കല എന്ന സമരായുധം
ഫാസിസം, വലതുപക്ഷ തീവ്രതയുള്ള രാഷ്‌ട്രീയ ചിന്തകൾ ഇതെല്ലാം അതിന്റെ എല്ലാ നിറങ്ങളോടും സ്വഭാവങ്ങളോടും കൂടി ആഗോള സമൂഹത്തെ ഗ്രസിച്ച ഒരു കാലത്താണ് പൊന്ന്യം ചന്ദ്രൻ ആറടി ഉയരവും നാലടി വീതിയുമുള്ള പത്ത് പാനലുകളിലായി നാൽപ്പതടി വലിപ്പത്തിൽ എഗൈൻസ്‌റ്റ് ഫാസിസം എന്ന ചിത്രം വരയ്ക്കുന്നത്. ഫാസിസത്തിനെതിരായ ശബ്ദങ്ങൾ, അവയെ നിങ്ങൾ എത്രയൊക്കെ കഴുത്ത് ഞെരിക്കാൻ ശ്രമിച്ചാലും, ശക്തമായിത്തന്നെ നിലനിൽക്കും എന്ന് ഉറക്കെ വിളിച്ചോതുന്നു ഈ ചിത്രം. ഒരിക്കൽ പാബ്ലോ പിക്കാസോയുടെ സ്‌റ്റുഡിയോയിലേക്ക് കയറിവന്ന ഗസ്‌റ്റപ്പോ ഉദ്യോഗസ്ഥൻ അവിടെ കണ്ട ഗൂർണിക്കയുടെ ഒരു പ്രിന്റ് ചൂണ്ടിക്കാട്ടി അദ്ദേഹത്തോട് ചോദിച്ചു, ‘‘ഇത് നിങ്ങൾ ചെയ്തതാണോ?’’ പിക്കാസോയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു, ‘‘അല്ല, ഇത് നിങ്ങൾ ചെയ്തതാണ്.’’ സ്പാനിഷ് ജനതയ്ക്കുമേൽ വൻ ദുരന്തം വിതച്ച സൈനികാക്രമണത്തിന് നേരെയുണ്ടായ ഏറ്റവും ശക്തമായ മറുപടിയായി ഇത് ഇന്നും ചർച്ചചെയ്യപ്പെടുന്നു. ഫാസിസത്തിനെതിരായ ഏറ്റവും വലിയ പ്രഖ്യാപനമായി മാറിയ കലാസൃഷ്ടിയായി ഗൂർണിക്കയും. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന് മുമ്പ് ഏറെയൊന്നും രാഷ്‌ട്രീയ ചായ്‌വ് വച്ചുപുലർത്തിയ കലാകാരനായിരുന്നില്ല പിക്കാസോ. എന്നാൽ യുദ്ധം അദ്ദേഹത്തെ വല്ലാതെ മാറ്റി എന്നുമാത്രമല്ല, അത് വളരെ ശക്തമായ രാഷ്‌ട്രീയമുള്ള കലാസൃഷ്ടികൾ രചിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തു. പിന്നീട്, 1944ൽ പിക്കാസോ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നത് ചരിത്രം. ആത്യന്തികമായി കാലാതിവർത്തിയായ ഒരു സൃഷ്ടി എന്ന രീതിയിലല്ല പിക്കാസോ ഗൂർണിക്ക വരച്ചത്. ഒരു ഗ്രാഫിറ്റിയുടെ സ്വഭാവത്തിൽ ശക്തമായ ഒരു പ്രസ്താവന, അതായിരുന്നു ലക്ഷ്യം. അതിനാൽത്തന്നെ അത്ര മികച്ച ക്യാൻവാസൊന്നും ഉപയോഗിച്ചില്ല. പക്ഷെ സംഭവിച്ചത് അതല്ല. ആ ചിത്രം കാലാതിവർത്തിയായി. ഗൂർണിക്ക ഒരു മുദ്രാവാക്യമല്ല, ഫാസിസത്തിനെതിരായ ഒരു പ്രസ്താവനയാണ്, തികഞ്ഞ കലാസൃഷ്ടിയും. അതുകൊണ്ടാണ് ഏകദേശം 87 വർഷങ്ങൾക്കിപ്പുറവും അതൊരു നാഴികക്കല്ലായി നിൽക്കുന്നത്. ഫാസിസത്തിനെതിരെയുള്ള