ഡീലർമാരായ ലീഡർമാരും
 കേന്ദ്രന്റെ നുണയും



  ‘കാരസ്‌കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്‌പ്‌ ശമിപ്പതുണ്ടോ’ എന്ന് കവി ചോദിച്ചതു പോലെയാണ് കേരള പ്രദേശ് കോൺഗ്രസിന്റെ കാര്യം. ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന ഡോ. പി സരിന്റെ വെളിപ്പെടുത്തലിൽ ജനങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതിൽ തെറ്റ് പറയാനാകില്ലെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ മതം. കമ്യൂണിസ്റ്റുകാരെ ശരിയാക്കാൻ ബിജെപിയും ആർഎസ്എസും വേണമെന്നാണ് സതീശനും സുധാകരനും ചിന്തിക്കുന്നതെന്നാണ് ഇന്നലെവരെ ഒപ്പം നടന്നവർ  പറയുന്നത്‌. ലീഡർമാർ ഡീലർമാരായെന്നും ടോക്കുണ്ട്. കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാനുള്ള ശ്രമത്തിന് കൂട്ടുനിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഡോ. സരിൻ സതീശനോട് സലാം പറഞ്ഞു. തലയിൽ ആൾത്താമസമുള്ളവർക്ക് എത്ര കാലം കോൺഗ്രസായി നിൽക്കാനാകുമെന്നൊരു സംസാരവും നാട്ടിലുണ്ട്. കാര്യങ്ങൾ അറിയുന്നവർ കോൺഗ്രസിൽ നിൽക്കില്ലെന്ന്‌ കോൺഗ്രസുകാർതന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. എന്ത് പറയേണ്ടൂ, തലമുറമാറ്റത്തിന്റെ പേരിൽ വളഞ്ഞവഴിയിൽ പുതിയ പ്രതിപക്ഷനേതാവ് വന്നതോടെ വായിക്കേം പഠിക്കേം ചെയ്യുന്നോർക്ക് പറ്റിയ ഇടമല്ല കോൺഗ്രസെന്ന് ബോധ്യായി. സരിനെ മുക്കാൻ മകാരപത്രങ്ങളൊക്കെ ആകുംവിധം നോക്കിയെങ്കിലും ചാനലുകളിൽ ബ്രേക്കിങ് ന്യൂസും ചർച്ചയുമൊക്കെ ആയതോടെ ഇനിയും എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷയിൽ മുക്കിയും മൂളിയും ചില മുൻ നേതാക്കളുടെ പ്രതികരണം വന്നിട്ടുണ്ട്. നാട്ടുകാർക്കൊക്കെ അറിയുന്നതാണെങ്കിലും ഇത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് ശരിയല്ലെന്ന് ചെന്നിത്തല മുതലുള്ള എക്സ് നേതാക്കൾക്ക് അഭിപ്രായമുണ്ട്. ഇവരുടെ അഭിപ്രായങ്ങൾക്ക് ഇപ്പോൾ വലിയ വിലയില്ല. കോൺഗ്രസിനെ അഥവാ സതീശനെ രാഷ്ട്രീയം പഠിപ്പിക്കാൻ കോൺഗ്രസിൽ ആര് നോക്കിയാലും നടക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്. കൊക്ക് എത്ര കുളം കണ്ടതാ എന്ന് പറഞ്ഞതുപോലെ ഇവരെത്ര ഡീൽ നടത്തിയതാ. അതൊക്കെ ഇന്നലെ വന്ന പിള്ളേര് പറഞ്ഞാൽ ഒഴിവാക്കാൻ പറ്റ്വോ. ഞാനാണ് കോൺഗ്രസ്, ഞാനല്ലാതെ ഒരു കോൺഗ്രസ് നിനക്കുണ്ടാകരുതെന്ന പുതിയ പാഠവും മൊത്തം കോൺഗ്രസുകാരെ പഠിപ്പിക്കാനും ശ്രമമുണ്ട്. കോൺഗ്രസോ യുഡിഎഫോ വിചാരിച്ചാലൊന്നും തന്റെ മോഹങ്ങൾ പൂവണിയില്ലെന്ന് സതീശനോളം മറ്റാർക്കും അറിയില്ല. ത്രിപുരയിലെപ്പോലെ കേരളത്തിലെ കോൺഗ്രസിലും പരിണാമം ഉണ്ടാകണം. അതിന് ആദ്യം കോൺഗ്രസുകാരെ പാകപ്പെടുത്തി എടുക്കണം. എന്നിട്ടൊന്നിച്ച് കാവി പുതപ്പിച്ചാൽ അതിന്റെ നേതാവായി വിലസാമെന്ന ചിന്തയിലാണ്‌ സതീശനെന്നാണ്‌ നിലവിൽ പാലക്കാട്ട്‌ പ്രതിരോധമുയർത്തുന്നവർ പറയുന്നത്‌. