‘രസാനുഭവ’ പുതുമകളിലേക്ക് ചുവടുവച്ച് അശ്വതിയും ശ്രീകാന്തും
കോഴിക്കോട് മാർച്ചിൽ കുംഭകോണത്തായിരുന്നു അശ്വതി അവസാനം നടനമാടിയത്. ശ്രീകാന്ത് പാരീസിലും... ഈ നവരാത്രികാലത്ത് നർത്തക ദമ്പതികൾ വീണ്ടും ചിലങ്കയണിയുകയാണ്. നാട്യമണ്ഡപത്തിലാടിത്തിമിർക്കയല്ല, കലയുടെ രസാനുഭൂതി പങ്കിടാൻ. കോവിഡ് തിരശ്ശീലയിട്ട നൃത്തകലയെ ഡിജിറ്റൽ അരങ്ങിലാവിഷ്‌കരിക്കയാണ് ‘രസാനുഭവ’യിലൂടെ ഈ യുവനർത്തകർ. എം ടി വാസുദേവൻ നായരുടെയും നർത്തകി കലാമണ്ഡലം സരസ്വതിയുടെയും മകളാണ് അശ്വതി. ഭർത്താവ് ശ്രീകാന്ത് ചെന്നൈ കേന്ദ്രമായി ദേശാന്തര വേദികളിൽ അറിയപ്പെടുന്ന കലാകാരൻ. കലയും സംഗീതവും ചുവടുവയ്‌ക്കുന്ന രസാനുഭവ യു ട്യൂബ് ചാനലിന് കഴിഞ്ഞദിവസമാണ് തുടക്കമായത്. നവരാത്രികാലമായതിനാൽ ഒമ്പത് ദിവസം ദുർഗ, ലക്ഷ്‌മി, സരസ്വതി പ്രണാമമായാണ് അവതരണം. മിനിറ്റുകൾ നീളുന്ന നാട്യപ്രകടനം മാറി മാറി അവതരിപ്പിക്കും. കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലും നൃത്തവിദ്യാലയത്തിലുമായി ആരവമില്ലാതെ ഡിജിറ്റൽ അരങ്ങിനായി ചുവടുവയ്‌ക്കയാണിവരിപ്പോൾ. സംഗീതം, സാഹിത്യം ചിത്രകല എന്നിവക്ക് രസാനുഭവത്തിൽ ഇടമുണ്ടാകും. നർത്തകരുമായുള്ള സംവാദം, പിന്നണി സംഗീത വിദ്വാന്മാരുടെ അനുഭവ വിവരണം എന്നിവയെല്ലാമുണ്ടാവും. കോവിഡിൽ ജീവിതനർത്തനം നിശ്‌ചലമാകുന്ന വേളയിൽ പുതുമകളിലേക്ക് ചുവടുവയ്‌ക്കാനുള്ള സർഗാത്മകശ്രമമാണിതെന്നും അശ്വതി പറയുന്നു. Read on deshabhimani.com