തകര്‍ക്കപ്പെടുന്ന തൊഴില്‍ സ്ഥിരതയും തകര്‍ക്കപ്പെടുന്ന ജീവിതവും: ബെഫി പ്രസിഡന്റ്‌ എസ് എസ് അനില്‍ എഴുതുന്നു



''ഒരു സര്‍ക്കാര്‍ ജോലി കിട്ടിയിട്ടു വേണം കുറച്ച് ദിവസം ലീവെടുത്ത് വീട്ടില്‍ ഇരിക്കാന്‍.'' പഴയ ഒരു സിനിമയില്‍ പിഎസ്‌സി ലിസ്റ്റില്‍ പേരുള്ള ഒരു നായക കഥാപാത്രത്തിന്റെ 'ഡയലോഗാണ്' മുകളില്‍ ഉദ്ധരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെയാകെ അലസന്‍മാരായി ചിത്രീകരിക്കുന്ന ഒരു പ്രയോഗമായാണ് ഇതിനെ പലരും വ്യാഖ്യാനിച്ചത്. എന്നാല്‍ അതില്‍ മറ്റൊരു വലിയ സന്ദേശമുണ്ട്. സര്‍ക്കാര്‍ സര്‍വീസിലോ പൊതുമേഖലയിലോ സ്ഥിരം ജോലി ലഭിച്ചാലുള്ള തൊഴില്‍ സുരക്ഷിതത്വം, കൂലി, പെന്‍ഷന്‍, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന പകരം ജോലി; തന്റെ ജീവിതം മാത്രമല്ല തന്നെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് കൂടിയുള്ള സംരക്ഷണം, അതായിരുന്നു അതിലെ യഥാര്‍ത്ഥ സന്ദേശം. ഇന്ന് ഇന്ത്യയില്‍ എന്നല്ല ലോകത്താകെ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്കാകെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതും ഈ തൊഴില്‍ സുരക്ഷിതത്വമാണ്. സ്ഥിരം തൊഴിലും തൊഴില്‍ സുരക്ഷിതത്വവും ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു മുതലാളിത്ത ഭരണകൂടം കനിഞ്ഞു നല്‍കിയതല്ല. അത് പോരാട്ടങ്ങളിലൂടെ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ നേടിയെടുത്തതാണ്. ഈ പോരാട്ട സമര വേളകളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ അതിന് വലിയ പ്രാധാന്യം നല്‍കാനും വര്‍ഗ പോരാട്ടത്തിന് അന്ത്യമായി എന്ന തരത്തിലുള്ള വിശദീകരണം നല്‍കാനും അന്നും ഇന്നും ആസൂത്രിതമായ ശ്രമങ്ങള്‍ നടന്ന് വരാറുമുണ്ട്. 1871 മാര്‍ച്ച് 18 ലാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചെങ്കൊടി ഒരു രാജ്യത്ത് (പാരീസ് കമ്യൂണ്‍) ഉയര്‍ന്നത്, തൊഴിലാളി വര്‍ഗ ഭരണകൂടം അധികാരമേറ്റത്. എന്നാല്‍ 72 ദിവസങ്ങള്‍ക്ക് ശേഷം, മെയ് 28 ന് ഭരണം അട്ടിമറിക്കപ്പെട്ടു. തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് അന്ത്യമായി എന്ന് അന്ന് കുറിക്കപ്പെട്ടു. 1880 കളുടെ മധ്യത്തില്‍ എട്ടു മണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളികള്‍ വീണ്ടും യോജിച്ച പോരാട്ടങ്ങള്‍ക്കായി രംഗത്തിറങ്ങി. എന്നാല്‍ 1886 മെയ് 4 ന് ചിക്കാഗോയിലെ ഹെയ് മാര്‍ക്കറ്റില്‍ ആസൂത്രിതമായ നീക്കത്തിലൂടെ അതിനെയും അട്ടിമറിച്ചു, സമരത്തിന് നേതൃത്വം നല്‍കിയവരെ തൂക്കിലേറ്റി. തൊഴിലാളി വര്‍ഗ്ഗം അവിടെയും കുലുങ്ങിയില്ല. 1889 ല്‍ സോഷ്യലിസ്റ്റ് സംഘടനകളുടെ അന്താരാഷ്ട്ര സംഘടന (International