മരണത്തിലേക്ക് ‘മോക്ഷം’ നൽകുന്ന ആൾദൈവങ്ങൾ
ദളിത് ജനവിഭാഗം അഭിമുഖീകരിക്കുന്ന ഗൗരവമേറിയ അസ്തിത്വ പ്രശ്‌നങ്ങളെയാണ് ഭോലെ ബാബയെപ്പോലുള്ള ആൾദൈവങ്ങൾ ചൂഷണം ചെയ്യുന്നത്. ബ്രാഹ്‌മണാധിപത്യവും സവാർണാധിപത്യവും നിലനിൽക്കുന്ന മത–ആത്‌മീയ മണ്ഡലങ്ങളിൽ ഭോലെ ബാബമാരുടെ സത്‌സംഗുകൾ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ആശ്വാസമാവുകയാണ്. സത്‌സംഗുകളിൽ അവർ തുല്യത അനുഭവിക്കുകയാണ്. ബാബമാരുടെ ദൈവികമായ കഴിവുകളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ കൂടിയാവുമ്പോൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന നിരക്ഷരരും അശരണരുമായ വലിയൊരു വിഭാഗം വേഗത്തിൽ അന്ധവിശ്വാസികളായി മാറുന്നു. ഉത്തർപ്രദേശിലെ ഹാഥ്‌രസ് ജില്ലയിലെ ഫുൽറായ് മുഗൽഗഢി ഗ്രാമം ജൂലൈ രണ്ടിന് രാവിലെ തന്നെ ജനത്തിരക്കിലമർന്നു. അയൽജില്ലകളിൽ നിന്നു മാത്രമല്ല ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി അയൽസംസ്ഥാനങ്ങളിൽ നിന്നു പോലും ബസുകളിലും ചെറുവാഹനങ്ങളിലുമായി ഫുൽറായിലേക്ക് ജനങ്ങളെത്തി. കൂടുതലും സ്‌ത്രീകൾ. ഭോലെ ബാബ എന്നറിയപ്പെടുന്ന ആൾദൈവം നാരായൺ സാകർ ഹരിയുടെ ‘സത്‌സംഗി’ലേക്കായിരുന്നു ആളുകളുടെ ഒഴുക്ക്. കൊയ്‌ത്തുകഴിഞ്ഞ വിശാലമായ പാടത്ത് സത്‌സംഗിനായി വലിയ പന്തൽ കെട്ടിയിരുന്നു. ഫുൽറായിലൂടെ കടന്നുപോകുന്ന ദേശീയപാതയോടു ചേർന്ന് സംഘാടകർ ഉയർത്തിക്കെട്ടിയ ഭോലെ ബാബയുടെ ചിത്രമുള്ള കൂറ്റൻ കമാനം ഭക്തജനങ്ങളെ വേദിയിലേക്ക് സ്വാഗതം ചെയ്‌തു. പകൽ 12 മണിയോടെ തന്നെ പന്തൽ നിറഞ്ഞു. ഭോലെ ബാബയുടെ ദർശനത്തിനായി പന്തലിന്നുള്ളിലും പുറത്തും ആളുകൾ തിക്കിതിരക്കി. പിങ്ക് വസ്‌ത്രധാരികളായ സേവാദറുകാരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. പൊലീസുകാർ വളരെ ചുരുക്കം മാത്രം. പന്ത്രണ്ടരയോടെ ഭോലെ ബാബയുടെ വാഹനവ്യൂഹം ദേശീയപാതയിലുടെ സത്‌സംഗിന് വേദിയാകുന്ന പാടശേഖരത്തേക്ക് എത്തി. ഏറ്റവും മുന്നിലായി 16 ബുള്ളറ്റ് ബൈക്കിൽ കറുത്ത വസ്‌ത്രധാരികളായ കമാൻഡോകൾ. വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയാണ് ബ്ലാക്ക് കമാൻഡോകൾ എന്നറിയപ്പെടുന്ന ഇവരുടെ ഉത്തരവാദിത്തം. മുപ്പതോളം ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്നതാണ് വാഹനവ്യൂഹം. ഏറ്റവും മുന്നിലായി 16 ബുള്ളറ്റ് ബൈക്കിൽ കറുത്ത വസ്‌ത്രധാരികളായ കമാൻഡോകൾ. വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയാണ് ബ്ലാക്ക് കമാൻഡോകൾ എന്നറിയപ്പെടുന്ന ഇവരുടെ ഉത്തരവാദിത്തം. മുപ്പതോളം ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്നതാണ് വാഹനവ്യൂഹം. ഭോലെ ബാബ വെള്ള ഫോർച്യൂൺ കാറിലാണുള്ളത്. മറ്റ് കാറുകളിൽ സ്വകാര്യ സുരക്ഷാഭടൻമാർ. വെളുത്ത ത്രീപീസ് സ്യൂട്ടും ടൈയുമാണ് ബാബയുടെ വേഷം. കറുത്ത കണ്ണടയുമുണ്ട്. ‘മാതാശ്രീ’ എന്ന് അനുയായികൾ ഭക്തിപുരസ്സരം വിളിക്കുന്ന ഭാര്യ പ്രേം ബട്ടിയും ഒപ്പമുണ്ട്. വേദിയിലേക്ക് ഭോലെ ബാബയും ഭാര്യയും കയറിയതോടെ സദസ്സ് ഇളകിമറിഞ്ഞു. ബാബയുടെ ഭക്തരായ സ്‌ത്രീകൾ കണ്ണടച്ച് കൈകൂപ്പി. ബാബയെ നേരിൽ കണ്ട് പലരും കണ്ണീരൊഴുക്കി. വേദിയിലെ വെള്ളിനിറത്തിലുള്ള രണ്ട് സിംഹാസനങ്ങളിലായി ബാബയും ഭാര്യയും ഇരുന്നു. മൈക്ക് കൈയ്യിലെടുത്ത് ബാബ തന്റെ പ്രസംഗമാരംഭിച്ചു. എങ്ങനെ ജീവിക്കണം, എന്തെല്ലാം നിയന്ത്രണങ്ങൾ പാലിക്കണം, ഏതുരീതിയിൽ പണം സമാഹരിക്കണം തുടങ്ങിയ ഉപദേശങ്ങളാണ് കൂടുതലും. മതഗ്രന്ഥങ്ങളിൽ നിന്നുള്ള വചന പ്രഘോഷണങ്ങളൊന്നുമില്ല. ഒരു മണിക്കൂർ പ്രസംഗം നീണ്ടു. അൽപ്പനേരത്തെ വിശ്രമത്തിന് ശേഷം വേദിയിൽ നിന്ന് ബാബ ഇറങ്ങിയതോടെ ജനങ്ങൾ ആർത്തിരമ്പി. അടുത്തു കാണാനും അനുഗ്രഹം തേടാനും കാലിൽ തൊടാനുമെല്ലാമായി സ്‌ത്രീകൾ തിക്കിതിരക്കി. വാഹനവ്യൂഹം പൊടിപറത്തി നീങ്ങിയപ്പോൾ ഭക്തജനങ്ങൾ പിന്നാലെ ഓടി. ബാബയുടെ പാദസ്‌പർശമേറ്റ മണ്ണുവാരി പലരും നെറ്റിയിൽ തൂത്തു. വാഹനവ്യൂഹത്തിന് അടുത്തേക്ക് കൂടുതൽ ആളുകൾ എത്തിയതോടെ ബാബയുടെ സ്വകാര്യ സുരക്ഷാഭടൻമാർ വടി വീശി. അടികൊണ്ടവർ പിന്നോക്കം പോയപ്പോൾ പലരും കൂട്ടിയിടിച്ച് വീണു. കൂട്ടപ്പൊരിച്ചിലിൽ നിന്ന് രക്ഷപ്പെടാൻ സമീപത്ത് ഒഴിഞ്ഞു കിടന്ന പാടത്തിലേക്ക് ആളുകൾ കൂട്ടത്തോടെ ഓടിയിറങ്ങി. തലേന്ന് പെയ്‌ത മഴയിലെ ചെളിയിൽ പലരും തെന്നിവീണു. ഇവർക്കു മേലെ കൂടി ആളുകൾ കൂടുതൽ കൂടുതലായി ഓടിയിറങ്ങി. വീണവർക്ക് എണീക്കാനായില്ല. ചവിട്ടേറ്റ് ചെളിയിൽ പൂണ്ടു. അനുയായികൾ ശ്വാസത്തിനായി പിടയുമ്പോൾ ഭോലെ ബാബ തന്റെ ഫോർച്യൂൺ കാറിൽ സുരക്ഷാഭടൻമാരുടെ അകമ്പടിയിൽ സ്വച്‌ഛന്ദം ആശ്രമത്തിലേക്ക് മടങ്ങി. രാജ്യമാകെ നടുങ്ങിയ ദുരന്തവാർത്ത വൈകുന്നേരത്തോടെയാണ് പുറംലോകമറിഞ്ഞത്. 121 ജീവനുകളാണ് ചെളിയിൽ പൂണ്ട് പൊലിഞ്ഞത്. മരിച്ചവരിൽ 113 പേരും സ്‌ത്രീകൾ. ആറ് കുട്ടികൾ. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും ഭൂരിഭാഗവും സ്‌ത്രീകൾ. മരണസംഖ്യ നൂറിലേറെയായി ഉയർന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ദുരന്തസ്ഥലത്തേക്ക് പൊലീസിനെയോ മറ്റ് അധികാരികളെയോ പ്രവേശിപ്പിക്കാൻ ഭോലെ ബാബയുടെ സ്വകാര്യ സുരക്ഷാസംഘം തയ്യാറായില്ല. ഉത്തർപ്രദേശിലെ തീർത്തും പരിതാപകരമായ ആരോഗ്യസംവിധാനമാണ് ദുരന്തത്തിന്റെ വ്യാപ്‌തി വർധിക്കാനുള്ള രണ്ടാമത്തെ കാരണം. ആൾദൈവങ്ങളിലുള്ള അന്ധവിശ്വാസം ഏതളവ് വരെയും പോകാമെന്നതിന് നല്ല ഉദാഹരണമാണ് ഹാഥ്‌രസ് ദുരന്തത്തിന് ശേഷമുള്ള ഭോലെ ബാബയുടെ സ്വകാര്യ സുരക്ഷാഭടൻമാരുടെ നിലപാട്. ഭോലെ ബാബയുടെ ദൈവിക ശക്തിയാൽ ചെളിയിൽ പുതഞ്ഞുപോയവർ സ്വയം ഉയിർത്തെണീക്കുമെന്നായിരുന്നു ഇവരുടെ വിശ്വാസം. അതുകൊണ്ടു തന്നെ പൊലീസും മറ്റും ദുരന്തസ്ഥലത്തേക്ക് കടക്കേണ്ടതില്ലെന്ന് ഇവർ നിലപാടെടുത്തു. നാൽപത് പൊലീസുകാർ മാത്രമായിരുന്നു ദുരന്തസമയം സത്‌സംഗ് വേദിയിലുണ്ടായിരുന്നത്. ഭൊലെ ബാബയുടെ നൂറിലേറെ വരുന്ന സുരക്ഷാസംഘത്തെ തടയാൻ ഇവർ പര്യാപ്‌തമായിരുന്നില്ല. കൂടുതൽ പൊലീസുകാർ എത്തിയതിനു ശേഷം മാത്രമാണ് ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് തുടക്കമിടാനായത്. ശ്വാസം കിട്ടാതെ ബോധരഹിതരായവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസുകൾ കിട്ടാതെ വന്നതും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. ആംബുലൻസുകൾ എത്താൻ ഒന്നര മണിക്കൂറോളമെടുത്തു. സമീപത്തൊന്നും നല്ല ആശുപത്രികൾ ഇല്ലാതിരുന്നതും പ്രതിസന്ധിയായി. ആറു കിലോമീറ്റർ അകലെയുള്ള സിക്കന്ദറാവു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നു ഏക ആശ്രയം. ഹാഥ്‌രസിലെ ഏക ട്രോമകെയർ സെന്ററാണെങ്കിലും ഇവിടെയും സൗകര്യങ്ങൾ പരിമിതം. മുപ്പത് കിടക്കകളുള്ള ആശുപത്രിയിൽ ഒരു ഡോക്ടറും അഞ്ച് നഴ്‌സിങ് സ്‌റ്റാഫുമാണുണ്ടായിരുന്നത്. കിടക്കകളുടെ എണ്ണക്കുറവും ആവശ്യത്തിന് സ്‌ട്രെച്ചറുകളും ഓക്‌സിജൻ മാസ്‌ക്കുകളും ഇല്ലാത്തതും തിരിച്ചടിയായി. ഇവിടെ പ്രവേശിപ്പിക്കപ്പെട്ട 98 പേരിൽ രണ്ടുപേരുടെ ജീവൻ മാത്രമാണ് രക്ഷപ്പെടുത്താനായത്. ദുരന്തത്തിൽ മരിച്ചവരെല്ലാം തന്നെ തീർത്തും ദരിദ്രമായ കുടുംബപശ്‌ചാത്തലമുള്ളവരാണ്. ദളിത് ജാടവ് വിഭാഗക്കാരാണ് കൂടുതലും. ഭോലെ ബാബയും ജാടവ് സമുദായക്കാരനാണ്. മരിച്ചവരിൽ ആറു പേർ മറ്റ് സംസ്ഥാനക്കാരായിരുന്നു. മരിച്ചവർക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹങ്ങളെല്ലാം തന്നെ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറി. ഭോലെ ബാബയെ സംരക്ഷിച്ച് ബിജെപി സർക്കാർ ദുരന്തമുണ്ടായി രണ്ടാഴ്‌ച പിന്നിട്ടിട്ടും നൂറിലേറെ പേരുടെ മരണത്തിന് കാരണക്കാരനായ ഭോലെ ബാബയെ അറസ്‌റ്റുചെയ്യാൻ യുപി പൊലീസ് തയ്യാറായിട്ടില്ല. കേസിൽ ഭോലെ ബാബയെ പ്രതി ചേർത്തിട്ടുമില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേകാന്വേഷണ സംഘവും (എസ്‌ഐടി) ബാബയെ സംരക്ഷിക്കും വിധമാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമമത്രയും. ഭോലെ ബാബയും അദ്ദേഹത്തിന്റെ അഭിഭാഷകനും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്‌ഐടിയുമെല്ലാം ഈ നിലയിൽ അഭിപ്രായപ്രകടനം നടത്തിക്കഴിഞ്ഞു. ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്നും ആ ദിശയിൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നുമാണ് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ട് ഭോലെ ബാബയെ കേസിൽ പ്രതി ചേർത്തില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി യോഗി നൽകിയ മറുപടി പരിപാടി സംഘടിപ്പിക്കാൻ അനുമതി തേടിയവരെ മാത്രമേ കേസിൽ ഉൾപ്പെടുത്താനാകൂ എന്നായിരുന്നു. ബാബ വേദിയിൽ നിന്നിറങ്ങി വാഹനത്തിൽ കയറി പോയ ശേഷമാണ് ദുരന്തമുണ്ടായതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. ലക്ഷക്കണക്കിന് അനുയായികളുള്ള ഒരാൾക്കെതിരെ നടപടിയെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന ആശങ്കയേക്കാൾ സമൂഹത്തിൽ അന്ധവിശ്വാസം വളർത്തുന്ന ആൾദൈവങ്ങളോട് ബിജെപിയും സംഘപരിവാരവും പുലർത്തുന്ന മൃദുസമീപനം തന്നെയാണ് ഭോലെ ബാബയ്‌ക്ക് സംരക്ഷണമൊരുക്കുന്നത്. ലക്ഷക്കണക്കിന് അനുയായികളുള്ള ഒരാൾക്കെതിരെ നടപടിയെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയ്‌ക്കുമെന്ന ആശങ്കയേക്കാൾ സമൂഹത്തിൽ അന്ധവിശ്വാസം വളർത്തുന്ന ആൾദൈവങ്ങളോട് ബിജെപിയും സംഘപരിവാരവും പുലർത്തുന്ന മൃദുസമീപനം തന്നെയാണ് ഭോലെ ബാബയ്‌ക്ക് സംരക്ഷണമൊരുക്കുന്നത്. ഇപ്പോഴും ഒളിവിൽ കഴിയുന്ന ഭോലെ ബാബ എവിടെയുണ്ടെന്ന അന്വേഷണം പോലും യുപി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മെയിൻപുരിയിലെ പ്രധാന ആശ്രമത്തിൽ തന്നെ ബാബയുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ദുരന്ത ശേഷം ബാബയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിൽ ദുഖമുണ്ടെന്നും ഇപ്പോഴത്തെ വേദന മറികടക്കാൻ ദൈവം സഹായിക്കുമെന്നും ബാബ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സർക്കാരിലും ഭരണകൂടത്തിലും വിശ്വാസമുണ്ടാകണമെന്നും കുഴപ്പങ്ങൾ സൃഷ്ടിച്ച ഒരാളെപ്പൊലും വെറുതെ വിടില്ലെന്നാണ് പ്രതീക്ഷയെന്നും ബാബ പറഞ്ഞു. ഭോലെ ബാബയുടെ അഭിഭാഷകൻ എ പി സിങും ഗൂഡാലോചനാ സിദ്ധാന്തം ശരിയെന്ന് സ്ഥാപിക്കാനുള്ള കഠിനയത്‌നത്തിലാണ്. ആൾക്കൂട്ടത്തിനിയിലേക്ക് ഒരു ഗൂഢസംഘം വിഷവസ്‌തു വിതറിയെന്നും ഇതാണ് ദുരന്തത്തിന് കാരണമായതെന്നും എ പി സിങ് ലഖ്‌നൗവിൽ മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസം മുട്ടിയാണ് ആളുകൾ മരിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇതിന് കാരണം വിഷവസ്‌തുവാണ്. സംശയാസ്‌പദമായ രീതിയിൽ ചിലരെ വേദിയിൽ കണ്ടിരുന്നു. സംഭവശേഷം ഇവർ വിവിധ വാഹനങ്ങളിലായി രക്ഷപ്പെട്ടു. ഇതിനെല്ലാം ദൃക്‌സാക്ഷികളുണ്ട്– എ പി സിങ് അവകാശപ്പെട്ടു. ഹാഥ്‌രസിൽ മരിച്ചവരുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടൽ മരണകാരണമായി പറയുന്നുണ്ട്. എന്നാൽ അതോടൊപ്പം നെഞ്ചിലെ തൊറാസിക്ക് അറയിൽ രക്തം കട്ടപിടിച്ചതും നെഞ്ചിനേറ്റ പരിക്കും വാരിയെല്ലുകൾ പൊട്ടിയതുമെല്ലാം കാരണങ്ങളായി പറയുന്നുണ്ട്. തിക്കിലും തിരക്കിലും വീണുപോയവർ ചവിട്ടേറ്റാണ് മരിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏതോ സംഘം പുറമേ നിന്ന് എത്തി വിഷവസ്‌തു എറിഞ്ഞതാണ് ദുരന്തകാരണമെന്ന അഭിഭാഷകന്റെ വാദം പൊളിക്കുന്നതാണ് യഥാർത്ഥത്തിൽ പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തലുകൾ. ഭോലെ ബാബയുടെ സത്‌സംഗിൽ എൺപതിനായിരം പേർക്ക് ഒത്തുകൂടാനുള്ള അനുമതിയാണ് പൊലീസ് നൽകിയിരുന്നത്. എന്നാൽ രണ്ടര ലക്ഷത്തോളം പേരാണ് പരിപാടിക്ക് എത്തിയത്. ഇവരെ നിയന്ത്രിക്കാനുണ്ടായിരുന്നതാവട്ടെ നാൽപത് പൊലീസുകാർ മാത്രവും. ഇത്ര വിപുലമായ ഒത്തുചേരലിന് ആവശ്യമായ മുൻകരുതൽ നടപടികളൊന്നും തന്നെ സ്വീകരിച്ചതുമില്ല. സത്‌സംഗിന് വേദിയായ പാടത്തിലേക്ക് കയറാനും ഇറങ്ങാനും ഒരു കവാടം മാത്രമാണുണ്ടായിരുന്നത്. കയറാനും ഇറങ്ങാനുമെല്ലാം ഒന്നിലേറെ കവാടങ്ങൾ ആവശ്യമായിരുന്നു. ആംബുലൻസുകളോ മെഡിക്കൽ യൂണിറ്റുകളോ സംഭവസ്ഥലത്തുണ്ടായില്ല. കാൽനടയായി എത്തിയവരെയും വാഹനങ്ങളിൽ എത്തിയവരെയും ഒന്നും നിയന്ത്രിക്കാൻ സംവിധാനങ്ങളുണ്ടായില്ല. ഭോലെ ബാബയുടെ സ്വകാര്യ സുരക്ഷാസേനാംഗങ്ങളാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനമൊന്നും ലഭിക്കാത്ത ഈ സംഘത്തിന്റെ അമിതമായ ‘നിയന്ത്രണ’ നടപടികൾ തന്നെയാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് 11 പേരെയാണ് പൊലീസ് ഇതുവരെ അറസ്‌റ്റു ചെയ്‌തിട്ടുള്ളത്. പരിപാടിയുടെ മുഖ്യസംഘാടകൻ ദേവ്‌പ്രകാശ് മധുകറാണ് ഒടുവിൽ പിടിയിലായത്. ഇയാൾ നിലവിൽ രണ്ടാഴ്‌ച ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ഭോലെ ബാബയുടെ അടുത്ത അനുയായികളിൽ ഒരാളായ ദേവ്‌പ്രകാശാണ് സത്‌സംഗ് പോലുള്ള പരിപാടികൾക്കായി ഫണ്ട് സമാഹരണവും മറ്റും നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ടെക്‌നിക്കൽ അസിസ്‌റ്റന്റായി ജോലിയെടുക്കുന്ന ദേവ്‌പ്രകാശിന്റെ മാസശമ്പളം 11000 രൂപ മാത്രമാണ്. എന്നാൽ ഭോലെ ബാബയുമായി അടുപ്പമായതിന് ശേഷം ദേവ്‌പ്രകാശിന്റെ സ്വത്തുവകകളിൽ വലിയ കുതിപ്പുണ്ടായി. സിക്കന്ദർ റാവു പട്ടണത്തിൽ വലിയൊരു ബംഗ്ലാവ് പണിതീർത്ത ഇയാൾ 36 കി.മീ ദൂരമുള്ള ജോലിസ്ഥലത്തേക്ക് എല്ലാ ദിവസവും കാറിലാണ് പോയി വരുന്നത്. ഭോലെ ബാബയുടെ മുഖ്യസേവാദർ എന്നറിയപ്പെടുന്ന ദേവ്‌പ്രകാശ് 78 പേർ ഉൾപ്പെടുന്ന ഒരു സമിതിയുടെ തലവനാണ്. കോടികൾ വരുന്ന സംഭാവനകളും മറ്റും കൈകാര്യം ചെയ്യുന്നതും ഇയാൾ തന്നെ. ദുരന്തം അന്വേഷിക്കുന്നതിനായി എസ്‌ഐടി രൂപീകരിച്ചതിന് പുറമെ ഒരു മൂന്നംഗ ജുഡീഷ്യൽ കമീഷനും സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്. എസ്‌ഐടി റിപ്പോർട്ടിനെ തുടർന്ന് ജില്ലാ കലക്ടർ അടക്കം ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിൽ ഭരണപരമായ പാളിച്ച കൂടി സംഭവിച്ചതിനാൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെക്കൂടി കേസിൽ പ്രതിചേർക്കണമെന്ന ആവശ്യം ശക്തമാണ്. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് ബ്രജേഷ് കുമാർ ശ്രീവാസ്‌തയാണ് ജുഡീഷ്യൽ കമീഷൻ തലവൻ. മൂന്നംഗ കമീഷൻ സത്‌സംഗിൽ പങ്കെടുത്തവരിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും മറ്റുമായി തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു മാസത്തെ സമയമാണ് കമീഷന് അനുവദിച്ചിട്ടുള്ളത്. ഭോലെ ബാബയെന്ന ആൾദൈവത്തിന്റെ വളർച്ച യുപി പൊലീസിൽ ഹെഡ്‌കോൺസ്‌റ്റബിളായിരുന്ന സൂരജ്‌പാൽ സിങ് ജാടവാണ് ആത്‌മീയപാതയിലേക്ക് തിരിഞ്ഞ് നാരായൺ സാകർ ഹരി എന്ന പേരുസ്വീകരിച്ച് ഭോലെ ബാബയായി വളർന്നത്. ഇട്ടാ ജില്ലയിലെ ബഹാദൂർ നഗരി എന്ന കുഗ്രാമത്തിൽ നന്നേലാൽ എന്ന ചെറുകിട കർഷകന്റെയും കടോരി ദേവിയുടെയും മകനായി ജനനം. മൂന്ന് സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ടുപേരും ഇപ്പോഴും ഗ്രാമത്തിൽ ദരിദ്രമായ ചുറ്റുപാടുകളിൽ സാധാരണ ജീവിതം നയിക്കുന്നു. പഠനത്തിന് ശേഷം യുപി പൊലീസിൽ ചേർന്ന സൂരജ്‌പാലിന്റെ ഭൂതകാലം കളങ്കിതമാണ്. സ്‌ത്രീ പീഡന കേസിൽ 1997 ൽ ജയിലിൽ അടയ്‌ക്കപ്പെട്ടു. ഈ സംഭവത്തോടെ പൊലീസിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൊലീസിൽ നിന്ന് വോളൻ്ററി റിട്ടയർമെന്റ് എടുത്തുവെന്നാണ് നിലവിലെ അവകാശവാദം. പൊലീസ് യൂണിഫോം ഉപേക്ഷിച്ച് ആത്‌മീയതയിലേക്ക് തിരിഞ്ഞ് നാരായൺ സാകർ ഹരി എന്ന പേരു സ്വീകരിച്ച ഭോലെ ബാബ മറ്റു സന്ന്യാസിമാരെയും ആൾദൈവങ്ങളെയും പോലെ കാവി വേഷമണിയാൻ തയ്യാറായില്ല. വെള്ള സ്യൂട്ടും ടൈയ്യും അതല്ലെങ്കിൽ വെള്ള കുർത്ത പൈജാമ. ഇതായിരുന്നു ബാബയുടെ വേഷം. ബഹാദൂർനഗറിയിലെ കൊച്ചുവീട്ടിൽ ചെറിയ തോതിലായിരുന്നു ബാബയുടെ ആത്‌മീയപ്രവർത്തനങ്ങളുടെ തുടക്കം. എല്ലാ ദിവസവും നടത്തുന്ന പ്രഭാഷണങ്ങൾക്ക് അയൽവാസികളിൽ ചിലരൊക്കെ വന്നു. പിന്നീട് സമീപഗ്രാമങ്ങളിൽ ഭോലെ ബാബ തന്നെ നേരിട്ട് പോയി പ്രഭാഷണ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചു. അനുയായിവൃന്ദം മെല്ലെ വളർന്നുതുടങ്ങി. അയൽഗ്രാമങ്ങൾക്ക് പുറമെ അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ ഭോലെ ബാബയെന്ന പുതിയൊരു ആൾദൈവത്തിന്റെ പിറവിയായി. ശിവന്റെ അവതാരമെന്ന് ആദ്യം അവകാശപ്പെട്ട ഭോലെ ബാബ പിന്നീട് വിഷ്‌ണുവിന്റെ അവതാരമെന്ന് സ്വയം വിശേഷിപ്പിച്ച് തുടങ്ങി. ബാബയുടെ കൈയ്യിൽ സുദർശനചക്രം പലപ്പോഴും കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഭക്തർ നിരവധി. മരിച്ചവർക്ക് പുനർജീവൻ, അസുഖബാധിതരെ സുഖപ്പെടുത്തൽ തുടങ്ങിയ ദിവ്യസിദ്ധികളും ബാബയ്‌ക്കുണ്ടെന്ന് അനുചരവൃന്ദം പ്രചരിപ്പിച്ചു തുടങ്ങി. പ്രഭാഷണങ്ങൾ ഉപദേശരൂപത്തിലാണ്. പണം സമ്പാദിക്കാനും അങ്ങനെ ജാതി വിവേചനത്തിൽ നിന്ന് പുറത്തുകടക്കാനും ആഹ്വാനം ചെയ്യും. കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ബാബയുടെ അടുത്ത് എത്തുന്നവരും ധാരാളം. ഹാഥ്‌രസിലേത് പോലെ വിപുലമായ സത്‌സംഗ് എല്ലാ മാസവും ആദ്യ ചൊവ്വാഴ്‌ചയാണ്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും എംപിമാർ എംഎൽഎമാർ തുടങ്ങി യുപിയിലെ ഒട്ടനവധി രാഷ്ട്രീയ നേതാക്കളും ഭോലെ ബാബയുടെ ഭക്തരായുണ്ട്. അറുപതുകാരനായ ബാബയ്‌ക്ക് ആൾദൈവ പദവിയായതോടെ സ്വത്തുസമ്പാദ്യങ്ങളും കുമിഞ്ഞുകൂടി. നിലവിൽ നൂറു കോടിയിലേറെ സ്വത്തിന് ഉടമയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 24 ആശ്രമങ്ങളുണ്ട്. ജന്മനാടായ ബഹാദൂർനഗറിലെയും മെയിൻപുരിയിലെയും ആശ്രമങ്ങൾ കൊട്ടാരസദൃശമാണ്. ശ്രീനാരായൺഹരി സകർ ചാരിറ്റബിൾ ട്രസ്‌റ്റിനാണ് ആശ്രമങ്ങളുടെയും മറ്റ് സ്വത്തുവകകളുടെയും മേൽനോട്ട ചുമതല. കാൺപൂരിൽ സേവാദറുകാർ എന്നറിയപ്പെടുന്ന വളണ്ടിയർമാർക്ക് താമസിക്കാനായി മാത്രം അടുത്തയിടെ പുതിയ ആശ്രമം നിർമ്മിച്ചു. നാരായണിസേനയെന്നാണ് ബാബയുടെ സുരക്ഷാസേന അറിയപ്പെടുന്നത്. പിങ്ക് നിറത്തിലുള്ള യൂണിഫോമാണ് നാരായണിസേനയുടെത്. സേനയിൽ സ്‌ത്രീകളും പുരുഷൻമാരും ഉൾപ്പെടും. ലൈംഗികചൂഷണം ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ ഭോലെ ബാബ പ്രതിയാണ്. കോവിഡ് ഘട്ടത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് അമ്പതിനായിരം പേരുടെ സത്‌സംഗ് സംഘടിപ്പിച്ചതിനും ബാബയ്‌ക്കെതിരെ നടപടിയെടുത്തിരുന്നു. ദളിത് ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ആൾദൈവങ്ങൾ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ജാതിവിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. യുപിയിലെ ഭൂരിഭാഗം ഗ്രാമങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ജാതി അടിസ്ഥാനത്തിലാണ്. ദളിതരും മറ്റ് പിന്നോക്ക വിഭാഗക്കാരും ഓരോ ഗ്രാമങ്ങളുടെയും പ്രാന്തപ്രദേശങ്ങളിലാകും താമസം. ഗ്രാമങ്ങളുടെ മധ്യത്തിൽ ഏറ്റവും സവർണ വിഭാഗക്കാർ താമസിക്കും. ആ മേഖലയിലേക്ക് ദളിതർക്ക് പൊതുവിൽ പ്രവേശനമില്ല. ദളിത് പുരുഷൻമാർക്ക് മീശ പിരിച്ചുവെയ്‌ക്കാൻ അവകാശമില്ല. ദളിതരുടെ വിവാഹങ്ങളിൽ വരൻ കുതിരപ്പുറത്ത് വരുന്നതിനും വിലക്കുണ്ട്. ഇത്തരം വിലക്കുകൾ ലംഘിക്കുന്നവർക്ക് ‘സവർണ പഞ്ചായത്തു’കൾ കടുത്ത ശിക്ഷ നൽകും. ഇത്തരം വിലക്കുകളെ ചോദ്യം ചെയ്‌ത് ദളിത് യുവാക്കൾ ചിലയിടങ്ങളിലൊക്കെ രംഗത്തുവരുന്നത് സംഘർഷങ്ങൾക്ക് വഴിവെയ്‌ക്കാറുമുണ്ട്. വിലക്കുകൾ ലംഘിച്ചതിനുള്ള ശിക്ഷകളുടെയും വിലക്കുകളെ ചൊല്ലിയുള്ള ഏറ്റുമുട്ടലുകളുടെയും വാർത്തകൾ ഇപ്പോഴും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ധാരാളമായി റിപ്പോർട്ടുചെയ്യപ്പെടാറുണ്ട്. സവർണരുടെ അടിച്ചമർത്തലുകൾക്ക് വിധേയരായ ദളിത് ജനവിഭാഗങ്ങൾക്ക് ചില രാഷ്ട്രീയ നേതാക്കളും ആദൈവങ്ങളുമൊക്കെയാണ് ആശ്രയം. ബിഎസ്‌പി നേതാവ് മായാവതിയും ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദുമെല്ലാം യുപിയിൽ ദളിത്–പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രതീക്ഷാകിരണങ്ങളാണ്. ചന്ദ്രശേഖർ ആസാദിന്റെ പിരിച്ചുവെച്ച മീശ തന്നെ സവർണ ജാതിവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മായാവതിയുടെ ബിഎസ്‌പി യുപിയിൽ മങ്ങിത്തുടങ്ങുമ്പോൾ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർടി (കാൻഷിറാം) പുതിയ രാഷ്ട്രീയ ശക്തിയായി ഉയരുകയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ നാഗിനയിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒരു മുന്നണിയുടെയും ഭാഗമല്ലാതിരുന്ന ആസാദ് ജയിച്ചുകയറിയത്. മായാവതിയുടെ ജാടവ് സമുദായത്തിൽ നിന്നുള്ള നേതാവാണ് ചന്ദ്രശേഖർ ആസാദും. യുപിയിലെ ദളിതരിൽ 60 ശതമാനവും ജാടവുകളാണ് . ദളിത് രാഷ്ട്രീയം കാലങ്ങളായി യുപിയിൽ ശക്തമാണെങ്കിലും പിന്നോക്ക ജനവിഭാഗങ്ങൾ നേരിടുന്ന അസമത്വത്തിനും അവഗണനയ്‌ക്കും ഇനിയും കാര്യമായ മാറ്റമില്ല. സമൂഹത്തിൽ തുല്യമായ സ്ഥാനവും പരിഗണനയും അവർ കാര്യമായി കാംക്ഷിക്കുന്നു. ദളിത് ജനവിഭാഗം അഭിമുഖീകരിക്കുന്ന ഗൗരവമേറിയ ഇത്തരം അസ്തിത്വ പ്രശ്‌നങ്ങളെയാണ് ഭോലെ ബാബയെപ്പോലുള്ള ആൾദൈവങ്ങൾ ചൂഷണം ചെയ്യുന്നത്. ബ്രാഹ്‌മണാധിപത്യവും സവാർണാധിപത്യവും നിലനിൽക്കുന്ന മത–ആത്‌മീയ മണ്ഡലങ്ങളിൽ ഭോലെ ബാബമാരുടെ സത്‌സംഗുകൾ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ആശ്വാസമാവുകയാണ്. സത്‌സംഗുകളിൽ അവർ തുല്യത അനുഭവിക്കുകയാണ്. ബാബമാരുടെ ദൈവികമായ കഴിവുകളെ കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ കൂടിയാവുമ്പോൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന നിരക്ഷരരും അശരണരുമായ വലിയൊരു വിഭാഗം വേഗത്തിൽ അന്ധവിശ്വാസികളായി മാറുന്നു. ആൾദൈവങ്ങളുടെ അമാനുഷികതയിൽ വീണുപോകുന്നവരിൽ നല്ലൊരു പങ്കും സ്‌ത്രീകളാണ്. അസുഖമുണ്ടായാൽ ചികിൽസിക്കാൻ പണമില്ലാത്തതടക്കം പല കാരണങ്ങളും ബാബമാരുടെ ദൈവികമായ കഴിവുകളിൽ വിശ്വസിക്കാൻ ഇവർക്ക് പ്രേരകമാവുന്നുണ്ട്. കടുത്ത ദാരിദ്ര്യം സൃഷ്ടിക്കുന്ന മാനസികപ്രശ്‌നങ്ങൾക്ക് ആശ്വാസം തേടിയാകും ചിലരെത്തുന്നത്. വലിയൊരു കൂട്ടായ്‌മയുടെ ഭാഗമാകുന്നതോടെ സ്വന്തം ഗ്രാമങ്ങളിൽ അവർക്ക് നിഷേധിക്കപ്പെടുന്ന തുല്യത അനുഭവിക്കാനുള്ള അവസരമായി കൂടി സത്‌സംഗുകൾ മാറുകയാണ്. ഭോലെ ബാബയ്‌ക്ക് പുറമെ ജയ് ഗുരുദേവ്, ഗുർമീത് റാം റഹീം തുടങ്ങി പല ആൾദൈവങ്ങളും ഉത്തരേന്ത്യയിൽ ദളിത്–പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രതിനിധികളായി ഉയർന്നുവന്നവരാണ്. അസാറാം ബാപുവും സദ്‌ഗുരുവും ശ്രീശ്രീ രവിശങ്കറുമൊക്കെ ആൾദൈവ മണ്ഡലത്തിൽ സവർണ പ്രാതിനിധ്യം തീർക്കുമ്പോൾ ഭോലെ ബാബയും റാം റഹീമുമൊക്കെ പിന്നോക്കവിഭാഗ പ്രതിനിധികളാണ്. ലക്ഷക്കണക്കിന് പാവങ്ങളുടെ അന്ധമായ വിശ്വാസത്തെ ചൂഷണം ചെയ്‌ത് ഭോലെ ബാബമാർ വളരെ വേഗത്തിൽ കോടിപതികളാകുന്നു. അനുയായിവൃന്ദം വിപുലപ്പെടുന്നതോടെ രാഷ്ട്രീയ–സാമൂഹിക മണ്ഡലങ്ങളിൽ ഇവർക്കുള്ള സ്വാധീനമേറുന്നു. നൂറിലേറെ പേർ മരിച്ച ദുരന്തമുണ്ടായിട്ടും ഇടതുപക്ഷ പാർടികളൊഴികെ മറ്റ് മുഖ്യധാരാ പാർടികളൊന്നും ഭോലെ ബാബയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നില്ല. മാത്രമല്ല ഭോലെ ബാബ യുപി രാഷ്ട്രീയത്തിൽ പൂർണമായും സംരക്ഷിക്കപ്പെടുകയുമാണ്. ബാബയുടെ ദൈവികമായ കഴിവുകളിൽ തങ്ങൾക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്ന് ഹാഥ്‌രസ് ദുരന്തത്തിന് ഇരയായവരിൽ പലരുടെയും ബന്ധുക്കൾ പറയുമ്പോൾ ആൾദൈവ കച്ചവടം ഒരു ദുരന്തം കൊണ്ടൊന്നും അവസാനിക്കില്ലെന്ന് തീർച്ചയാണ്. ആൾദൈവങ്ങളെന്ന കള്ളനാണയങ്ങൾ ദാരിദ്ര്യവും അസമത്വവും ഭൗതികനേട്ടങ്ങളോടുള്ള ആസക്തിയുമെല്ലാം ചേർന്ന് സൃഷ്ടിക്കപ്പെടുന്ന വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്യുന്ന ഭോലെ ബാബമാർ രാജ്യത്ത് നിരവധിയാണ്. വിശ്വാസികൾക്കു മുന്നിൽ മാനവികത, മദ്യവർജനം, മാംസാഹാരം ഉപേക്ഷിക്കൽ, അഹിംസ തുടങ്ങിയ ആഹ്വാനങ്ങൾ നടത്തുന്ന ഇവരിൽ പലരും നിലവിൽ ബലാൽസംഗം, കൊലപാതകം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് നിലവിൽ ജയിലിലാണ്. അഹമദാബാദ് കേന്ദ്രീകരിച്ച് ആൾദൈവം ചമഞ്ഞിരുന്ന അസാറാം ബാപുവാണ് ഇവരിൽ പ്രധാനി. നാന്നൂറിലേറെ ആശ്രമങ്ങളും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും അസാറാം ബാപുവിന്റേതായി രാജ്യത്തുണ്ട്. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അസാറാം ബാപു കുറ്റക്കാരനെന്ന് 2018 ൽ കോടതി കണ്ടെത്തി. നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. അസാറാം ബാപുവിനെ ജയിൽമോചിതനാക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെ പാർലമെന്റ് സ്‌ട്രീറ്റിൽ അയാളുടെ അനുനായികൾ മാസങ്ങളോളം സമരം നടത്തിയിരുന്നു. കോവിഡ് അടച്ചുപൂട്ടലോടെ സമരവും അവസാനിച്ചു. ദേരാസച്ചാ സൗദയെന്ന പ്രത്യേക മതശ്രേണിയുടെ തലവനായിരുന്ന ഗുർമീത് റാം റഹീമും ബലാൽസംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഹരിയാനയിലെ സിർസ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന റാം റഹീമിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാമുണ്ട്. 