ഓർമകളിൽ തിളങ്ങുന്നു
ദീർഘകാലം ഇ കെ നായനാരുടെ ഡ്രൈവറായിരുന്ന മോഹനൻ, സഖാവിനോടൊപ്പമുള്ള ഓർമകൾ പങ്കുവയ്‌ക്കുന്നു: ‘അനക്ക് മരിക്കാൻ പേടിയുണ്ടോ?’ചോദിക്കുന്നത് സാക്ഷാൽ നായനാരാണ്. എന്ത് പറയണം എന്നറിയാതെ കുഴങ്ങി. 1992ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി ഇടുക്കി ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാൻ പോയതാണ്. രാവിലെ തുടങ്ങിയ കമ്മിറ്റി തീരുമ്പോൾ രാത്രി 11. കമ്മിറ്റി കഴിഞ്ഞ് കഞ്ഞിയും കുടിച്ച് ഉടൻ തിരുവനന്തപുരത്തേക്ക് തിരിക്കണമെന്നായി നായനാർ. പത്തടി മുമ്പിലുള്ള വാഹനം കാണാനാകാത്തവണ്ണം കോടമഞ്ഞിറങ്ങുന്ന കാലമാണ്. പോരാത്തതിന് വന്യജീവികളുടെ ശല്യവും. അക്കാലത്ത് അടുത്തടുത്ത നാളുകളിലായി രാത്രിയാത്രക്കാരെ വന്യജീവികൾ ഉപദ്രവിച്ചിരുന്നു. ‘ഈ രാത്രി പോകേണ്ടെ’ന്ന് അന്നത്തെ ജില്ലാസെക്രട്ടറി എം എം മണി. ‘രാവിലെ തിരുവനന്തപുരത്ത് പരിപാടിയുണ്ട്, പോയേതീരൂ’ എന്ന് സഖാവ്. അമ്പിനും വില്ലിനും അടുക്കാതായപ്പോൾ ‘വണ്ടി എടുത്തുപോകരുത്’ എന്ന് മണിയാശാന്റെ വക ഭീഷണി എനിക്കുനേരെയും. അപ്പോഴാണ് നായനാരുടെ വക മേൽപ്പറഞ്ഞ ചോദ്യം വരുന്നത്. രണ്ടും കൽപ്പിച്ച് ‘ഇല്ല’ എന്ന് മറുപടി നൽകി. എന്നാൽ വാ പോകാം എന്നായി സഖാവ്. മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലമല്ലേ? തൊടുപുഴ എത്തി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് അറിയിക്കാം എന്ന വ്യവസ്ഥയിൽ പാതിരാത്രി കഴിഞ്ഞപ്പോൾ യാത്ര തിരിച്ചു. അംബാസഡർ കിലോമീറ്ററുകൾ പിന്നിടുംതോറും അവർ പറഞ്ഞതിന്റെ സത്യാവസ്ഥ കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടു. അവസാനം രാത്രി ഏറെ വൈകി തൊടുപുഴ റെസ്‌റ്റ് ഹൗസിൽനിന്ന് വിളി വരുംവരെ ഇടുക്കി ജില്ലാ കമ്മിറ്റി അംഗങ്ങൾ ഓഫീസിലെ ഫോണിന് കാവലിരുന്നു. പിന്നോട്ടില്ല; എപ്പോഴും മുന്നോട്ട് വണ്ടി റിവേഴ്‌സ് എടുത്താൽ വലിയ ശുണ്ഠി വരുമായിരുന്നു സഖാവിന്. ‘മനുഷ്യർ എപ്പോഴും മുന്നോട്ട് പോകണം. ഏത് സന്ദർഭത്തിലും പാതിവഴിയിൽ പിന്തിരിയരുത്’ എന്ന് എപ്പോഴും പറയും. വഴിതെറ്റി വണ്ടി തിരിക്കേണ്ടിവന്നാൽ പിന്നെ അതുമതി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഞാനും തലശേരിക്കാരൻ രാജശേഖരനുമായിരുന്നു ഡ്രൈവർമാർ. വഴി തെറ്റുമ്പോൾ ഞങ്ങളൊരു സൂത്രപ്പണി ഒപ്പിക്കും. ഉടൻ റിവേഴ്‌സ് എടുക്കാതെ അൽപ്പം കറങ്ങി ശരിയായ വഴിയിൽ എത്തും. എന്നാലും കേരളത്തിലെ എല്ലാ വഴികളും ഹൃദിസ്ഥമായ സഖാവിൽനിന്ന് രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. തൃശൂർ പരിപാടി കഴിഞ്ഞ് അങ്കമാലി എത്തുമ്പോൾ എപ്പോഴും വഴി തെറ്റും. നേരെ പോരേണ്ടതിന് പകരം ലെഫ്‌റ്റ് എടുക്കും. പിറകിൽനിന്ന് ഉടൻ ശകാരം വരും. മുൻ സീറ്റിൽ ഇരുന്ന് ഉറങ്ങുന്ന വാര്യർക്കും കിട്ടും കണക്കിന്. വേഗം ഹരം പരിപാടികളിൽനിന്ന് പരിപാടികളിലേക്ക് ഓടിയെത്താൻ നല്ല വേഗത്തിലായിരിക്കും യാത്രകൾ പലതും. ഇത്ര മണിക്കൂറിൽ ഇന്നയിടത്ത് എത്തണം എന്നുമാത്രം പറയും. ഒരിക്കൽ തൊടുപുഴയിലെ പരിപാടി കഴിഞ്ഞ് രാത്രി തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. ദേശാഭിമാനിയിൽ ന്യൂസ് എഡിറ്ററായിരുന്ന രവി കുറ്റിക്കാടുമുണ്ട് കൂടെ. വണ്ടിയാണെങ്കിൽ നല്ല വേഗത്തിലും. ‘എന്തിനിത്ര വേഗം’ എന്നായി കുറ്റിക്കാട്. ആരും മറുപടി പറഞ്ഞില്ല. ചോദ്യം പലകുറി ആവർത്തിച്ചപ്പോൾ വണ്ടി ഒതുക്കിനിർത്താൻ പറഞ്ഞു നായനാർ. ‘എനക്ക് വേറെ പണിയുണ്ട്. നീ വേറെ വണ്ടി പിടിച്ച് വാ’ എന്നും പറഞ്ഞ് കുറ്റിക്കാടിനെ വഴിയിൽ ഇറക്കി വിട്ട് യാത്ര തുടർന്നു. ‘നിന്നെ തനിച്ചാക്കേണ്ട എന്ന് വിചാരിച്ചാണ്’ ശുണ്ഠി പിടിച്ച് ശകാരിച്ചാലും കൂടെയുള്ളവരെ കരുതലോടെ ചേർത്ത് പിടിക്കുമായിരുന്നു സഖാവ്. 1996ലെ തെരഞ്ഞെടുപ്പുകാലം. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നായനാരും തിരിച്ചങ്ങോട്ട് ഇ എം എസും പ്രചാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഓരോ ജില്ലയിലും നാലും അഞ്ചും പരിപാടി. കൃത്യമായ ഉറക്കമില്ല. കണ്ണൂരും കോഴിക്കോടും കടന്ന് എറണാകുളത്ത് എത്തിയതും എനിക്ക് വയ്യാതായി. തല കറങ്ങി. ഗസ്‌റ്റ് ഹൗസിലേക്ക് ഉടൻ ഡോക്ടറെ വരുത്തി സഖാവ്. പരിപാടി കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്തേക്ക്. സാധാരണ യാത്രയിൽ ഉറങ്ങാറുള്ള നായനാർ ഉണർന്നിരിപ്പാണ്. പുലർച്ചെ 2.30ന് ഉള്ളൂർ കഴിഞ്ഞതും വാര്യരോട് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിദഗ്‌ധൻ ബാഹുലേയനെ വിളിക്കാൻ പറഞ്ഞു. എത്രയുംവേഗം ക്ലിഫ് ഹൗസിൽ എത്താൻ നിർദേശം. കേട്ട പാതി വെപ്രാളപ്പെട്ട് ഡോക്ടർ ഓടിയെത്തി. ഞങ്ങൾ ക്ലിഫ് ഹൗസിൽ എത്തുമ്പോൾ ഡോക്ടർ ഹാജർ. ബാഗുമായി റൂമിലേക്ക് പോകാൻ തുടങ്ങുന്ന എന്നെ ചൂണ്ടി ‘ദേ ഇവനെയൊന്ന് പരിശോധിക്കണം’ എന്നായി സഖാവ്. എറണാകുളത്ത് പരിശോധിച്ച ഡോക്ടർ ‘ബിപി കൂടുതലാണ്, ഹൃദ്രോഗ സാധ്യത കാണുന്നു’ എന്ന് പറഞ്ഞകാര്യം അപ്പോഴാണ് ഞാൻപോലും അറിയുന്നത്. ‘ഡ്രൈവറെ മാറ്റിക്കൂടായിരുന്നോ? സഖാവിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ..’ എന്ന എന്റെ ആശങ്കയ്‌ക്ക് ‘നിന്നെ തനിച്ചാക്കേണ്ട എന്ന് വിചാരിച്ചാണ്, പോകുന്നെങ്കിൽ എല്ലാവർക്കും ഒന്നിച്ചാകാം എന്ന് കരുതി’ എന്നായിരുന്നു മറുപടി. ആ കരുതലായിരുന്നു ഞാൻ അറിഞ്ഞ നായനാർ. 2001ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ എനിക്ക് ജോലി ഇല്ലാതായി. അപ്പോഴാണ് ദേശാഭിമാനിയിൽ ഡ്രൈവറുടെ ഒഴിവ് വന്നത്. ശമ്പളം കേട്ടയുടൻ പൊട്ടിച്ചിരിച്ചു. ‘ആഹാ.. പത്രം വളർന്നല്ലോ.. എനിക്ക് അവർ 32 രൂപയാ ശമ്പളം തന്നത്,’ എന്നായിരുന്നു പ്രതികരണം. ഡൽഹിയിൽ ചികിത്സയ്‌ക്കായി പോകുന്ന ദിവസം രാവിലെ എ കെ ജി സെന്ററിലെ ഫ്ലാറ്റിൽ എത്തി കണ്ടതാണ് അവസാന കാഴ്ച. മരണശേഷം മൃതദേഹം വഹിച്ച വണ്ടിയിൽ കുടുംബത്തോടൊപ്പം പയ്യാമ്പലംവരെ. കോരിച്ചൊരിയുന്ന മഴയും കുറ്റാക്കൂരിരുട്ടും വകവയ്‌ക്കാതെ പ്രിയ നേതാവിനെ അവസാനനോക്ക് കാണാൻ തടിച്ചുകൂടിയ ജനലക്ഷങ്ങൾ. ഒരിക്കലും മറക്കാനാകാത്ത അനുഭവം. ഇന്നും എല്ലാ വർഷവും അനുസ്‌മരണദിനത്തിൽ ഞാനും അന്നത്തെ ഗൺമാൻ വിഷ്‌ണുവും മുടങ്ങാതെ പോകുന്നു, അതേ വഴിയിലൂടെ പയ്യാമ്പലത്തേക്ക്. ഒരു തീർഥാടനം പോലെ. (തയ്യാറാക്കിയത് : വി കെ അനുശ്രീ) Read on deshabhimani.com