സത്യാന്വേഷണത്തിന്റെ പാതയിൽ മുന്നോട്ട് - എ വിജയരാഘവൻ എഴുതുന്നു
1942ൽ വാരികയായി തുടങ്ങി ഏഴര ദശാബ്ദംമുമ്പ് ദിനപത്രമായി പ്രവർത്തനം ആരംഭിച്ച ദേശാഭിമാനി ഇന്ന് സംസ്ഥാനത്ത് ഏറെ സ്വീകാര്യതയുള്ള പത്രമാണ്. സിപിഐ എം മുഖപത്രം എന്ന നിലയിൽ പാർടിയുടെ ആശയ രാഷ്ട്രീയ നിലപാടുകൾ ജനങ്ങളിൽ എത്തിക്കാൻ മികച്ച ഇടപെടലുകൾ നടത്താൻ നമ്മുടെ പത്രത്തിന് കഴിഞ്ഞു. അധികാരഘടനയിലെ ജനവിരുദ്ധതയെ തുറന്നുകാണിക്കാൻ, സാമൂഹ്യ സാഹചര്യത്തിൽ വരുന്ന മാറ്റങ്ങളെ, ജീവിതത്തിന്റെ സമഗ്രതയോടെ കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്ന പത്രപ്രവർത്തനമാണ് ദേശാഭിമാനി നടത്തിയത്. വസ്‌തുതകളെയും ബന്ധങ്ങളെയും ശരിയായി കാണാൻ ജനങ്ങളെ പഠിപ്പിക്കുകയെന്ന ദൗത്യം ഫലപ്രദമായി ദേശാഭിമാനി നിർവഹിച്ചു. അതിൽ തൊഴിലാളികൾക്കും കർഷകർക്കും എതിരായുള്ള ഭാഗങ്ങളെ തുറന്നുകാണിക്കാൻ, അവരെ സമരസജ്ജരാക്കാൻ പത്രം അതിന്റെ പക്ഷപാതിത്വം ഭംഗിയായി നിർവഹിച്ചു. വലതുപക്ഷ ആശയപരിസരം ഉറപ്പിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന പരിശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന് നിസ്‌തുലമായ പങ്കാണ് കേരളത്തിൽ ദേശാഭിമാനിക്കുള്ളത്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം അതിന്റെ വിപുലമായ ജനകീയതയിലേക്ക് വളർന്ന ഒരു പ്രത്യേക ഘട്ടത്തിലാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ ദേശാഭിമാനിക്ക് തുടക്കംകുറിച്ചത്. സമൂഹത്തിൽ കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താൻ ഇടതുപക്ഷ വിരുദ്ധർ പരിശ്രമിക്കുന്ന സന്ദർഭമായിരുന്നു അത്. ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്ന ത്യാഗനിർഭരരായ ഒരു യുവതലമുറയാണ് പ്രധാനമായും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതാകവാഹകരായി മാറിയത്. ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായി തൊഴിലാളികളെയും കൃഷിക്കാരെയും വിദ്യാർഥികളെയുമെല്ലാം സംഘടിപ്പിക്കുന്ന സമരസംഘടനകളുടെ വിപുലീകരണത്തിനും ദേശാഭിമാനിയുടെ പ്രസിദ്ധീകരണം വേഗം വർധിപ്പിച്ചു. ബ്രിട്ടീഷുകാർ സൃഷ്ടിച്ച മൂല്യബോധത്തെ തിരസ്‌കരിക്കുന്ന സാമൂഹ്യ ഇടപെടലുകളും അക്കാലത്ത് ദേശാഭിമാനി നിർവഹിച്ചു. ഏറെ ചർച്ച ചെയ്‌ത 1921ലെ മാപ്പിള കലാപങ്ങളുടെ രജത ജൂബിലി വർഷമായ 1946ൽ മലബാർ കലാപത്തിന്റെ വർഗപരമായ ഉള്ളടക്കത്തെക്കുറിച്ച് ‘ആഹ്വാനവും താക്കീതും’ എന്ന ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ട് ദേശാഭിമാനി നടത്തിയ ഇടപെടൽ വസ്‌തുതകളെ വർഗപര വീക്ഷണത്തിൽ വിശകലനം ചെയ്യുന്ന പത്രപ്രവർത്തനത്തിന്റെ മികച്ച ഉദാഹരണമായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേരളം അടയാളപ്പെടുത്തപ്പെട്ടത് കേരളത്തിന്റെ രാഷ്ട്രീയ ഘടനയിൽ കമ്യൂണിസ്റ്റ് പാർടി നടത്തിയ ഇടപെടലിലൂടെയാണ്. 1957ൽ ഒന്നാമത്തെ കോൺഗ്രസ് ഇതര ഗവൺമെന്റ് എന്ന നിലയിൽ ഇ എം എസ് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർടി ഗവൺമെന്റിന്റെ രൂപീകരണം ലോകശ്രദ്ധ ആകർഷിക്കുകയുണ്ടായി. കാർഷിക, വിദ്യാഭ്യാസ മേഖലയിൽ ആ ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ നവോത്ഥാന ശ്രമങ്ങൾക്ക് സ്വാഭാവികമായ തുടർച്ചയായി മാറി. കേരളത്തിലെ പ്രതിലോമചേരി ശക്തമായ ഒരു കമ്യൂണിസ്റ്റ് വിരുദ്ധചേരിക്ക് രൂപംനൽകി ആ സർക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിച്ചു. ഈ പ്രതിലോമ ചേരിക്ക് സഹായകരമായ പൊതു അന്തരീക്ഷം സൃഷ്ടിക്കാൻ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. തുടർന്നിങ്ങോട്ട് കേരളീയ പൊതുസമൂഹത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധത ഉൽപ്പാദിപ്പിക്കാൻ രൂപപ്പെടുത്തിയ വ്യത്യസ്‌ത മാധ്യമസഖ്യങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ച അസത്യങ്ങളെ അതിജീവിച്ച് ഒരു ഇടതുപക്ഷ രാഷ്ട്രീയ പരിസരം കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ ദേശാഭിമാനിക്ക് കഴിഞ്ഞു. ആഭ്യന്തര അടിയന്തരാവസ്ഥയ്‌ക്കെതിരെ ദേശാഭിമാനി നടത്തിയ പ്രതിരോധം മാധ്യമചരിത്രത്തിൽ ധീരമായ ഇടപെടലായിരുന്നു. ആഗോളവൽക്കരണത്തിന്റെ പുതിയകാലത്ത് മാധ്യമരംഗത്തെ കോർപറേറ്റുവൽക്കരണം ഈ മേഖലയിൽ ഏറെ അപകടം വരുത്തിക്കഴിഞ്ഞിരിക്കുന്നു. നവീന സാങ്കേതികവിദ്യയെ വിന്യസിച്ച് ധനമൂലധനം കമ്പോളത്തിന്റെ മത്സരാധിഷ്ഠിത വിപണനമൂല്യങ്ങൾ പ്രാവർത്തികമാക്കുന്ന ഇടമാക്കി മാധ്യമമേഖലയെ മാറ്റിയെടുത്തു. വാർത്തകളുടെ സത്യസന്ധതയേക്കാൾ പരസ്യങ്ങളുടെ ആകർഷണീയതയ്‌ക്ക് കൂടുതൽ സ്ഥലം നൽകുന്ന പുതിയ ശൈലി ഇതിന്റെ അനുബന്ധമായി രൂപപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങൾ ഒരിക്കലും ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള കമ്പോള കൗശലത്തിന്റെ കേന്ദ്രമായി മാധ്യമങ്ങൾ മാറി. സ്വാഭാവികമായും ഇത്തരമൊരു അന്തരീക്ഷത്തെ അതിജീവിക്കാൻ സാങ്കേതികമായി നവീകരിച്ച് ജനകീയപത്രമായി മാറാൻ നല്ല പരിശ്രമവും