പരുന്താട്ടകലയുടെ നവയുഗശിൽപ്പി



 ‘ചക്കീയെന്നൊരു ചെമ്പരുന്തവളോ തെന്നാം തെയ്യാം...' പശ്ചാത്തലത്തിലെ നാടൻപാട്ടിനൊപ്പം വിടർത്തിയ ചിറകും വിരിഞ്ഞ ചുണ്ടുമായി ബേബിയാശാൻ വേദിയിലെത്തിയാൽ പിന്നെ കാണികൾക്കതൊരു വിസ്മയക്കാഴ്ചയാണ്. നാടൻശീലിന്റെ താളത്തിനൊത്ത് ആശാൻ ചുവടുറപ്പിച്ച് പരുന്തായി പകർന്നാടിത്തുടങ്ങുമ്പോൾ ആ ഊർജമാകെ കാണികളിലേക്കും സന്നിവേശിക്കുന്നു. അറ്റുപോയൊരു ഗോത്രകലയിൽനിന്ന്‌ പരുന്താട്ടം എന്ന ജനകീയ കലാരൂപത്തെ പരിവർത്തനപ്പെടുത്തിയ കോട്ടയം പാത്താമുട്ടം സ്വദേശി ബേബി കൂമ്പാടി വേദികളിൽനിന്ന്‌ വേദികളിലേക്ക് പറന്നുതുടങ്ങിയിട്ട് മൂന്ന് ദശാബ്ദമാകുന്നു. 2018ലെ ഫോക്‌ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ മണ്ണിന്റെയും മനുഷ്യന്റെയും മണമുള്ള ബേബി കൂമ്പാടി ആയിരത്തിലധികം വേദികൾ പിന്നിട്ട് കലാജീവിതയാത്ര തുടരുകയാണ്. പരുന്തുകളിയെന്ന ഗോത്രകല മധ്യകേരളത്തിൽ പരുന്തുകളി എന്നൊരു കലാരൂപം നിലനിന്നിരുന്നു. ഉത്സവ ആഘോഷവേളകളിൽ കുടികൾക്കു മുമ്പിൽ അവതരിപ്പിച്ചുപോന്നിരുന്ന തനത് കലയായിരുന്നു അത്‌. കൈകളിൽ കുരുത്തോല വച്ചുകെട്ടി കുരുത്തോലകൊണ്ട് ചുണ്ടുണ്ടാക്കി, വെള്ള മുണ്ടുടുത്ത് അതിനുമേൽ ചുവന്ന പട്ട് കോണോട് കെട്ടി വട്ടക്കളി രൂപേണ കളിച്ചിരുന്ന കലാരൂപം. കരു, മരം, പറ, തുടി, കൈച്ചിലമ്പ് തുടങ്ങിയവയായിരുന്നു വാദ്യങ്ങൾ. താളമായിരുന്നു അതിന്റെ ആത്മാവ്. കോളനിവാഴ്ചക്കാലത്ത് കുടികൾ ചിതറുകയും സാംസ്കാരിക സങ്കലനം ഉണ്ടാകുകയും ചെയ്‌ത ഘട്ടത്തിൽ മറ്റനേകം കലാരൂപങ്ങളെപ്പോലെ പരുന്തുകളിയും വിസ്‌മൃതിയിലായി.  ബേബി കൂമ്പാടി പരുന്താട്ടത്തിലേക്ക് നാടൻപാട്ടിലൂടെ ലോകശ്രദ്ധനേടിയ മാറിയാമ്മച്ചേട്ടത്തിയാണ്‌ കണ്ണൂരിൽ ഫോക്‌ലോർ അക്കാദമിയുടെ ഒരു പരിപാടി കഴിഞ്ഞ് തിരികെയുള്ള തീവണ്ടി യാത്രയിൽ പരുന്തുകളിയുടെ ചരിത്ര പശ്ചാത്തലം പകർന്നുകൊടുത്തത്‌. ‘നമുക്ക് ആ കളിയെ തിരിച്ചുകൊണ്ടുവരണം' എന്ന മറിയാമ്മച്ചേട്ടത്തിയുടെ വാക്കുകളാണ് ബേബിയാശാന്‌ ആധുനിക പരുന്താട്ടത്തിലേക്ക് വഴിതുറന്നത്. വേദിക്ക്‌ പര്യാപ്തമാകുംവിധം പുതിയ വേഷവിധാനങ്ങൾകൂടി സ്വീകരിച്ചുകൊണ്ട്‌ എരുമേലി മലയാള കലാഗ്രാമം സമിതിയിൽനിന്ന്‌ പരുന്തുകളിയുടെ പരിഷ്കൃതരൂപം പരീക്ഷിച്ചുനോക്കി. പക്ഷേ, അത്‌ വലിയനിലയ്‌ക്ക്‌ സ്വീകരിക്കപ്പെട്ടില്ല. പരുന്തുകളിക്ക് ജനകീയമുഖം