ഇല്ല; നിശ്ശബ്ദരാക്കാനാകില്ല - പ്രബീർ പുർകായസ്‌ത സംസാരിക്കുന്നു



സമൂഹമാധ്യമത്തിൽ സജീവമായ ധ്രുവ് റാഠിയെപ്പോലുള്ളവർക്ക് ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്. ഇവരുടെ അഭിപ്രായപ്രകടനങ്ങളാണ് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിക്കുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഭരണകേന്ദ്രത്തിന്‌ വലിയ പ്രയാസമില്ല. സംപ്രേഷണം തടസ്സപ്പെടുത്തിയോ ആദായനികുതിയുടെ പേരിൽ നിയമനടപടി സ്വീകരിച്ചോ ഒക്കെ സർക്കാർ അത്തരം സ്ഥാപനങ്ങളെ വരുതിയിലാക്കുന്നു. സമകാലിക ഇന്ത്യൻ സാഹചര്യത്തിലെ മാധ്യമരംഗത്തെക്കുറിച്ച്‌ മുതിർന്ന പത്രപ്രവർത്തകനും ‘ന്യൂസ്‌ ക്ലിക് ’ എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്‌ത സംസാരിക്കുന്നു. തയ്യാറാക്കിയത്‌ ദേശാഭിമാനി ഡിജിറ്റൽ മീഡിയ കോ ഓർഡിനേറ്റിങ്‌ എഡിറ്റർ കെ ബി വേണു ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവരാനിരിക്കുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിനെക്കുറിച്ച് 1995ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിനു പകരമായി കൊണ്ടുവരുന്ന ബില്ലാണിത്. അന്ന് ടെലിവിഷൻ താരതമ്യേന പുതിയ മാധ്യമമായിരുന്നു. ഇപ്പോൾ സംവേദനത്തിന്റെ വ്യാപ്തി വലുതായി. ഓരോ വ്യക്തിയും സ്വന്തം കാഴ്ചപ്പാടുകൾ ചെറിയ ഗ്രൂപ്പുകളിലും മറ്റുമായി തുറന്നു പങ്കുവയ്ക്കുന്നു. അത്തരം അഭിപ്രായങ്ങൾ പലപ്പോഴും ഭരണനേതൃത്വത്തിന് തലവേദനയുണ്ടാക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വേണ്ടി മാത്രമല്ല ഈ ബിൽ എന്നു വ്യക്തം. സമൂഹമാധ്യമത്തിൽ സജീവമായ ധ്രുവ് റാഠിയെപ്പോലുള്ളവർക്ക് ലക്ഷക്കണക്കിന്‌ കാഴ്ചക്കാരുണ്ട്. ഇവരുടെ അഭിപ്രായപ്രകടനങ്ങളാണ് സർക്കാരിനെ പ്രകോപിപ്പിക്കുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഭരണകൂടത്തിനു വലിയ പ്രയാസമില്ല. സംപ്രേഷണം തടസ്സപ്പെടുത്തിയോ ആദായനികുതിയുടെ പേരിൽ നിയമനടപടി സ്വീകരിച്ചോ ഒക്കെ സർക്കാർ അത്തരം സ്ഥാപനങ്ങളെ വരുതിയിലാക്കുന്നു. അത് നേരത്തേ തുടങ്ങിക്കഴിഞ്ഞതാണ്. ഈ ബില്ലിൽ പറയുന്നത് പിന്തുടരുന്നവരുടെ എണ്ണം നിശ്ചിതപരിധി കവിഞ്ഞാൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ സംവദിക്കുന്ന വ്യക്തികൾ രജിസ്റ്റർ ചെയ്യണമെന്നാണ്. ബിൽ ലക്ഷ്യം വയ്ക്കുന്നത് സർക്കാരിനെ അലോസരപ്പെടുത്തുന്ന വ്യക്തികളെയാണെന്നു തന്നെയാണ് അതിനർഥം. ഭരണനേതൃത്വത്തിന് സ്വന്തം പൗരന്മാരെ നിയന്ത്രിക്കാൻ കഴിയുമോ. അതാണ് പ്രസക്തമായ ചോദ്യം. ഓരോ വ്യക്തിയും ഓരോ മാധ്യമസ്ഥാപനമായി മാറുന്നതാകാം സർക്കാരിനെ അലട്ടുന്ന പ്രശ്നം സാങ്കേതികവിദ്യയിൽ വന്ന മാറ്റംകൊണ്ടു സംഭവിച്ചതാണത്. ഇന്റർനെറ്റിന്റെ വരവോടെ അതുവരെ നിലനിന്നിരുന്ന മാധ്യമസംവേദന രീതികൾ മാറി. മനുഷ്യർ കൂടുതലായി പരസ്പരം സംസാരിക്കാൻ തുടങ്ങി. സത്യത്തിൽ പരസ്പരം സംസാരിക്കുന്നു എന്നല്ല, ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള പ്ലാറ്റ്ഫോമുകളിലൂടെ സംവദിക്കുന്നു എന്നാണ് പറയേണ്ടത്. ധാരാളം വ്യക്തികൾ കണ്ടന്റുകൾ സൃഷ്ടിക്കുന്നു. അവ വിവിധ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്നു. അങ്ങനെ ഓരോ വ്യക്തിയുടെയും അഭിപ്രായങ്ങൾക്ക് പ്രാധാന്യം കൈവരുന്നു. അത്തരം ശബ്ദങ്ങളെ ഭരണകേന്ദ്രത്തിന് എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നതാണ് എന്റെ ചോദ്യം. ഈ ബില്ലിന്റെ ഉള്ളടക്കം ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമല്ല. വളരെക്കുറച്ചു പേർക്കിടയിൽ മാത്രമേ അത് ചർച്ചയ്ക്കായി വിതരണം ചെയ്തിട്ടുള്ളൂ. അക്കൂട്ടത്തിൽ ആരെങ്കിലും ബില്ലിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയാൽ സർക്കാരിന് ആ വ്യക്തിയെ പെട്ടെന്നു പിടികൂടാൻ വേണ്ടിയാണത്. ഏതായാലും സമൂഹമാധ്യമത്തിലെ ഭരണകൂട വിമർശങ്ങളിലൂടെ നിരവധിയാളുകളെ സ്വാധീനിക്കുന്ന വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുക തന്നെയാണ് ഈ ബില്ലിന്റെ ആത്യന്തിക ലക്ഷ്യം. സർക്കാർതന്നെ അതു ചെയ്താൽ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയിലെ 19 (1) എ യുടെ ലംഘനമാകും. സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നവരുടെ ജീവിതം കൂടുതൽ കുഴപ്പത്തിലാക്കാൻ കഴിയുമായിരിക്കും. എങ്കിലും അവരെ നിശ്ശബ്ദരാക്കാൻ കഴിയില്ല. അതാണല്ലോ യുഎപിഎ ചുമത്തി ജയിലിലാക്കിയപ്പോൾ താങ്കളുടെ കാര്യത്തിലും സംഭവിച്ചത് പ്രതികൂലസാഹചര്യങ്ങളെ രണ്ടു തരത്തിൽ നേരിടാം– ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും. ആദ്യത്തേതാണ് നല്ല രീതി. ക്ഷോഭിച്ച് രക്തസമ്മർദം കൂട്ടിയിട്ടും കാര്യമില്ല. ഏതാണ്ട് അരനൂറ്റാണ്ടു മുമ്പ്‌ എനിക്കിതേപോലെ ഒരനുഭവമുണ്ടായതാണല്ലോ– അടിയന്തരാവസ്ഥക്കാലത്ത്. അതുകൊണ്ട് മറ്റൊരു ഏകാധിപത്യ ഭരണത്തിന്റെ കടന്നാക്രമണത്തിൽ പുതുമയൊന്നും തോന്നിയില്ല. ജനാധിപത്യത്തിന്റെ യഥാർഥ സംരക്ഷകർ ഭരണമോ കോടതികളോ മാധ്യമങ്ങളോ അല്ല. ജനങ്ങളാണ് ജനാധിപത്യം സംരക്ഷിക്കുന്നത്. ജനങ്ങൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടമായ അവകാശങ്ങൾ തിരിച്ചുപിടിക്കുന്നതിനുമായി നടത്തുന്ന പോരാട്ടങ്ങളാണ് ഭരണകൂടം അവരെ നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നത്. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥയിലൂടെ അതിനു ശ്രമിച്ചു. പത്തൊമ്പതു മാസത്തിനുശേഷം അവർ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പരാജയപ്പെട്ടു. ഇന്ദിരയെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. ജനതാ ഗവൺമെന്റിന്റെ പതനത്തിനുശേഷം ഇന്ദിര വീണ്ടും അധികാരത്തിലെത്തിയപ്പോൾ അവർ വീണ്ടും ഏകാധിപതിയാകുമെന്ന് ഞങ്ങളൊക്കെ ഭയന്നു. പക്ഷേ, അവർ ജനങ്ങൾ പഠിപ്പിച്ച പാഠം മറന്നില്ല. പക്ഷേ, ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ മനോഭാവം അതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനവികാരം എതിരാണെന്നു മനസ്സിലാക്കിയിട്ടും അവരുടെ സമീപനങ്ങളിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ക്രിയാത്മകമായി പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ കഴിവ് ഇപ്പോൾ വർധിച്ചിരിക്കുകയാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ജനങ്ങളെ കുറച്ചു കാലത്തേക്കു മാത്രമേ തെറ്റിദ്ധരിപ്പിക്കാനും വിഡ്ഢികളാക്കാനും കഴിയൂ. അടിയന്തരാവസ്ഥാത്തടവുകാരനായിരുന്നു താങ്കൾ. ഇപ്പോൾ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്തുണ്ട്. എന്താണ് രണ്ടു കാലഘട്ടങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനപ്പെട്ട വ്യത്യാസങ്ങളും സാമ്യങ്ങളുമുണ്ട്. ഭരണകേന്ദ്രത്തിന്റെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ജനങ്ങളുടെ കടമ എന്ന പൊതുസമീപനം എല്ലാ ഏകാധിപത്യ സംവിധാനങ്ങളിലുമുണ്ട്. അത് ഇവിടെയുമുണ്ട്. പക്ഷേ, സ്വാതന്ത്ര്യസമര കാലംതൊട്ട് ഇന്ത്യൻ ജനത വളർത്തിക്കൊണ്ടുവന്ന സംഘടിത പ്രതിരോധശേഷി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തലമുറകളായി പകർന്നുപോരുന്ന സമരസ്മരണകളെയും ചരിത്രബോധത്തെയും അത്ര എളുപ്പത്തിൽ തുടച്ചുനീക്കാനാകില്ല. പ്രസക്തമല്ലാത്ത വിഷയങ്ങളുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ കഴിഞ്ഞേക്കും. എങ്കിലും ആ ഭിന്നതകളെയും മറികടക്കാൻ നിശ്ചയദാർഢ്യമുണ്ടെങ്കിൽ ജനങ്ങൾക്കു കഴിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി പരാജയപ്പെട്ടത് ആ പ്രതിരോധശേഷിയുടെ പ്രതിഫലനമാണ്. പതിനഞ്ചു വർഷംമുമ്പ്‌ താങ്കൾ ന്യൂസ് ക്ലിക് ആരംഭിച്ചത് മാധ്യമരംഗത്ത് ഒരു മാറ്റം കൊണ്ടുവരാൻ വേണ്ടിയാണ്. ഇപ്പോൾ എങ്ങനെയാണ് സ്വന്തം സംരംഭത്തെ വിലയിരുത്തുന്നത് എന്നെ ജയിലിലടച്ചതോടെ ന്യൂസ് ക്ലിക് പ്രതിസന്ധിയിലായി. ഫലത്തിൽ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നു പറയാം. ജീവനക്കാർക്ക്‌ ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാനകാരണം. പക്ഷേ, ന്യൂസ് ക്ലിക് ഒരു വിജയകരമായ സംരംഭമായെന്നാണ് എന്റെ വിലയിരുത്തൽ. പല പ്രക്ഷോഭങ്ങളെയും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ഫലപ്രദമായി മാധ്യമപ്രവർത്തനം നടത്താനാകുമെന്നു തെളിയിക്കാൻ കഴിഞ്ഞു. അതിൽ ഞാൻ സന്തുഷ്ടനാണ്. എനിക്കും സഹപ്രവർത്തകർക്കും അതിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. മാറ്റങ്ങൾ വരുത്താനാഗ്രഹിക്കുന്നവർക്ക് എക്കാലത്തും തിക്താനുഭവങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും എനിക്ക് ഖേദമൊന്നുമില്ല.   Read on deshabhimani.com

Related News