ഡോ. എം എസ് സ്വാമിനാഥൻ ; നിത്യഹരിത ശാസ്‌ത്രജ്‌ഞൻ



  ഹരിത വിപ്ലവത്തിലൂടെ ലോക പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥൻ നിര്യാതനായിട്ട് ഒരുവർഷം തികയുകയാണ്. പട്ടിണി മരണങ്ങളുടെ നാടായി അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ സ്ഥിതി ഒരുഘട്ടത്തിൽ വലിയ കഷ്ടമായിരുന്നു. രാജ്യത്തിന്റെ വിശപ്പുമാറ്റുകയെന്നത് ഒരു നിയോഗമായി ഡോ. സ്വാമിനാഥൻ ഏറ്റെടുക്കുകയായിരുന്നു. ഭക്ഷ്യക്ഷാമത്തിൽനിന്നും രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കും ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയിലേക്കും അദ്ദേഹം ഹരിതവിപ്ലവത്തിലൂടെ എത്തിച്ചു. ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ടിൽ  ഡോ. എം എസ് സ്വാമിനാഥൻ പ്രവർത്തിച്ച 6 വർഷംകൊണ്ട്‌  ഭക്ഷ്യ ഉൽപ്പാദനത്തിൽ വൻ വർധനയുണ്ടാക്കി. ഗോതമ്പ് ഉൽപ്പാദനം പതിൻമടങ്ങ് വർധിച്ചു.  രാജ്യത്തുനിന്നും ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാമെന്ന സ്ഥിതി കൈവരിച്ചു. വിശപ്പില്ലാത്ത ഇന്ത്യയെന്ന ആശയമാണ്‌ അദ്ദേഹം ഉയർത്തിയത്‌. ചൈന, ഫിലിപ്പീൻസ്. വിയറ്റ്നാം, തായ്‌ലൻഡ്‌, മ്യാൻമർ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, കംബോഡിയ, ഇന്തോനേഷ്യ,  ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും മുൻകൈയെടുത്തു. കുട്ടനാടിന്റെ പുത്രനായി ജനിച്ച സ്വാമിനാഥൻ വിശ്വപൗരനായി വളർന്നു. ടൈം വീക്കിലി 20–-ാം നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 20 ഏഷ്യക്കാരെ  തെരഞ്ഞെടുത്തപ്പോൾ 3 ഇന്ത്യക്കാരിൽ ഒരാൾ സ്വാമിനാഥനായിരുന്നു. ഗാന്ധിജിയും, രബീന്ദ്രനാഥ ടാഗോറുമായിരുന്നു മറ്റ് രണ്ടുപേർ. ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തിലെത്തിയ രണ്ടാം യുപിഎ സർക്കാർ ഉദാരവൽക്കരണം തീവ്രമാക്കി, കടുത്ത കർഷക ദ്രോഹനയങ്ങളാണ് സ്വീകരിച്ചത്. കർഷക രാജ്യമായ ഇന്ത്യയിൽ ഏറ്റവും ദാരിദ്യം അനുഭവിക്കുന്നവർ കൃഷിക്കാരാണെന്ന്‌ നിരീക്ഷിച്ചു. സ്വാമിനാഥൻ കമീഷൻ എന്നറിയപ്പെടുന്ന  ദേശീയ കർഷക കമീഷൻ ചെയർമാൻ സ്ഥാനത്ത് അദ്ദേഹം പ്രവർത്തിക്കുന്ന വേളയിൽ  അദ്ദേഹത്തിനു ലഭിച്ച പഠനങ്ങളാണ്  ആ നിലയിൽ  ചിന്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് കാർഷിക മേഖലയുടെ  പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാൻ 2004 നവംബർ 18 ന് ഡോ. സ്വാമിനാഥന്റെ  നേതൃത്വത്തിൽ ദേശീയ കർഷക കമീഷനെ നിയമിക്കുന്നത്. 2006 ഒക്ടോബർ 4 ന് പ്രസിദ്ധീകരിച്ച 10 വാല്യങ്ങളുള്ള ആ റിപ്പോർട്ടിൽ  കർഷകർക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി അവരുടെ  ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തതാണെന്ന് അദ്ദേഹം കണ്ടെത്തി. ഇത് തിരിച്ചറിഞ്ഞ് അതിന് പരിഹാരമുണ്ടാക്കാൻ പരിശ്രമിച്ച അദ്ദേഹം താങ്ങുവിലയെന്ന (എംഎസ്‌പി) ആശയത്തിന് രൂപംനൽകി. കൃഷിച്ചെലവും അതിന്റെ 50 ശതമാനവുംകൂടി ചേർന്നതായിരിക്കണം താങ്ങുവില എന്ന് അദ്ദേഹം നിർദേശിച്ചു. പൊതുസംഭരണം കാര്യക്ഷമവും വിപുലവുമാക്കുക, സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കുക, മിച്ചഭൂമി കർഷകന് വിതരണം ചെയ്യുക, എല്ലാ വിളകൾക്കും  ഇൻഷുറൻസ് ബാധകമാക്കുക, കർഷകരിലെ ആത്മഹത്യ പ്രവണത തടയാൻ സാമൂഹിക ഇടപെടൽ നടത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.  സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്  വലിയ സ്വീകാര്യതയാണ്  ലഭിച്ചത്. ഇടതുപക്ഷം  മൻമോഹൻ സർക്കാരിന് നൽകിയിരുന്ന  പിന്തുണ പിൻവലിച്ചതിനെ  തുടർന്ന് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുവാനുള്ള തുടർനടപടി ഉണ്ടായില്ല. 2014ൽ അധികാരത്തിൽ വന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ പ്രകടനപത്രികയിൽ  സ്വാമിനാഥൻ കമീഷൻ  റിപ്പോർട്ട് നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അതു നടപ്പാക്കിയില്ല. മാത്രമല്ല കടുത്ത  കർഷക ദ്രോഹനയങ്ങൾ നടപ്പിലാക്കുകയാണവർ  ചെയ്തത്. മോദി  സർക്കാർ പാസാക്കിയ 3 കാർഷിക ബില്ലുകൾ തികച്ചും കർഷകദ്രോഹമായിരുന്നു. കർഷകരുടെ  ഉൽപ്പന്നങ്ങൾ പൊതുകമ്പോളത്തിൽ  വിറ്റഴിക്കുന്നതിനുപോലും അനുവാദം നിഷേധിക്കുന്നതാണ് ആ കാർഷിക ബില്ലുകൾ. അതിനെതിരെ  കർഷകർ ഒരുവർഷം നീണ്ടുനിന്ന വമ്പിച്ച പ്രക്ഷോഭങ്ങൾ നടത്തി. പ്രധാനമന്ത്രിക്ക്‌ പ്രക്ഷോഭത്തിനുമുന്നിൽ മുട്ടുമടക്കേണ്ടി വന്നു. എന്നാലും  കൃഷിക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനോ സ്വാമിനാഥൻ  കമീഷൻ റിപ്പോർട്ട്  നടപ്പാക്കുവാനോ ഉള്ള  പുറപ്പാടിലല്ല  മോദി സർക്കാർ. അതിന്റെ ഫലമാണ് മോദി സർക്കാരിന് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  നേരിട്ട കനത്ത തിരിച്ചടി. രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഊർജം പകരുന്നതാണ് മഹാനായ ഹരിത വിപ്ലവ നായകൻ ഡോ. എം എസ് സ്വാമിനാഥന്റെ  പേരിലുള്ള കർഷക കമീഷൻ റിപ്പോർട്ട്. ( കേരള ഗ്രന്ഥശാലാ സംഘം പ്രവർത്തകനാണ് ലേഖകൻ) Read on deshabhimani.com

Related News