സമരപഥങ്ങളിലെ ധീരപോരാളി - പിണറായി വിജയൻ എഴുതുന്നു



തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതംതന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും കരുത്തുറ്റ ട്രേഡ് യൂണിയൻ നേതാവുമായിരുന്നു. തൊഴിലാളികളുടെ പൊതുവിലും കയർത്തൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്. തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവായി വളർന്നുവന്ന അദ്ദേഹം സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അടക്കമുള്ള വിവിധ തലങ്ങളിൽ അംഗമായിരുന്നുകൊണ്ട് പാർടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ പാർടിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. സിപിഐ എം രൂപീകരണഘട്ടത്തിൽ ആശയവ്യക്തത വരുത്തുന്നതിലും നയവ്യതിയാനങ്ങൾക്കെതിരെ പൊരുതി പാർടി കെട്ടിപ്പടുക്കുന്നതിലും വഹിച്ച പങ്ക് മറക്കാനാകുന്നതല്ല. അടിയന്തരാവസ്ഥക്കാലത്ത് ദീർഘകാലം ഒളിവിൽ കഴിയേണ്ടിവന്ന അദ്ദേഹത്തിന് രണ്ടു മാസം ജയിൽവാസം അനുഷ്ഠിക്കേണ്ടതായും വന്നു.   തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തുകൂടി അദ്ദേഹം നേതൃത്വം നൽകിയ ജാഥ സഖാവ് ആനത്തലവട്ടത്തിന്റെ സംഘാടക മികവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി. ദേശീയ പൊതുപണിമുടക്കടക്കം ഉള്ളവ വിജയിപ്പിക്കുന്നതിനു തക്കവിധം ട്രേഡ് യൂണിയൻ സംഘടനയെ സമരസജ്ജമാക്കി നിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയേണ്ടതുണ്ട്. 1954ൽ കൂലിക്കുവേണ്ടി നടന്ന കയർത്തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയർത്തൊഴിലാളി സമരങ്ങളിൽ സജീവമായിരുന്നു ആനത്തലവട്ടം ആനന്ദൻ. കയർ അപ്പെക്സ് ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം കയർത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശക്തിയും താൽപ്പര്യവും നിയമസഭാ വേദിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് മാതൃകാപരമാണ്. സഭാതലത്തിലെ സംവാദങ്ങളും പൊതുഇടങ്ങളിൽ സമരങ്ങളും സമന്വയിപ്പിക്കുന്ന ഒരു പ്രത്യേക രീതി സഖാവ് ആനത്തലവട്ടം ആനന്ദന് വശമായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിൽ അടക്കം ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ സഖാവിന്റെ തെളിമയുള്ള കാഴ്ചപ്പാടുകളും സംഘടനാപാടവവും നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ നിലയിൽ വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. ജീവിതത്തിൽ പാർടിയും സിഐടിയുവും ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെ പ്രഥമ പരിഗണനകളെന്ന് എനിക്ക് നേരിട്ടറിയാം. കമ്യൂണിസ്റ്റ് പ്രസ്ഥാനം ആക്രമണത്തിനിരയായ ഘട്ടങ്ങളിലൊക്കെ പാർടിയുടെ ശരിയായ നിലപാട് ജനങ്ങളിലെത്തിക്കാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആനത്തലവട്ടം സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും വിശേഷിച്ചും കനത്ത നഷ്ടമാണ് സഖാവിന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നത്. ആ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു. Read on deshabhimani.com

Related News