വൈജ്ഞാനിക ദേശീയതയുടെ മാനവികത
ചട്ടമ്പിസ്വാമി ജയന്തിയാണല്ലോ ഇന്ന്. അദ്ദേഹത്തിന്റെ സമാധി ശതാബ്ദിയാചരണ വേളകൂടിയാണിത്. ജാതി‐ ജന്മി‐ നാടുവാഴി വ്യവസ്ഥ ഊട്ടിയുറപ്പിച്ച സാമൂഹ്യ ദുരവസ്ഥയെ ഉച്ചാടനം ചെയ്യുന്നതിന് ആരംഭിച്ച പരിഷ്കരണ സംരംഭങ്ങൾ സംഘടനാരൂപം കൈക്കൊള്ളുകയും പരിഷ്കരണത്തിന് നേതൃത്വം കൊടുത്തവർ സംഘടനകളുടെ പേരിൽ പിൽക്കാലത്ത് അറിയപ്പെടുകയും ചെയ്തപ്പോൾ അത്തരത്തിലൊരു സംഘടന സ്ഥാപിക്കാനോ തന്റെ ബൗദ്ധിക വ്യായാമങ്ങളെ സ്ഥാപനവൽക്കരിക്കാനോ ശ്രമിക്കാത്ത ഏകവ്യക്തി ചട്ടമ്പിസ്വാമിയാണ്. മനുഷ്യജാതിയെക്കുറിച്ചല്ലാതെ സ്വന്തം ജാതിയെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതിനാൽ ഏതെങ്കിലും ജാതിക്കാർ സ്ഥാപിച്ച സംഘടനയുടെ അംഗമോ നേതാവോ വക്താവോ ആകാൻ അദ്ദേഹം കൂട്ടാക്കിയില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രചനകളിലെ യുക്തിവിചാരത്തിനോ അപഗ്രഥനാത്മകതയ്ക്കോ പാഠവിമർശ പടുത്വത്തിനോ ഒരു ഊനവും സംഭവിച്ചിട്ടില്ല. സമ്പത്തിലും അധികാരത്തിലും തദ്വാരാ സമൂഹത്തിലും അധീശത്വം സ്ഥാപിച്ചിരുന്ന ബ്രാഹ്മണ്യത്തിന്റെ കരുത്ത് അതിന്റെ ജ്ഞാനാധിപത്യമാണെന്ന് കണ്ടെത്തി അതിനെ തകർത്ത് തദ്ദേശീയമായ ജ്ഞാനാധിപത്യത്തെ സ്ഥാപിക്കുകയായിരുന്നു തന്റെ കൃതികളിലൂടെ ചെയ്തത്. മലയാളത്തിലും തമിഴിലും സംസ്കൃതത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധപാണ്ഡിത്യം ജനാധിപത്യ സ്ഫോടനത്തിന് ആക്കം കൂട്ടി. പാശ്ചാത്യ ജ്ഞാനസമ്പ്രദായവുമായി പരിചയപ്പെടാൻ യൂണിവേഴ്സിറ്റി കോളേജിലെ തത്വചിന്താ വകുപ്പിലെ പ്രൊഫസർമാരായിരുന്ന ഹാർവിയുമായും മനോന്മണീയം സുന്ദരംപിള്ളയുമായുള്ള സൗഹൃദം സഹായിച്ചു. തമിഴ് ശൈവ പാരമ്പര്യത്തെ കൂടുതൽ മനസ്സിലാക്കാൻ തൈക്കാട് അയ്യാഗുരുവിന്റെ ശിഷ്യത്വം തുണയായി. സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾ അവസാനിക്കാൻ സാമ്പത്തികാടിത്തറ തകർന്നാൽമാത്രം പോരെന്നും വൈജ്ഞാനികമായ ആരൂഡത്തെയും തകർക്കണമെന്നും തന്റെ കർമമണ്ഡലം അതാണെന്നും അദ്ദേഹം കണ്ടെത്തുകയായിരുന്നു. വൈജ്ഞാനികമായ അധീശത്വത്തെ തകർക്കുകയെന്ന ക്ലേശപൂർണവും എന്നാൽ ക്ഷമാപൂർവവുമായ യജ്ഞത്തിലാണ് അദ്ദേഹം വ്യാപൃതനായത്. മഴുവെറിഞ്ഞ് നേടിയതല്ല മലയാള മണ്ണ് ബ്രാഹ്മണന്റേതാണെന്ന പരശുരാമകഥയും വേദപഠനം ശൂദ്രനും സ്ത്രീക്കും നിഷിദ്ധമാണെന്നും സംസ്കൃതമാണ് ഏറ്റവും പ്രാചീന ഭാഷയെന്നുമുള്ള ആഖ്യാനങ്ങളിലൂടെ സ്ഥാപിച്ചെടുത്ത ജ്ഞാനാധിപത്യത്തെ തകർക്കുന്നതായിരുന്നു ചട്ടമ്പിസ്വാമിയുടെ രചനകൾ. പ്രാചീന മലയാളം, വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ആദിഭാഷ എന്നീ കൃതികളിലൂടെ ഈ ദൗത്യം അദ്ദേഹം നിറവേറ്റുന്നു. മലയാളത്തെ ജ്ഞാനഭാഷയാക്കുന്നതിൽ ഈ കൃതികൾ നൽകിയ സംഭാവന ചെറുതല്ല. പ്രാചീന മലയാളം ചരിത്രരചനയിലെ നൂതന കാൽവയ്പാണെന്നു പറയാം. ചരിത്രഗവേഷണത്തിന്റെ പാശ്ചാത്യ രീതിശാസ്ത്രങ്ങളൊന്നും വശമില്ലാതിരുന്ന അദ്ദേഹം യുക്തിസഹമായ പാഠവിമർശത്തിലൂടെയാണ് വ്യാജനിർമിതിയിലൂടെ സ്ഥാപിച്ചെടുത്ത അധികാര കുത്തകയെ വെല്ലുവിളിച്ചത്. ചരിത്രരചനയുടെ പാശ്ചാത്യ രീതിശാസ്ത്രം പഠിച്ച തദ്ദേശീയ ചരിത്രകാരന്മാർക്ക് അദ്ദേഹം അവലംബിച്ച രീതിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, യുക്തിയധിഷ്ഠിതമായ അപഗ്രഥനത്തിലൂടെ നിലവിലിരുന്ന ഒരു ധാരണയെ നിരാകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പരശുരാമകഥയുടെ ഹേതു, കർമം, വ്യാപ്തി, ലക്ഷ്യം എന്നിവകളെ ഓരോന്നോരോന്നായി അദ്ദേഹം ഖണ്ഡിക്കുന്നു. ക്ഷത്രിയനിഗ്രഹം നടത്തിയതിന്റെ പാപമുക്തിക്കായി ബ്രാഹ്മണർക്കു ദാനം നൽകുന്നതിനുവേണ്ടിയാണ് കടൽമാറ്റി കരയുണ്ടാക്കിയതെന്ന കഥ യുക്തിസഹമല്ലെന്നാണ് ചട്ടമ്പിയുടെ വിവക്ഷ. തപശക്തിയിലൂടെ ദിവ്യത്വം നേടിയ പരശുരാമൻ പാപമേശാത്തവനാണെന്നും അതിനാൽ പാപമുക്തിയെന്ന പ്രശ്നം അദ്ദേഹത്തിന് ബാധകമല്ലെന്നും സ്വാമികൾ വാദിക്കുന്നു. അതിനാൽത്തന്നെ കേരളം നിർമിക്കേണ്ടുന്ന ആവശ്യമില്ലാതെ വരികയും മഴുവെറിഞ്ഞെന്ന കർമം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഗോകർണംമുതൽ കന്യാകുമാരിവരെയുള്ള