ബുൾഡോസർരാജ്‌ ; നിലയ്‌ക്കാത്ത ആശങ്കകൾ



  സം​ഘപ​രി​വാ​റി​ന്റെ നി​യ​​ന്ത്ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും പ്രാദേ​ശി​ക ഭ​ര​ണ​വും​ സ​മീ​പ​കാ​ല​ത്ത്‌ വ്യാ​പ​ക​രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച അ​തി​ക്ര​മ​രീ​തി​ക​ളി​ലൊ​ന്നാ​യിരുന്നു ബു​ൾ​ഡോ​സ​ർ പ്ര​യോ​ഗം. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും അടിസ്ഥാന ധാരണകളെ അട്ടിമറിച്ചാണ് ബിജെപി രാജ്യത്ത്‌ ‘ബുൾഡോസർ രാജ്’ എന്ന പേരിൽ ഇടിച്ചുനിരത്തൽ തുടങ്ങിയത്‌. സംഘപരിവാർ അധികാരകേന്ദ്രങ്ങൾ ഒരുവിഭാഗത്തെ കുറ്റവാളികളെന്ന് മുദ്രകുത്തി ശിക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ വീടുകൾ ഉൾപ്പെടെ വാസസ്ഥലങ്ങൾ ഇടിച്ചുനിരത്തുകയെന്ന ഭരണകൂട ഭീകരതയ്‌ക്ക്‌ തുടക്കമിട്ടത്‌. മോദിസർക്കാർ അധികാരത്തിൽ വന്ന 2014നു ശേഷം ആൾക്കൂട്ടക്കൊലയും വ്യാജ ഏറ്റുമുട്ടലും പതിവായിരുന്നു. പിന്നാലെയാണ്‌ ബുൾഡോസർ രാജ്‌ നീതി നടപ്പാക്കൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ സ​ർ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച ഈ ​അ​തി​ക്ര​മം ഡ​ൽ​ഹി ന​ഗ​ര​സ​ഭയും മ​ധ്യ​പ്ര​ദേ​ശ്, ഗുജറാത്ത്‌, ഹ​രി​യാ​ന, അ​സം, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​രാഖ​ണ്ഡ് സ​ർ​ക്കാ​രു​ക​ളും ഏ​റ്റെ​ടു​ത്തു. കഴിഞ്ഞ ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുൾഡോസർ ഉയർത്തിപ്പിടിച്ചായിരുന്നു ബിജെപിയുടെ പ്രചാരണംതന്നെ. ‘ബു​ൾ​ഡോ​സ​ർ മാ​മ’​യെ​ന്നും ‘ബു​ൾ​ഡോ​സ​ർ ബാ​ബ’​യെ​ന്നു​മാണ്‌ യോഗിയെ വിശേഷിപ്പിച്ചത്‌. രണ്ടു വർഷത്തിനിടെ ഒന്നരലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തകർത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 7.38 ലക്ഷം പേർ ഭവനരഹിതരായി. തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്ലിങ്ങളുടേതോ ദളിത് വിഭാഗത്തിന്റേതോ ആണെന്ന് നാലു മാസം മുമ്പ്‌ ‘ഫ്രണ്ട്‌ലൈൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ജ​ന​ങ്ങ​ളു​ടെ വീ​ടും കെ​ട്ടി​ട​വും വ​സ്തുവകകളും ​​ഇ​ടി​ച്ചു​നി​ര​ത്തു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്റെ ബു​ൾ​ഡോ​സ​ർ നീ​തി അ​നു​വ​ദി​ക്കാ​നാകി​ല്ലെ​ന്നാണ്‌ നവംബർ 13ന്റെ സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്‌. വ്യക്തമായ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നതോടൊപ്പം സ്വാഭാവികനീതി സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളും വിധിയിൽ എടുത്തുപറയുന്നുണ്ട്‌. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ്‌ അനധികൃത നിർമാണങ്ങൾ തകർക്കുന്ന വിഷയത്തിൽ സുപ്രീംകോടതി കൃത്യമായ നിർദേശങ്ങൾ പുറപ്പെടുവിച്ചത്‌. ഒ​രാ​ളെ ഒ​രു കേ​സി​ൽ പ്ര​തി​ചേ​ർ​ത്തു എന്നതുകൊണ്ടുമാത്രമ​ല്ല, കു​റ്റ​വാ​ളിയാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽപ്പോ​ലും വീ​ടും സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളും പൊ​ളി​ച്ചു​ക​ള​യാ​നാകി​ല്ലെന്ന്‌ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​. കുറ്റവാളിയാണെന്ന് കോടതി വിധിക്കുംവരെ ഒരാളെ നിരപരാധിയായി കണക്കാക്കണമെന്നത്‌ രാജ്യത്തെ ക്രിമിനൽ നടപടിക്രമങ്ങളിലെ വ്യവസ്ഥാപിത നിയമമാണ്‌. ഭരണഘടനയും ഇത്‌ ഉയർത്തിപ്പിടിക്കുന്നു. ഈ അടിസ്ഥാന നിർദേശത്തെയാണ്‌ ബുൾഡോസർ രാജ്‌ ലംഘിക്കുന്നത്. വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടനാ അനുച്ഛേദം 21 അനുസരിച്ച്  ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമാണെന്ന്‌ കോടതി എടുത്തുപറയുന്നുണ്ട്‌.  വീടുകളടക്കമുള്ള കെട്ടിടങ്ങൾ നിയമവിരുദ്ധമായി തകർക്കുന്നത്‌ വാസസ്ഥലത്തിനുള്ള അവകാശം എന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്‌. ചമേലി സിങ് ആൻഡ്‌ അതേഴ്‌സ്‌ v/s  ഉത്തർപ്രദേശ്‌ കേസിൽ (1996) പാർപ്പിടാവകാശം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ‘ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവന്റെ സംരക്ഷണം, അർഥപൂർണമായ ജീവിക്കാനുള്ള അവകാശം എന്നതിൽ പാർപ്പിടത്തിനുള്ള അവകാശവും ഉൾക്കൊള്ളുന്നു. സാമൂഹ്യവും സാമ്പത്തികവുമായ നീതിക്കുള്ള അവകാശം, അർഥവത്തായ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമെന്ന നിലയിൽ പാർപ്പിടത്തിനുള്ള അവകാശവുമായി സംയോജിക്കുന്നെ’ന്നുമാണ്‌  ജസ്‌റ്റിസ്‌ കെ രാമസ്വാമിയുടെ നേതൃത്വത്തിലുള്ള മുന്നംഗ ബെഞ്ച്‌ അന്ന്‌ വ്യക്തമാക്കിയത്‌.  തുടർന്ന്‌, പല കേസുകളിലും സുപ്രീംകോടതി ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. ഇത്‌ ഒന്നുകൂടി ഇപ്പോൾ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്‌. നിയമനിർമാണസഭ ഉണ്ടാക്കുന്ന നിയമങ്ങൾ നടപ്പാക്കുകയാണ് എക്സിക്യൂട്ടീവിന്റെ ചുമതല, അതിന്റെ ഭരണഘടനാപരവും നിയമപരവുമായ ശരി- തെറ്റുകൾ തീർപ്പാക്കേണ്ടത് കോടതികളാണ്. നിയമവാഴ്ച നിലനിർത്തേണ്ടതിന്റെ പ്രാധാന്യം, കുറ്റാരോപിതർക്ക് നിയമപ്രകാരം സ്വന്തംഭാഗം വിശദീകരിക്കാനുള്ള അവകാശം, തങ്ങളുടെ വാദം സ്ഥാപിക്കാനുള്ള പൗരന്മാരുടെ അവകാശം, നിയമപരമായ നടപടിക്രമങ്ങളിലൂടെമാത്രം നിയമം നടപ്പാക്കുക, പൗരാവകാശങ്ങൾ ഭരണകൂടത്തിന് ഏകപക്ഷീയമായി കവർന്നെടുക്കാനുള്ള അധികാരമില്ലായ്മ എന്നിവയിൽ കേന്ദ്രീകരിച്ചുള്ളതാണ്‌ ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതിയുടെ വിധി. കുറ്റാരോപിതർ കുറ്റക്കാരാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വിചാരണയുടെ അടിസ്ഥാനത്തിൽ കോടതികളാണെന്നും ആ ചുമതലകൂടി എക്‌സിക്യൂട്ടീവ്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്നത്‌ നിയമവാഴ്ചയുടെയും ഭരണഘടനാപ്രകാരമുള്ള അധികാര വിഭജനത്തിന്റെയും അന്ത്യംകുറിക്കുമെന്നും വിധി ഓർമിപ്പിക്കുന്നു. എക്‌സിക്യൂട്ടീവ്‌, നിയമനിർമാണസഭ, നീതിന്യായ സംവിധാനം എന്നിവയുടെ അധികാരങ്ങൾ ഭരണഘടനയിൽത്തന്നെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്‌. നിയമനിർമാണസഭ ഉണ്ടാക്കുന്ന നിയമങ്ങൾ നടപ്പാക്കുകയാണ് എക്സിക്യൂട്ടീവിന്റെ ചുമതല, അതിന്റെ ഭരണഘടനാപരവും നിയമപരവുമായ ശരി- തെറ്റുകൾ തീർപ്പാക്കേണ്ടത് കോടതികളാണ്. കോടതികളുടെ നീതിനിർണയാധികാരത്തിലുള്ള എക്സിക്യൂട്ടീവിന്റെ കൈയേറ്റമാണ്‌ ബുൾഡോസർ രാജ്‌. കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തിൽ വീടുകളും മറ്റും തകർക്കുന്ന ഭരണകൂട നടപടി നിയമവാഴ്ചയുടെയും സ്വാഭാവികനീതിയുടെയും ലംഘനമാണ്‌. അനധികൃത നിർമാണങ്ങൾ തകർക്കുന്നതിനുമുമ്പ് അതിന്റെ ഉടമകൾക്ക് നിയമാനുസൃതം നൽകേണ്ട അറിയിപ്പുകൾമുതൽ അവസാന നടപടികൾക്കുവരെയുള്ള, രാജ്യത്തെ എല്ലാ സർക്കാരുകൾക്കും ബാധകമാകുന്ന നിർദേശങ്ങളാണ്‌ കോടതി ഇറക്കിയിരിക്കുന്നത്‌. അത് നിയമവാഴ്ച നിലനിർത്തുന്നതിനുള്ള കൃത്യമായ നിർദേശങ്ങളാണ്. ഇത്‌ ലംഘിക്കുന്ന ഉദ്യോഗസ്ഥർ നിയമപരമായി നടപടി നേരിടേണ്ടിവരും. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നവരുടെ വീടും മറ്റ് കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന രീതി കാടൻ വ്യവസ്ഥയാണെന്നും പൊളിക്കൽ നിർത്തിവച്ചാൽ ആകാശം ഇടി‍ഞ്ഞു വീഴില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച്‌  ഈ കേസിന്റെ വാദത്തിനിടെ മുമ്പ്‌ പറഞ്ഞിരുന്നു. ‘ബുൾഡോസർ കൊണ്ടുള്ള നീതി നടപ്പാക്കൽ’ രാജ്യത്തെ നിയമവാഴ്‌ച ഇടിച്ചുനിരത്തുന്നതിനു തുല്യമെന്ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചും ചൂണ്ടിക്കാട്ടി.   