ഒരു സത്യാന്വേഷണ കഥയും ചെമ്പുകൊണ്ടൊരു സ്വർണക്കിരീടവും
അകത്തെ അഴക് മുഖത്തറിയാം എന്ന് പറഞ്ഞതുപോലെ തിരുവഞ്ചൂരിന്റെ ഉള്ളിലുള്ളത് പെട്ടെന്ന് മുഖത്ത് വരും, അഥവാ ഉള്ളിലുള്ളതെല്ലാം അറിയാതെ പുറത്ത് വരും. പണ്ടേ അങ്ങനെയാണെന്നാണ് കോൺഗ്രസുകാരുടെ സംസാരം. ആർഎസ്എസ് കാര്യാലയത്തിലെ സ്ഥിരം സന്ദർശകനായതിനാൽ അവരോട് അനൽപ്പമായ പ്രതിപത്തി ഉണ്ടെന്ന് പരക്കെയൊരു ടോക്കുമുണ്ട്. പൂരം കലങ്ങിയാൽ തങ്ങൾ പ്രതിപക്ഷത്താണെങ്കിലും വോട്ടെല്ലാം ബിജെപിക്ക് പോകുമെന്ന് കണ്ടെത്താൻ അദ്ദേഹത്തിന് ഗവേഷണത്തിന്റെ കാര്യമില്ലെന്നാണ് ആരാധകർ പറയുന്നത്. എഡിജിപിയെവരെ ആർഎസ്എസ് നേതാക്കളുടെ അടുത്ത് കൊണ്ടുപോകാൻ കെൽപ്പുള്ള ബന്ധുക്കളുള്ളപ്പോൾ ബിജെപി ജയിച്ചതിന്റെ രഹസ്യം കണ്ടെത്താൻ തീരെ പ്രയാസം ഉണ്ടാകില്ലെന്നും അഭിപ്രായമുണ്ട്. പിന്നെ ഇടയ്‌ക്കിടെ സത്യം പറയുമെന്ന അസഹ്യത ഉണ്ടെന്നൊരു കുഴപ്പവും ഉണ്ട്. അതുകൊണ്ടാണ് തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസുകാരുടെ വോട്ടുകൊണ്ടാണെന്ന സത്യം ( പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും ഒഴിച്ച് ബാക്കി എല്ലാവർക്കും അറിയുന്ന സത്യം) നിയമസഭയിൽ വിളിച്ച് പറഞ്ഞത്. ഒരേ ഗ്രൂപ്പാണെങ്കിലും ഇരുധ്രുവങ്ങളിലും ഒരേ ജില്ലക്കാരനുമായ കെ സി മൂന്നു മാസംകൊണ്ട് അന്വേഷിച്ച് കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും തിരുവഞ്ചൂരിന്റെ മനസ്സിലുണ്ട്. തൃശൂരിൽ കോൺഗ്രസ് വോട്ടുകൊണ്ടാണ് ബിജെപി ജയിച്ചതെന്നും അതിന് തൃശൂരിലെ ഏതാനും കോൺഗ്രസ് നേതാക്കൾ സഹായിച്ചെന്നുമാണ് കെ സിയുടെ കണ്ടെത്തൽ. പണ്ടേ കെ സിയെ തള്ളി ശീലമുള്ള തിരുവഞ്ചൂർ അതിനൊരു പാഠഭേദം വരുത്തി നിയമ സഭയിൽ അടിയന്തര പ്രമേയം ആക്കിയെന്നേയുള്ളു. പൂര പ്രേമികളായ കോൺഗ്രസുകാരുടെ വോട്ട് ബിജെപിക്ക് പോയെന്നാണ് നിയമസഭയിൻ തിരുവഞ്ചൂർ വാദിച്ചത്. പൂരം കലക്കിയ അടിയന്തര പ്രമേയമാകുമ്പോൾ അതിൽ പൂരം കലർത്തിയില്ലെങ്കിൽ എങ്ങനെ ശരിയാകും. കോൺഗ്രസിലെ അടിപ്പൂരത്തിൽ കലങ്ങിയാണ് തൃശൂരിൽ മൂന്നാമതായതെന്ന് തിരുവഞ്ചൂരിന് നന്നായി അറിയാം. ആ സത്യം എത്ര കാലം ഉള്ളിലൊതുക്കി വയ്‌ക്കാനാകും. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ കിട്ടിയ അവസരത്തിൽ, മൂടിവച്ചത് പുറത്തു വന്നെന്നേയുള്ളൂ. ഇടതുപക്ഷം ഭരിക്കുമ്പോൾ പൂരത്തിൽ പ്രശ്നം ഉണ്ടായാൽ കോൺഗ്രസ് വോട്ടൊക്കെ ബിജെപിക്ക് പോകുമെന്ന കണ്ടെത്തൽ കുറച്ച് കടന്ന കൈയായി പോയില്ലേ എന്ന് പറയുന്ന സ്വതന്ത്ര നിരീക്ഷകരുമുണ്ട്. