ശാസ്‌ത്രത്തിനും ‘പരീക്ഷണ’കാലം - ഡോ. വി ശിവദാസൻ എംപി എഴുതുന്നു
ഒരു രാജ്യത്തിന്റെ മുന്നോട്ടുപോക്കിൽ സുപ്രധാനമാണ് ശാസ്‌ത്രഗവേഷണത്തിന് സർക്കാർ നൽകുന്ന പ്രാധാന്യം. ജനതയുടെ അഭിവൃദ്ധിയും ശാസ്‌ത്രപുരോഗതിയും വേർതിരിക്കാനാകാത്ത നിലയിൽ കണ്ണിചേർക്കപ്പെട്ടതാണ്. ശാസ്‌ത്രീയസമീപനം ജനതയുടെ പുരോഗതിക്കും സമാധാനപരമായ സഹവർത്തിത്വത്തിനും അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് ശാസ്‌ത്രാവബോധം പ്രചരിപ്പിക്കുകയെന്നത് ഇന്ത്യൻ ഭരണഘടനയിൽ പൗരന്റെ കടമയായി ആർട്ടിക്കിൾ 51 എ (എച്ച്) വിശദീകരിക്കുന്നത്. ശാസ്‌ത്രബോധ പ്രചാരണത്തിനും ശാസ്‌ത്രഗവേഷണത്തിനുമായുള്ള സർക്കാർ ഇടപെടലിനായി വലിയസമരങ്ങൾ വിവിധ രീതിയിൽ രാജ്യത്ത് നടന്നു. നരേന്ദ്ര ധാബോൽക്കറിനെപ്പോലുള്ളവരുടെ സംഭാവനകൾ സ്‌മരിക്കപ്പെടേണ്ടതാണ്. ഇന്ത്യയിൽ ശാസ്‌ത്രഗവേഷണത്തിനായി നിരവധി സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടു. അതിനൊപ്പം ശാസ്‌ത്രതൽപ്പരരായ വിദ്യാർഥികളെയും യുവജനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള നിരവധി സംവിധാനങ്ങളും രൂപപ്പെടുത്തി. ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ ചെറുതാണെന്നത് തർക്കമില്ലാത്ത കാര്യവുമാണ്. ഇന്ത്യയുടെ വികസനത്തിന് മികവുറ്റ ശാസ്‌ത്ര ഗവേഷണ ശൃംഖല സ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ ശാസ്‌ത്രഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സിഎസ്ഐആർ നൽകുന്ന ഫെലോഷിപ്പുകളും ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും ഗണ്യമായി വെട്ടിക്കുറച്ചതിന്റെ അമ്പരപ്പിക്കുന്ന കണക്കുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. അത് രാജ്യത്തിന്റെ ഗവേഷണ മേഖലയിൽ കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുക. ഗവേഷണത്തിന് തയ്യാറെടുക്കുന്ന സയൻസ് വിദ്യാർഥികളുടെ വലിയ പ്രതീക്ഷയാണ് സിഎസ്ഐആർ–-യുജിസി നെറ്റ് ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ. 2019ൽ 4,622 ഫെലോഷിപ്പുകളാണ് നൽകിയത്. എന്നാൽ 2020ൽ 2,247 ആയി കുറഞ്ഞു. 2021 ൽ അത് വെറും 927 ആയി വീണ്ടും കുറച്ചു. 2022ൽ 969 ആണ് നൽകിയ ജെആർഎഫുകളുടെ എണ്ണം. ഈ കാലയളവിൽ കോവിഡ് മൂലമാണ് ഫെലോഷിപ്പുകൾ കുറഞ്ഞത് എന്നാണ് വിശദീകരണം. എന്നാൽ, കോവിഡിനുശേഷം 2023ലും ജെആർഎഫുകളുടെ എണ്ണം വെറും 2646 മാത്രമായി നിൽക്കുകയുമാണ്. ഓരോ വർഷവും സ്‌കോളർഷിപ്പുകളുടെ എണ്ണത്തിലും തുകയിലും വർധനയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ വിപരീതദിശയിലാണ് കാര്യങ്ങൾ. ജവാഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾ ഇല്ലാതാക്കുകയെന്നത് ബിജെപിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. അതിനായവർ നെഹ്റുവിന്റെ പേരിലുള്ള ഗവേഷണ കേന്ദ്രങ്ങളും ഫെലോഷിപ്പുകളും ഇല്ലാതാക്കുകയാണ്. നെഹ്‌റു സയൻസ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് 2019ൽ കേവലം 11 പേർക്ക് മാത്രമാണ് നൽകിയത്. എന്നാൽ അതിനുശേഷം അഞ്ച് വർഷമായി നൽകിയിട്ടേയില്ല. ബിജെപി സർക്കാർ കൊട്ടിഘോഷിച്ചുകൊണ്ടാണ് ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ദേശീയ ഐക്യത്തിനും ശാസ്‌ത്രീയവിദ്യാഭ്യാസ പ്രചാരണത്തിനുമായി ജീവിതം സമർപ്പിച്ചവരുടെയൊന്നും പേരിലല്ലെങ്കിലും വിദ്യാർഥികൾക്ക് സാമ്പത്തിക ആനുകൂല്യം കിട്ടുമല്ലോയെന്നായിരുന്നു ആളുകൾ പ്രതീക്ഷിച്ചത്. എന്നാൽ 2019 ൽ 72 പേർക്കാണ് നൽകിയതെങ്കിൽ 2022 മുതൽ ഒരാൾക്കും നൽകിയിട്ടില്ല. ശാസ്‌ത്രബോധം പ്രചരിപ്പിക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി സെമിനാറുകളും സിമ്പോസിയങ്ങളും ഗവേഷണ സ്ഥാപനങ്ങളുടെ മുൻകൈയിൽ നടത്താറുണ്ട്. എന്നാൽ ഇവിടെയും സർക്കാരിന്റെ കടുംവെട്ടാണ് കാണാനാകുക. 2019ൽ സിമ്പോസിയങ്ങൾക്കായി നൽകിയത് 222.6 ലക്ഷം രൂപയാണ്. എന്നാലിത് 2023 ൽ 95 ലക്ഷമായി കുറഞ്ഞു. കോവിഡിന്റെ പേരുപറഞ്ഞാണ് 2019ൽ പല അപേക്ഷകളും നിരസിച്ചത്. എന്നാൽ കോവിഡാനന്തരവും അതേ നയം തുടരുകയായിരുന്നു. അതാകട്ടെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളുടെ മുൻകൈയിൽ എല്ലാവർഷവും നടത്താറുണ്ടായിരുന്ന സിമ്പോസിയങ്ങൾ നടത്താനാകാത്ത സ്ഥിതിയുണ്ടാക്കി. ഗവേഷകരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള വലിയൊരാശ്രയമാണ് ട്രാവൽ ഗ്രാന്റ്. അതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാസ്‌ത്രപുരോഗതി നേരിൽ കാണാനും വിലയിരുത്താനുമുള്ള അവസരങ്ങളുണ്ടാക്കാനാകും. അതിനായുള്ള ധനസഹായം സിഎസ്ഐആർ വർഷങ്ങളായി നൽകിയിരുന്നതുമാണ്. എന്നാൽ അത്തരം പ്രവർത്തനങ്ങളൊന്നും പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് ബിജെപി സർക്കാരിന്റെ നയം. അതാണിപ്പോൾ നടപ്പിലാക്കുന്നത്. അതിനാലാണ് ശാസ്‌ത്രഗവേഷകർക്ക് ലഭിച്ചിരുന്ന തുകയിൽ വലിയ കുറവുവരുത്തിയത്. 