പ്രിയ ബുദ്ധദാ, വിട... എം എ ബേബി എഴുതുന്നു



  സഖാവ് ബുദ്ധദേബ്‌ ഭട്ടാചാര്യ വിദ്യാർഥി- യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തിലേക്ക് എത്തിയത്. 1984ൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയിലേക്ക് പുതുതലമുറയിലെ ഒരുകൂട്ടം സഖാക്കളെ സ്ഥിരമായി ക്ഷണിക്കാൻ തീരുമാനിച്ചപ്പോൾ പശ്ചിമ ബംഗാളിൽനിന്ന് ബിമൻ ബസു, അനിൽ ബിശ്വാസ്‌, വിപ്ലവ്‌ ദാസ് ഗുപ്ത തുടങ്ങിയവർക്കൊപ്പം സഖാവ് ബുദ്ധദേബും അതിൽ ഉൾപ്പെടുത്തപ്പെട്ടു. പിന്നീട് നടന്ന പാർടി കോൺഗ്രസ് സഖാവിനെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1966ൽ സിപിഐ എം അംഗമായ സഖാവ് യുവജന സംഘടനയിൽ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിച്ചു. 1968ൽ ഡിവൈഎഫിന്റെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1980ൽ പഞ്ചാബിലെ ലുധിയാനയിൽവച്ച് അഖിലേന്ത്യ യുവജന സംഘടനയുടെ രൂപീകരണസമ്മേളനം ചേർന്നപ്പോൾ പശ്ചിമ ബംഗാൾ യുവജന പ്രതിനിധി സംഘത്തിന്റെ നേതാവായിരുന്നു ബുദ്ധദേബ്‌. എസ്എഫ്ഐ പ്രസിഡന്റ്‌ എന്ന നിലയിൽ ലുധിയാന സമ്മേളനത്തിൽ പങ്കെടുത്ത സന്ദർഭത്തിലാണ് ഞങ്ങൾ ഇരുവരും അടുത്തു പരിചയപ്പെടുന്നത്. പൂജാരിമാർക്ക് ജന്മം നൽകിയ ബ്രാഹ്മണകുടുംബത്തിൽ പിറന്ന സഖാവ് ബുദ്ധദേബ്‌ ആ പാരമ്പര്യം തിരസ്കരിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായാണ് ജീവിച്ചത്. മുഖ്യമന്ത്രിയായപ്പോഴും അതിനുമുമ്പ്‌ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി പ്രവർത്തിച്ചപ്പോഴും സഖാവ് രണ്ടുമുറി മാത്രമുള്ള വീട്ടിലാണ് കഴിഞ്ഞത്.  പാർലമെന്ററി രംഗത്ത് ഒരിക്കൽപ്പോലും ചുമതലകൾ ഏറ്റെടുക്കാതെ, പശ്ചിമ ബംഗാളിലെ സംസ്ഥാന പാർടി ഘടകങ്ങളെ ഉരുക്കുപോലുറച്ച അച്ചടക്കത്തിന്റെ കീഴിൽ ചിട്ടയോടെ നയിച്ച സഖാവ് പ്രമോദ് ദാസ്ഗുപ്ത സെക്രട്ടറിയായി പ്രവർത്തിച്ച കാലഘട്ടത്തിലാണ് ബുദ്ധദേബ്‌ പാർടി സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് 1982ൽ തെരഞ്ഞെടുക്കപ്പെടുന്നത്. 1977 മുതൽ 1982 വരെ ജ്യോതിബസു സർക്കാരിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻ മന്ത്രിയായി പ്രവർത്തിച്ചതിനുശേഷം 1982ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സന്ദർഭത്തിലാണ് ബുദ്ധദേബ്‌ സംഘടനാപരമായി പ്രധാനപ്പെട്ട ചുമതലയിലേക്ക് ഉയർത്തപ്പെട്ടത്. തുടർന്ന്, കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സഖാവ് ജ്യോതിബസു സ്വയം മുഖ്യമന്ത്രിയുടെ ചുമതലയിൽനിന്ന്‌ വിരമിച്ചതിനെത്തുടർന്ന് ബുദ്ധദാ മുഖ്യമന്ത്രിയുമായി. 2001, 2006 വർഷങ്ങളിൽ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അഭിമാനകരമായ വിജയം കൈവരിക്കുന്നതിന് പാർടിയുടെയും ഇടതുമുന്നണിയുടെയും നേതൃത്വത്തിന്റെ ഭാഗമായി ബുദ്ധദാ നൽകിയ സംഭാവനകൾ മറക്കാനാകുന്നതല്ല. 294 അംഗ അസംബ്ലിയിൽ 2001ൽ 199 സീറ്റ്‌ ഇടതുമുന്നണി നേടി. 2006ൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് 235 സീറ്റായി ഇടതുമുന്നണിയുടെ ഭൂരിപക്ഷം ഉയർന്നു. 36 സീറ്റാണ് കൂടുതൽ നേടിയത്. എന്നാൽ 2011ലെ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തിരിച്ചടി സംഭവിച്ചു.   അധികാരവികേന്ദ്രീകരണം, പഞ്ചായത്തീരാജ്, കുടികിടപ്പുകാരുടെ അവകാശസംരക്ഷണം, കാർഷികമേഖലയുടെ അഭിവൃദ്ധി എന്നീ മേഖലകളിൽ കാൽനൂറ്റാണ്ടുകൊണ്ട് ശ്രദ്ധേയമായ പുരോഗതി കൈവരിച്ച പശ്ചിമ ബംഗാൾ അടുത്തഘട്ട നടപടികൾ തുടങ്ങുമ്പോഴാണ് ഈ അട്ടിമറി സംഭവിച്ചത്. വ്യവസായവൽക്കരണത്തിലേക്കു നീങ്ങുമ്പോൾ വലിയ തോതിൽ ഭൂമി ഏറ്റെടുക്കുകയെന്ന ചുമതല സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമായി. മണ്ണുമായുള്ള കൃഷിക്കാരുടെ ദൃഢബന്ധം മനസ്സിലാക്കി, അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുമാത്രമേ എന്താവശ്യത്തിനും ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കാവൂ എന്ന പാഠം പശ്ചിമ ബംഗാളിലെ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രയോജനപ്പെടുന്നവിധം വ്യാവസായികമായി ഒരു ഉയിർത്തെഴുന്നേൽപ്പിന് തുടക്കം കുറിക്കാൻ ആവിഷ്കരിച്ച വൻപദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ ബുദ്ധദായുടെ നേതൃത്വത്തിൽ ശ്രമിക്കുകയായിരുന്നു. അത്‌ നടപ്പാക്കുന്നതിലുണ്ടായ ചില ജാഗ്രതക്കുറവുകൾ പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്ന് ചൂഷണം ചെയ്യുകയും ജനങ്ങളും ഇടതുപക്ഷവും തമ്മിൽ വലിയ വിടവ് സൃഷ്ടിക്കാൻ ഈ സാഹചര്യം ദുരുപയോഗപ്പെടുത്തുകയുമാണ് ഉണ്ടായത്. എന്നും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉറച്ചുനിന്ന് പ്രവർത്തിച്ച ബുദ്ധദാ ശാരീരികമായ അവശതകൾ കാരണം പ്രധാന ചുമതലകളിൽനിന്ന് സ്വയം ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു. എന്നാൽ, തീരെ കിടപ്പിലാകുന്നതുവരെ പാർടിയുടെ മുഖ്യരാഷ്ട്രീയ ക്യാമ്പയിനുകളിലെല്ലാം സാധിക്കുന്നിടത്തോളം പങ്കെടുക്കാൻ സന്നദ്ധനായിരുന്നു. കലയിലും സാഹിത്യത്തിലും ബുദ്ധദായ്‌ക്ക്‌ പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. അതിപ്രശസ്തനായ ബംഗാളി കവി സുഖാന്ത ഭട്ടാചാര്യ ബുദ്ധദായുടെ ഇളയച്ഛനായിരുന്നു.  ചലച്ചിത്രോത്സവ സാംസ്കാരിക സമുച്ചയമായ ‘നന്ദൻ’ സാക്ഷാൽക്കരിക്കുന്നതിൽ ബുദ്ധദായുടെ പ്രത്യേക താൽപ്പര്യവും മേൽനോട്ടവും ഉണ്ടായിരുന്നു. സത്യജിത് റേ, മൃണാൾ സെൻ, ഋത്വിക്‌ ഘട്ടക്‌, മഹാശ്വേതാ ദേവി, സോമനാഥ്‌ ഹോർ, കെ ജി സുബ്രഹ്മണ്യം, സലിൽ ചൗധരി, മന്നാഡെ, സൗരവ് ഗാംഗുലി തുടങ്ങി വ്യത്യസ്ത മേഖലകളിലെ അപൂർവ പ്രതിഭകളുമായി വളരെ നല്ല വ്യക്തിബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചുപോന്നു. വർഗീയതയുടെ വിപത്ത് എത്രമാത്രം ആപൽക്കരമാണെന്ന് വെളിപ്പെടുത്തുന്ന ‘ദുസ്സമയ്‌’ എന്ന നാടകം ബുദ്ധദായുടെ സർഗസൃഷ്ടിയാണ്‌.  അതിന്റെ രംഗാവതരണം ആസ്വാദകരുടെ പ്രശംസ നേടുകയുണ്ടായി. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ  രണ്ടു രചനകൾ അദ്ദേഹം ബംഗാളി 
ഭാഷയിലേക്ക് ഭാഷാന്തരം ചെയ്തു. റഷ്യൻ വിപ്ലവകവി മയകോസ്‌വിസ്‌കിയുടെ രചനകൾ പരിഭാഷപ്പെടുത്തുന്നതിനും തിരക്കിട്ട രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ അദ്ദേഹം സമയം കണ്ടെത്തി. ഇടതുമുന്നണി സർക്കാരുകളെപ്പറ്റി ‘തിരിഞ്ഞുനോട്ടം’ എന്ന പേരിൽ രണ്ട് സഞ്ചയികകൾ സഖാവ് രചിച്ചു. മംഗോളിയൻ ആക്രമണങ്ങൾ തടയാൻ ചൈനയിൽ വൻമതിൽ നിർമിച്ച കാലംമുതൽ ലോകത്തെ വമ്പൻ വികസനമുന്നേറ്റങ്ങളിലൂടെ അമ്പരിപ്പിക്കുന്ന ആധുനിക കമ്യൂണിസ്റ്റ് ചൈന വരെയുള്ള ചരിത്രം ചുരുക്കി പ്രതിപാദിക്കുന്ന ബുദ്ധദായുടെ ലഘുകൃതി വളരെ ശ്രദ്ധേയമാണ്. ജർമനിയിലെ നാസിസത്തിന്റെ ആവിർഭാവവും തകർച്ചയും വിവരിക്കുന്ന മറ്റൊരു ഗ്രന്ഥവും സഖാവ് 2018ൽ രചിച്ചു. സംസ്കാരത്തിന്റെ സർവകാലിക പ്രസക്തി തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു സഖാവ് ബുദ്ധദേബ്‌ ഭട്ടാചാര്യ. Read on deshabhimani.com

Related News