സാഹിത്യ ചലച്ചിത്രമേള സയ്യിദ് മിര്‍സ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം> ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2024 നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായ സാഹിത്യ ചലച്ചിത്രമേള സംവിധായകനും കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ചെയര്‍മാനുമായ സയ്യിദ് മിര്‍സ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമായി സംവാദപരിപാടിയും ഉണ്ടായിരിക്കും. ഡിസംബര്‍ ഒന്നിന് രാവിലെ 10.30ന് കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ ജോണ്‍ എബ്രഹാം തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ എം.മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ആമുഖഭാഷണം നടത്തും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഹെഡ് ഓഫ് സ്‌കൂള്‍ ഡോ.ബിനോ ജോയ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് 'മലയാള സിനിമയുടെ മാറുന്ന മുഖങ്ങള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ സംവിധായകരായ ഡോ. സിദ്ധാര്‍ത്ഥ ശിവ, സഞ്ജു സുരേന്ദ്രന്‍, നടി ജോളി ചിറയത്ത്, നടനും കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡയറക്ടറുമായ ജിജോയ് രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. നടനും നിരൂപകനുമായ കെ.ബി വേണു മോഡറേറ്റര്‍ ആയിരിക്കും. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലായി ജോണ്‍ എബ്രഹാം തിയേറ്ററില്‍ സാഹിത്യസംബന്ധിയായ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ചിലിയന്‍ കവി പാബ്‌ളോ നെരൂദയുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ അവതരിപ്പിക്കുന്ന നെരൂദ (2016) ഷേക്‌സ്പിയറിന്റെ മാക്ബത്തെിനെ ആധാരമാക്കി അകിര കുറോസാവ സംവിധാനം ചെയ്ത ത്രോണ്‍ ഓഫ് ബ്‌ളഡ്, നോബല്‍ സമ്മാന ജേതാവ് എല്‍ഫ്രീദെ യെലിനെകിന്റെ നോവലിനെ ആസ്പദമാക്കി മൈക്കേല്‍ ഹനേക സംവിധാനം ചെയ്ത ദ പിയാനോ ടീച്ചര്‍(2001), ഉംബെര്‍ട്ടോ എക്കോയുടെ നോവലിനെ ആധാരമാക്കി ഷോണ്‍ ഷാക് അന്നോദ് സംവിധാനം ചെയ്ത ദ നെയിം ഓഫ് ദി റോസ് (1986), ചാള്‍സ് ഡിക്കന്‍സിന്റെ നോവലിനെ ആസ്പദമാക്കി റോമന്‍ പൊളാന്‍സ്‌കി സംവിധാനം ചെയ്ത ഒലിവര്‍ ട്വിസ്റ്റ് (2005), വിക്ടര്‍ ഹ്യൂഗോവിന്റെ 'പാവങ്ങള്‍' എന്ന വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ലെസ് മിസറബിള്‍സ് (2012) എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. Read on deshabhimani.com