ഡൽഹി മുന്നറിയിപ്പാണ്
രാജ്യതലസ്ഥാനമായ ഡൽഹിയിലും ഉത്തരേന്ത്യൻ നഗരങ്ങളിലും വായുമലിനീകരണത്തെ തുടർന്നുള്ള പുകമഞ്ഞിന്റെ തീവ്രത ഇക്കുറി ഏറിയ നിലയിലായിരുന്നു. ജനജീവിതം അതീവ ദുസ്സഹമാക്കിയ ദിനങ്ങളാണ് കടന്നുപോകുന്നത്. ശ്വാസകോശ രോഗങ്ങളും മറ്റുമായി നിരവധിയാളുകൾ ചികിത്സയിലായി. ട്രെയിൻ, വിമാനം തുടങ്ങി എല്ലാ ഗതാഗത സംവിധാനങ്ങളും താറുമാറായി. നിരവധി വിമാന സർവീസുകൾ റദ്ദുചെയ്‌തു. സർവീസുകൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടു. സർക്കാർ സ്ഥാപനങ്ങളടക്കം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. കൃത്രിമ മഴ പെയ്യിച്ച് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണണമെന്നാവശ്യവും ഉയർന്നു. വായു മലിനീകരണം നിയന്ത്രിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ ഡൽഹി ജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന മുന്നറിയിപ്പാണ് ഇതുനൽകുന്നത്. സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമെന്നർഥം. വായു ഗുണനിലവാര സൂചിക ഡൽഹിയിൽ നവംബർ പകുതിമുതൽ വായു ഗുണനിലവാര സൂചിക (Air Quality Index, AQI) 350-–-400ന് മുകളിലാണ്. 2.5, 10 മൈക്രോമീറ്ററിലും താഴെയുള്ള വായുമലിനീകരണകാരികളാണ് നൈട്രജൻ ഡയോക്സൈഡ്, സൽഫർഡയോക്സൈഡ്, കാർബൺ മോണോക്‌സൈഡ്, ഓസോൺ, അമോണിയ, ലെഡ് എന്നിവ. ഇവയുടെ പ്രത്യേകം പ്രത്യേകമുള്ള 8 അല്ലെങ്കിൽ 24 മണിക്കൂറിലെ ശരാശരി തോതിൽനിന്നാണ് വായു ഗുണനിലവാര സൂചിക നിർണയിക്കുന്നത്. ഇവയിലെ ഏതെങ്കിലും ഒന്നിന്റെ രൂക്ഷത ആ ദിവസത്തെ സൂചികയായി രേഖപ്പെടുത്തുന്നു. ഇത് സദാനിരീക്ഷിക്കാനും അളക്കാനും ഓട്ടോമാറ്റിക് സംവിധാന വായു നിലവാര നിരീക്ഷണമാപിനികൾ പ്രധാന നഗരങ്ങളിലുണ്ട്. രാവിലെയും ഉച്ചയ്ക്കുശേഷവും ഇന്ത്യക്കുമുകളിലൂടെ കടന്നുപോകുന്ന 2 അമേരിക്കൻ കൃത്രിമോപഗ്രഹങ്ങൾ വായു മലിനീകരണത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട്. വർഗീകരണം മനുഷ്യാരോഗ്യത്തിൽ ഉണ്ടാക്കുന്ന ആഘാതത്തെ അടിസ്ഥാനമാക്കി വായു ഗുണനിലവാര സൂചികയെ ആറായി വർഗീകരിച്ചിട്ടുണ്ട്: ആരോഗ്യത്തിൽ ഏറ്റവും കുറച്ച് സമ്മർദമുണ്ടാക്കുന്ന (0 മുതൽ 50 വരെ, കടും പച്ച–- മികച്ച), പരിസ്ഥിതി പ്രതികരണമുള്ളവരിൽ ശ്വസനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന (51–--100, ഇളം പച്ച–- സംതൃപ്തമായ), ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരിലും കുട്ടികളിലും വൃദ്ധരിലും ശ്വസനാസ്വസ്ഥതയുണ്ടാക്കുന്ന (101-–-200, മഞ്ഞ –-രൂക്ഷതകുറഞ്ഞ), മലിനവായു ഏറെ ശ്വസിച്ചുണ്ടാകുന്ന ശ്വസനാസ്വസ്ഥതയ്ക്ക് കാരണമായ (201-– -300, ഓറഞ്ച്–- രൂക്ഷം), ഏറെനേരം ശ്വസിച്ചാലുണ്ടാകുന്ന ശ്വാസകോശ രോഗാവസ്ഥയും ഹൃദയ, ശ്വാസകോശ രോഗികളിൽ കടുത്ത അനാരോഗ്യമുണ്ടാക്കുന്നതുമായ (301–--400, ചുവപ്പ്–- അതിരൂക്ഷം), ഏവരിലും ശ്വാസകോശാസ്വസ്ഥതകളും തളർച്ചയും പ്രത്യേകിച്ചും ഹൃദയ, ശ്വാസകോശ രോഗികളുടെ അവസ്ഥ ഗുരുതരമാക്കുന്നതുമായ (401-–-500, മറൂൺ–അതീവഗുരുതരമായ). ഡൽഹിയിൽ 2023ലെ ശൈത്യകാലത്ത് 7 ദിവസം ഒഴിച്ച് മറ്റെല്ലാ ദിനങ്ങളിലും വായുമലിനീകരണ സൂചിക 350നുപരിയായിരുന്നു. ഈ വർഷം ഇത് 450ന് മുകളിൽ എത്തിയ ദിനങ്ങളുമുണ്ടായി. കാരണങ്ങൾ അശാസ്‌ത്രീയ നഗരവൽക്കരണം, വാഹനബാഹുല്യം, ഫാക്ടറികൾ, താപ വൈദ്യുത നിലയങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള നിയന്ത്രണമില്ലാത്ത ബഹിർഗമനം, മാലിന്യം കത്തിക്കൽ, കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ തീയിടൽ, നിർമാണ പ്രവർത്തനങ്ങളിൽനിന്നും വരണ്ട ഭൂമിയിൽനിന്നുമുയരുന്ന പൊടിപടലം, തണുപ്പകറ്റാനുള്ള തീകായൽ, ചാണകവും കൽക്കരിയും ഇന്ധനമായുപയോഗിക്കൽ തുടങ്ങിയവയെല്ലാം വായു മലിനീകരണത്തിന് കാരണമാണ്. നിലവിലുള്ള കാറ്റിന്റെ വേഗത, ഗതി, ആർദ്രത, ഊഷ്മാവ് എന്നിവ വായു ഗുണനിലവാരത്തെ സ്വാധീനിക്കും. ഭൗമോപരിതലംമുതൽ ഏതാണ്ട് ഒന്നുരണ്ടു കിലോമീറ്റർ പൊക്കംവരെയുള്ള അന്തരീക്ഷസീമാ പടല (Atmospheric Boundary Layer) ത്തിലാണ് വായു മലിനീകരണമേറെയുള്ളത്. അതത് സമയങ്ങളിലെ സൂര്യതാപവും കാറ്റും അന്തരീക്ഷ ചുഴികളും അന്തരീക്ഷ മലിനീകരണത്തെ സ്വാധീനിക്കുന്നവയാണ്. Read on deshabhimani.com