Federation of Socialist Group) ഒത്തുചേര്‍ന്ന് ലോക തൊഴിലാളികള്‍ക്ക് ഒരവകാശദിനം, മെയ് 1, എന്ന പ്രഖ്യാപനം നടത്തി. തുടര്‍ന്ന് 1917 ലെ സോവിയറ്റ് യൂണിയന്റെ രൂപീകരണം, അതിന് നേരിട്ട തിരിച്ചടി ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. സാമ്രാജ്യത്വവത്കരണ നയങ്ങള്‍ക്ക് എന്നും തടസം തൊഴിലാളികളും അവരുടെ സംഘടനകളുമാണ് എന്ന കണ്ടെത്തലാണ്, പ്രസ്തുത നയവക്താക്കളെന്ന് വിശേഷിപ്പിക്കാവുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കും റൊണാള്‍ഡ് റീഗനുമെല്ലാം ഉണ്ടായിരുന്നത്. പൊതുമേഖലയെ ഇല്ലാതാക്കി സംഘടിത തൊഴിലാളി വര്‍ഗ്ഗ ശേഷി വെട്ടിക്കുറക്കാമെന്നതായിരുന്നു 'താച്ചറിസ, റീഗണോമിക്‌സ്' കാഴ്ചപ്പാട്. അതിന് ചുവട് പിടിച്ചാണ് ഇന്ത്യയിലും അത്തരം നയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഏറ്റവും ഒടുവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ വരെ അത് എത്തി നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാവണം ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും ബജറ്റിലും തൊഴില്‍ മേഖലയെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ വിലയിരുത്താന്‍. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും തൊഴില്‍ മേഖലയും 2023-24 സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ തൊഴില്‍ മേഖലയെ സംബന്ധിച്ച് 48 പേജുകളാണ് (പേജ് 271 മുതല്‍ 318 വരെ) നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബജറ്റിലോ അതിന് അനുബന്ധമായി പുറത്തിറക്കുന്ന രേഖകളിലോ തൊഴിലാളി എന്ന ഒരു പദം പോലും ഉപയോഗിക്കാത്ത അതേ ഭരണകൂടവും അതേ ധനമന്ത്രിയുമാണ് നിലവിലും രാജ്യം നയിക്കുന്നത് എന്ന് മറക്കരുത്. 303 ല്‍ നിന്നും 240 ലേക്കുള്ള, ഭരണകക്ഷിയുടെ പാര്‍ലമെണ്ടംഗങ്ങളുടെ പതനമാണ്, ഇപ്പോഴത്തെ ഈ കണ്‍കെട്ട് വിദ്യകള്‍ക്ക് പുറകില്‍ എന്ന് ചുരുക്കം. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യത്തെ തൊഴിലില്ലായ്മയെ സംബന്ധിച്ചും തൊഴില്‍ മേഖലയെ സംബന്ധിച്ചും പുറമേക്ക് തിളക്കമുള്ള ചില ചിത്രങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി ചുരുങ്ങിയതായാണ് സര്‍വേ റിപ്പോര്‍ട്ട് (പേജ് 271). അതേ സമയം 2024 ല്‍ തൊഴില്‍ മേഖലയില്‍ 6% വളര്‍ച്ച കൈവരിച്ചതായും സൂചനയുണ്ട്. പ്രധാനമന്ത്രിയുള്‍പ്പടെ പല വേളയിലും കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ എട്ട് കോടി പുതിയ തൊഴിലവസരം ശ്രഷ്ടിച്ചതായി പ്രഖ്യാപിച്ചിരുന്നതും ഇതോട് കൂട്ടി വായിക്കണം. തെറ്റായ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി വലിയ നുണപ്രരിപ്പിക്കുന്ന തന്ത്രം തന്നെയാണ് ഇവിടെയും എടുത്തിരിക്കുന്നത്. 