2022 ഏപ്രിലിൽ ഡൽഹി ജഹാംഗിർപുരിയിൽ മുസ്ലിങ്ങളുടെ വീടും കടയും ഇടിച്ചുപൊളിച്ചത്‌ വലിയ വാർത്തയായിരുന്നു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉൾപ്പെടെയുള്ളവർ കോടതി ഉത്തരവുമായി എത്തിയാണ്‌ ഇടിച്ചുനിരത്തൽ തടഞ്ഞത്‌. കോടതി ഉത്തരവ്‌ അനുസരിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമുള്ള  ഇടിച്ചുപൊളിക്കലിനെതിരെ നിരവധി പേർ സുപ്രീംകോടതിയെ സമീപിച്ചു. നോട്ടീസ്‌ നൽകാതെയും നടപടിക്രമം പാലിക്കാതെയുമുള്ള  പൊളിക്കലുകൾ പൂർണമായും വിലക്കിയ കോടതി അനധികൃതനിർമാണങ്ങൾ പൊളിക്കാനുള്ള മാർഗരേഖയും പുറപ്പെടുവിച്ചു. കോടതി നിർദേശത്തിനുശേഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറ്റാരോപിതരുടെ വീടുകളും  ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും തുടർച്ചയായി ഇടിച്ചുനിരത്തി. അനധികൃതനിർമാണം ഒഴിച്ചുള്ള കേസുകളിൽ ഇടിച്ചുപൊളിക്കലിന്‌ കോടതിയുടെ മുൻകൂർ അനുവാദം വേണമെന്ന്‌ സെപ്‌തംബർ 17ന്‌ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ്‌ കാറ്റിൽപ്പറത്തി ഒക്ടോബർ 21ന്‌  ഉത്തരാഖണ്ഡിൽ ഹരിദ്വാറിലെ മുസ്ലിംപള്ളി ഇടിച്ചുനിരത്തി. ഒക്ടോബർ 20ന്‌ ഉത്തർപ്രദേശിലെ ബഹ്‌റിച്ചിൽ നവരാത്രി ആഘോഷത്തിനിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട്‌  മുസ്ലിങ്ങളുടെ 23 വീടും കടകളും പൊളിക്കാൻ നോട്ടീസ്‌ നൽകി.  സെപ്തംബർ 29ന്‌ ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ദർ​ഗയും മസ്ജിദും ഖബർസ്ഥാനും ഉൾപ്പെടെ ഒമ്പത്‌ ആരാധനാലയങ്ങൾ ബുൾഡോസർ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി. സെപ്തംബർ അവസാനവാരം അസമിലെ ​ഗോൾപാരയിൽ 450 വീട്‌ തകർത്ത്‌ 2000 പേരെ ഒഴിപ്പിച്ചു. സ്വാഭാവികനീതി ചവിട്ടിമെതിച്ചും നടപടിക്രമം കാറ്റിൽപ്പറത്തിയും കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത്‌ കൈയൂക്കുള്ളവരാണ്‌ ശരിയെന്ന -സമ്പൂർണമായ അരാജകത്വത്തിന്റെ സന്ദേശമാണ്‌ നൽകുന്നത്‌. ഒരാൾ കുറ്റം ചെയ്‌തതിന്റെ പേരിൽ അതുമായി ബന്ധമില്ലാത്ത നിഷ്‌കളങ്കരായ കുടുംബാംഗങ്ങളെയാകെ ശിക്ഷിക്കുന്നതിനെ ഭരണഘടനയും ക്രിമിനൽനിയമങ്ങളും ഒരിടത്തും അംഗീകരിക്കുന്നില്ല. ബുൾ‍ഡോസർ രാജിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠം എടുത്ത ശക്തമായ നിലപാടിനെ ഏറെ ആശ്വാസത്തോടെയാണ് കാണുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽപോലുള്ള സംഘടനകളുടെ അന്താരാഷ്ട്രറിപ്പോർട്ടുകളിൽപ്പോലും ഇന്ത്യയിലെ ഏകപക്ഷീയമായ ഇടിച്ചുനിരത്തൽ അപലപിക്കപ്പെട്ടതാണ്. കോടതിവിധികളെ നോക്കുകുത്തിയാക്കി ഇനിയും ഇടിച്ചുനിരത്തൽ തുടരുമോയെന്ന ആശങ്ക ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നു. Read on deshabhimani.com

Related News