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചെയ്തതുപോലെ പാലക്കാട്ടും വ്യാജ ഐഡി കാർഡിന്റെ വിളയാട്ടം ഉണ്ടാകുമോയെന്ന ആശങ്കയും പങ്കുവയ്‌ക്കുന്നുണ്ട്. നുണയോളം വരുമോ 
നുണയിലിട്ടത് മലയാളത്തിലെ താർക്കികൻമാരിൽ വലിയൊരു തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കയാണെന്ന് സംസാരമുണ്ട്. നുണയോളം വരുമോ നുണയിലിട്ടതെന്നാണ് വിവാദ വിഷയം. സുരേന്ദ്രൻമുതൽ ജോർജ്‌ കുര്യൻവരെയും സുധാകരൻമുതൽ സതീശൻവരെയും നിത്യേന പുറത്തുവിടുന്ന പച്ച നുണകളാണോ അതിന് ഉപ്പും മുളകും ചേർത്ത് വിളമ്പുന്ന മാധ്യമങ്ങളാണോ മിടുക്കൻമാരെന്നാണ് തർക്കം. നുണ ഉണ്ടാക്കുന്നതിലാണോ വിളമ്പുന്നതിലാണോ കൂടുതൽ മികവെന്നതും തർക്ക വിഷയമാണ്‌. മുണ്ടക്കൈ ഉരുൾപൊട്ടലിനുമേൽ നുണയുടെ ഉരുപൊട്ടൽ തുടങ്ങിയിട്ട് കുറച്ചായി. കേന്ദ്ര സഹായം കിട്ടിയതാണ് ഒടുവിലത്തെ നുണയും നുണയിലിട്ടതും. ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാരത്തിന് രണ്ടരക്കോടി ചെലവാക്കിയെന്ന നുണ കുറച്ചോടിയതാണ്. കേരളത്തിന് സഹായമൊന്നും തന്നില്ലെന്ന് മാലോകർക്കെല്ലാം അറിയാമെങ്കിലും കുര്യനും സുരേന്ദ്രനും വീണ്ടുമൊരു നുണ വെള്ളം ചേർക്കാതെ പുറത്തുവിട്ടിരിക്കുകയാണ്. കേരളം ആവശ്യപ്പെട്ട തുകയിൽ ഏതാണ്ടെല്ലാം കൊടുത്തു കഴിഞ്ഞെന്നാണ് കേരളത്തിൽനിന്ന് അപ്രതീക്ഷിതമായി മന്ത്രിപദം കിട്ടിയ കുര്യന്റെ കിടിലൻ വെളിപ്പെടുത്തൽ. തങ്ങളുടെ സ്വന്തം പത്രത്തിന്റെ ഡൽഹി ബ്യൂറോ സന്ദർശിക്കുമ്പോഴായതിനാൽ അത് വിളമ്പാൻ അവർ മാത്രമേ ഉണ്ടായുള്ളൂ. അത് പോരെന്ന് തോന്നിയതുകൊണ്ടാകണം സുരേന്ദ്രൻ  അത് വീണ്ടും വിളിച്ചു പറഞ്ഞത്‌. അതും പോരാഞ്ഞ് ഹൈക്കോടതിയിൽ കേന്ദ്രം വക സത്യവാങ്‌മൂലവും ഉണ്ട്. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള 782 കോടി മുണ്ടക്കൈക്ക് കേന്ദ്രം നൽകിയതാണത്രെ. ഇതിനു പുറമെ 145 കോടി കഴിഞ്ഞ ആഴ്ച അനുവദിച്ചിട്ടുണ്ടുപോലും. എല്ലാം കൂടി 1000 കോടിയായില്ലേ. 1200 കോടിയല്ലേ കേരളം ചോദിച്ചത്. അപ്പോൾ കണക്ക് ശരിയായി. ദുരന്ത നിവാരണത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും നിശ്ചിത തുക കേന്ദ്രം നൽകണം. ഇത് സംസ്ഥാനത്താകെ ഉപയോഗിക്കാനുള്ളതാണ്. അതും വയനാടിനുള്ള പ്രത്യേക സഹായമാക്കിയ ബുദ്ധി കാഞ്ഞതു തന്നെ. നുണയിൽ ജനിച്ച് നുണയിൽ വളർന്ന്  നുണയിൽ  ജീവിക്കുന്നവർ ഇതല്ലാതെ എന്ത്‌ പറയാനെന്നാണ്‌ ജനസംസാരം. Read on deshabhimani.com

Related News