നൽകണമെന്ന ഉറക്കം കെടുത്തിയ ചിന്തയിൽനിന്നാണ് ഇന്നത്തെ പരുന്താട്ടത്തിന്റെ പിറവി. സ്വന്തം നിലയിൽ കുറെയേറെ സൂക്ഷ്മമായി പഠിക്കുകയും പരീക്ഷിക്കുകയും ചെയ്തു. കുരുത്തോലകൊണ്ട് ചിറകും പാളകൊണ്ട് ചുണ്ടും വെട്ടിയുണ്ടാക്കി രൂപം മെനഞ്ഞെടുത്തു. നാടൻപാട്ടിന്റെ ചടുലതാളത്തിനൊപ്പം നാടൻ കളരിയുടെ ചുവടുകളും സമന്വയിപ്പിച്ചു. നോട്ടവും ചലനവും പരുന്തിന്റെ പെരുമാറ്റ രീതികളും മുമ്പ് വളർത്തിയിരുന്ന കണ്ണനെന്ന പരുന്തിനെ നിരീക്ഷിച്ച് പഠിച്ചു. പിന്നീട്, കുരുത്തോലയ്‌ക്ക് പകരം പനയോലയും പാളയ്ക്ക്‌ പകരം പാലത്തടിയുടെ പോളയും ഉപയോഗിച്ചുതുടങ്ങി. പരുന്ത് ഉയരത്തിൽനിന്നുകൊണ്ട് ലോകത്തെ കാണുന്ന പക്ഷിയാണ്. അത് ഇരയെ കണ്ടെത്തുന്നതും റാഞ്ചാൻ തയ്യാറെടുക്കുന്നതുമെല്ലാം ഉന്നതിയിൽനിന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ, പരുന്താടുമ്പോൾ തറയിൽനിന്ന് ആടരുതെന്നാണ്‌ ബേബിയാശാന്റെ മതം. പരുന്തെന്നപോലെ അദ്ദേഹത്തിന്റെ ചിന്തകളും ഉയരത്തിലേക്ക് പറത്തിവിട്ടു.  ചെങ്ങന്നൂർ തായ്‌മൊഴി, തിരുവനന്തപുരം വായ്‌മൊഴിക്കൂട്ടം, ചങ്ങനാശേരി ഫോക്മീഡിയ, ചങ്ങനാശേരി കനി പാട്ടുകൂട്ടം, തിരുവല്ല തായ്മൊഴി, എരുമേലി തുടി, തൃശൂർ കൈതോല ഫോക്മീഡിയ തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന കലാസമിതികൾക്കൊപ്പം പരുന്താട്ടവുമായി വേദികളിൽനിന്ന് വേദികളിലേക്ക് അനേകമാണ്ടുകൾ ബേബിയാശാൻ പറന്നുനടന്നു. ഇന്ന് കേരളത്തിലെ നിരവധി നാടൻകലാസമിതികളിൽ ആശാന്റെ അനേകം ശിഷ്യന്മാർ പരുന്താട്ടം അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കുമുകളിൽ തട്ടിട്ട്, അതിന്മേൽ ഒറ്റക്കാലിൽനിന്നുപോലും ബാലൻസുതെറ്റാതെ പരുന്താടാൻ ബേബിയാശാൻതന്നെ വേണം. പ്രതിഷേധത്തിന്റെ കല ഒരുകാലത്ത് ഇവിടത്തെ ദ്രാവിഡ ഗോത്രജനതയെ സവർണ മേധാവിത്വം അടിമകളാക്കുകയും സ്ത്രീകളെ ചൂഷണം ചെയ്യുകയും അവരുടെ സാംസ്കാരിക അടയാളങ്ങളെ ഛിന്നഭിന്നമാക്കുകയും ചെയ്തു. എന്നാൽ, അവർക്ക് എക്കാലവും ഗോത്ര ജനതയുടെ ദൈവീകതയെ ഭയമായിരുന്നു. അവർ കൊന്നൊടുക്കിയ ഗോത്ര സമൂഹത്തോടുള്ള ഭയംകൊണ്ട് ആത്മാക്കളെ ആവാഹിച്ച് കരിമ്പനകളിലും പാലമരത്തിലും തറച്ചു. അതുകൊണ്ടാണ് പനയോലകൊണ്ടുള്ള ചിറകും പാലത്തടികൊണ്ടുള്ള ചുണ്ടും ഉപയോഗിക്കാൻ ബേബിയാശാൻ  തീരുമാനിച്ചത്. അവ കേവലം