2017 ആഗസ്‌തിൽ റാം റഹീമിനെ കോടതി ശിക്ഷിച്ച ഘട്ടത്തിൽ അദേഹത്തിന്റെ അനുയായികൾ വലിയ കലാപം അഴിച്ചുവിട്ടു. മുപ്പതോളം പേർ കൊല്ലപ്പെടുകയും നൂറുക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജയിലിലാണെങ്കിലും ഇപ്പോഴും ദേരാ സച്ചാ സൗദയുടെ തലവനായി റാം റഹീം തന്നെ തുടരുന്നു. നിത്യാനന്ദ, സ്വാമി അമൃതചൈതന്യ, കൃപാലു മഹാരാജ്, ചന്ദ്രസ്വാമി, സ്വാമി ഭീമാനന്ദ്‌ജി മഹാരാജ് ചിത്രകൂട്‌വാല തുടങ്ങിയ സ്വാമിമാരും ആൾദൈവങ്ങളും ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്. ശ്രീ ശ്രീ രവിശങ്കർ, സദ്‌ഗുരു, സ്വാമി രാംദേവ് തുടങ്ങിയവരും നിരവധി ആക്ഷേപങ്ങൾ നേരിടുകയാണ്. 2014 ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആൾദൈവങ്ങൾക്കും വ്യാജസന്യാസിമാർക്കുമെല്ലാം സമൂഹത്തിലുള്ള സ്വാധീനത്തിൽ വലിയ വർധനവുണ്ടായി. ഭരണസംവിധാനം പൂർണമായും ഇവർക്കൊപ്പമായി. ഇവരിൽ പലരും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പരസ്യമായി തന്നെ സംഘപരിവാറിനൊപ്പം നിലകൊണ്ടു. മോദിയെ കരുത്തനായ ഭരണാധികാരിയായി അവതരിപ്പിക്കുന്നതിൽ ഇവർ മുൻകയ്യെടുത്തു. പ്രത്യുപകാരം സർക്കാരിൽ നിന്നുണ്ടായി. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അകറ്റി നിർത്തിയ സർക്കാർ കാവിധാരികൾക്ക് ചടങ്ങിൽ വലിയ സ്ഥാനം നൽകി ആദരിച്ചു. രാജവാഴ്‌ചയുടെ പ്രതീകമായ ചെങ്കോലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റിലേക്ക് പ്രവേശിച്ചത് സന്ന്യാസിമാരുടെ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയായിരുന്നു. മോദിയെ കരുത്തനായ ഭരണാധികാരിയായി അവതരിപ്പിക്കുന്നതിൽ ഇവർ മുൻകയ്യെടുത്തു. പ്രത്യുപകാരം സർക്കാരിൽ നിന്നുണ്ടായി. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അകറ്റി നിർത്തിയ സർക്കാർ കാവിധാരികൾക്ക് ചടങ്ങിൽ വലിയ സ്ഥാനം നൽകി ആദരിച്ചു. രാജവാഴ്‌ചയുടെ പ്രതീകമായ ചെങ്കോലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റിലേക്ക് പ്രവേശിച്ചത് സന്ന്യാസിമാരുടെ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയായിരുന്നു. ഹൈന്ദവാചാരങ്ങൾ പിന്നീടും പല സർക്കാർ പരിപാടികളുടെയും ഭാഗമായി മാറി. അയോധ്യയിൽ ബാബറിപ്പള്ളി പൊളിച്ചയിടത്ത് നിർമ്മിച്ച ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠയ്‌ക്ക് മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകി. ഭരണഘടനയുടെ 51 എ അനുശാസിക്കുന്ന ഭാഗമായ ശാസ്‌ത്രബോധം വളർത്തുക, മാനവികത പ്രോത്‌സാഹിപ്പിക്കുക, അന്വേഷണത്വര വളർത്തുക തുടങ്ങിയ മൗലിക കടമകളിൽ നിന്ന് ഭരണകൂടം തന്നെ നിലവിൽ അകന്നുപോവുകയാണ്. രാജ്യത്ത് സംഘപരിവാർ വളർച്ചയ്‌ക്ക് തുടക്കമായ എൺപതുകളുടെ രണ്ടാം പകുതി മുതലാണ് ശാസ്‌ത്രയുക്തിയും ശാസ്‌ത്രബോധവുമെല്ലാം അവഗണിക്കപ്പെട്ടു തുടങ്ങിയത്. ഭൂരിപക്ഷ മതവിഭാഗത്തിന്റെയും യാഥാസ്ഥിതികരുടെയും പിന്തുണ നഷ്ടമാകുമെന്ന ആശങ്കയിൽ സംഘപരിവാറിനൊപ്പം കോൺഗ്രസും മതനിരപേക്ഷത കൈവെടിഞ്ഞ് ഭക്തിരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുതുടങ്ങി. ഈ അനുകൂലസാഹചര്യം മുതലെടുത്താണ് ശാസ്‌ത്രബോധം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ കാറ്റിൽ പറത്തി ദൈവികമായ കഴിവുകൾ അവകാശപ്പെടുന്ന ആൾദൈവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുളപൊട്ടിയത്. ശാസ്‌ത്രയുക്തിയിലേക്ക് സമൂഹത്തെ തിരിച്ചുപിടിച്ചു കൊണ്ടുമാത്രമേ ആൾദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നീരാളിപ്പിടിയിൽ നിന്ന് രാജ്യത്തെ മുക്തമാക്കാനാകൂ. അതല്ലെങ്കിൽ ഹാഥ്‌രസിൽ സംഭവിച്ചത് പോലുള്ള ദുരന്തങ്ങൾ മറ്റ് പല രീതിയിലും ആവർത്തിക്കും. ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com