ഭൂമി പരശുരാമൻ നിർമിക്കുന്നതിനു മുമ്പുതന്നെ മലയാളരാജ്യം ഇവിടെ ഉണ്ടായിരുന്നെന്നാണ് സ്വാമിയുടെ പക്ഷം. ബലിഷ്ഠകായരും അധ്വാനശീലരുമായ തദ്ദേശവാസികൾ ഇവിടെ ഉണ്ടായിരുന്നു. എന്നുമാത്രമല്ല ദശാവതാരകഥയുമായി ഇത് പൊരുത്തപ്പെടുന്നുമില്ല. അവതാരകഥയിലെ അഞ്ചാമത്തെ അവതാരമായ വാമനൻ കേരളം ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്നാണല്ലോ കഥ. എങ്കിൽപ്പിന്നെ ആറാമത്തെ അവതാരമായ പരശുരാമൻ കേരളമെന്തിനു നിർമിക്കണം. ബ്രാഹ്മണർ പറഞ്ഞുപരത്തിയ ഈ കള്ളക്കഥകളിൽ ഏതിനെയാണ് വിശ്വസിക്കേണ്ടതെന്ന ചോദ്യം ചട്ടമ്പിസ്വാമി ഉന്നയിച്ചിട്ട് ഒരു നൂറ്റാണ്ടു തികയുന്നു. ഇതേവരെ ആരെങ്കിലും മറുപടി നൽകുകയോ അദ്ദേഹത്തെ വെല്ലുവിളിക്കുകയോ ചെയ്തിട്ടില്ല. "പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല' എന്ന് വയലാർ പാട്ടുപാടാൻ കാരണം ചട്ടമ്പിസ്വാമിയുടെ ഈ വ്യാഖ്യാനമാണ്. കൊളോണിയൽ തന്ത്രം ബലിഷ്ഠകായന്മാരും അധ്വാനശീലരുമായ മലയാളികൾ നായന്മാരായിരുന്നെന്ന് ചട്ടമ്പിസ്വാമികൾ പറഞ്ഞെന്നും അതംഗീകരിക്കാൻ പറ്റില്ലെന്നുമാണല്ലോ പ്രബലരായ ഇതര ജാതിക്കാരുടെ ആക്ഷേപം. പ്രാചീന മലയാളികൾക്ക് അദ്ദേഹം കൊടുക്കുന്ന വിളിപ്പേരാണ് നായന്മാരെന്നുള്ളത്. വേണാടിന്റെ തെക്കൻ പ്രദേശത്ത് ചാന്നാരും (നാടാർ) വേണാടിനു വടക്കുള്ള ചാന്നാരും (ഈഴവർ) സ്വയം നായരെന്ന് വിശേഷിപ്പിച്ചിരുന്നവരും ഒരുമിച്ചായിരുന്നു കാർഷികസമ്പദ്ഘടനയുടെ കേന്ദ്രമായ ക്ഷേത്രസ്വത്തുക്കൾ ഭരിച്ചിരുന്നത്. കൊളോണിയൽ ഭരണാധികാരികളുടെ ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ഭാഗമായി 1812ൽ ദിവാനായിരുന്ന കേണൽ മൺറോ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങൾ സർക്കാരിനുവേണ്ടി ഏറ്റെടുത്ത് ഭൂസ്വത്ത് (ദേവസ്വം) അപഹരിച്ചു. വേലുത്തമ്പി മാതൃകയിൽ നാട്ടുകൂട്ടം ഇളക്കമുണ്ടാകാതിരിക്കുന്നതിനുവേണ്ടി ക്ഷേത്രഭരണം ബ്രാഹ്മണർക്കും നായന്മാർക്കുമായി നൽകി, രണ്ടുകൂട്ടം ചാന്നാന്മാരെയും അകറ്റിനിർത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ തെക്കൻ തിരുവിതാംകൂറിലെ ചാന്നാന്മാരും ആ നൂറ്റാണ്ടിന്റെ അന്ത്യമാകുമ്പോൾ മറ്റു പ്രദേശങ്ങളിലെ ചാന്നാന്മാരും കലാപക്കൊടി ഉയർത്തി. കൊളോണിയൽ സംരക്ഷണയിൽ നിലനിന്നിരുന്ന ജാതി‐ ജന്മി‐ നാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരെ നായന്മാരും ചാന്നാന്മാരും ഒരുമിച്ച് നിന്ന് കലാപമുണ്ടാക്കാതിരിക്കുന്നതിന് മൺറോയുടെ നടപടി സഹായകമായി. ഇത്തരമൊരു നായർ‐ ചാന്നാർ ഐക്യവും യോജിച്ച കലാപവുമുണ്ടാകുന്നത് 1959ലെ വിമോചന സമരമുണ്ടാകുമ്പോൾ മാത്രമാണ്. വിമോചന സമരത്തിന് നേതൃത്വം കൊടുത്തതിൽ കുറ്റബോധം തോന്നാത്തവർ വൈജ്ഞാനികദേശീയതയുടെ വക്താവായ ചട്ടമ്പിസ്വാമിയെ കുറ്റവിചാരണ ചെയ്യേണ്ടതില്ല. മനുസ്മൃതിയുടെ പാഠവിമർശം വേദപഠനത്തിനുള്ള അവകാശം ശൂദ്രനും സ്ത്രീയുമടക്കമുള്ള സകല മനുഷ്യർക്കുമുണ്ടെന്നാണ് വേദാധികാര നിരൂപണത്തിലൂടെ അദ്ദേഹം സമർഥിക്കുന്നത്. അദ്വൈത ചിന്താപദ്ധതിയിലൂടെ വേദാന്തചിന്തയുടെ ഉദാത്തതയും പഠനരീതിയും അവതരിപ്പിക്കുന്നു. ആസ്തിക‐ നാസ്തിക ദർശനങ്ങളെയെല്ലാം സമഗ്രമായി പഠിച്ചശേഷമാണ് ഷഡ്ദർശനങ്ങളുടെ അന്ത്യഭാഗമായ വേദാന്തത്തിലെ ബ്രഹ്മ‐ ആത്മ അവിഭാജ്യതയെ അദ്ദേഹം സമർഥിക്കുന്നത്. അതിലൂടെ അനാവൃതമാകുന്നത് ജീവബ്രഹ്മൈക്യമാണ്. ജാജ്വല്യമാനമായ ബ്രഹ്മത്തിൽനിന്ന് ഉത്ഭവിക്കുന്ന സ്ഫുലിംഗമാണ് ആത്മമെങ്കിൽ അവ തമ്മിലെന്ത് ഭിന്നത. ആത്മം ത്രസിക്കുന്നത് ആഴ്വാഞ്ചേരി തമ്പ്രാക്കളിലായാലും അയ്യൻ പുലയനിലായാലും അന്തസ്സത്ത ബ്രഹ്മം തന്നെയല്ലേ. ബ്രഹ്മത്തിന് ജാതി‐ മതഭേദം വേണ്ട. അതാണ് ജീവബ്രഹ്മൈക്യമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത്. സ്ത്രീയുടെ പദവിയെയും മഹത്വത്തെയും അംഗീകരിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ആദ്യത്തെ മലയാള ദാർശനികൻ ചട്ടമ്പിസ്വാമിയാകുന്നു. എറണാകുളത്തെ ഒരു വനിതാ സമാജത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം സ്ത്രീ– പുരുഷ സമത്വത്തിന്റെ വിളംബരം