കാരുണ്യത്തിന്റെ കൈയൊപ്പ് ; കെയർഹോം
കനത്ത മഴയിലും കാറ്റിലും വീട് അപ്പാടെ നിലംപൊത്തിയതോടെ തകർന്നുപോയതായിരുന്നു കുമാരപുരം സ്വദേശി സിദ്ധാർഥനും ഭാര്യ കുമാരി തങ്കവും. മണ്ണോട്‌ചേർന്ന ആ വീടിന് പകരം അതുപോലൊന്ന് കെട്ടിപ്പടുക്കാനാകുമോ എന്ന ചിന്ത വല്ലാതെ അസ്വസ്ഥരാക്കി. എന്നാൽ, അതേപോലൊരുമഴയിൽ നാടിനെയാകെ സാക്ഷിയാക്കി 2020 ജൂലൈയിൽ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിദ്ധാർഥനും തങ്കത്തിനുമായി മറ്റൊരു താക്കോൽ കൈമാറി. സഹകരണ വകുപ്പ് ആവിഷ്‌കരിച്ച ‘കെയർ ഹോം’ പദ്ധതിയിൽ പൂർത്തിയാക്കിയ രണ്ടായിരാമത്തെ വീടിന്റെ താക്കോലായിരുന്നു അത്. നാടാകെ പകച്ചുപോയ 2018ലെ മഹാപ്രളയം സംസ്ഥാനത്ത് ആയിരങ്ങളുടെ കിടപ്പാടം ഇല്ലാതാക്കി. എന്നാൽ, പതറിനിൽക്കാതെ കേരളത്തിലെ സഹകരണ മേഖല ഉണർന്നുപ്രവർത്തിച്ചു. ജനങ്ങൾക്ക് തണലൊരുക്കാൻ മുന്നോട്ടുവന്നു. 1500 വീട് നിർമിച്ചു നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും കൂടുതൽ സഹകരണ സംഘങ്ങൾ ദൗത്യം ഏറ്റെടുത്തതോടെ 2092 വീടാണ് ആദ്യഘട്ടത്തിൽ നിർമിച്ചു കൈമാറിയത്. രണ്ടാംഘട്ടത്തിലാകട്ടെ, എല്ലാ ജില്ലയിലും മുപ്പതും നാൽപ്പതും വീടുകൾ ഉൾക്കൊള്ളുന്ന ഭവന സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതിക്കും തുടക്കമായി. തൃശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തിൽ 40 കുടുംബത്തിനുള്ള ഭവന സമുച്ചയം നിർമിച്ച് കൈമാറി. സഹകരണ സംഘങ്ങളുടെ ലാഭവിഹിതം, ഡയറക്ടർമാരുടെ സിറ്റിങ് ഫീസ്, ഓണറേറിയം എന്നിവയും ജീവനക്കാരുടെ ശമ്പളത്തിലെ ഓഹരിയും നീക്കിവച്ചാണ് ‘കെയർ ഹോം’ പദ്ധതിക്കായി ഫണ്ട് സ്വരൂപിച്ചത്. സംസ്ഥാനത്തെ ആയിരത്തോളം സംഘങ്ങൾ പദ്ധതി ഏറ്റെടുത്തു. 500 ചതുരശ്രയടിയിൽ കുറയാത്ത മനോഹര വീടുകളാണ് നിർമിച്ചു നൽകിയതെല്ലാം. അഞ്ചുലക്ഷം രൂപയുടെ വീടാണ് ലക്ഷ്യമിട്ടതെങ്കിലും ആറും ഏഴും പത്തും ലക്ഷംവരെ ചെലവഴിച്ചുള്ള വീടുകളാണ് കൈമാറിയവയിൽ പലതും. രണ്ടാംഘട്ട ഭവനസമുച്ചയത്തിൽ ഓരോന്നിലും 450 മുതൽ 500 വരെ ചതുരശ്രയടിവരെയുള്ള 30 മുതൽ 40വരെ ഭവനങ്ങളാണ് ഉണ്ടാകുക. പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, മീറ്റിങ് ഹാൾ, വായനശാല, മാലിന്യസംസ്കരണ സൗകര്യം, പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും. കരുതലും സാന്ത്വനവുമേകി ‘ഇ എം എസ് ’ നവകേരള ശിൽപ്പിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ആതുരാലയമൊരുങ്ങുമ്പോൾ, അതിൽ സാന്ത്വനവും കരുതലുമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. സഹകരണ മേഖലയിലെ ഏറ്റവും വലിയ മൾട്ടി ഡിസിപ്ലിനറി സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയായി മലബാറിൽ തലയുയർത്തി നിൽക്കുന്ന പെരിന്തൽമണ്ണ ഇ എം എസ് സ്‌മാരക സഹകരണ ആശുപത്രിതേടി വിദേശത്തുനിന്നുപോലും ചികിത്സയ്‌ക്ക് ആളുകളെത്തുന്നു. ഇന്ത്യയിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ച ആദ്യ സഹകരണ ആശുപത്രിയുമാണിത്. 