കരുതലിന്റെ തണലിൽ - പട്ടികജാതിവർഗ,പിന്നോക്കവിഭാഗ മന്ത്രി എ കെ ബാലൻ എഴുതുന്നു



കഴിഞ്ഞ മാസം 18ന്‌ ഞാൻ അട്ടപ്പാടി സന്ദർശിച്ചിരുന്നു. ലോക്ക്‌ഡൗൺ കാലത്ത് അട്ടപ്പാടിയിലെ സ്ഥിതിഗതികൾ അറിയുകയായിരുന്നു സന്ദർശനോദ്ദേശ്യം. ഉദ്യോഗസ്ഥതല അവലോകനയോഗത്തിനുശേഷം നക്കുപതി ഊരും സമീപത്തെ റേഷൻകടയും സന്ദർശിച്ചു. ഊരിലെത്തിയപ്പോൾ “അളകാത്ത സന്ദനമേരെ ബെഹു വിഹപൂത്തിറക്കും.'' അയ്യപ്പനും കോശിയും സിനിമയിലെ ഈ പാട്ടിലൂടെ മലയാളിയുടെ മനംകവർന്ന നഞ്ചിയമ്മയെ കണ്ടു. നഞ്ചിയമ്മയോടും ഊരിലെ വിശേഷങ്ങൾ അന്വേഷിച്ചറിഞ്ഞു. എല്ലാവരും സന്തോഷത്തിലാണ്. തൊട്ടടുത്തുള്ള അങ്കണവാടിയിലാണ് ഊരിലെ എല്ലാപേരും ഒത്തുകൂടിയത്. പോകാൻ നേരം നഞ്ചിയമ്മയോട് ആ പാട്ടൊന്ന് പാടാമോ എന്ന് ഞാൻ ചോദിച്ചു. നഞ്ചിയമ്മയുടെ മറുപടി മറ്റൊന്നായിരുന്നു. “ഞാൻ അതു പാടാം അതിനുമുമ്പ് ഞങ്ങളുടെ സന്തോഷത്തിന്റെ ഒരു പാട്ടുപാടാം” നഞ്ചിയമ്മ അതു പാടി. “മല്ലീശ്വര ദേവ മല്ലീശ്വര, നിന്നെ പാക്കാക്ക് നാമവന്തോം ഈശ്വരാ..'' ശിവരാത്രി വേളയിൽ മല്ലീശ്വര മുടിയിലെ പ്രതിഷ്ഠയെ വാഴ്‌ത്തിപ്പാടുന്ന ഈ പാട്ട് അവരുടെ ആഹ്ലാദത്തിന്റെയും സമൃദ്ധിയുടേതുമാണ്. സർക്കാരിന്റെ കരുതലിനുള്ള ആദിവാസി സമൂഹത്തിന്റെ നന്ദിയായിരുന്നു നഞ്ചിയമ്മയുടെ ഈ പാട്ട്. 2019 അവസാനം ചൈനയിലെ വുഹാനിൽനിന്ന്‌ തുടങ്ങിയ കോവിഡ്–-19 മഹാമാരിയുടെ പ്രയാണത്തിൽ സമ്പന്നരാജ്യങ്ങളും വൻശക്തികളുമടക്കം ലോകം മുഴുവൻ വിറങ്ങലിച്ചുനിൽക്കുകയാണ്. ജനങ്ങൾ ആശങ്കയിലും പരിഭ്രാന്തിയിലുമാണ്. നമ്മുടെ രാജ്യവും ആ പോരാട്ടത്തിലാണ്. രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുന്നിൽനിൽക്കുകയാണ് കേരളം. രോഗവ്യാപന നിയന്ത്രണത്തിലും രോഗപ്രതിരോധത്തിലും ദേശീയ ശരാശരിയേക്കാളും ഏറെ മുന്നിലാണ് നാം. മരണനിരക്കിൽ ഏറെ പിന്നിലും. പട്ടികവിഭാഗങ്ങളടക്കമുള്ള സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ ക്ഷേമത്തിനും കരുതലിനും വിപുലമായ നടപടികളാണ്  സ്വീകരിച്ചുവരുന്നത്. പ്രത്യേക ജീവിതരീതിയും ഭക്ഷണവും ആചാരാനുഷ്ഠാനങ്ങളും ഒക്കെ പുലർത്തുന്നവരാണ് പട്ടികവർഗവിഭാഗങ്ങൾ. അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വലിയ ഇടപെടലുകളാണ് ഈ സർക്കാർ നടപ്പാക്കിവരുന്നത്. ആരോഗ്യസംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകിവരുന്നു. അപ്രതീക്ഷിതമായുണ്ടായ കൊറോണ വൈറസിന്റെ വ്യാപനം പട്ടികവർഗമേഖലകളിൽനിന്ന്‌ പരമാവധി ഒഴിവാക്കാൻ വകുപ്പിന്റെ മുൻകാലപ്രവർത്തനങ്ങൾ ഏറെ സഹായകമായി. കോവിഡിനെതിരായ ബോധവൽക്കരണം നടത്തിയും ഭക്ഷ്യസഹായ പദ്ധതികൾ നടപ്പാക്കിയും അതിജീവനമാർഗങ്ങൾ ആവിഷ്കരിച്ചും ഊരുകളെ സംരക്ഷിക്കാൻ  കഴിഞ്ഞു. സ്വയംനിയന്ത്രണമാണ് രോഗപ്രതിരോധത്തിനും രോഗവ്യാപനം തടയുന്നതിനും കരണീയമായിട്ടുള്ളതെന്ന് ബോധ്യപ്പെടുത്താനും കഴിഞ്ഞു. പട്ടികവർഗമേഖലയിൽ രോഗവ്യാപനം തടയുന്നതിന് നാം നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്ര പട്ടികവർഗ വികസനമന്ത്രി അർജുൻ മുണ്ട ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്ത് 6881 പട്ടികവർഗ കോളനിയിലും ഈ കോളനികളിലെ 1,44,944 കുടുംബങ്ങളിലുമായി പട്ടികവർഗവിഭാഗങ്ങളിലെ 4,85,000 പേരാണ് അധിവസിക്കുന്നത്. ഈ മേഖലകളിലെ കോവിഡ്–-19 പ്രതിരോധപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സെൽ മാർച്ചിൽത്തന്നെ ആരംഭിച്ചു.  വകുപ്പിലെ വിവിധതലത്തിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ്‌ ഗ്രൂപ്പുകൾ രൂപീകരിച്ച് ആശയവിനിമയം ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോളനികളിൽ കൈകഴുകൽ, വ്യക്തിശുചിത്വം, മാസ്കിന്റെ ഉപയോഗം, ശാരീരിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെപ്പറ്റി വിപുലമായ ബോധവൽക്കരണം നടത്തി. അടിയ, പണിയ, കാട്ടു നായ്ക്ക, വെട്ടിക്കുറുമ, കൊറഗ, ഇരുള, മുടുക, കുറുമ്പ, മുതുവാൻ, മന്നാൻ തുടങ്ങിയ സമുദായങ്ങളുടെ ഇടയിൽ അവരുടെ മാതൃഭാഷയിൽ കോവിഡ്–-19 പ്രതിരോധ ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കി പ്രമോട്ടർമാർ മുഖേന വ്യാപകമായി പ്രചരിപ്പിച്ചു. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർക്കും കാടർ, കൊറഗർ, കുറുമ്പർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ എന്നീ പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിൽപ്പെട്ടവർക്കും പ്രത്യേക ബോധവൽക്കരണം നൽകാൻ ശ്രദ്ധിച്ചു. ഇതുകൂടാതെ അടിയർ, പണിയർ, ചില പ്രത്യേക ഗോത്രവർഗക്കാർ എന്നിവർ തിങ്ങിപ്പാർക്കുന്ന കോളനികളിൽ  ശുചിത്വ ബോധവൽക്കരണ പരിപാടികളും ആരോഗ്യ പരിശോധനകളും നടത്തിവരുന്നു. വകുപ്പിന്റെ കീഴിൽ സംസ്ഥാനത്താകെ പതിനാറ്  മൊബൈൽ മെഡിക്കൽ യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്. വിദൂര കോളനികൾക്ക് മുൻഗണന നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങളും പതിവ് ആരോഗ്യപരിശോധനയും മരുന്നുവിതരണവും കൃത്യമായി നടത്തിവരുന്നു. അവശ്യമരുന്നുകൾ ഊരുകളിലെത്തിച്ചുനൽകി. അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് സേവനവും ലഭ്യമാക്കി. ഊരുകളിൽ പട്ടിണിയും ദാരിദ്ര്യവും  നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസഹായപദ്ധതിയുടെ ഭാഗമായി മാർച്ചിൽത്തന്നെ 1,35,852 കുടുംബങ്ങൾക്ക് റേഷൻ ലഭ്യമാക്കി. എഎവൈ കാർഡ് ഉടമകൾക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങൾ നൽകി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിച്ചു. പ്രത്യേക പലവ്യഞ്ജന കിറ്റ് 1,18,190 കുടുംബങ്ങൾക്കും നൽകി. 60 വയസ്സിനുമുകളിലുള്ള വ്യക്തികളും കിടപ്പുരോഗികളും ഉൾപ്പെടെയുള്ള 62,323 പേർക്ക് പ്രത്യേക പോഷകാഹാര കിറ്റും നൽകി. വിദൂരകോളനികളിൽ ഉള്ളവർക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ അവരുടെ വാഹനങ്ങൾ ഉപയോഗിച്ചും ഭക്ഷ്യധാന്യകിറ്റ് എത്തിച്ചു. കോളനികളിൽ കുടിവെള്ളം എത്തിക്കുന്നതിനും നടപടികൾ സ്വീകരിച്ചു. ഈ മഹാമാരി നാളെ സൃഷ്ടിക്കാൻ പോകുന്ന വിപത്തിനെക്കുറിച്ചും അതിനെ നേരിടാൻ നാം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുഖ്യമന്ത്രിതന്നെ ഓർമിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, തൊഴിൽ തുടങ്ങിയ മേഖലകളിൽ വരാൻ പോകുന്ന പ്രതിസന്ധികളെ തരണംചെയ്യാൻ വിവിധ അതിജീവന പദ്ധതികൾക്കും പട്ടികവർഗ വികസനവകുപ്പ് രൂപംനൽകിയിട്ടുണ്ട്. ഗാർഹികാധിഷ്ഠിത കൃഷി, സംഘം ചേർന്നുള്ള കൃഷി, സഹകരണ ഫാമുകൾ വഴിയുള്ള കാർഷികപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകുന്നത്. ക്ഷീരവികസന പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരകൗശല വസ്തുനിർമാണം, പരമ്പരാഗത തൊഴിലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധിതികൾ, വനവിഭവ ശേഖരണവും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണവും എന്നിവയും ലക്ഷ്യമിടുന്നുണ്ട്. തൊഴിലുറപ്പുപദ്ധതിയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തലും 100 ദിവസത്തെ അധിക തൊഴിൽദിനങ്ങൾ ലഭ്യമാക്കലും മറ്റൊരു പ്രധാന പദ്ധതിയാണ്. ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയിൽ അപ്പാരൽ പാർക്ക് തുടങ്ങുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഓട്ടോമൊബൈൽ റിപ്പയറിങ്, ജൈവക്കൃഷി എന്നിവയിൽ പരിശീലനം നൽകിയിട്ടുള്ളവർക്ക് ഈ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള നടപടികളും സ്വീകരിച്ചുവരുന്നു. Read on deshabhimani.com

Related News