തന്നെയായിരുന്നു. "ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനുസൂക്തത്തെ കണക്കറ്റ് വിമർശിക്കുകയും ഖണ്ഡിക്കുകയും മാത്രമല്ല മനുസ്മൃതിയെ പാഠവിമർശം (Textual Criticism)ചെയ്ത് അതിന്റെ വക്താക്കളെ ആക്ഷേപഹാസ്യംകൊണ്ട് നിസ്തേജരാക്കുകയും ചെയ്യുന്നു. പാഠവിമർശം എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധിയാർജിച്ച അപഗ്രഥനരീതി മലയാളത്തിൽ ആദ്യമവതരിപ്പിക്കുന്നത് ചട്ടമ്പിസ്വാമിയായിരിക്കും. "ക്രിസ്തുമതഛേദനം' എന്ന കൃതിയിലും ഇതേ രീതിയിലുള്ള പാഠവിമർശത്തെയാണ് അവലംബിക്കുന്നത്. യേശുവിനെയും ക്രിസ്തുമതത്തെയും പരിഹസിക്കുന്നതാണ് പ്രസ്തുത കൃതിയെന്ന് പലരും വിമർശമുന്നയിച്ചിട്ടുണ്ട്. "ക്രിസ്തുമതസാര'മെഴുതിയ വ്യക്തിതന്നെയാണ് "ക്രിസ്തുമതഛേദന'വുമെഴുതിയതെന്ന കാര്യം വിസ്മരിക്കരുത്. ബൈബിളിലെ ചില അധ്യായങ്ങളെയെടുത്ത് ദുർവ്യാഖ്യാനം ചെയ്ത് പൊതുവേദികളിൽ പ്രസംഗിക്കുന്ന സുവിശേഷകന്മാർക്കുള്ള മറുപടിയാണ് ബൈബിളിനെ പാഠവിമർശം ചെയ്യുന്ന "ക്രിസ്തുമതഛേദനം' എന്ന കൃതി. കൃതിയിൽ പരാമർശിക്കുന്ന കാര്യങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുന്നത് പാപമാണെന്ന് പറയുന്നതെങ്ങനെ. ആദിഭാഷകളുടെ ദ്രാവിഡത്വം സംസ്കൃതഭാഷയുടെ പ്രാചീനതയെ ചോദ്യം ചെയ്യുന്നതാണ് "ആദിഭാഷ'. ആര്യഭാഷയായ സംസ്കൃതത്തേക്കാൾ പ്രാചീനതയുള്ളതാണ് ദ്രാവിഡഭാഷയ്‌ക്കെന്ന് അദ്ദേഹം വാദിക്കുന്നു. തെന്നിന്ത്യയിലെ ദ്രാവിഡഭാഷയെക്കുറിച്ചുള്ള ബിഷപ് കാൾഡ്വെല്ലിന്റെ സിദ്ധാന്തങ്ങൾ ചട്ടമ്പിസ്വാമിക്കറിയാമായിരുന്നു. ഭാഷയിലെ സ്വര‐ വ്യഞ്ജന വ്യാഖ്യാനങ്ങളെ ചൂണ്ടിക്കാട്ടി നടത്തുന്ന ഭാഷാശാസ്ത്രപഠനമാണ് "ആദിഭാഷ'യിലൂടെ പുറത്തുവരുന്നത്. ഭാഷാ ശാസ്ത്രത്തിന് തെന്നിന്ത്യയിൽ വേരോട്ടമുണ്ടാകുന്നതിനു മുമ്പാണ് ഇത്തരമൊരു കൃതിയുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആദി ദ്രാവിഡഭാഷയിൽ വ്യഞ്ജനാക്ഷരങ്ങൾ എണ്ണത്തിൽ കുറവാണ്. ഉദാ: കങ, ചഞ. ടണ, തന, പമ എന്നിങ്ങനെ രണ്ടുവീതം അക്ഷരങ്ങളേയുള്ളൂ. സംസ്കൃത്തിലാകട്ടെ ഇവയോട് മൂന്നക്ഷരം കൂട്ടിച്ചേർത്ത് അഞ്ചക്ഷരം