യുവതയുടെ സമർപ്പണം - കെ വി അബ്ദുൾ ഖാദർ എഴുതുന്നു



  കേരളത്തിലെ യുവത വീണ്ടും അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. അസാധ്യമെന്ന് പലരും വിധിയെഴുതിയ ‘മനുഷ്യച്ചങ്ങല ' ജനലക്ഷങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഡിവൈഎഫ്ഐ ഇതാ സംഘടനയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു ചുവടുവയ്‌പ്‌ നടത്തിയിരിക്കുന്നു. വയനാട് പുനരധിവാസ പദ്ധതികൾക്കായി ഡിവൈഎഫ്ഐ സമാഹരിച്ചത് ഇരുപതു കോടി നാൽപ്പത്തിനാല് ലക്ഷത്തി അറുപത്തി മൂവായിരത്തി എണ്ണൂറ്റി രണ്ട് രൂപ. കേരളത്തിലെ ഏറ്റവും വലിയ യുവജനസംഘടനയായ ഡിവൈഎഫ്ഐ നടത്തിയത് സമാനതകളില്ലാത്ത ഇടപെടലാണ്. എന്നാൽ മുഖ്യധാര എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങൾ ഈ മഹത്തായ സാമൂഹ്യസേവനത്തെ ഏറ്റെടുത്തില്ല. കേരളത്തിലെ മാധ്യമങ്ങൾ ഡിവൈഎഫ്ഐയെ പരാമർശിക്കുക ആക്ഷേപകരമായ വാർത്തകളുടെ പേരിലാണ്. ഒരു യൂണിറ്റ് അംഗത്തിന്റെ അകന്നബന്ധു ഏതെങ്കിലും കേസിൽ അകപ്പെട്ടാൽ ഈ യുവജന സംഘടനയുടെ പേര് വലിച്ചിഴയ്‌ക്കുന്നവരാണ് പല മാധ്യമങ്ങളും. എന്നാൽ, ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ സാമൂഹ്യഇടപെടൽ നടത്തിയിട്ടും അത് ജനങ്ങളെ അറിയിക്കാൻ ഇവർ തയ്യാറായില്ല. നിസ്സാരകാര്യങ്ങൾക്കുപോലും അന്തിച്ചർച്ച നടത്തുന്നവർ എന്തേ ഇക്കാര്യം ജനങ്ങളെ അറിയിച്ചില്ല.  ഉത്തരം വ്യക്തം. ഇടതുപക്ഷ–-പുരോഗമന ശക്തികൾ നടത്തുന്ന സാമൂഹ്യസേവനം പരമാവധി തമസ്‌കരിക്കുക. ഡിവൈഎഫ്ഐ പ്രവർത്തകർ ഇരുപതുകോടി സമാഹരിച്ചത് മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയാണ്. മുഴുവൻ യൂണിറ്റുകളിലും പ്രവർത്തകർ രംഗത്തിറങ്ങി. പഴയപത്രം, ആക്രിവസ്തുക്കൾ എന്നിവ സമാഹരിച്ചു. ചായക്കടകളും ബിരിയാണി ചലഞ്ചും നടത്തി. എന്തൊരു ഉത്സാഹത്തോടെയാണ് ചെറുപ്പക്കാർ ഈ ദൗത്യം ഏറ്റെടുത്തത്. നാടിനുവേണ്ടി മണ്ണുചുമക്കാനും ആക്രിസാധനങ്ങൾ തലയിലേറ്റാനും ആയിരക്കണക്കിന് യുവതീ യുവാക്കൾ രംഗത്തിറങ്ങിയത് അഭിമാന കാഴ്ചയായിരുന്നു. ദുരന്തമുണ്ടായ വയനാട്ടിൽ ഓടിയെത്തി ജീവൻ പണയംവച്ച് പ്രവർത്തിച്ച യുവസഖാക്കളുടെ സമർപ്പണം കാണാതെ പോകരുത്.   മനുഷ്യനെ മതത്തിന്റെയും വംശത്തിന്റെയുംപേരിൽ ഭിന്നിപ്പിക്കാൻ പ്രവർത്തിക്കുന്ന വർഗീയശക്തികളെ മുഖ്യധാരാമാധ്യമങ്ങൾ എത്ര സ്‌നേഹ ബഹുമാനങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. ഇവരോടൊന്നും ഒരു എതിർപ്പും മാധ്യമവിചാരണക്കാർക്കില്ല. അയൽപക്കത്തർക്കംപോലും വർഗീയമായി കാണാനും സംഘർഷമുണ്ടാക്കാനും തക്കം പാർത്തിരിക്കുന്ന ശക്തികൾ ചാനൽമുറികളിലും ഡെസ്‌കുകളിലും വാഴ്‌ത്തപ്പെട്ടവരാകുന്നു. ഹിതകരമല്ലാത്ത വാർത്തകൾ തയ്യാറാക്കുന്ന മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ കേന്ദ്രഭരണകക്ഷിയുടെ സംസ്ഥാനഅധ്യക്ഷനോടും എന്തൊരു വിധേയത്വമാണ് ചാനലുകൾക്കും പത്രങ്ങൾക്കും. ഈ ഭീഷണിയെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ തയ്യാറായില്ല. ഡിവൈഎഫ്ഐയുടെ സാമൂഹ്യ ഇടപെടലുകൾ  തുറന്ന പുസ്‌തകം പോലെയാണ്. മാധ്യമമുറികളിലെ വാഴ്‌ത്തുപാട്ടുകളിലല്ല, ജനജീവിതത്തിന്റെ പ്രയാസഭരിതമായ വഴികളിൽ സാന്ത്വനമായാണ്‌ പുരോഗമന യുവജനപ്രസ്ഥാനം നിറഞ്ഞുനിൽക്കുന്നത്‌. മെഡിക്കൽ കോളേജുകളിൽ ദിനേനയെത്തുന്ന ഭക്ഷണപ്പൊതികൾ ആ കരുതലിന്റെ പ്രതീകമാണ്. വെയിലും മഴയും പ്രളയവും ഓണവും പെരുന്നാളും ക്രിസ്‌മസും വിഷുവും കടന്ന് ഉച്ചഭക്ഷണപ്പൊതികൾ വിശക്കുന്ന മനുഷ്യരെ തേടിയെത്തുന്നു. കാലം മാറുന്നതിനനുസരിച്ച് മനുഷ്യജീവിതത്തിൽ മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ അപരനെ സഹായിക്കുന്നതിന് ഒരു വലിയ പ്രസ്ഥാനം സമർപ്പിത മനസ്‌കരായി സദാ ഒപ്പമുണ്ടെന്ന സന്ദേശമാണ് ഡിവൈഎഫ്ഐ നൽകുന്നത്. ഇരുപതുകോടി രൂപ തങ്ങളുടെ അധ്വാനംവഴി സമാഹരിച്ച യുവത കേരളത്തിന്റെയാകെ ആദരവ് അർഹിക്കുന്നുണ്ട്. രക്തവും ഭക്ഷണവും സേവനവും നൽകി, അനീതിക്കെതിരെ നിരന്തരം പോരാടി  ജ്വലിച്ചുനിൽക്കുന്ന യുവജനപ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ. Read on deshabhimani.com

Related News