2017 മുതലുള്ള സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (CMlE) പുറത്ത് വിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇതിന്റെ പൊള്ളത്തരം വെളിപ്പെടും. 2017 - 5.36% 2018 - 5.33% 2019 - 5.27% 2020 - 8.00% 2021 - 5.98% 2022 - 7.33% 2023 - 8.003 %2024 - 9.2% ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO) ഇന്ത്യാ എംപ്ലോയ്മെന്റ് പ്രോജക്ട് 2020-24 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ യുവാക്കളില്‍ 83 ശതമാനം പേര്‍ തൊഴിലില്ലാത്തവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 ല്‍ ഇത് 35.2% വും 2022 ല്‍ 65.7% വുമായിരുന്നു. സമ്പദ് മേഖലയിലുള്ള മാന്ദ്യം, വ്യവസായ മുരടിപ്പ്, വിദ്യാഭ്യാസ നയം, ആഭ്യന്തര മൊത്ത ഉല്‍പ്പാദനം എന്നിവയൊക്കെ തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ദ്ധനയുടെ കാരണങ്ങളാണ്. ഇനി പുതുതായി കടന്ന് വരുന്ന നിര്‍മ്മിത ബുദ്ധി (Artificial Intelligence) പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളില്‍ തൊഴില്‍ രംഗത്ത് എഐ സാങ്കേതിക വിദ്യ വലിയ നിലയില്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയിലും അത് പിന്‍തുടരേണ്ട സാഹചര്യം സംജാതമാകും. ഐടി മേഖലയില്‍ ഇപ്പോള്‍ തന്നെ അതിന്റെ വിഷയങ്ങള്‍ ഉയര്‍ന്ന് വന്ന് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ സംബന്ധിച്ചുള്ള കണക്കുകള്‍ കൂടി ഒന്ന് പരിശോധിക്കാം. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2022-23 വര്‍ഷം രാജ്യത്താകെ 56.5 കോടി തൊഴിലാളികള്‍ പണിയെടുക്കുന്നു എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത് (പേജ് 274, 275). അതായത് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 140 കോടി ജനങ്ങളില്‍ 40.36 ശതമാനത്തിനും തൊഴില്‍ ഉണ്ട് എന്ന് ചുരുക്കം. അതിന്റെ ഇനം തിരിച്ചുള്ള കണക്കുകള്‍ താഴെക്കാണിച്ചിരിക്കുന്ന പ്രകാരമാണ്: സ്വയംതൊഴില്‍-32.37 കോടി(57.3%) കാഷ്വല്‍ വര്‍ക്കര്‍-12.32 കോടി (21.8%) റെഗുലര്‍/സാലറീഡ്-11.81കോടി (20.9%) ഇനി ഇതിലെ മറ്റ് ചില സൂചനകള്‍ ശ്രദ്ധിക്കുക. ആകെയുള്ള 57.3% സ്വയംതൊഴില്‍ കണ്ടെത്തിയവരില്‍ (മോദി പണ്ട് സൂചിപ്പിച്ച 'പക്കാവട' നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെ) ശംബളമില്ലാത്ത വീട്ടുപണിക്കാര്‍ (unpaid household workers) 18.3% മാണ്. എന്നു പറഞ്ഞാല്‍ വീട്ടമ്മമാരെയും തൊഴിലാളികളായി പരിഗണിച്ചിരിക്കുന്നു. പെട്ടെന്ന് ചിന്തിച്ചാല്‍ പുരോഗമനപരമായ ആശയമെന്ന് തോന്നുമെങ്കിലും തൊഴിലാളികളുടെ, വിശിഷ്യ സ്ത്രീ ജീവനക്കാരുടെ, എണ്ണം പെരുപ്പിച്ച്, കാണിക്കുന്നതിനുള്ള ഒരു ചെപ്പടിവിദ്യയാണ് ഇത്. മാത്രമല്ല 2011 ന് ശേഷം ജനസംഖ്യാ കണക്കെടുപ്പ് പോലും നടത്താത്ത സര്‍ക്കാരിന് ഇവരുടെ എണ്ണം ഏത് മാര്‍ഗ്ഗത്തിലാണ് കണക്കെടുക്കാനായത്? ഇനി ഭാവിയില്‍, കൂലിയില്ലാത്ത ഇവര്‍ക്ക്, അവരെ പണിയെടുപ്പിക്കുന്നവര്‍ അവരുടെ കൂലിയില്‍ നിന്നും ഒരു നിശ്ചിത ശതമാനം കൂലിയായി നല്‍കണമെന്ന വ്യവസ്ഥ നടപ്പിലാക്കി, അങ്ങനെ കണക്കില്‍ ആളോഹരി വരുമാനം വര്‍ദ്ധിപ്പിക്കാനും, അവരുടെ 'ഉല്‍പ്പന്നം' ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ ഉള്‍ക്കൊള്ളിക്കാനുമൊക്കെയുള്ള സാധ്യതയാണ് കാണുന്നത്. 67 ലക്ഷം കുട്ടികള്‍ക്ക് ഒരു നേരം ഭക്ഷണം ഇല്ലാത്ത, ആഗോള പട്ടിണി സൂചികയില്‍ 125 രാജ്യങ്ങളില്‍ 111 -ാം സ്ഥാനം വഹിക്കുന്ന ഇന്ത്യ, വികസനത്തില്‍ അമേരിക്കയെപ്പോലും വെല്ലുന്നതിനുള്ള കണക്കെടുപ്പിലാണല്ലൊ? 11.81 കോടി റെഗുലര്‍/സാലറീഡ് തൊഴിലാളികളുടെ എണ്ണത്തിലും അതേ കളികള്‍ തന്നെ. പുതിയ തൊഴില്‍ നയങ്ങള്‍ മൂലം റെഗുലര്‍ അഥവാ സ്ഥിരം തൊഴിലാളികള്‍ എണ്ണത്തില്‍ വളരെ കുറവാണ് എന്ന വസ്തുത പുറം ലോകമറിയാതിരിക്കാനുള്ള മറ്റൊരു തന്ത്രമാണ് ഇത്. കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലും പൊതു മേഖലാ സ്ഥാപനങ്ങളിലുമുള്ള കോണ്‍ട്രാക്ട് ജീവനക്കാരാകെ സാലറീഡ് കാറ്റഗറിയില്‍ വരും.18000 മുതല്‍ 25000 വരെ ഏജന്‍സി കൈപ്പറ്റി കേവലം 9000 മുതല്‍ 15000 വരെ മാത്രം തൊഴിലാളിക്ക് നല്‍കുന്ന, 'കോര്‍പ്പറേറ്റ് നോക്കുകൂലി' സമ്പ്രദായ നയത്തെ എത്ര ആസൂത്രിതമായി തൊഴില്‍ അനുകൂല നയമായി മാറ്റിമറച്ചിരിക്കുന്നു. ബജറ്റ് - പിരിച്ചുവിടുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി ഇനി ബജറ്റിലെ പുതിയ തൊഴില്‍ ശ്രഷ്ടിച്ചിരിക്കുന്നതിലെ ചതി കൂടി പരിശോധിച്ച് പോകാം. ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (തൊഴില്‍ ബന്ധിത പ്രോത്സാഹന (ELI) പദ്ധതികള്‍ വന്‍കിട കുത്തകകള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് മാത്രമായുള്ളതാണ്. എ,ബി,സി എന്നിങ്ങനെ മൂന്നുതരം പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പദ്ധതി എല്ലാ തൊഴിലുടമകള്‍ക്കും ബാധകമാണ്. അതേസമയം, രണ്ടും മൂന്നും പദ്ധതികള്‍ പ്രത്യേക വിഭാഗങ്ങള്‍ക്കാണ്. ആദ്യ പദ്ധതി പ്രകാരം, ഒരു തൊഴിലുടമ പുതിയ തൊഴിലാളിയെ നിയമിക്കുകയോ അല്ലെങ്കില്‍ അവിടത്തെ ഒരു തൊഴിലാളിയെ പുതുതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ ( ഇപിഎഫ്ഒ) ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ തൊഴിലാളിയുടെ ഒരുമാസത്തെ ശമ്പളം, പരമാവധി 15,000 രൂപ വരെ, മൂന്ന് തവണകളായി സര്‍ക്കാര്‍ നല്‍കും. അതായത് തൊഴിലുടമ നല്‍കേണ്ട വാര്‍ഷിക വേതന വിഹിതത്തില്‍ 15000 രൂപ സര്‍ക്കാര്‍ നേരിട്ട് സബ്സിഡിയായി നല്‍കാന്‍ പോകുന്നു എന്നാണ്. ഇനി രണ്ടാമത്തെ പദ്ധതിയില്‍ ഇപിഎഫ്ഒ യില്‍ അംഗത്വമില്ലാത്ത കുറഞ്ഞത് അന്‍പത് പുതിയ തൊഴിലാളികളെ നിയമിക്കുന്ന ഉല്‍പ്പാദനമേഖലയിലെ തൊഴിലുടമകള്‍ യോഗ്യരായിരിക്കും. ഈ പദ്ധതിയില്‍, ശമ്പളത്തിന്റെ 24 ശതമാനം കണക്കാക്കി ജീവനക്കാരുടെയും തൊഴിലുടമകളുടെയും ഇപിഎഫ്ഒ വിഹിതം സര്‍ക്കാര്‍ നല്‍കും. മൂന്നാമത്തെ പദ്ധതി പ്രകാരം 25 പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏതൊരു കമ്പനിക്കും ഇപിഎഫ്ഒ യിലേക്ക് തൊഴിലുടമയുടെ വിഹിതമായി നല്‍കേണ്ട തുകയില്‍ പ്രതിമാസം 3000 രൂപ വരെ ലഭിക്കും. പൊതുജനങ്ങളുടെ നികുതി പണമാണ് ഇങ്ങനെ നേരിട്ട് കുത്തകകള്‍ക്ക് സബ്‌സിഡിയായി നല്‍കുന്നത്. മറ്റൊരു വിനാശകരമായ കാര്യം ഈ പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ കമ്പനികള്‍ എല്ലാ വര്‍ഷവും പുതിയ ജീവനക്കാരെ നിയമിക്കണമെന്നതാണ്. അതായത് അസ്ഥിര തൊഴിലാളികളുടെ ഒരു വന്‍നിര കൂടി പുതുതായി ശ്രിഷ്ടിക്കപ്പെടുമെന്നതാണ്. അടുത്ത വര്‍ഷത്തെ സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ വര്‍ഷം തോറും തൊഴില്‍ ലഭിച്ചവരുടെ എണ്ണം കൂടും, സാലറീഡ്/റെഗുലര്‍ തൊഴിലാളികളും വര്‍ദ്ധിക്കും! വര്‍ഷാ വര്‍ഷം പിരിച്ചുവിടുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി എന്ന ഒരു വിചിത്ര നയം കൂടി നടപ്പാക്കുന്നു. വിദ്യയും തൊഴില്‍ പരിചയവുമുള്ളവരുടെ തൊഴില്‍ രഹിത വികസനം! ഇനി പുതുതായുള്ള ഇന്റേണ്‍ഷിപ് നയം. ഏറ്റവും ലാഭം കൊയ്യുന്ന 500 കമ്പനിക്ക് അവരുടെ മുഴുവന്‍ ഉല്‍പ്പാദനവും സേവനങ്ങളും ഇന്റേണ്‍ഷിപ് പ്രകാരവും /അപ്രന്റീസുകളിലൂടെയും നിയമിക്കപ്പെടുന്നവരിലൂടെ നടത്തുന്നതിനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. പ്രതിമാസ സ്‌റ്റൈപെന്‍ഡായ 5000 രൂപയും ഒറ്റത്തവണ സഹായമായ 6000 രൂപയും സര്‍ക്കാര്‍ വഹിക്കും. പരിശീലനത്തിന്റെ ബാക്കി ചെലവ് കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍നിന്ന് എടുക്കാം. കോര്‍പ്പറേറ്റുകളുടെ നികുതി വെട്ടിക്കുറക്കുന്ന വേളയില്‍ സിഎസ്ആര്‍ ഫണ്ട് എന്നത് നികുതിക്ക് സമാനമായി സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ഫണ്ട് എന്നായിരുന്നു ഭാഷ്യം. എഐ പോലുള്ള പുതിയ സാങ്കേതികവിദ്യയും അത്യാധുനിക അറിവുകളും വേഗത്തില്‍ പഠിക്കുന്നതിനായി എത്തുന്ന പുതിയ ഇന്റേണ്‍ഷിപ്പ് ബാച്ചുകളിലെ തൊഴിലാളികള്‍, സ്ഥാപനത്തിലെ എല്ലാ പ്രധാന പണികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബാധ്യതപ്പെട്ടവരാകുന്നു. ബാങ്കുകളില്‍ ഇപ്പോള്‍ തന്നെ പുതിയതായി വരുന്ന അപ്രന്റീസുകളാേട് നടത്തുന്ന ചൂഷണം അതിന് ഉദാഹരണമാണ്. വിദ്യാഭ്യാസവും തൊഴില്‍ പരിചയവും നേടിയ യുവാക്കളുടെ വലിയ കരുതല്‍സേന എല്ലാ വര്‍ഷവും രാജ്യത്ത് തൊഴിലന്വേഷകരായി കാത്തിരിക്കും. സ്വകാര്യ കുത്തകകള്‍ക്ക് പൊതുഖജനാവില്‍നിന്ന് ഇങ്ങനെ പണം ചോര്‍ത്തി നല്‍കുന്നത് തൊഴിലില്ലായ്മാ പ്രശ്നത്തിലുള്ള പരിഹാരമേയല്ല. കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലും റെയില്‍വേ, ബാങ്ക്, ഇന്‍ഷൂറന്‍സ് ഉള്‍പ്പടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ഇരുപത് ലക്ഷത്തിലേറെ ഒഴിവുകള്‍ നികത്താനുള്ള ഒരു പ്രഖ്യാപനം ബജറ്റിലൂടെ നടത്തുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നുവെങ്കില്‍ സമ്പദ് മേഖലയിലുണ്ടാക്കുമായിരുന്ന ചലനം എത്രയോ വലുതായിരുന്നേനെ. ഈയടുത്താണ് മുംബൈ എയര്‍ ഇന്ത്യയില്‍ റിപ്പയര്‍ ആന്റ് മെയിന്റനന്‍സിലെ 2216 ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തിയത്. 25000 പേരാണ് അന്ന് അവിടേക്ക് ഒഴുകി എത്തിയത്. ക്രമപ്രശ്‌നം പരിഹരിക്കാന്‍ പൊലീസിന് രംഗപ്രവേശം ചെയ്യണ്ടി വന്നു. ഉത്തര്‍പ്രദേശ് പൊലീസിലേക്ക് 60244 ഒഴിവുകളിലേക്ക് 48 ലക്ഷം അപേക്ഷകരായിരുന്നു പരീക്ഷ എഴുതിയത്. ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി അഞ്ച് ഒഴിവിലേക്ക് 1000 പേര്‍ നേരിട്ടെത്തിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍, ക്ലാസ് നാല് തസ്തികയില്‍ 15 ഒഴിവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പോസ്റ്റ് ഗ്രാജുവേഷനും എഞ്ചിനിയറിംഗും എംബിഎയും പാസായവരുള്‍പ്പടെ 11,000 ത്തിലേറെപ്പേര്‍ അപേക്ഷ നല്‍കിയത്രേ. ഉത്തര്‍പ്രദേശില്‍ ഗുമസ്ത തസ്തികയിലെ 7500 ഒഴിവുകളിലേക്ക് സംസ്ഥാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ 25 ലക്ഷം പേരാണ് പങ്കെടുത്തത്. (നടത്തിയ പരീക്ഷ, പേപ്പര്‍ ചോര്‍ന്നുവെന്ന സ്ഥിരം കാരണത്താല്‍ റദ്ദാക്കുകയും ചെയ്തു.) ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ ചിത്രമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ തൊഴിലില്ലായ്മയുടെ ഭീകരതയോ അത് അടുത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിലുള്‍പ്പടെ പ്രതിധ്വനിച്ചതോ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചിട്ടേയില്ല. അവര്‍ അവരുടെ ചങ്ങാത്ത മുതലാളിത്ത നയങ്ങള്‍ ബജറ്റിലൂടെയും പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ഒരു വലിയ ചെറുത്ത് നില്‍പ്പ് ഉയര്‍ന്ന് വരിക തന്നെ വേണം. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ടാണ് ലേഖകന്‍   Read on deshabhimani.com

Related News