നായനാര്‍ എന്ന സ്‌നേഹപര്യായം-കോടിയേരി എഴുതുന്നു



ഇ കെ നായനാരെ ദൂരെനിന്നാണ് ആദ്യം കണ്ടത്. അന്ന് ഞാനൊരു കുട്ടിയായിരുന്നു. കയ്യൂർ, മൊറാഴ സമരങ്ങളിലെ അറിയപ്പെടുന്ന നേതാവ്. കൊലക്കയറിൽനിന്ന്‌ രക്ഷപ്പെട്ട ജനനായകൻ. പിന്നീട് അടുത്തിടപഴകാനും  സഖാവിനൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞു. ആദരവും സ്നേഹവും ഇത്രമേൽ നേടിയെടുക്കാൻ കഴിഞ്ഞ നേതാക്കൾ അപൂർവമാണ്.   ത്യാഗോജ്വലമായ സമര‐സംഘടനാജീവിതം നയിച്ച നേതാവായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷവും ഒളിവുജീവിതത്തിനും സമരങ്ങൾക്കും ജയിൽവാസത്തിനും കുറവുണ്ടായില്ല. നായനാരുമായി സംസാരിക്കുന്ന വേളയിൽ ചിലപ്പോഴെല്ലാം പഴയകാല ഏടുകൾ പങ്കുവയ്ക്കുമായിരുന്നു. 1948ൽ അമ്മ മരിച്ചപ്പോൾ നായനാർ ഒളിവിലായിരുന്നു. വന്നാൽ പൊലീസ് പിടിക്കും. അതുകാരണം എ കെ ജിയാണ് തനിക്ക് പകരമായി വീട്ടിലെത്തി സംസ്കാരച്ചടങ്ങുകൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാ മേഖലയിലും മാതൃക സൃഷ്‌ടിച്ചു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളായി സഖാവ് മാറിയത്, ത്യാഗോജ്വലപ്രവർത്തനങ്ങളുടെയും മാർക്സിസം ‐ ലെനിനിസത്തോടുള്ള പ്രതിബദ്ധതയുടെയും ഫലമായാണ്. 1972ൽ പാർടി സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം പല ഘട്ടങ്ങളിലായി ആ സ്ഥാനത്ത് 11 വർഷം പ്രവർത്തിച്ചു. മൂന്നുതവണയായി 4009 ദിവസം മുഖ്യമന്ത്രിയായും ആറേമുക്കാൽ വർഷം പ്രതിപക്ഷനേതാവായും ഭരണ ‐ സമര ‐ സംഘടനാപ്രവർത്തനം നടത്തി. ഇതിലോരോ മേഖലയിലും സവിശേഷതയും മാതൃകയും സൃഷ്ടിച്ചു. ജനങ്ങളോടും നാടിനോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറായിരുന്നു എല്ലാ പ്രവർത്തനങ്ങളുടെയും മുഖമുദ്ര. സത്യസന്ധതയും നിർഭയത്വവും അടിസ്ഥാനസ്വഭാവമായിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോൾ നായനാരെ ഡൽഹി കേരള ഹൗസിൽ ആർഎസ്എസുകാർ തടയാൻ സാഹസികശ്രമങ്ങൾ നടത്തിയിരുന്നു. അതുൾപ്പെടെ ഏത് ഘട്ടത്തിലാണെങ്കിലും നായനാർക്ക് ഒരു കുലുക്കവുമുണ്ടായില്ല. പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുന്നതിൽ കാണിച്ചത് അസാമാന്യ മനഃസാന്നിധ്യമായിരുന്നു. കമ്യൂണിസ്റ്റ് നേതൃ സർക്കാരുകൾ കേരളത്തിന്റെ വികസനത്തിനും കേരളീയരുടെ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകി. തന്റെ നേതൃത്വത്തിലുള്ള മൂന്ന് സർക്കാരുകളിലൂടെ സ്ഥാപിച്ച നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. തോട്ടിപ്പണി കേരളത്തിൽ ഇല്ലാതാക്കിയത് നായനാർ സർക്കാരാണ്. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകി. സംസ്ഥാനത്തെ വൈദ്യുതിമിച്ച നാടാക്കി. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലിസ്റ്റോർ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ആദ്യത്തെ ഐടി പാർക്ക് വന്നത് തിരുവനന്തപുരത്താണ്. അത് നായനാർ നടത്തിയ വിദേശയാത്രയുടെ തുടർച്ചയായിട്ടായിരുന്നു. പ്രവാസി മലയാളികളുടെ ക്ഷേമത്തിന് സമഗ്രമായ പദ്ധതി ആദ്യം നടപ്പാക്കിയത് നായനാരുടെ നേതൃത്വത്തിലായിരുന്നു. സർക്കാർ നയങ്ങളെയും പരിപാടികളെയും എതിർക്കാനും തരംതാഴ്ത്താനും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വലിയതോതിൽ പരിശ്രമിച്ചിരുന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൽപ്പാദനക്ഷമമല്ലെന്ന് ചില സാമ്പത്തികപണ്ഡിതന്മാർ വിലയിരുത്തി. അതേറ്റുപിടിച്ച് അതേ വാദമുഖം പ്രതിപക്ഷനേതാവടക്കം നിയമസഭയിലും പുറത്തും അവതരിപ്പിച്ചപ്പോൾ ചാട്ടുളിമൂർച്ചയിൽ അതിന് നായനാർ നൽകിയ മറുപടി എന്നും ഓർമിപ്പിക്കപ്പെടുന്നതാണ്. "70 ഉം 80 ഉം വയസ്സായ അമ്മമാരെ നോക്കി നിങ്ങൾക്ക് ഉൽപ്പാദനക്ഷമതയില്ലെന്ന് പരിഹസിക്കുന്നതിന് പകരം, ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും പാങ്ങില്ലാത്ത പാവങ്ങളാണ് അവരെന്ന് മനസ്സിലാക്കൂ' എന്നായിരുന്നു സഖാവിന്റെ ഉപദേശം. കർഷകത്തൊഴിലാളി പെൻഷൻ ഇന്ത്യക്ക് നൽകിയ ഒരു ബദൽ ഭരണസംസ്‌കാരമായിരുന്നു. പാർടി അച്ചടക്കം പാലിക്കുന്നതിൽ വളരെ കർക്കശക്കാരനായിരുന്നു. തന്റെ നിലപാട് അതിശക്തമായി പാർടി ഘടകത്തിൽ അവതരിപ്പിക്കും. ചിലപ്പോൾ അതിന് പാർടി അനുകൂലമല്ലായിരിക്കും. അത്തരം ഘട്ടങ്ങളിൽ പാർടിയെടുത്ത തീരുമാനം നടപ്പാക്കാനും അത് പ്രചരിപ്പിക്കാനുമുള്ള ശ്രദ്ധയാണ് അദ്ദേഹം കാണിച്ചത്. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും കണ്ടു. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം ഒളിവുജീവിതകാലത്ത് തിരുവനന്തപുരത്തെത്തി കേരളകൗമുദി പത്രാധിപസമിതിയംഗമായി പ്രവർത്തിച്ചു. പത്രപ്രവർത്തനം ഇഷ്ടപ്പെട്ട മേഖലയായിരുന്നു. "ദേശാഭിമാനി'യെ തന്റെ ജീവനേക്കാൾ വിലമതിച്ചു. കേരളീയരുടെ മനസ്സിലെ നിത്യസ്നേഹസാന്നിധ്യമായ നായനാരുടെ ജന്മശതാബ്‌ദി ആഘോഷം മതനിരപേക്ഷതയെയും മാർക്സിസം ലെനിനിസത്തെയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണ്.  Read on deshabhimani.com

Related News