡോളർ കടക്കാരനായിരുന്നു എന്ന് മനസ്സിലായതെന്നും അലി വോങ് പറയുന്നുണ്ട്. താൻ അയാളെയല്ല അയാൾ തന്നെയാണ് കെണിയിൽ പെടുത്തിയത് എന്ന് വൈകിയാണ് അറിഞ്ഞതെന്നും അലി വോങ് പരിതപിക്കുന്നു. താരതമ്യേന കഴിവുകുറഞ്ഞ വർഗമാണ് പുരുഷന്മാരെന്നും അതുകൊണ്ടാണ് കുറഞ്ഞ ജോലിക്ക്‌ കൂടുതൽ പ്രശംസ അവർക്ക്‌ ലഭിക്കുന്നതെന്നും വീട്ടിൽ ചെറുതായെന്തെങ്കിലും ചെയ്യുന്ന പുരുഷന്മാർക്ക് ലഭിക്കുന്ന സാമൂഹ്യപ്രശംസയെ അലി വോങ് കളിയാക്കുന്നു. തനിക്കൊരു ഭാര്യ ഉണ്ടായിരുന്നുവെങ്കിൽ താനെത്രത്തോളം വിജയിക്കുമായിരുന്നു എന്ന്‌ അവർ പറയുന്നുണ്ട്. ഈ അസന്തുലിതാവസ്ഥ സ്‌ത്രീകളുടെയും പുരുഷൻമാരുടെയുംതെരഞ്ഞെടുപ്പുകളിലും വ്യക്തമാണ്. പണവും അധികാരവുമുള്ള  പുരുഷന്‌ ഹോളിവുഡ് നടിമാരോടൊപ്പം ഡേറ്റ് ചെയ്യാമെങ്കിൽ അതേ പ്രിവിലേജ് അനുഭവിക്കുന്ന സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഹോളിവുഡിലെ ശരാശരി താരങ്ങൾ പോലും വിദൂര സ്വപ്നങ്ങളാണ്. പണവും അധികാരവും മെച്ചപ്പെടുന്നതിനനുസരിച്ച്‌ ഒരു സ്‌ത്രീയുടെ റൊമാന്റിക് സാധ്യതകളിൽ മെച്ചമുണ്ടാവുന്നില്ല എന്നാണ് അലി വോങ്ങിന്റെ നിരീക്ഷണം. ‘അലി വോങ്: ഡോൺ വോങ്’ എന്ന ഷോയിൽ തന്റെ ലൈംഗിക താൽപ്പര്യങ്ങളെ പരസ്യമായി അവർ ഓഡിയൻസുമായി പങ്കുവയ്ക്കുന്നു. താനൊരു ‘കിളവി’ ആവുന്നതിനുമുമ്പ് ഇപ്പോൾത്തന്നെ പരമാവധി ആളുകളുമായി രതിയിലേർപ്പെടണം എന്നാണ് അവരുടെ ആഗ്രഹം. അങ്ങനെ സ്വന്തം രതിയഭിലാഷങ്ങളെ മറ കൂടാതെ പങ്കുവയ്ക്കുന്നതിലൂടെയാണ് അലി വോങ് തീവ്രവിമോചക പക്ഷത്തെ ഉത്തേജിപ്പിക്കുന്നത്. താനൊരു ‘കിളവി’ ആവുന്നതിനുമുമ്പ് ഇപ്പോൾത്തന്നെ പരമാവധി ആളുകളുമായി രതിയിലേർപ്പെടണം എന്നാണ് അവരുടെ ആഗ്രഹം. അങ്ങനെ സ്വന്തം രതിയഭിലാഷങ്ങളെ മറ കൂടാതെ പങ്കുവയ്ക്കുന്നതിലൂടെയാണ് അലി വോങ് തീവ്രവിമോചക പക്ഷത്തെ ഉത്തേജിപ്പിക്കുന്നത്. തനിക്കൊരു കുടുംബവും ഒരു തൊഴിലും ഒരു അവിഹിതബന്ധവും വേണമെന്ന് അവർ ആഗ്രഹിക്കുമ്പോൾ പാട്രിയാർക്കിയും നവ ഉദാരവൽക്കരണ സാമ്പത്തിക വ്യവസ്ഥയും സൃഷ്ടിക്കുന്ന പരിമിതികൾക്കപ്പുറം ഉടലാനന്ദത്തിന്റെ മേച്ചിൽപ്പുറങ്ങളിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. ആനന്ദത്തിന്റെ പാരമ്യത്തിൽ ശീൽക്കാരങ്ങൾ പുറപ്പെടുവിക്കുന്ന രതിയാണ് സ്‌ത്രീകൾക്ക് വേണ്ടത്. അതിനാൽ ഒരു സ്‌ത്രീ പോലും കപട രതിമൂർച്ഛ അഭിനയിക്കരുത് എന്നും അവർ ആഹ്വാനം ചെയ്യുന്നുണ്ട്. പുരുഷനിഷേധാത്മകവും കുടുംബവിരുദ്ധവുമായ തീവ്രഫെമിനിസ്റ്റ്‌ (radical feminst) മാതൃകയിലല്ല അലി വോങ് തന്റെ വാദങ്ങളെ അവതരിപ്പിക്കുന്നത്. മറിച്ച് കുടുംബത്തെ ആശ്രയത്തിനുള്ള ഉപാധിയായും പുരുഷനെ ആനന്ദത്തിനുള്ള ഉറവിടമായും കാണുന്ന സവിശേഷമായ ഒരു കാഴ്ചപ്പാടാണ് അവിടെ കാണാൻ കഴിയുക. പുരുഷൻ സ്ത്രീയുടെ സുഹൃത്തോ ശത്രുവോ അല്ല, മറിച്ച് സാമ്പത്തികസ്ഥിരത നേടാനുള്ള സ്ത്രീയുടെ പരിശ്രമത്തിനിടയിൽ അവൾ കണ്ടുമുട്ടുന്ന സാധ്യതയോ തടസ്സമോ ആണ് എന്ന ഹെലൻ ബ്രൗണിന്റെ വാദത്തെയാണ് അവർ ഓർമപ്പെടുത്തുന്നത്. വ്യവസ്ഥയിൽതന്നെ ഉള്ളടങ്ങിയിട്ടുള്ള വൈരുധ്യങ്ങളുടെയും വിമർശങ്ങളുടെയും ഉൽപ്പാദനം തങ്ങൾക്കനുഗുണമാം വിധം പ്രയോജനപ്പെടുത്തി സമൂഹം പൊതുവെ പങ്കുവയ്ക്കുന്ന മുൻവിധികളെ ഉല്ലംഘിക്കാൻ സ്‌ത്രീകൾ മുന്നോട്ടുവരണം. വ്യക്തികളെ തീവ്ര ഉൽപ്പാദനക്ഷമതയുള്ള യന്ത്രങ്ങളായി കാണുന്ന/മാറ്റുന്ന നവ ഉദാരവൽകൃത വ്യവസ്ഥയ്‌ക്കകത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പുകളും ഉപഭോഗ സ്വാതന്ത്ര്യവുമുള്ള സ്വയം നിയന്ത്രിത കർതൃത്വങ്ങളായി സ്‌ത്രീസ്വത്വത്തെ പരിവർത്തിപ്പിക്കാനുള്ള (അസാധ്യമായ) ഒരു ഇടത്തെയാണ് അലി വോങ് അന്വേഷിക്കുന്നത്. ലാഭേച്ഛയെ മൂല്യവൽക്കരിക്കുന്ന ഒരു സമൂഹത്തിൽ കുടുംബത്തിന്റെയും പാരമ്പര്യത്തിന്റെയും പരിമിതികളെ ഭേദിച്ചുകൊണ്ട് നവ സ്ത്രീസ്വത്വ വാദത്തിന്റെ (neofeminist) മാതൃകയിൽ ഒരു സ്വതന്ത്ര വ്യക്തിയായി മാറാനാണ് അലി വോങ്ങിന്റെ ആഹ്വാനം. അതിന്‌ അനന്തമായ ആനന്ദസാധ്യതകളനുഭവിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തിരിച്ചറിയണം. കുടുംബത്തെ അവിടെ നിലനിർത്തുമ്പോൾത്തന്നെ സാമൂഹ്യസംഘാടനത്തിന്റെ പ്രാഥമിക യൂണിറ്റായി കുടുംബത്തിന് മുകളിൽ സ്വത്വത്തെ അവരോധിക്കണമെന്നാണ് നവസ്ത്രീസ്വത്വ വാദികൾ പറയുന്നത്. പ്രത്യുൽപാദനധർമത്തിൽനിന്നു സ്വതന്ത്രമാക്കി ആനന്ദത്തിൽ വേരൂന്നുന്ന ആത്മസാക്ഷാൽക്കാരത്തിനുള്ള ഉപാധിയായി രതിയെ കാണണമെന്ന് ഷാരോൺ ഉൽമാനെപ്പോലുള്ളവർ പറയുന്നതിന്റെ പ്രതിധ്വനികൾ അലി വോങ്ങിൽ കേൾക്കാം. അശ്ലീലതയുടെ സാമൂഹ്യധർമത്തെ രാഷ്‌ട്രീയമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് അലി വോങ് മുഖ്യധാരാ കോമിക്കുകളിൽ നിന്നു വ്യത്യസ്തയാവുന്നത്. ഉള്ളടക്കത്തിലും അവതരണത്തിലും പെൺ വാർപ്പുമാതൃകകളെ അവർ അസ്വസ്ഥമാക്കുന്നു. പൊരുത്തക്കേട് (incongruity) ഫലിതത്തിന്റെ ഒരു പ്രധാന ഘടകമായി കണക്കാക്കാറുണ്ട്. ആശയവും ആശയത്തെ പ്രതിനിധീകരിക്കുന്ന യാഥാർഥ വസ്തുവും തമ്മിലുള്ള ബന്ധത്തിലെ പൊരുത്തക്കേടും അതിനെ പ്രകടിപ്പിക്കാനുപയോഗിക്കുന്ന ഭാഷയിലെ പൊരുത്തക്കേടും പൊടുന്നനെ തിരിച്ചറിയുമ്പോൾ ഫലിതം ഉൽപ്പാദിപ്പിക്കുന്നു എന്നാണ്‌ പൊരുത്തക്കേടിന്റെ വക്താക്കൾ പറയുന്നത്. അലി വോങ്ങ്‌ ഉൾപ്പെടെയുള്ള മിക്ക കൊമേഡിയൻമാരും ഈ തന്ത്രം പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ അലി വോങ്ങിൽ പ്രസ്തുത പൊരുത്തക്കേട് രാഷ്‌ട്രീയമാനം ആർജിക്കുന്നുണ്ട്. പ്രേക്ഷകർ ഒരു സ്‌ത്രീ അവതാരകയിൽനിന്നു പ്രതീക്ഷിക്കുന്ന പ്രതികരണവും വേദിയിൽ പ്രകടിപ്പിക്കപ്പെടുന്ന പ്രതികരണവും തമ്മിലാണ് ഇവിടെ പൊരുത്തക്കേടുണ്ടാവുന്നത്. ജൂഡിത്ത് ബട്‌ലർ പറയുന്നതുപോലെ പ്രതീക്ഷിക്കപ്പെടുന്ന ലിംഗസ്വത്വം ആവർത്തിക്കാതിരിക്കുന്നതിലൂടെ രൂപപ്പെടുന്ന വ്യാവഹാരിക വിടവ് ഇവിടെ അമ്പരപ്പും ഹാസ്യവും സൃഷ്ടിക്കുന്നു. ഈ വിടവിനെയാണ് തന്റെ കോമഡികളിൽ അലി വോങ് പ്രയോജനപ്പെടുത്തുന്നത്. സാംസ്‌കാരിക നരവംശശാസ്ത്രകാരിയായ അന്നാ സിങ് (Anna Tsing)  ദുർഗ്രാഹ്യതയുടെ മേഖല (zone of incomprehensibility)  എന്നാണ് ഈ വിടവിനെ വിളിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ മധ്യ/ഉപരിവർഗ കാണികൾക്കുമുന്നിൽ ദീപാലംകൃതമായ വിശാലമായ സ്റ്റേജിൽ നിന്ന് സ്വയംഭോഗം ചെയ്യുന്നതും രതിമൂർച്ഛയിലാവുന്നതും മലം രുചിക്കുന്നതും മറ്റും അനുകരിച്ച്‌ കാണിക്കുന്ന ഗർഭിണിയായ ഒരു സ്‌ത്രീ പൊതുബോധത്തിന്റെ മർമത്തിൽ ആഞ്ഞുപ്രഹരിക്കുകതന്നെയാണ് ചെയ്യുന്നത്. ട്രെവർ നോവ: വംശവെറിക്കെതിരെ ചിരികൊണ്ടൊരു മുൾമതിൽ ആഗോളതലത്തിൽ ഭൗമരാഷ്‌ട്രീയസമവാക്യങ്ങളിൽ സമൂലമായ പുനർസംഘാടനങ്ങൾക്കാണ് കഴിഞ്ഞ ഒരു ദശകം സാക്ഷ്യം വഹിച്ചത്. വ്യാപാര, സൈനിക, പാരിസ്ഥിതിക താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുകയും പരമ്പരാഗത ചേരികൾക്കുപകരം പുതിയ ശാക്തിക ചേരികൾ ഉടലെടുക്കുകയും ചെയ്തു. രാഷ്‌ട്രീയ, മത, വംശീയ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ബന്ധങ്ങൾക്കു പകരം തന്ത്രപരമായ ബാന്ധവങ്ങൾ രൂപപ്പെട്ടു. ഒരു ഭാഗത്ത്‌ ചരിത്രപരമായ കാരണങ്ങളാൽ  അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ അടിസ്ഥാന അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി അണിചേരുമ്പോൾത്തന്നെ മറുഭാഗത്ത് തീവ്രവലതുപക്ഷ രാഷ്‌ട്രീയത്തിന്റെ വക്താക്കൾ കൂടുതൽ പ്രബലരാവുകയും അധികാരത്തിലെത്തുകയും ചെയ്യുന്നുണ്ട്. വംശീയവെറിയും മുസ്ലിം വിരോധവും വെളുത്തപുരുഷന്റെ ധിക്കാരവും സൈനിക അഹങ്കാരവും പടിഞ്ഞാറൻ സാംസ്‌കാരിക മേധാവിത്വവും സങ്കീർണമായി കൂടിക്കലർന്ന പ്രതിലോമ ആശയത്തിന്റെ ആൾരൂപമായിരുന്നു അമേരിക്കയുടെ നാൽപ്പത്തിയഞ്ചാമത്തെ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ്. ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ചും മുസ്ലിം രാഷ്‌ട്രങ്ങളെക്കുറിച്ചും ഹിസ്‌പാനിക്കുകളെക്കുറിച്ചും മറ്റും അദ്ദേഹം നടത്തിയ പ്രസ്താവങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ്. ട്രംപിന്റെ വംശീയാധിക്ഷേപപരവും  ലിംഗാധിക്ഷേപപരവുമായ നിലപാടുകളുടെ കടുത്ത വിമർശകനാണ് സൗത്ത്‌ ആഫ്രിക്കൻ വംശജനും അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനുമായ ട്രെവർ നോവ. ഇതരസംസ്‌കാരങ്ങളെക്കുറിച്ച് ട്രംപ് അടക്കമുള്ളവർക്കുള്ള പടിഞ്ഞാറൻ മുൻവിധികളെ വിചാരണ ചെയ്യുന്ന ഫലിതവിമർശനങ്ങളാണ് ട്രെവർ നോവയുടെ നെറ്റ്ഫ്ലിക്‌സ്‌ കോമഡികളായ സോങ് ഓഫ് പാട്രിഷ്യയും ഐ വിഷ് യു വുഡും അഫ്രെയ്‌ഡ്‌ ഓഫ് ഡാർക്കും. കുടുംബം, ശരീരം, ലൈംഗികത തുടങ്ങിയ പ്രമേയങ്ങളിലൂടെയാണ് അലി വോങ് തന്റെ രാഷ്‌ട്രീയം പ്രേക്ഷകരോട് പങ്കുവയ്ക്കുന്നതെങ്കിൽ യാത്ര, ഭക്ഷണം, ആഗോള രാഷ്‌ട്രീയം എന്നീ പ്രമേയങ്ങളാണ് ട്രെവർ നോവ തന്റെ അവതരണങ്ങൾക്ക്‌ കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ഐ വിഷ് യു വുഡ് എന്ന ഷോയിൽ കൊളോണിയലിസം സംഘടിതമായ ഒരു കൊള്ളയാണ് എന്ന് സൂചിപ്പിക്കാൻ അദ്ദേഹം ഒരു യാത്രാവേളയിൽ ഹോട്ടലിൽ വച്ചു നടക്കുന്ന ഒരു സങ്കൽപ്പരംഗം സൃഷ്ടിക്കുന്നുണ്ട്. റെസ്റ്റോറന്റിൽ വച്ച് ഭക്ഷണത്തിന്‌ ഓർഡർ കൊടുക്കുമ്പോൾ സ്‌പൈസി വിഭവങ്ങൾ വേണ്ട എന്നുപറയുന്ന യൂറോപ്യനായ സുഹൃത്തിനോട് ‘സുഗന്ധവ്യഞ്ജനങ്ങൾക്കുവേണ്ടിയാണ് നിങ്ങളുടെ പിതാമഹന്മാർ ലോകം മുഴുവൻ ചുറ്റിക്കറങ്ങി ആളുകളെ കൂട്ടക്കൊല നടത്തിയത്; ഇപ്പോൾ നിങ്ങൾക്കിതുവേണ്ട’ എന്ന് ട്രെവർ കയർക്കുന്നതാണ് ആ രംഗം. പൊതുവെ തന്റെ പ്രേക്ഷകരെ അഭിസംബോധന ചെയ്‌തുകൊണ്ടും പരിപാടി നടക്കുന്ന പ്രദേശത്തെക്കുറിച്ച്‌ പരാമർശിച്ചുകൊണ്ടുമാണ് അദ്ദേഹം ഷോ ആരംഭിക്കാറുള്ളത്. വളരെ സ്വാഭാവികമായിത്തന്നെ മറ്റു പ്രദേശങ്ങളിലെ ജീവിതങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. യാത്രകളിൽ തനിക്കുണ്ടായ അനുഭവങ്ങളായാണ് പലപ്പോഴും അദ്ദേഹം തന്റെ തിരക്കഥ വികസിപ്പിക്കുന്നത്. സൺ ഓഫ് പട്രീഷ്യയിൽ ഇൻഡോനേഷ്യയിലെ ബാലിയിലേക്ക്‌ നടത്തിയ ഒരു യാത്രയിലെ അനുഭവത്തിലൂടെയാണ് അദ്ദേഹം കൊളോണിയൽ നോട്ടത്തിന്റെ പ്രത്യയശാസ്‌ത്ര മുൻവിധികളെ പരിഹസിക്കുന്നത്. യൂറോപ്യൻമാർ ഭൂരിപക്ഷമുണ്ടായിരുന്ന യാത്രാസംഘം ബാലിയിൽ എത്തുന്നത് അവരുടെ ഗൈഡിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു യഥാർഥ ബാലി അനുഭവത്തിന്‌ (genuine Bali experience)  വേണ്ടിയാണ്. ബാലിയിലെ പാവപ്പെട്ട ഗോത്രവർഗക്കാരുടെ ചെറിയ കുടിലുകൾ കാണിച്ചുകൊടുത്തുകൊണ്ട്‌ ഇതാണ് യഥാർഥ ബാലി അനുഭവം എന്ന് ഗൈഡ് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ബാലിയിലെ സാധാരണക്കാരന്റെ ദയനീയ ജീവിതം കണ്ട്‌ അത്ഭുതപ്പെടുന്ന യൂറോപ്യൻ യാത്രക്കാരെക്കുറിച്ച്‌ ട്രെവർ നോവ പറയുന്നതിങ്ങനെയാണ്: ‘കറുത്തവർഗക്കാരൻ എന്തിൽനിന്നാണോ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നത് അതാണ് ഒഴിവുവേളകളിൽ  വെള്ളക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നത്! അതായത്‌ വെള്ളവും വെളിച്ചവും ഇല്ലാതെ പരിമിതമായ സാഹചര്യങ്ങളിൽ ക്യാമ്പ് ചെയ്യുക. എന്നെ സംബന്ധിച്ചിടത്തോളം അതിൽ പ്രത്യേകിച്ച് ഒരു ആനന്ദവും കണ്ടെത്തൽ കഴിയില്ല, കാരണം അത് ആഫ്രിക്കൻ വംശജനായ എന്റെയും ജീവിതമായിരുന്നു’. ആഫ്രിക്കയെയും ഏഷ്യയെയും കോളനികളാക്കിവച്ച് അവരുടെ മുഴുവൻ സമ്പത്തും കൊള്ളയടിച്ച് സ്വന്തം രാജ്യത്തെ സമ്പന്നമാക്കി വീണ്ടും ദൃശ്യവിനോദത്തിനായി മൂന്നാംലോകരാജ്യങ്ങളുടെ അടുക്കളയിൽ വരെ കയറുന്ന യൂറോപ്യൻ അഹന്തയെയാണ് അദ്ദേഹം ഇവിടെ വിചാരണ ചെയ്യുന്നത്. അതോടൊപ്പംതന്നെ എങ്ങനെയാണ് വിനോദവ്യവസായം മൂന്നാം ലോകരാജ്യങ്ങളിലെ ജീവിതത്തെ യൂറോപ്യൻ നോട്ടത്തിന്റെ വിഷയം (ഒബ്‌ജക്റ്റ്) ആക്കി മാറ്റിക്കൊണ്ട്‌ നവകൊളോണിയലിസത്തിന്‌ പരവതാനി ഒരുക്കുന്നതെന്നും നോവ നിരീക്ഷിക്കുന്നു. എഡ്‌വേഡ്‌ സൈദ് നിരീക്ഷിക്കുന്നതുപോലെ നരവംശശാസ്‌ത്രപരമായ അറിവുൽപ്പാദന പ്രക്രിയയിലൂടെ ഒരു സമൂഹത്തെക്കുറിച്ചുള്ള ജ്ഞാനനിർമാണം നടത്തി അതേ സമൂഹത്തിനുമേലെ അധികാരമുറപ്പിക്കുന്ന കൊളോണിയൽ ബലതന്ത്രത്തിന്റെ തുടർച്ചയാണ് ടൂർ ഇൻഡസ്ട്രി ഒരുക്കുന്ന പാതയിലൂടെ യൂറോപ്യൻ യാത്രികർ മൂന്നാം ലോകരാഷ്‌ട്രങ്ങളിൽ നടത്തുന്നത് എന്നാണ് നോവയുടെ പക്ഷം. ഇത്തരം യാത്രകൾ അപരവൽക്കരണത്തെ കൂടുതൽ പ്രബലപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം. ഒരുഭാഗത്ത് പരോക്ഷമായി ഇത്തരം അപരവൽക്കരണ പ്രക്രിയ നടക്കുമ്പോൾ ഡൊണാൾഡ് ട്രംപിനെപ്പോലുള്ളവർ പ്രത്യക്ഷമായിത്തന്നെ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. അദ്ദേഹം ഹൈതിയെയും മറ്റ്‌ ആഫ്രിക്കൻ രാജ്യങ്ങളെയും മലദ്വാരരാഷ്‌ട്രങ്ങൾ (shit hole countries) എന്ന് വിളിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. മെക്‌സിക്കോയ്ക്കെതിരെ നിരന്തരം വംശീയ പ്രയോഗങ്ങൾ നടത്തിയിരുന്ന ട്രംപ് മെക്‌സിക്കോയിൽ നിന്നുള്ള കുടിയേറ്റം തടയാൻ അമേരിക്കയ്‌ക്കും മെക്‌സിക്കോയ്‌ക്കുമിടയിൽ ഒരു മതിൽ കെട്ടുന്ന പദ്ധതി ആസൂത്രണം ചെയ്തിരുന്നു. എന്നാൽ അമേരിക്കക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമായ ടാക്കോസ് മെക്‌സിക്കോയിൽ നിന്നു വന്നതാണെന്ന്‌ ട്രെവർ നോവ പറയുന്നു. മതിൽ കെട്ടുന്നതിലൂടെ, ‘നിങ്ങൾ പുറത്തുപോവുക നിങ്ങളുടെ വിഭവക്കൂട്ടുകൾ ഇവിടെ വയ്ക്കുക’ എന്നാണ് ട്രംപ് പറയുന്നതെന്ന് അദ്ദേഹം പരിഹസിക്കുന്നു. ട്രംപ് ഒരു വൈകാരികവിരോധാഭാസമാണ് എന്നാണ് നോവ വിമർശിക്കുന്നത്. ഭീതിയും ആഹ്ലാദവും അദ്ദേഹത്തിൽ കൂടിച്ചേരുന്നു. അമേരിക്ക എല്ലാ നിമിഷവും അദൃശ്യമായ യുദ്ധത്താൽ വലയുകയാണെന്ന വ്യാജഭീതി സൃഷ്ടിക്കുകയും ഞാനാണ് രക്ഷകൻ എന്ന പരിഹാരം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ലോകത്തിലെ മുഴുവൻ തീവ്ര വലതുപക്ഷ നേതാക്കളും അണികളെ ഉത്തേജിപ്പിക്കുന്നത് അവരിൽ ഇത്തരത്തിലുള്ള ആശങ്ക സൃഷ്‌ടിച്ചുകൊണ്ടാണ്. ബ്രിട്ടീഷുകാർ ബ്രെക്‌സിറ്റ്‌ ആവശ്യപ്പെടുന്നത് കുടിയേറ്റക്കാർ ബ്രിട്ടീഷ് സംസ്‌കാരത്തെ മലിനമാക്കും എന്ന് ഉത്കണ്ഠപ്പെട്ടുകൊണ്ടാണ്. അവർ നമ്മുടെ വിഭവങ്ങൾ കൊള്ളയടിക്കുമെന്നും നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുമെന്നും ബ്രെക്‌സിറ്റ്‌ വാദികൾ ആക്രോശിക്കുന്നു. മറുപടിയായി ട്രെവർ പറയുന്നത് ഇതാണ്: "നൂറ്റാണ്ടുകൾക്കു മുമ്പ്‌ ബ്രിട്ടീഷുകാർ ചെയ്‌തതും ഇതുതന്നെയായിരുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിൽ കടന്നുകയറി അവരുടെ വിഭവങ്ങൾ കൊള്ളയടിച്ച്, അവരുടെ സംസ്‌കാരങ്ങൾ നശിപ്പിച്ച്, യൂറോപ്യൻ  ജീവിതരീതികളും മൂല്യങ്ങളും അടിച്ചേൽപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് കുടിയേറ്റത്തിലൂടെ ഇപ്പോൾ യൂറോപ് അനുഭവിക്കുന്നത്." ‘വേർ ഐ വാസ്’ എന്ന നെറ്റ്ഫ്ലിക്‌സ് ഷോയിൽ എങ്ങനെയാണ് ജർമനി തങ്ങളുടെ വംശവെറിയുടെ ഭൂതകാലത്തെ ലോകസമക്ഷം തുറന്നുകാട്ടുന്നത് എന്ന്‌ ട്രെവർ നോവ പറയുന്നു ‘വേർ ഐ വാസ്’ എന്ന നെറ്റ്ഫ്ലിക്‌സ് ഷോയിൽ എങ്ങനെയാണ് ജർമനി തങ്ങളുടെ വംശവെറിയുടെ ഭൂതകാലത്തെ ലോകസമക്ഷം തുറന്നുകാട്ടുന്നത് എന്ന്‌ ട്രെവർ നോവ പറയുന്നു. ജർമനിയിലൂടെ നടക്കുമ്പോൾ നിങ്ങൾക്കൊരിക്കലും ജർമനി ലോകത്തോടു ചെയ്‌ത കൊടിയ ക്രൂരതകളുടെ ചരിത്രത്തിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല. മ്യൂസിയങ്ങളിൽ മാത്രമല്ല എവിടെയും നാസി ജർമനിയിലെ അധികാരോൻമാദത്തിന്റെ അവശേഷിപ്പുകൾ കാണാം. എന്നാൽ ചരിത്രത്തെ മൂടിവയ്ക്കാൻ ശ്രമിക്കാതെ ഉന്മൂലന ഫാസിസ്റ്റ് പ്രത്യയശാസ്ത്ര ഭൂതകാലത്തെ ക്ഷമാപണത്തോടെ പൊതുനോട്ടത്തിന് തുറന്നുവയ്ക്കുകയാണ് ജർമൻ ജനത ചെയ്യുന്നത്. കുട്ടികളുടെ പാഠപുസ്തകത്തിൽവരെ ചരിത്രത്തെ സത്യസന്ധമായി അവതരിപ്പിച്ച് ചെയ്‌ത തെറ്റുകൾ അവർ ഏറ്റുപറയുന്നു. ചരിത്രത്തെ തമസ്‌കരിക്കുകയും വികൃതമാക്കുകയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ വളച്ചൊടിക്കുകയും ചെയ്യുന്ന ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് ഇതൊരു നല്ല പാഠമാവട്ടെ.വംശീയത ഒരു അടഞ്ഞ അധ്യായമല്ലെന്നും മുമ്പത്തേക്കാൾ സൂക്ഷ്മമായ രൂപത്തിൽ അത് സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നും നോവ നിരീക്ഷിക്കുന്നു. സ്വിറ്റ്സർലൻഡുകാരനായ റോബെർട്ടിന്റെയും ആഫ്രിക്കക്കാരിയായ പട്രീഷ്യ നോമ്പുയിസെലോ നോവയുടെയും മകനായാണ് ട്രെവർ നോവയുടെ ജനനം. അക്കാലത്ത്‌ സൗത്താഫ്രിക്കയിൽ മിശ്രവംശീയ വിവാഹങ്ങൾ നിയമവിരുദ്ധമായിരുന്നു. കറുത്തവനായി പരിഗണിക്കപ്പെട്ട ട്രെവർ മാതാവിനൊപ്പം കറുത്ത വർഗക്കാർ താമസിക്കുന്ന സോവിറ്റോ നഗരത്തിലാണ് വളർന്നത്. പിന്നീട് പീഡകനായ രണ്ടാം പിതാവിന്റെ ഭീഷണിയിൽനിന്നു രക്ഷനേടാൻ അദ്ദേഹം ലോസ് ആഞ്ചൽസിലേക്ക്‌ നാടുകടക്കുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാർ നേരിടുന്ന വംശീയവെറുപ്പിനെ മൂർച്ചയേറിയ പരിഹാസശരങ്ങളാൽ അദ്ദേഹം ആക്രമിക്കുന്നു. സൺ ഓഫ് പട്രിഷ്യയിൽ തന്റെ ഒരു സാധാരണ വംശീയ ദിവസത്തിലെ (a regular racist day) അനുഭവത്തെ അദ്ദേഹം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്‌: ലോസ് ആഞ്ചൽസ്‌ തെരുവിലൂടെ നടക്കുമ്പോൾ ഒരു പ്രകോപനവുമില്ലാതെ ഒരു വെള്ളക്കാരനായ വംശീയവാദി ട്രെവറിനെ അധിക്ഷേപസൂചകമായി നിഗർ (xhosa) എന്ന് വിളിക്കുന്നു. എന്നാൽ തന്റെ അമ്മയുടെ മാതൃഭാഷയായ ഹൊസെ (nigger) യിൽ നിഗർ എന്ന പദത്തിന്റെ അർഥം ‘നൽകുക’ എന്നാണ്. അപരിചിതനായ ഒരാൾ അദ്ദേഹത്തെ നിഗർ എന്ന് അധിക്ഷേപിച്ചപ്പോൾ, പലപ്പോഴും അദ്ദേഹത്തിന്റെ അമ്മ പറയാറുള്ളതുപോലെ, ആ വാക്കിനെ  അദ്ദേഹം ശാന്തമായി സ്വീകരിക്കുകയും തന്റെ ഉള്ളിലിട്ട്‌ പ്രോസസ്സ് ചെയ്യുകയും അവസാനം അപരിചിതന് തന്നെ തിരിച്ചുനൽകുകയും ചെയ്യുന്നു. ‘ഞാനൊരിക്കലും ഒരു വംശീയവാദിക്ക് എന്റെ വേദനയുടെ ആനന്ദം നൽകാറില്ല’ എന്നാണ് ട്രെവർ പറയുന്നത്. ഹോളിവുഡ് സിനിമകളിൽ ആഫ്രിക്കൻ ഭാഷകളെ കേവലം ഭാഷാകൗതുകമായി അവതരിപ്പിക്കുന്നതിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. കോളനിയനന്തര ലോകക്രമത്തിലും കൊളോണിയൽ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നതിന്റെ മൂർത്തമായ ഉദാഹരണമാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ശവസംസ്‌കാരച്ചടങ്ങ്. കുലീനകുടുംബത്തിന് ഒരു ദുഃഖവാർത്തയുണ്ട് എന്നാണ് ആ മരണത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്ഞി ധരിച്ചിരുന്ന ആഭരണങ്ങളോടുകൂടിയാണ് അവരെ അടക്കിയത്. പ്രസ്‌തുത ചടങ്ങിന്റെ തത്സമയപ്രക്ഷേപണം ലോകമാസകലം ടെലികാസ്റ്റ്‌ ചെയ്യുകയുണ്ടായി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ദുഃഖം ലോകത്തിന്റെ മുഴുവൻ ദുഃഖമാണെന്ന കൊളോണിയൽ മുൻവിധിയിൽ നിന്നാണ് മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ രാജഭക്തി ആഘോഷിക്കപ്പെടാൻ കാരണം. കോളനിരാജ്യത്തെ ജനങ്ങൾ എന്തിന്‌ ദുഃഖാർത്തരാവണമെന്ന് ട്രെവർ ചോദിക്കുന്നു. അതിന്റെ ആവശ്യമില്ല, കാരണം സംസ്‌കരിക്കപ്പെടുന്ന രാജ്ഞിയുടെ മൃതദേഹത്തിൽ അണിഞ്ഞിരിക്കുന്നത് കോളനിരാജ്യങ്ങളിൽനിന്നു കൊള്ളയടിച്ച ആഭരണങ്ങളാണ്. ഇങ്ങനെ യൂറോപ്യൻ മേൽക്കോയ്‌മ നിരന്തരം അടിവരയിടപ്പെടുന്ന ഇടമായി ആഗോളമാധ്യമങ്ങൾ മാറിയതിന്റെ മറ്റൊരു ഉദാഹരണമാണ് കൊറോണയുടെ റിപ്പോർട്ടിങ്. 2000ൽ എബോള ആഫ്രിക്കയിൽ മരണം വിതച്ചപ്പോൾ ആഗോളമാധ്യമങ്ങൾ ആഫ്രിക്കൻ പ്രശ്നമായാണ് അത് റിപ്പോർട്ട് ചെയ്തത്. കൈപോലും കഴുകാനറിയാത്ത, കുരങ്ങുകളുമായി രതിയിലേർപ്പെടുന്ന കാട്ടാളന്മാരായാണ് യൂറോപ്യൻ മാധ്യമങ്ങൾ ആഫ്രിക്കക്കാരെ അവതരിപ്പിച്ചത്. എന്നാൽ കൊറോണയെ ഏറ്റവും മികച്ച രീതിയിൽ ആഫ്രിക്ക കൈകാര്യം ചെയ്‌തപ്പോൾ ഒരു മാധ്യമവും അവരെ പ്രശംസിച്ചില്ല എന്ന് ട്രെവർ തുറന്നടിക്കുന്നു. കൊറോണ യൂറോപ്പിൽ മരണം വിതയ്‌ക്കുമ്പോൾ ഒരു ആഫ്രിക്കൻ മാധ്യമവും യൂറോപ്യൻ ജനതയെ വൃത്തിയില്ലാത്ത കാട്ടാളന്മാർ എന്ന് വിളിച്ച്‌ പരിഹസിച്ചിട്ടില്ല എന്നും ട്രെവർ ഓർമപ്പെടുത്തുന്നു. കൊറോണ കൈകാര്യം ചെയ്യുന്നതിൽ ബോറിസ് ജോൺസണും ട്രംപിനും സംഭവിച്ച വീഴ്ചകളെ പരിഹസിക്കാനും ട്രെവർ മറക്കുന്നില്ല. മഹാമാരിയെ അർഹിക്കുന്ന ഗൗരവത്തോടെ കാണാതിരുന്നതിന്റെ ദൂഷ്യഫലം ഇരുവരും അനുഭവിച്ചത്‌ കാണികളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് അഭിനയിച്ചു കാണിക്കുന്നുണ്ട് ട്രെവർ. ആളുകൾ എന്തു കാരണത്താലാണ് ട്രംപിന് വോട്ട്‌ ചെയ്യുന്നത് എന്ന് തനിക്കിതുവരെ മനസ്സിലായിട്ടില്ല എന്നും അദ്ദേഹം പരിഹസിക്കുന്നു. അമേരിക്കൻ നരവംശ ശാസ്‌ത്രകാരനായ ഓഡ്രി സ്‌മെഡ്‌ലി വംശീയതയെ നിർവചിക്കുന്നത്  ഒരു അംഗീകൃത ലോകകാഴ്ചപ്പാട് എന്നാണ്. പൊതുബോധത്തെ സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് വംശീയതയെങ്കിൽ വെളുത്തവന്റെ സവിശേഷാധികാരങ്ങൾ പ്രസ്‌തുത കാഴ്ചപ്പാടിൽ അന്തർലീനമായിരിക്കും. നിരന്തരം നടക്കുന്ന സാധാരണീകരണ പ്രക്രിയയിലൂടെ പൊതുബോധത്തിൽ ഉറച്ചുപോയതാണ് വെളുത്തവന്റെ മേൽക്കോയ്‌മയും ഇതര വംശങ്ങളുടെ വിധേയത്വവും. പ്രത്യക്ഷവും പരോക്ഷവുമായുള്ള കോളനിവൽക്കരണം മുതൽ അത്യന്തം സങ്കീർണമായ വംശീയ മുൻവിധികളുടെയും വെറുപ്പിന്റെയും ട്രംപ് കാലംവരെ നിലനിന്നു പോരുന്നുണ്ട് പല വ്യവഹാരങ്ങളിലൂടെ ഉറപ്പിച്ചെടുത്ത പ്രതിലോമകരമായ ഈ ലോകവീക്ഷണം. അത്തരമൊരു വീക്ഷണത്തിന്റെ അടിത്തറയിലാണ് ട്രെവർ നോവയെപ്പോലുള്ളവർ ആഞ്ഞുപ്രഹരിക്കുന്നത്. യാത്ര, ഭക്ഷണം, ഭാഷ എന്നിവയെ പ്രമേയമായെടുക്കുന്നതിലൂടെ വ്യത്യസ്‌ത ഭൂമിശാസ്‌ത്രങ്ങളെയും സംസ്‌കാരത്തെയും വീക്ഷണങ്ങളെയും പ്രേക്ഷകരുമായി പങ്കുവയ്‌ക്കാനും അപരിചിതത്വത്തിന്റെയും അപരവൽക്കരണത്തിന്റെയും അതിർവരമ്പുകളെ അസ്വസ്ഥമാക്കാനും ബഹുസംസ്‌കാരങ്ങൾക്കിടയിലെ പാരസ്‌പര്യത്തെ അടിവരയിടാനും അദ്ദേഹത്തിന് കഴിയുന്നു. ശ്രേഷ്ഠം/മ്ലേച്ഛം; ഉത്തമം/അധമം; സംസ്‌കൃതം/അസംസ്‌കൃതം; പരിഷ്‌കൃതം/അപരിഷ്‌കൃതം തുടങ്ങിയ ദ്വന്ദവിപരീതങ്ങൾ കൊളോണിയൽ പദ്ധതിയുടെ ഭാഗമായി രൂപപ്പെട്ടതാണെന്ന തിരിച്ചറിവ് പ്രേക്ഷകരിലേക്കെത്തിക്കാൻ അങ്ങനെ ട്രെവർ നോവയ്‌ക്ക്‌ സാധിക്കുന്നു. അപ്രതീക്ഷിതമായത്‌ പറഞ്ഞുകൊണ്ടല്ല,  മറിച്ച് പറയേണ്ടത് നാടകീയമായി, ഫലപ്രദമായി പറഞ്ഞുകൊണ്ടാണ് ട്രെവർ ശ്രദ്ധ നേടുന്നത്. രാഷ്‌ട്രീയബോധ്യവും പറയുന്നതിലെ തന്റേടവുമാണ് അദ്ദേഹത്തിന്റെ മൂലധനം. മേൽക്കോയ്‌മാസംസ്‌കാരം ഉൽപ്പാദിപ്പിക്കുന്ന വാർപ്പുമാതൃകകൾക്കെതിരെ ബദൽ വാർപ്പുമാതൃകകൾ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം വ്യത്യസ്‌തനാവുന്നത്. അവതാരകനും പ്രേക്ഷകനും തമ്മിൽ സ്വാഭാവികമായും സാധ്യമാവേണ്ട സൗഹൃദബന്ധമാണ് സ്റ്റാൻഡ് അപ് കോമഡിയുടെ കാതൽ എന്ന് ഇയാൻ ബ്രോലിക്കിനെപ്പോലുള്ള കോമഡി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കോമഡി അവതരിപ്പിക്കപ്പെടുന്ന സ്ഥലകാലത്തിനകത്ത്‌ രൂപപ്പെടുന്ന ഈ ബാന്ധവത്തിൽ പ്രേക്ഷകരുടെ പ്രതികരണവും പങ്കാളിത്തവും മുഴുകലും ഏറെ പ്രാധാന്യമർഹിക്കുന്നു. അവതാരകനും പ്രേക്ഷകനും തമ്മിൽ സ്വാഭാവികമായും സാധ്യമാവേണ്ട സൗഹൃദബന്ധമാണ് സ്റ്റാൻഡ് അപ് കോമഡിയുടെ കാതൽ എന്ന് ഇയാൻ ബ്രോലിക്കിനെപ്പോലുള്ള കോമഡി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കോമഡി അവതരിപ്പിക്കപ്പെടുന്ന