ദേശാഭിമാനി നടത്തി. ഇന്ത്യൻ രാഷ്ട്രീയഘടന അതിന്റെ വലതുപക്ഷവൽക്കരണത്തിന്, തീവ്രഹിന്ദുത്വവൽക്കരണത്തിന് വിധേയമാകുമ്പോൾ അതിന് സ്വീകാര്യത രൂപപ്പെടുത്താൻ കുത്തകമാധ്യമങ്ങൾ നിർണായകപങ്കാണ് വഹിച്ചത്. ഹിന്ദുത്വശക്തികൾ രാജ്യത്ത് നടപ്പാക്കുന്ന ജനവിരുദ്ധ സാമ്പത്തിക നയങ്ങളും നവോത്ഥാനമൂല്യ തിരസ്‌കാരങ്ങളും ഈ മാധ്യമങ്ങൾ ജനങ്ങളിൽനിന്നും മറച്ചുവച്ചു. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്കുള്ള പിന്തുണയാണ് ഇതുവഴി നൽകിയത്. കോർപറേറ്റ് അനുകൂല സ്വകാര്യവൽക്കരണത്തിനും കുത്തകമാധ്യമങ്ങൾ പിന്തുണ നൽകുന്നതിനും നാം സാക്ഷികളാകുകയാണ്. ഇതിൽനിന്ന് വ്യത്യസ്‌തമായ ജനകീയനയങ്ങളുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ ജനങ്ങളുടെ മുന്നിൽ മറച്ചുവയ്‌ക്കുന്ന പ്രവർത്തനമാണ് വലതുപക്ഷമാധ്യമങ്ങൾ നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുൻകൈയെടുത്ത് ഒരേസമയം ബിജെപിയും യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചത്. അന്വേഷണ ഏജൻസി ഒളിച്ചുകടത്തിയ കാര്യങ്ങളിൽനിന്ന് വിഷലിപ്‌ത നുണകൾ പ്രചരിപ്പിക്കുന്നതിന് ഈ മാധ്യമങ്ങൾ മാസങ്ങളോളം പ്രവർത്തിച്ചത് കമ്യൂണിസ്റ്റ് വിരുദ്ധത രൂപപ്പെടുത്തുന്നതിനുവേണ്ടിയാണ്. സമൂഹത്തിൽ ഉണ്ടാകേണ്ട രാഷ്ട്രീയ തിരിച്ചറിവുകൾ തിരശ്ശീലയ്‌ക്ക് പിന്നിലേക്കു മാറ്റി, അവാസ്തവ പ്രചാരണംവഴി, സത്യത്തെ അപനിർമിക്കുന്ന വർത്തമാനകാലത്തെ സത്യാന്വേഷണമാണ് ഇടതുപക്ഷ പത്രപ്രവർത്തനം. അത് ഫലപ്രദമായി നിർവഹിക്കാൻ ദേശാഭിമാനിക്ക് കഴിഞ്ഞു. സാമ്പത്തികവും രാഷ്‌ട്രീയവും ആശയപരവുമായ വർഗസമരത്തിൽ സാധാരണ ജനങ്ങളെ അണിനിരത്തുകയെന്ന മഹത്തായ ചുമതല ഏറ്റവും ഫലപ്രദമായി ദേശാഭിമാനി നിർവഹിച്ചു. കുത്തക മുതലാളിമാർ വ്യാപരിക്കുന്ന ഒരു മേഖലയിൽ അവരുമായി മത്സരിച്ചാണ് ദേശാഭിമാനി ഇന്നത്തെ നിലയിൽ എത്തിയത്. പത്ത് എഡിഷനായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നു എന്നത് അഭിമാനകരമാണ്. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ജനങ്ങളിലേക്ക് ദേശാഭിമാനി എത്തിക്കേണ്ടത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കുമ്പോൾ ശത്രുവർഗം ഉയർത്താനിടയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്ന ഏറ്റവും കരുത്തുറ്റ ആയുധമെന്നനിലയിൽ ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രചാരണപ്രവർത്തനങ്ങളിൽ എല്ലാവരും അണിനിരക്കേണ്ടതുണ്ട്. Read on deshabhimani.com