ശബ്ദം എന്ന നിലയിൽ പൊന്ന്യം ചന്ദ്രൻ വരച്ച ബൃഹദ് ചിത്രാഖ്യാനം നോക്കിനിൽക്കുമ്പോൾ ഈ ചരിത്രം മനസ്സിൽ കടന്നെത്തുക സ്വാഭാവികം. അടിസ്ഥാനപരമായി ഇത് ചരിത്രത്തിലൂടെ യാത്രചെയ്യുന്ന ഒരു രാഷ്‌ട്രീയ സൃഷ്ടിയാണ്; മാനവികതയ്ക്ക്, അതിന്റെ വൈജാത്യത്തിന് അടിവരയിടുന്ന സൃഷ്ടി. ഏകശിലാനിർമിതമായ എല്ലാത്തിനെയും ഈ പെയിന്റിങ് ചോദ്യം ചെയ്യുന്നു. ഫാസിസം, വലതുപക്ഷ തീവ്രതയുള്ള രാഷ്‌ട്രീയ ചിന്തകൾ ഇതെല്ലാം അതിന്റെ എല്ലാ നിറങ്ങളോടും സ്വഭാവങ്ങളോടും കൂടി ആഗോള സമൂഹത്തെ ഗ്രസിച്ച ഒരു കാലത്താണ് പൊന്ന്യം ചന്ദ്രൻ ആറടി ഉയരവും നാലടി വീതിയുമുള്ള പത്ത് പാനലുകളിലായി നാൽപ്പതടി വലിപ്പത്തിൽ എഗൈൻസ്‌റ്റ് ഫാസിസം എന്ന ഈ ചിത്രം വരയ്ക്കുന്നത്. ഫാസിസത്തിനെതിരായ ശബ്ദങ്ങൾ, അവയെ നിങ്ങൾ എത്രയൊക്കെ കഴുത്തു ഞെരിക്കാൻ ശ്രമിച്ചാലും, ശക്തമായിത്തന്നെ നിലനിൽക്കും എന്ന് ഉറക്കെ വിളിച്ചോതുന്നു ഈ ചിത്രം. ഒരേസമയം വേദനയുടെയും പ്രതിരോധത്തിന്റെയും ചിത്രമാണിത്. അതിനാൽത്തന്നെ ഇതൊരു ‘സുന്ദരമായ' ചിത്രമല്ല, ഓരോ അണുവിലും രാഷ്‌ട്രീയം നിറഞ്ഞുനിൽക്കുന്ന ഒരു സൃഷ്ടിയാണ്, അതുതന്നെയാണ് ഇതിന്റെ സൗന്ദര്യശാസ്ത്രവും. നൂറ് ശതമാനം സാമൂഹിക‐രാഷ്‌ട്രീയ ബോധം നിറഞ്ഞുനിൽക്കുന്ന, രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായി കാണുമ്പോഴും കലാപരമായ മികവ് നിലനിർത്തുന്ന, ഒരു സൃഷ്ടി. പൊന്ന്യം ചന്ദ്രൻ എന്ന കലാകാരന്റെയും രാഷ്‌ട്രീയക്കാരന്റെയും പ്രതികരണമാണ് ഈ ചിത്രം, അക്ഷരാർഥത്തിൽ വികലമാക്കപ്പെടുന്ന ചരിത്രത്തോട് നമ്മൾ ഓരോരുത്തരും നടത്തേണ്ട പ്രതികരണം. 'എന്റെ രാഷ്‌ട്രീയം എന്നത് ഞാൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിൽ നിന്നും എനിക്ക് ചുറ്റുമുള്ള ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്. അതുതന്നെയാണ് ഈ ചിത്രത്തിലും കടന്നുവരുന്നത്’‐ ചന്ദ്രൻ പറയുന്നു. 'വംശീയതയുടെ പേരിൽ, ഗോമാതാവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന, കുട്ടികൾ കൊടുംപീഡനം നേരിടുന്ന, ഈ ലോകത്ത് എതിർശബ്ദങ്ങളുടെ കഴുത്ത് ഞെരിക്കപ്പെടുകയാണ്.’ എന്നാൽ പൊന്ന്യം ചന്ദ്രൻ എന്ന രാഷ്‌ട്രീയക്കാരനെക്കാളധികം പൊന്ന്യം ചന്ദ്രൻ എന്ന കലാകാരൻ തന്നെയാണ് ഇവിടെ തെളിഞ്ഞുനിൽക്കുന്നത്. ഈ ബൃഹദാഖ്യാനം കാണുമ്പോൾ മനസ്സിലെത്തുന്ന മറ്റൊരു ചിത്രമുണ്ട്. ഗുജറാത്തിലെ കലാപത്തിന്റെയും നരഹത്യയുടെയും പശ്ചാത്തലത്തിൽ ഗൂർണിക്കയിൽ നിന്നു പ്രചോദനമുൾക്കൊണ്ട് യൂസഫ് അറയ്ക്കൽ ചെയ്ത ഗുജാർണിക്ക. എക്കാലത്തും തന്റെ സാമൂഹികമായ ആശങ്കകൾ കലാസൃഷ്ടികളിൽ ആവിഷ്കരിക്കുകയും അവയ്ക്ക് സാർവലൗകികമായ ഒരു കാഴ്ചപ്പാട് നൽകുകയും ചെയ്ത കലാകാരനായിരുന്നു യൂസഫ് അറയ്ക്കൽ. ഗൂർണിക്കയിലെ നിരവധി ഘടകങ്ങൾ ഉൾക്കൊണ്ട ഈ ചിത്രം മറ്റൊരു കാലത്തും ദേശത്തും നിന്നുകൊണ്ട് മാനവികതയുടെ വിലാപങ്ങൾ തന്നെയാണ് ആവിഷ്കരിച്ചത്. ഗൂർണിക്കയിലും ഗുജാറാത്തിലും ഇരയായത് മനുഷ്യൻ തന്നെയാണ്. എന്നാൽ, പൊടുന്നനെയുള്ള വികാരാവേശത്തിൽ ഒരു ചിത്രം വരയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട്, ഗുജറാത്ത് ഉള്ളിൽ കിടന്നു നീറുമ്പോൾ സുഹൃത്തും സരോദ് വാദകനുമായ രാജീവ് താരാനാഥിന്റെ നിർദേശത്തെ തുടർന്നാണ് അറയ്ക്കൽ ഏകവർണ സ്വഭാവത്തിൽ ഗുജാർണിക്ക വരയ്ക്കുന്നത്. ആശയതലത്തിലുള്ള താരതമ്യം എന്ന രീതിയിലാണ് ഗൂർണിക്കയും ഗുജാർണിക്കയും ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. ഇത്തരം ചരിത്രപശ്ചാത്തലത്തിൽ വേണം പൊന്ന്യം ചന്ദ്രന്റെ ഫാസിസ്‌റ്റ് വിരുദ്ധ ചിത്രം കാണാൻ. ലോകത്തെവിടെയായാലും എല്ലാ സാംസ്കാരിക മൂല്യങ്ങളെയും അതിന്റെ നാനാത്വത്തെയും ഏകശിലയിലേക്ക് ചുരുക്കാനുള്ള പ്രവണതയാണ് ഫാസിസത്തിന്റെ മുഖമുദ്ര. ദേശീയതയും വംശീയതയുമെല്ലാം അതിനുള്ള ആയുധങ്ങളായി അവർ ഉപയോഗിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ നമുക്ക് ഇതിന് നിരവധി ഉദാഹരണങ്ങൾ കാണാനാവും. അതിൽനിന്നുതന്നെയാണ് ഈ കലാകാരൻ തന്റെ ആവിഷ്കാരത്തിനുള്ള ബിംബങ്ങൾ കണ്ടെത്തുന്നത്. ഇതിനൊരു സാർവലൗകികതയുണ്ട്. ഹിറ്റ്‌ലറിൽ നിന്നും ഹിറ്റ്‌ലറുടെ സ്വസ്തികയിൽ നിന്നും തുടങ്ങി മുസ്സോളിനിയടക്കമുള്ളവരുടെ ചരിത്രത്തിലൂടെ യാത്രചെയ്ത് പുതിയ കാലത്ത് മനുഷ്യനെതിരെ വാളെടുക്കുന്ന മതതീവ്രവാദം എങ്ങനെ മാനവിക സംസ്കാരത്തെ തകർക്കുന്നു എന്ന് തീക്ഷ്ണമായി വരച്ചിടുന്നുണ്ട് ഈ ദൃശ്യാഖ്യാനത്തിൽ. അതോടൊപ്പം ഇത്തരം ശക്തികൾക്കെതിരെ പോരാടി 1942 സെപ്‌തംബർ 21ന് കൊല്ലപ്പെട്ട മിച്ചിലോട്ട് മാധവനെപ്പോലുള്ള വ്യക്തിത്വങ്ങളും ഇവിടെ കഥാപാത്രങ്ങളാവുന്നു. അങ്ങനെയാണ് ആഗോള വലതുപക്ഷ വ്യതിയാനത്തിനെതിരെയുള്ള ഒരു ഇടതുശബ്ദമായി ഈ ചിത്രാഖ്യാനം വളരുന്നത്. തീർച്ചയായും ഒരുപാട് നാളത്തെ ഗവേഷണങ്ങളുടെയും രേഖാചിത്രങ്ങൾ വരച്ചുള്ള തയ്യാറെടുപ്പുകളുടെയും ഫലമാണ് മനുഷ്യന്റെ ശബ്ദം പ്രതിധ്വനിക്കുന്ന ഈ ചിത്രം എന്ന് ഈ കലാകാരന്റെ സ്കെച്ച്ബുക്ക് നോക്കിയാൽ മനസ്സിലാവും. ഈ ചിത്രം നിൽക്കുന്നത് ഇരകളോടൊപ്പമാണ്, ചരിത്രത്തോടൊപ്പവും. അതിനാൽത്തന്നെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയോടെ വേണം നമ്മൾ ഈ ചിത്രത്തെ സമീപിക്കാൻ. ഇന്ത്യൻ ചരിത്രത്തിലേക്ക് നമ്മൾ തിരിഞ്ഞുനോക്കുകയാണെങ്കിൽ ഫാസിസത്തിന്റെ തുടക്കം ഗാന്ധിവധത്തിൽ നിന്നാണ് എന്നു കാണാനാവും. ഇന്ത്യൻ ചരിത്രത്തിലേക്ക് നമ്മൾ തിരിഞ്ഞുനോക്കുകയാണെങ്കിൽ ഫാസിസത്തിന്റെ തുടക്കം ഗാന്ധിവധത്തിൽ നിന്നാണ് എന്നു കാണാനാവും. ആ അവസ്ഥയെ അതിമനോഹരമായി ആവിഷ്കരിക്കുന്നുണ്ട് ഈ പെയിന്റിങ്. ഗാന്ധിയോടൊപ്പം ‘ഹേ റാം’ എന്ന ചിതറിയ വിളിയും പൊട്ടിയ കണ്ണടയും ഉള്ളുപൊള്ളുന്ന രണ്ട് ബിംബങ്ങളായി ഈ ചിത്രത്തിൽനിറയുന്നത് കാണാം. ഇത്തരം ബിംബകൽപ്പനകൾ ഈ ചിത്രത്തിലുടനീളം നമുക്ക് കാണാനാവും, അങ്ങിങ്ങായി ചില ടെക്സ്റ്റുകളും. എന്നാൽ അതോടൊപ്പം ഇസ്ലാമിക തീവ്രവാദം ഉയർത്തുന്ന ഭീഷണി, പർദ്ദയിട്ട് വാളേന്തി നിൽക്കുന്ന ഒരു സ്ത്രീരൂപത്തിലൂടെയാണ് യാതൊരു സിംബോളിസവുമില്ലാതെ കലാകാരൻ ആവിഷ്കരിക്കുന്നത്. ഫാസിസത്തിന് മതത്തിന്റെയോ ഭൂമിശാസ്ത്രത്തിന്റെയോ അതിർവരമ്പുകളില്ല. അത് മനുഷ്യനെ കേൾക്കുന്നില്ല, മനുഷ്യരോട് സംവദിക്കുന്നില്ല. മറിച്ച്, ഒരു റേഡിയോ പോലെ അവരോട് ഭാഷണം നടത്തുക മാത്രമേയുള്ളൂ. ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുക, ഞാൻ നയിക്കുന്ന വഴിയേ മാത്രം നടക്കുക. ചോദ്യമരുത് എന്ന് അത്തരം ഭരണകൂടം നിങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങൾ എന്ത് ധരിക്കണം, എന്ത് കഴിക്കണം, ആരോട് പ്രാർഥിക്കണം എന്നെല്ലാം അവർ പറയും. ജനാധിപത്യം അവരെ സംബന്ധിച്ച് ഒരു അനാവശ്യ സംവിധാനമാണെന്ന് മാത്രമല്ല, അവർ അതിന്റെ ഊടും പാവും