പ്രകൃതിവിഭവങ്ങൾ എന്ന നിലയിൽ മാത്രമല്ല, ഗോത്രജനതയുടെ പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും ചിഹ്നമായാണ് അദ്ദേഹം കാണുന്നത്. ആടുന്ന സമയത്ത് പരുന്തായി താദാത്മ്യപ്പെടുകയും പ്രതിഷേധത്തിന്റെ ശരീരഭാഷ സ്വയമാവാഹിക്കുകയും ചെയ്യും. പാട്ടിലൂടെയും പ്രതിരോധം ‘ചക്കീയെന്നൊരു ചെമ്പരുന്തവളോ...' എന്ന പാട്ടുപോലും പ്രതിരോധത്തിന്റെ അടയാളമാണ്. സ്വത്വബോധത്തിന്റെ കരുത്തുള്ള ഭാഷയാണത്. ‘ശക്തി' എന്നതിനു സമാനമാണ് ‘ചക്കി' എന്ന നാട്ടുപ്രയോഗം. ശക്തിയുടെ തദ്ഭവരൂപമാണത്‌. ചക്കി സ്ത്രീലിംഗമാണ്. ആദിദ്രാവിഡ സംസ്കാരമാകുന്ന ‘ചക്കി എന്ന ചെമ്പരുന്ത്' തന്നെത്താൻ കൂടുചമച്ച്, കൂവിപ്പനറ്റി, മൊട്ടയിട്ട്, പൊരുന്നിരുന്ന്‌, കുഞ്ഞുവിരിച്ച്, തീറ്റ കൊടുത്ത്, പോറ്റി വളർത്തി എന്നാണ് വരികൾ. തനതായ ദ്രാവിഡ സാംസ്കാരികതയുടെ പരിവർത്തനഘട്ടംതന്നെയാണ് വരികളിൽ സൂചിതമാകുന്നത്. പിന്നീട് ആര്യസംസ്കാരമാകുന്ന വടക്കുനിന്നു വന്ന ‘കണ്ടൻപരുന്ത്' വടക്കന്നം മതിൽപുറത്ത് താമസമാക്കുകയും കാലാന്തരത്തിൽ ഭാഷയിലും സംസ്കാരത്തിലും ആര്യദ്രാവിഡ സങ്കലനം ഉടലെടുക്കുകയും ചെയ്തു. ‘കാലം പതിറ്റാണ്ടു പന്തീരാണ്ടായ'പ്പോൾ ‘കുഞ്ഞിനെ പാതി പകുക്കണം ചക്കീ' എന്ന ആര്യമേധാവിത്വത്തിന്റെ ആജ്ഞാശക്തി പ്രയോഗിക്കപ്പെട്ടു. ‘കാല് കറുത്തത് എന്റെ, ചുണ്ട് ചുവന്നത് നിന്റെ' എന്നു പറയുമ്പോൾ, ആര്യദ്രാവിഡ സങ്കലനം മാത്രമല്ല സൂചിതമാകുന്നത്. സൂക്ഷ്മാർഥത്തിൽ ഈ മണ്ണിന്റെ അവകാശികളായ, മണ്ണിൽ പണിയെടുത്ത ദ്രാവിഡതയുടെ ഉടൽഭൂപടവും സ്വത്വബോധവും വെളിപ്പെടുത്തുകയും ഗോത്രജനത വിതച്ചു-കൊയ്തത് തിന്നുമാത്രം ചുണ്ടുചുവന്ന ആര്യബോധത്തെ നിശിതമായി വിമർശിക്കുകയും കൂടിയാണ്‌. ഗോത്രജനതയുടെ താളബോധത്തെ കടമെടുത്തവർ അതിന്റെ അവകാശികളാകുകയും അതുണ്ടാക്കിയവർ ആരുമല്ലാതായി മാറിയതുമാണ് നമ്മുടെ അനുഭവം. ആ അനുഭവബോധം ഉള്ളിലുള്ള ബേബിയാശാൻ പരുന്താട്ടത്തെ മറ്റാർക്കും അടിയറവയ്ക്കാൻ തയ്യാറല്ല. നാടൻ കലകളൊക്കെയും ‘ഹൈജാക്ക്' ചെയ്യപ്പെടുന്ന കാലത്ത് പരുന്താട്ടം ഒരു ജനകീയ കലയായി നിലനിന്നുകാണാനാണ്‌ അദ്ദേഹം ആഗ്രഹിക്കുന്നത്‌. അതാരുടെയും സ്വന്തമല്ല, ആർക്കും സ്വന്തമാക്കാനും ആകില്ല എന്നാണ് ബേബി കൂമ്പാടി എന്ന കലാകാരൻ പ്രഖ്യാപിക്കുന്നത്. Read on deshabhimani.com

Related News