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ എന്ന കാര്യം നിരീക്ഷകർക്ക് നിശ്‌ചയമില്ലല്ലോ. കോൺഗ്രസുകാർ പണ്ടേ വീരാരാധകരാണ്. ഇപ്പോഴത്തെ കോൺഗ്രസിൽ ആരാധിക്കാൻ പറ്റുന്ന ഒറ്റ വീരൻമാരും ഇല്ലെന്ന് അര നൂറ്റാണ്ടത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള തിരുവഞ്ചൂരിനേക്കാൾ മറ്റാർക്കറിയാം. തൃശൂരിലെ സ്ഥാനാർഥിയാണെങ്കിൽ തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലാത്ത ആളായിരുന്നുവെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ആംബുലൻസിൽപ്പോലും ചീറിപ്പാഞ്ഞ് വന്ന് ‘വീരത്വം’ കാണിക്കുന്ന പരാക്രമിയെ കോൺഗ്രസുകാർ ആരാധിച്ച് പോകുന്നത് സ്വാഭാവികമെന്നാണ് തിരുവഞ്ചൂർ ഉറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വീരാരാധകരായ കോൺഗ്രസുകാരുടെ വോട്ട് കൂട്ടത്തോടെ മറിഞ്ഞുവെന്ന കണ്ടെത്തലാണ് യുക്തി ഭദ്രമെന്ന് തിരുവഞ്ചൂർ. അങ്ങനെയെങ്കിൽ വീരാരാധകരായ കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക് പോയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് ആ കസേര ഉടൻ തനിക്ക് തരണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പ്രതിപക്ഷ നേതാവ് താൻ തന്നെയെന്ന് തെളിയിക്കാൻ നിയമസഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോകാനും അദ്ദേഹം മറന്നില്ല. ധാക്കയിലെ കള്ളന് പറ്റിയ അമളി ധാക്കയിലെ ക്ഷേത്ര കള്ളന് ഇതിൽപ്പരം വലിയ അമളി പറ്റാനില്ലെന്നാണ് ലോകമാകെയുള്ള ചർച്ച. ഒറ്റ മോഷണംകൊണ്ട് രക്ഷപ്പെടാമെന്ന ചിന്തയിലാണത്രെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളിദേവിയുടെ സ്വർണക്കിരീടവും അടിച്ചുകൊണ്ട് പോയത്. കിരീടം നൽകിയത് ചില്ലറക്കാരനല്ല. കടുത്ത കാളി ഭക്തനും സർവോപരി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ സാക്ഷാൽ നരേന്ദ്ര ദാമോദർ ദാസ് മോദിയാണ്. ലോകം മുഴുവൻ മോദി ‘പ്രഭാവം’ നിറഞ്ഞ് നിൽക്കുമ്പോൾ നൽകിയതായതിനാൽ തനിത്തങ്കത്തിൽ തീർത്ത കിരീടമായിരിക്കുമെന്നായിരുന്നു കള്ളനെപ്പോലെ ക്ഷേത്ര വിശ്വാസികളും ബംഗ്ലാദേശിലെ ജനങ്ങളും കരുതിയത്. പക്ഷേ എന്ത് പറയേണ്ടൂ, മോഷണം കഴിഞ്ഞപ്പോഴല്ലേ അറിഞ്ഞത് അത് ചെമ്പിൽ സ്വർണം പൂശിയതാണെന്ന്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ഗുണപാഠവും അവർക്ക് കിട്ടി. പള്ളികളിലും ക്ഷേത്രങ്ങളിലും പൂശിയ കിരീടം കൊടുക്കുന്നത് ബിജെപി നേതാക്കളുടെ സ്ഥിരം ഏർപ്പാടാണെന്നും ടോക്കുണ്ട്. എന്തായാലും കള്ളനും ബംഗ്ലാക്കാർക്കും കാര്യം മനസ്സിലായി, മോദിയുടെ പ്രഭാവം വെറും പൂശാണെന്ന്. എന്നാൽ നമ്മുടെ ആദ്യത്തെ വനിതാ ഐപിഎസ് മാഡത്തിന് മാത്രം മനസ്സിലായിട്ടില്ലെന്നൊരു സംസാരമുണ്ട്. മോദി പ്രഭാവം കണ്ടാണത്രെ മാഡവും കഴിഞ്ഞ ദിവസം ബിജെപിയായിട്ടുണ്ട്.. വിരമിച്ച ഐഎഎസ്, ഐപിഎസുകാർക്ക് ഈ പ്രഭാവത്തിൽ കുറച്ചധികം താൽപ്പര്യം ജനിച്ചിട്ടുണ്ട്. കിട്ടാനിരിക്കുന്ന ഗവർണർ സ്ഥാനത്തിലോ കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും പദവിയിലോ ആണ് പ്രഭാവം എന്ന് അറിയാത്തവരായി നാട്ടിലാരുമില്ല. വിരമിച്ച് മൂലയ്‌ക്കിരിക്കുന്നതിനേക്കാൾ നല്ലത് മോദി പ്രഭാവം പറഞ്ഞ് കിട്ടാവുന്ന സ്ഥാനങ്ങളെല്ലാം വാങ്ങിയെടുക്കാമെന്ന് ചിന്തിക്കുന്നതിൽ തെറ്റ് പറയാനാകില്ല. കൂടെ മറ്റാരുമില്ലെങ്കിലും ഭജപക്ക് അവരുടെ വാല് മതിതാനും. Read on deshabhimani.com