2019–-20ൽ ട്രാവൽ ഗ്രാന്റായി 320 ലക്ഷം നൽകി. എന്നാൽ 2023–-24ൽ അത് കേവലം 109 ലക്ഷം രൂപമാത്രമായി ചുരുങ്ങി. ഗവേഷണ പ്രവർത്തനങ്ങളെന്നതുപോലെ പ്രധാനമാണ് ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണവും. പുതിയ കണ്ടെത്തലുകൾ സമൂഹത്തെ അറിയിക്കുന്നതിനും ശാസ്‌ത്രചിന്ത പ്രചരിപ്പിക്കുന്നതിനുമുള്ള ഉപാധിയാണത്. ഗവേഷണമാസികകൾക്ക് ജേർണൽ ഗ്രാന്റ് ഇനത്തിൽ കഴിഞ്ഞ 5 വർഷമായി ഒരു രൂപപോലും നൽകിയിട്ടില്ല. ഈ കണക്കുകളെല്ലാം പാർലമെന്റിൽ ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയായി ശാസ്‌ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്രസിങ് നൽകിയതാണ്. 2021ൽ ഇതേ സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിൽ ബേസിക് സയൻസ് സ്‌കോളർഷിപ് മുൻവർഷത്തേതിനേക്കാൾ 83 ശതമാനം കുറച്ചതായി പാർലമെന്റിൽ ലേഖകന് മറുപടി ലഭിച്ചിരുന്നു. 2014ൽ ബിജെപി അധികാരത്തിൽ വന്നതു മുതലിങ്ങോട്ട് വിദ്യാഭ്യാസ മേഖലയിലെ സ്‌കോളർഷിപ്പുകളിൽ വൻകുറവാണ് വരുത്തിയത്. അതിന്റെ ഭാഗംതന്നെയാണ് ശാസ്‌ത്ര ഗവേഷണങ്ങൾക്ക് നൽകേണ്ട തുകയിലെ വലിയകുറവെന്നത് കാണാനാകണം. ശാസ്‌ത്ര ഗവേഷണത്തെ തകർക്കുകയെന്നത് വർഗീയ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ലക്ഷ്യമാണ്. ശാസ്‌ത്രബോധവും വിദ്യാഭ്യാസവുമുള്ള തലമുറ വർഗീയരാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെയാണ് എന്ത് വിലകൊടുത്തും ശാസ്‌ത്രഗവേഷണത്തിന്റെ അടിത്തറ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നതുമുതൽ ശാസ്‌ത്ര ഗവേഷണത്തോടുള്ള സമീപനം ആർഎസ്എസ്–-ബിജെപി നേതാക്കളുടെ പ്രസംഗത്തിലും പ്രവൃത്തിയിലും നമ്മൾ കണ്ടതാണ്. കോവിഡിനെ തുരത്താനായി പാട്ട കൊട്ടാൻ പറഞ്ഞ പ്രധാനമന്ത്രിയുള്ള ലോകത്തിലെ ഏകരാജ്യം ഇന്ത്യയായിരിക്കും. ‘ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ’ എന്നീ മുദ്രാവാക്യങ്ങളാണ് മോദി ഉയർത്തുന്നത്. എന്നാൽ വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം വേണമെന്ന് അശേഷം നിർബന്ധമില്ലാത്തവരാണ് ലോകത്തെല്ലായിടത്തും വലതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വം. അതിന്റെ ഉദാഹരണമാണ് ശാസ്‌ത്ര ഗവേഷണത്തിനുവേണ്ടിയുള്ള തുകയിൽ നിരന്തരം വരുത്തിക്കൊണ്ടിരിക്കുന്ന കുറവുകൾ. ജിഡിപിയുടെ ചുരുങ്ങിയത് 2 ശതമാനമെങ്കിലും ശാസ്‌ത്ര ഗവേഷണങ്ങൾക്കായി മാറ്റിവയ്‌ക്കണമെന്ന നിർദേശം കേവലം കടലാസ് രേഖ മാത്രമായൊതുങ്ങി. 2023 ലെ ബജറ്റിൽ മുൻ ബജറ്റിലേതിനേക്കാൾ 6.87 ശതമാനമാണ് കുറവ് വരുത്തിയത്. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) എന്ന പേരിൽ 70 ശതമാനത്തോളം സ്വകാര്യമേഖലയിൽനിന്നും പണം സ്വരൂപിച്ചു ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാൻ കൊണ്ടുവന്ന സംവിധാനവും ഒരു ചുവടുപോലും മുന്നോട്ട് പോയില്ല. ഗവേഷണ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് ഫണ്ടില്ലെന്നത് നിലവിൽ ശാസ്‌ത്രസമൂഹം അനുഭവിക്കുന്ന പ്രശ്നമാണ്. അത്തരമൊരു ഘട്ടത്തിലാണ് നിലവിൽ ലഭ്യമായ ഫണ്ട് വിഹിതമുൾപ്പെടെ വെട്ടിക്കുറച്ചത്. ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജിഡിപിയുടെ 2.2 ശതമാനത്തിലും കൂടുതലായി ശാസ്‌ത്ര മേഖലയിൽ ചെലവഴിക്കുന്നു. എന്നാൽ ഇന്ത്യയാകട്ടെ ജിഡിപിയുടെ 0.6 ശതമാനം മാത്രമാണ് നീക്കിവയ്‌ക്കുന്നത്. ഇന്ത്യയുടെ ശാസ്‌ത്ര ഗവേഷണത്തിന് നീക്കിവയ്‌ക്കുന്നതായി പറയപ്പെടുന്ന തുകയുടെ 50 ശതമാനവും പ്രതിരോധ ഗവേഷണത്തിനും മറ്റുമായാണ് ചെലവഴിക്കപ്പെടുന്നത്. സാധാരണമനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുവേണ്ടിയുള്ള ഗവേഷണമായത് മാറുന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായാണ് ഇന്ത്യയിപ്പോൾ വിളിക്കപ്പെടുന്നത്. എന്നാൽ ശാസ്‌ത്രഗവേഷണത്തിനുവേണ്ടി മറ്റ് പലരാജ്യങ്ങളും നീക്കിവയ്‌ക്കുന്ന തുകയുമായി താരതമ്യംചെയ്യാനാകാത്തത്രയും പിറകിലാണ് ഇന്ത്യ. 1990കൾക്ക് ശേഷമാണ് അപകടകരമായ നിലയിൽ വകയിരുത്തലിൽ കുറവു വന്നുതുടങ്ങിയത്. നവഉദാരസാമ്പത്തിക നയത്തിന്റെ ഭാഗമായാണ് അത്തരമൊരു നയം അടിച്ചേൽപ്പിക്കപ്പെട്ടത്. ചൈനയുടെ ശാസ്‌ത്ര ഗവേഷണ മേഖലയിലെ വകയിരുത്തൽ ഇന്ത്യയുടേതിനേക്കാൾ മൂന്ന് മടങ്ങിലധികമാണ്. ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജിഡിപിയുടെ 2.2 ശതമാനത്തിലും കൂടുതലായി ശാസ്‌ത്ര മേഖലയിൽ ചെലവഴിക്കുന്നു. എന്നാൽ ഇന്ത്യയാകട്ടെ ജിഡിപിയുടെ 0.6 ശതമാനം മാത്രമാണ് നീക്കിവയ്‌ക്കുന്നത്. ശാസ്‌ത്രം അവഗണിക്കപ്പെടുകയും കപടശാസ്‌ത്രം പ്രോത്സാഹിപ്പിക്കപ്പെടുകയുമാണിപ്പോൾ. ഐതിഹ്യങ്ങളും കെട്ടുകഥകളും ശാസ്‌ത്രമെന്ന പേരിൽ അവതരിപ്പിക്കപ്പെടുകയാണ്. ഇന്ത്യൻ സയൻസ് കോൺഗ്രസിന് സർക്കാർ ഫണ്ട് അനുവദിക്കാതിരുന്നത് മോദി ഭരണത്തിലാണ്. ഗുജറാത്തിലെ വീർ നർമദ സൗത്ത് സർവകലാശാലയിൽ ജ്യോതിഷിയുടെ നിർദേശപ്രകാരം അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിന് സമീപത്തായി പശുത്തൊഴുത്ത് നിർമിക്കാൻ തീരുമാനിച്ചതായി വാർത്തവന്നു. വിദ്യാർഥികളുടെ വിജയനിലവാരം ഉയരാനും ടെൻഡർ പ്രക്രിയ വേഗത്തിലാക്കാനുമൊക്കെയത് സഹായിക്കുമെന്നാണത്രേ അവർ വിശ്വസിക്കുന്നത്. ശാസ്‌ത്രബോധം പ്രചരിപ്പിക്കുകയെന്നത് പൗരന്റെ കടമയായി ഭരണഘടനയിലെഴുതിച്ചേർക്കപ്പെട്ട രാജ്യത്തെയാണ് വർഗീയവാദികൾ തകർത്തെറിയുന്നത്. യോജിച്ച ചെറുത്തുനിൽപ്പിനായി അണിചേരുക മാത്രമാണ് മാർഗം. Read on deshabhimani.com