സ്ഥലകാലത്തിനകത്ത്‌ രൂപപ്പെടുന്ന ഈ ബാന്ധവത്തിൽ പ്രേക്ഷകരുടെ പ്രതികരണവും പങ്കാളിത്തവും മുഴുകലും ഏറെ പ്രാധാന്യമർഹിക്കുന്നു. കൊമേഡിയന്റെ ശാരീരിക ചലനങ്ങൾ, ശബ്ദനിയന്ത്രണം, ആശയവിനിമയ തന്ത്രങ്ങൾ, സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അവഗാഹം എന്നിവ ഇവിടെ പ്രധാനമാണ്. ഒടിടി പ്ലാറ്റുഫോമുകളുടെ വരവോടെ പ്രേക്ഷകരോടൊപ്പം തന്നെ റെക്കോർഡ്‌ ചെയ്യപ്പെടുകയും ബ്രോഡ്‌കാസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്യുന്നതിനാൽ ഉറ്റഭാഷണങ്ങളുടെ (intimate talk) സംഭാഷണപര (dialogic) മായ അവതരണവും പ്രൊഫഷണൽവൽക്കരണവും ഒരേസമയം സ്റ്റാൻഡ് അപ് കോമഡി ഷോകളിലൂടെ നടക്കുന്നു. ബ്രോലിക്കിന്റെ ഭാഷയിൽ പറഞ്ഞാൽ ‘അകലവുമായി ഗാഢബന്ധത്തെ അനുരഞ്ജിപ്പിക്കുക’ (reconciliation between intimacy and distance) യാണിവിടെ. അതായത്‌ വലിയ പണം മുടക്കി ടിക്കറ്റെടുത്ത് ദീപാലങ്കാരസമൃദ്ധമായ സ്റ്റേജിനു മുന്പിൽ ഫലിതം കാത്തിരിക്കുന്ന പ്രേക്ഷകരെ മാത്രമല്ല, വ്യത്യസ്ത കാലദേശങ്ങളിൽ വിഭിന്നമായ കാഴ്ചാസാഹചര്യങ്ങളിൽനിന്ന് ഷോ കാണുന്ന പ്രേക്ഷകരെയും ഒരു സ്റ്റാൻഡ് അപ് കോമിക് മനസ്സിൽ കാണണം. പ്രത്യക്ഷത്തിൽ രാഷ്ട്രീയവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അലി വോങ്ങിനെയും ട്രെവർ നോവയെയും പോലുള്ള ഹാസ്യകലാകാരന്മാർ നേരിടുന്ന ഒരു വലിയ വെല്ലുവിളിയും ഇതു തന്നെയാണ്. സ്‌ത്രീ ലൈംഗികത, നവഉദാരവൽക്കരണം, ഇമിഗ്രേഷൻ പ്രശ്നം, വംശീയത, കോളനിവൽക്കരണം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ഹാസ്യത്തെ ഒരു സമഷ്ടി അനുഭവമാക്കി മാറ്റുക എന്നത് ഏറെ പ്രയാസകരമാണ്. കാരണം ഇന്ന് ആഗോളതലത്തിൽ ചേരിതിരിഞ്ഞു നടക്കുന്ന രാഷ്‌ട്രീയ വ്യവഹാരങ്ങളിലെ സുപ്രധാന പ്രമേയങ്ങളാണ് മേൽസൂചിപ്പിച്ചവ. അതുകൊണ്ടുതന്നെ ശത്രുക്കളും  മിത്രങ്ങളും ഏറെ ഉണ്ടാവാൻ സാധ്യതയുള്ള സങ്കീർണമായ മേഖലയാണിത്. ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോഴും 2018ൽ  ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ നേടിയപ്പോഴും ട്രെവർ നോവ നടത്തിയ പ്രസ്താവനകൾ ഏറെ വിമർശനങ്ങൾക്ക്‌ കാരണമായിട്ടുണ്ട്. അതുപോലെ അലി വോങ്ങിന്റെ പ്രത്യക്ഷത്തിലുള്ള ലൈംഗിക പരാമർശങ്ങൾ യാഥാസ്ഥിതിക വലതുപക്ഷ ക്യാമ്പുകളെ അസ്വസ്ഥരാക്കുന്നുണ്ട്‌. അവരുടെ ‘ഫാൻസി ഏഷ്യൻ’ (ചൈനക്കാരെയും ജപ്പാൻകാരെയും ഉദ്ദേശിച്ച്‌), ‘ജംഗിൾ ഏഷ്യൻ’ (ഫിലിപ്പൈൻസ്, തായ്‌ലൻഡ്, വിയറ്റ്നാം മുതലായ രാഷ്‌ട്രങ്ങൾ) പരാമർശങ്ങളും വിവാദമായിട്ടുണ്ട്. ഏറ്റവും കുറച്ച്‌ നിയന്ത്രിക്കപ്പെടുകയും ഔദ്യോഗിക അരിപ്പയിലൂടെ കടന്നുപോവുകയും ചെയ്യുന്ന പ്രകടനകലയാണ് സ്റ്റാൻഡ് അപ് കോമഡി. അതുകൊണ്ടുതന്നെ ഹാസ്യകലാകാരന്മാർ വിവാദനായികാ നായകന്മാരാവാൻ സാധ്യതകളേറെയാണ്. എങ്കിലും പുതിയകാലത്തെ രാഷ്‌ട്രീയപ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ പൊതുസമൂഹസമക്ഷം അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ് കോമിക്കുകൾക്ക് സമൂഹത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നതിൽ ചിരിച്ചുതള്ളുന്നതിനേക്കാളേറെ വലിയ പങ്ക്‌ വഹിക്കുവാനുണ്ട്.   ദേശാഭിമാനി വാരികയിൽ നിന്ന്     Read on deshabhimani.com

Related News