അമേരിക്കയെ തകർത്ത സെപ്തംബർ 11; ലോകം കണ്ടത് ബിഗാർട്ടിന്റെ കണ്ണുകളിലൂടെ
അമേരിക്കയെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ 23-ാം വാർഷികമാണ് ഇന്ന്. 2001-ൽ ന്യൂയോർക്ക് നഗരത്തിന്റെ കേന്ദ്രമായ വേൾഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഏറ്റവും ശക്തമായ രാജ്യങ്ങൾ പോലും പലപ്പോഴും ദുർബലമാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് 9/11 ഭീകരാക്രമണം. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകളാണ് അന്നത്തെ ആക്രമണത്തിൽ തകർന്നടിഞ്ഞത്. ഏകദേശം 3,000 ആളുകളുടെ ജീവൻ അപഹരിച്ച സെപ്തംബർ 11ലെ ആ ഭീകരാക്രമണം പേൾ ഹാർബർ ബോംബാക്രമണത്തിന് ശേഷം അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ്. സെപ്തംബർ 11 സമയം രാവിലെ 8.46ന് ലോസ് ആഞ്ചലസിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 11 വിമാനം ലോവര്‍ മാന്‍ഹട്ടനിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ 110 നിലകളുള്ള ടവറിന്റെ എണ്‍പതാം നിലയിലേക്ക് ഇടിച്ചുകയറി. നിമിഷങ്ങള്‍ കൊണ്ട് നോര്‍ത്ത് ടവര്‍ അഗ്നിക്കിരയായി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമേരിക്ക പകച്ചു നില്‍ക്കേ 9.03ന് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 175 രണ്ടാം ഗോപുരമായ തെക്കേ ടവര്‍ ഇടിച്ചു തകര്‍ത്തു. ആദ്യ സംഭവം ഉണ്ടായപ്പോള്‍ ഒരു വിമാനാപകടമാണെന്ന് കരുതിയിരുന്നെങ്കിലും രണ്ടാം ടവറും തകര്‍ന്നതോടെ മനസിലായി അമേരിക്ക ആക്രമിക്കപ്പെട്ടെന്ന്. അതിന്റെ ദൃസാക്ഷിയായിരുന്നു ഫോട്ടോ ജേണലിസ്റ്റ് ബിൽ ബിഗാർട്ട്. തകർന്നുകൊണ്ടിരിക്കുന്ന ആ രണ്ടു ടവറുകളുടെ ചിത്രം അദ്ദേഹത്തിന്റെ കാമറകളിലെ അവസാനചിത്രമായിരുന്നു. 9/11 ഭീകരാക്രമണത്തെ ഇന്നും ലോകം ഓർക്കുന്നത് ബിഗാർട്ടിന്റെ ചിത്രങ്ങളിലൂടെയാണ്. ആക്രമണസമയത്ത് ബിൽ ബിഗാർട്ടിന്റെ ഭാര്യ അദ്ദേഹത്തെ സെൽഫോണിൽ വിളിച്ചപ്പോൾ ഇത് തീവ്രവാദ പ്രവർത്തനമാണെന്നും അപകടമല്ലെന്നും അറിയിച്ചുവെന്നും താൻ അഗ്നിരക്ഷാസേനയോടൊപ്പം സുരക്ഷിതമായി ഉണ്ടെന്നും പറഞ്ഞതായി അവർ ഓർക്കുന്നു. അന്ന് മറ്റു മാധ്യമപ്രവർത്തകരേക്കാളും അഗ്നിരക്ഷാസേനയേക്കാളും തകരുന്ന ആ ടവറിനോട് കൂടുതൽ അടുത്ത് നിന്നിരുന്നത് ബിഗാർട്ടായിരുന്നുവെന്ന് സാഹസം നിറഞ്ഞ അദ്ദേഹത്തിന്റെ ആ ജീവിതത്തെക്കുറിച്ച് ന്യൂയോർക്ക് പോസ്റ്റിന്റെ ഫോട്ടോഗ്രാഫർ ആയിരുന്ന ബൊളിവർ അരെല്ലാനോ പറഞ്ഞു. മണിക്കൂറിൽ 120 മൈൽ വേഗതയിൽ 500,000 ടൺ ഗ്ലാസ്, കോൺക്രീറ്റ്, സ്റ്റീൽ എന്നിവ ശരീരത്തിൽ പതിച്ചപ്പോഴും തന്റെ കാനോൺ ഡി30 യുടെ വ്യൂഫൈൻഡറിലൂടെ നോക്കുകയായിരുന്നു ബിഗാർട്ട്. ദുരന്തം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ ബിഗാർട്ടിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുക്കുന്നത്. അമേരിക്കയെ അടിമുടിവിറപ്പിച്ച 9/11- ആക്രമണത്തിൽ ജീവനോടെ പുറത്തെടുക്കാത്ത ഒരേയൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ബിഗാർട്ട് ആയിരുന്നു. Read on deshabhimani.com