ആവർത്തിച്ച് തകർത്തുകൊണ്ടേയിരിക്കുകയും ചെയ്യും. വൈജാത്യം ഏകാധിപതികളെ ഭയപ്പെടുത്തും. അതിനാൽ അവർ അരാഷ്‌ട്രീയത്തിന്റെ കുപ്പായംവരെ സമൂഹത്തെ അണിയിക്കും. എനിക്ക് രാഷ്‌ട്രീയമില്ല എന്ന് വിളിച്ചുകൂവുന്ന പ്രതിലോമ രാഷ്‌ട്രീയത്തിനെതിരായ ശക്തമായ ഒരു പോരാട്ടം കൂടിയാണ് പത്ത് പാനലുകളിലായി ഫാസിസത്തിന്റെ ചരിത്രവും വർത്തമാനവും അതിനെതിരായ പോരാട്ടവും ആവിഷ്കരിക്കുന്ന ഈ സൃഷ്ടി. ഗൂർണിക്കയും ഗുജാർണിക്കയും പോലെത്തന്നെ ഇവിടെയും ഒരുപാട് വർണങ്ങൾ ആശ്ലേഷിക്കാത്ത ഒരു രീതിയാണ് കലാകാരൻ പിന്തുടരുന്നത്. മിക്ക രൂപങ്ങൾക്കും ഡ്രോയിങ്ങിന്റെ സ്വഭാവമാണുള്ളത്. കറുപ്പും ചുവപ്പും അവയുടെ ഷേഡുകളുമാണ് വർണങ്ങളുടെ കുത്തൊഴുക്കില്ലാത്ത ഈ ചിത്രത്തിൽ പൊന്ന്യം ചന്ദ്രൻ ഉപയോഗിക്കുന്നത്. മാനവികതയുടെ വിങ്ങലുകളുടെ ഉൾപ്രവാഹത്തെ ആവിഷ്കരിക്കാൻ നിങ്ങൾക്ക് ഒരുപാട് വർണങ്ങൾ ആവശ്യമില്ല. ഫാസിസം ചരിത്രത്തിലും മാനവികതയിലും നടത്തുന്ന കടന്നുകയറ്റം തന്നെയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനമെങ്കിലും ഇത് ഇരുളിന്റെ മാത്രമല്ല, മറിച്ച് പ്രതീക്ഷയുടെ കൂടി ചിത്രമാണ്. 2024 ഏപ്രിൽ 8ന് പിക്കാസോയുടെ ചരമദിനത്തിൽ വരച്ചുതുടങ്ങി അടിയന്തരാവസ്ഥാ പ്രഖ്യാപന വാർഷിക നാളായ ജൂൺ 25ന് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ രാഷ്‌ട്രീയവും അതുതന്നെയാണ്. ചിത്രം തുടങ്ങുമ്പോഴുള്ള രാഷ്‌ട്രീയ അന്തരീക്ഷമല്ല ഇത് പൂർത്തിയാകുമ്പോൾ ഇന്ത്യയിൽ ഉരുത്തിരിഞ്ഞത് എന്നത് ഇതുമായി ചേർത്തുവായിക്കേണ്ട ഒന്നാണ്. ഗൂർണിക്കയിൽ ഛിന്നഭിന്നമായ ജൈവരൂപങ്ങൾക്കും മാനവികതയുടെ ആർത്തനാദത്തിനുമിടയിൽ ഒരു ജാലകത്തിലൂടെ വിളക്കുമായി കടന്നുവരുന്ന സ്ത്രീയുടെ കൈയാണ് പ്രതീക്ഷയുടെ തിരിനാളമെങ്കിൽ ഇവിടെ അങ്ങിങ്ങായി ഒളിവെട്ടുന്ന ചുവപ്പാണ് പൊന്ന്യം ചന്ദ്രൻ പ്രതീക്ഷയുടെ വെളിച്ചമാക്കുന്നത്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയവും. അടുത്ത മാർച്ചിൽ ജർമനിയിൽ ഈ ചിത്രത്തിന്റെ പ്രദർശനം നടക്കുന്നുണ്ട്. തുടർന്ന് കണ്ണൂർ നായനാർ അക്കാദമിയിൽ സ്ഥിരമായി പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് . ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com