1998 നവംബർ ഒന്നിന് അഞ്ച് മെഡിക്കൽ വിഭാഗവും 50 കിടക്കയുമായി 50 ലക്ഷം രൂപ ഓഹരി മൂലധനത്തോടെയായിരുന്നു തുടക്കം. ഇന്ന് 30,000ൽ അധികം അംഗങ്ങളും 100 കോടിയിലധികം ഓഹരിമൂലധനവുമുണ്ട്. രണ്ടരലക്ഷം ചതുരശ്രയടി വിസ്താരത്തിലുള്ള ആശുപത്രി കെട്ടിടത്തിൽ 500 കിടക്കയുണ്ട്. 100 കോടി രൂപ മുടക്കിൽ 10 നിലയിലായുള്ള കെട്ടിടം ഒരുങ്ങുന്നുണ്ട്. 30 ചികിത്സാവിഭാഗവുമുണ്ട്. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറയ്‌ക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചപ്പോൾ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രി മുഖാന്തരമാണ് നടപ്പാക്കിയത്. ശിശുമരണനിരക്ക് കുറയ്‌ക്കാൻ ഈ ഇടപെടലുകളിലൂടെയായി. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളിലെ മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനത്തിന് സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ സംഭാവന വാങ്ങുമ്പോൾ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയുടെ നഴ്‌സിങ് കോളേജിൽ ഗവ. നിശ്‌ചയിച്ച ഫീസു മതി. മെറിറ്റുമാത്രമാണ് മാനദണ്ഡം. ആശുപത്രിയോടനുബന്ധിച്ചുള്ള ഇ എം എസ് മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറിലേറെ വൃക്ക രോഗികൾക്ക് സ്ഥിരമായി ഡയാലിസിസ് ചെയ്‌തുനൽകുന്നു. 2008ൽ ട്രസ്റ്റ് നടപ്പാക്കിയ ഹാർട്ട് ഫൗണ്ടേഷൻ മുഖേന നിർധനരായ നൂറോളം രോഗികളെ സൗജന്യമായി ഹൃദയശസ്ത്രക്രിയക്കു വിധേയരാക്കി. എൻ എസ് അന്നും ഇന്നും എന്നും സഹകരണമേഖലയിൽ രാജ്യത്തെ ആദ്യ ‘ഹെൽത്ത് സിറ്റി’യാണ് കൊല്ലം എൻ എസ് ആശുപത്രി. അതിനൊപ്പം എൻ എസ് ആയുർവേദ ആശുപത്രി, എൻ എസ് നഴ്സിങ് കോളേജ്, എൻ എസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, എൻ എസ് ഡ്രഗ്സ് ആൻഡ് സർജിക്കൽസ് എന്നീ അനുബന്ധസ്ഥാപനങ്ങളുമുണ്ട്. എൻ എസ് ജെറിയാട്രിക് സെന്റർ, എൻ എസ് അപ്പാർട്ട്മെന്റ്സ്, എൻ എസ് ക്യാൻസർ സെന്റർ എന്നിവകൂടി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ ഹബ്ബായി മാറും എൻ എസ്. 2006ലാണ് ആശുപത്രി ആരംഭിച്ചത്. ചേർത്തുപറയേണ്ടതാണ് പത്തനാപുരത്തിന്റെ ഇ എം എസ് സഹകരണ ആശുപത്രി. 2019 ജൂണിൽ പ്രവർത്തനം തുടങ്ങിയ ആശുപത്രി വികസനം തുടരുകയാണ്. കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്ക് മലയോരമേഖലയിലെ ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ 52 കോടി രൂപ മുതൽമുടക്കിൽ യാഥാർഥ്യമാക്കുന്ന കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസാറ്റ്) മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമാണവും പൂർത്തീകരണഘട്ടത്തിലാണ്. കടയ്ക്കലിനെയും കുമ്മിളിനെയും തരിശുരഹിതമാക്കാനുള്ള കനക കതിർ, ഗുരുതര രോഗബാധിതരെ സഹായിക്കുന്ന കനിവ് ചികിത്സാ ധനസഹായം, വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്ന നാട്ടുപച്ച, ക്ഷീര കർഷകർക്കായുള്ള ക്ഷീരസാഗരം, ഗൃഹോപകരണ വിൽപ്പനശാല ഗൃഹലക്ഷ്മി ഷോറൂം എന്നിവയും ബാങ്കിന്റെ സേവനങ്ങളിലുണ്ട്. Read on deshabhimani.com