വീതമുണ്ട്. ഉദാ: കഖഗഘങ എന്നിങ്ങനെ. ഭാഷയും സാഹിത്യവും വളർന്നപ്പോൾ കൂടുതൽ അക്ഷരങ്ങൾ ഉണ്ടാകേണ്ടി വന്നതുകൊണ്ടാണ് സംസ്കൃതത്തിൽ അക്ഷരക്കൂടുതൽ ഉണ്ടായതെന്നാണ് സ്വാമിയുടെ വാദം. ദ്രാവിഡഭാഷയിൽനിന്ന് പ്രാകൃതവും അതിൽനിന്ന് സംസ്കൃതവുമുണ്ടായി. പ്രാകൃതമെന്നാൽ കലർപ്പില്ലാത്തതെന്നും സംസ്കൃതമെന്നാൽ പരിഷ്കരിച്ചതെന്നും അർഥം. അതിനാൽ ആദിഭാഷകളാണ് ദ്രാവിഡവും പ്രാകൃതവുമെന്ന് അദ്ദേഹം വാദിക്കുന്നു. മലയാളം ജ്ഞാനഭാഷ ജ്ഞാനവ്യവസ്ഥയിലൂടെ സ്ഥാപിച്ച ആധിപത്യത്തെ മറ്റൊരു ജ്ഞാനവ്യവസ്ഥയിലൂടെ മാത്രമേ നീക്കം ചെയ്യാനാകൂ. വിജ്ഞാനത്തിന്റെ സംഭരണി ഭാഷയാണല്ലോ. അതിനാൽ മലയാളത്തെ ജ്ഞാനഭാഷയാക്കി വളർത്തിയെടുക്കണം. അതിന് നിലവിലുള്ള ജ്ഞാനാധിപത്യത്തെ ബദൽ വിജ്ഞാനംകൊണ്ട് നേരിടണം. അഖിലേന്ത്യാ തലത്തിൽ സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജി നടത്തിയ സമരം ഭാഷയെ മുൻനിർത്തിയുള്ളതായിരുന്നു, കൊളോണിയൽ ഭാഷയ്‌ക്കെതിരെ പ്രാദേശിക ഭാഷകൾ. ഗാന്ധിജിക്കു മുമ്പേതന്നെ മാതൃഭാഷയെ ജ്ഞാനഭാഷയാക്കേണ്ടതിന്റെ ആവശ്യം ചട്ടമ്പിസ്വാമി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സമരം കൊളോണിയൽ ഭരണഭാഷയ്ക്കെതിരെയായിരുന്നില്ല. ചാതുർവർണ്യത്തിന്റെ ഭാഷയായ സംസ്കൃതത്തിലെ മനുഷ്യത്വവിരുദ്ധമായ വ്യാഖ്യാനങ്ങൾക്കെതിരെയായിരുന്നു. ചാതുർവർണ്യം നിലനിന്നത് മനുഷ്യത്വരഹിതമായ ആചാരാനുഷ്ഠാനങ്ങളിലധിഷ്ഠിതമായാണ്. അത്തരം ആചാരാനുഷ്ഠാനങ്ങളെ സംസ്കാരമെന്നു വിശേഷിപ്പിച്ചു. ആ സംസ്കാരത്തിന്റെ സാമാന്യവൽക്കരണത്തിലൂടെ ദേശീയതയെ നിർമിക്കുന്നു. ചട്ടമ്പി കാണിച്ചുതരുന്ന മാർഗം ആ ദേശീയതയ്ക്കെതിരെയുള്ള വൈജ്ഞാനിക ദേശീയതയാണ്. വായുവിനെന്നപോലെ വിജ്ഞാനത്തിനും അതിരുകളില്ലല്ലോ. അതിരുകളില്ലാത്ത ജീവബ്രഹ്മൈക്യവും മാനവികതയുമാണ് വൈജ്ഞാനിക ദേശീയതയുടെ കാതൽ. ചട്ടമ്പിസ്വാമിയുടെ സമാധിശതാബ്ദി വേളയിൽ വൈജ്ഞാനിക ദേശീയതയിലൂടെ നേടിയെടുക്കേണ്ടത് വിശാല മാനവികതയാണെന്ന് നമുക്ക് മനസ്സിലാക്കാം. Read on deshabhimani.com